Photo: twitter.com|AndrewAmsan
ബെംഗളൂരു: ബെംഗളൂരുവിലെ അഞ്ജു ബോബി ജോര്‍ജ് ഫൗണ്ടേഷനിലേക്ക് ആദ്യ രാജ്യാന്തര മെഡലാണ് ഷൈലി സിങ്ങിലൂടെ എത്തിയിരിക്കുന്നത്. ലോങ്ജമ്പിലൂടെ തന്നെ ആദ്യ മെഡല്‍ വരുമ്പോള്‍ ഇരട്ടിമധുരവും.
ഇന്ത്യക്കായി ലോങ്ജമ്പില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുള്ള മലയാളിയും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോര്‍ജും ഭര്‍ത്താവും പരിശീലകനുമായ റോബര്‍ട്ട് ബോബി ജോര്‍ജും നേതൃത്വം നല്‍കുന്ന കായിക കളരിക്ക് പുതിയ ഊര്‍ജ്ജം നല്‍കുന്നതാണ് ഷൈലിയുടെ മെഡല്‍ നേട്ടം.
മൂന്നുവര്‍ഷംമുമ്പ് അക്കാദമിയിലെത്തുമ്പോള്‍ ഷൈലി സിങ്ങിന്റെ മികച്ച ദൂരം 4.50 മീറ്ററായിരുന്നു. പിന്നീട് റോബര്‍ട്ട് ബോബി ജോര്‍ജിന്റെ പരിശീലനത്തിലാണ് വെള്ളിമെഡല്‍ നേട്ടം വരെ എത്തിയത്. 2005-ലെ ഹെല്‍സിങ്കി ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജുവിന് രണ്ട് സെന്റിമീറ്ററിന് മെഡല്‍ നഷ്ടമായതിനെ അനുസ്മരിപ്പിക്കുന്നതായി ഒരു സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ ഷൈലിക്ക് സ്വര്‍ണം നഷ്ടപ്പെട്ടത്. ഷൈലിക്ക് 14 വയസ്സുള്ളപ്പോള്‍ രണ്ട് മത്സരങ്ങള്‍ അഞ്ജുവും റോബര്‍ട്ടും കാണാനിടയായി. കുട്ടിയുടെ കഴിവ് തിരിച്ചറിഞ്ഞ് 2018 ഏപ്രിലിലാണ് അക്കാദമിയില്‍ കൊണ്ടുവന്നത്.
കോവിഡ് കാലത്ത് പരിശീലനം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. സിന്തറ്റിക് ട്രാക്കൊന്നും ഇല്ലാത്തതിനാല്‍ കഴിഞ്ഞ അഞ്ചാറ് മാസമായി കുട്ടികളെ അഞ്ജുവിന്റെ വീട്ടില്‍ നിര്‍ത്തിയാണ് പരിശീലനം കൊടുത്തിരുന്നത്.
'പ്രായം കുറഞ്ഞ മത്സരാര്‍ഥി ആയിട്ടും വലിയ നേട്ടമാണ് ഷൈലി കൈവരിച്ചത്. എങ്കിലും ഒരു സെന്റിമീറ്ററിന് സ്വര്‍ണം നഷ്ടമായത് സന്തോഷത്തിനൊപ്പം ചെറിയ വിഷമവും നല്‍കുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സെന്റിമീറ്ററിന് മെഡല്‍ നഷ്ടപ്പെട്ടപ്പോഴുള്ള മാനസികാവസ്ഥ ഞാനും അനുഭവിച്ചിട്ടുണ്ട്. ഷൈലിക്ക് 17 വയസ്സേ ആയിട്ടുള്ളൂ. ഇനി ഒരു അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പ് കൂടിയുണ്ട്. ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസുമാണ് ഇനി ലക്ഷ്യം' അഞ്ജു പറഞ്ഞു.
Content Highlights: Shaili Singh who won silver at U20 World Athletics Championships from Anju Bobby Sports Foundation
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..