ശ്രീകൃഷ്ണപുരം: ജീവിതത്തില്‍ സുലഭം ഇല്ലായ്മകളാണെങ്കിലും കളിക്കളത്തില്‍ ഇന്ത്യയ്ക്കുവേണ്ടി നേട്ടങ്ങള്‍ വാരിക്കൂട്ടുകയാണ് അന്തര്‍ദേശീയ വീല്‍ച്ചെയര്‍ ബാസ്‌കറ്റ്‌ബോള്‍ താരം നിഷ. 2017ല്‍ തായ്‌ലന്‍ഡിലും ഇന്‍ഡോനേഷ്യയിലെ ബാലിയിലും നടന്ന അന്തര്‍ദേശീയ മത്സരങ്ങളില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ജിഷ 2018ല്‍ ടോക്കിയോയില്‍ നടക്കുന്ന അന്തര്‍ദേശിയ മത്സരത്തില്‍ രാജ്യത്തെ പ്രതിനിധാനംചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ്.

കരിമ്പുഴ പഞ്ചായത്തിലെ കുന്നക്കാട് താഴേക്കോട് വീട്ടില്‍ പരേതരായ ഗോപാലകൃഷ്ണന്റെയും സരോജിനിയുടെയും മകളാണ് നിഷ. വിധി നിഷയെ തുടര്‍ച്ചയായി വേട്ടയാടുകയായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ ഒരപകടത്തില്‍പ്പെട്ട് അരയ്ക്കുതാഴെ തളര്‍ന്നു. സാമ്പത്തികപ്രശ്‌നംമൂലം എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കാനായില്ല. വീല്‍ച്ചെയര്‍ ബാസ്‌കറ്റ് ബോളിനെക്കുറിച്ച് പറഞ്ഞുകേട്ട പരിചയംമാത്രമുള്ള നിഷയ്ക്ക് അതിയായ താത്പര്യം തോന്നി.

2005 ല്‍ കോതമംഗലം എം.എസ്.ജെ. സിസ്റ്റേഴ്‌സ് നിഷയെ ഏറ്റെടുത്ത് പരിശീലനത്തിന് അവസരമൊരുക്കി. ശാന്തിഗിരി കോളേജില്‍ ഓഫീസ് അസിസ്റ്റന്റായി ജോലിയും ലഭിച്ചു. സ്വന്തംനിലയില്‍ കമ്പ്യൂട്ടറും ഡി.ടി.പി.യും പഠിച്ചു. 2014ല്‍ കോതമംഗലം എം.എ.കോളേജില്‍നടന്ന ത്രിദിന വീല്‍ച്ചെയര്‍ ബാസ്‌കറ്റ്‌ബോള്‍ ശില്പശാലയാണ് നിഷയെന്ന അന്തര്‍ദേശീയ കായികതാരത്തിന്റെ തുടക്കം. ചെന്നൈയിലും ഡല്‍ഹിയിലും നടന്ന സംസ്ഥാനതല ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധാനംചെയ്ത് പങ്കെടുത്തു.

സ്ഥിരംജോലിയും സ്വന്തമായൊരു വീടുമാണിപ്പോള്‍ നിഷയുടെ സ്വപ്‌നം. വീല്‍ച്ചെയര്‍ ബാസ്‌കറ്റ്‌ബോള്‍ രംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്ന എം.എസ്.ജെ, ഫാ. മാത്യു കിരിയാത്ത്, എ.കെ.ഡബ്ല്യു.ആര്‍.എഫ്. പ്രവര്‍ത്തകനായ വാസുണ്ണി, ശാന്തിഗിരി കോളേജിലെ അധ്യാപകര്‍ എന്നിവരോടെല്ലാം ഈ കായികതാരം നന്ദി രേഖപ്പെടുത്തുന്നു.

നിഷയ്ക്ക് പഞ്ചായത്തിനെക്കൊണ്ട് ചെയ്യാന്‍പറ്റുന്ന പരമാവധി സഹായം ചെയ്തുകൊടുക്കുമെന്ന് കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി അറിയിച്ചു. നിഷയ്ക്ക് ജോലിയും വീടും പരിശീലനവും നല്‍കണമെന്ന് പഞ്ചായത്തംഗം ടി. രഹ്നയും കുലിക്കിലിയാട് യുവചേതന പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് കെ. വാസുദേവനും നിവേദനത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.