Shaili Singh
ടി.സി.യോഹന്നാനും അഞ്ജു ബോബി ജോർജും കാഴ്ചവച്ച പ്രകടനമാണ് ഇന്ത്യയുടെ ലോങ് ജംപ് ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നത് .1974ൽ ടെഹ്റാൻ ഏഷ്യൻ ഗെയിംസിൽ യോഹന്നാൻ സ്വർണം നേടിയത് ഏഷ്യൻ റെക്കോർഡോടെ ( 8.07 മീറ്റർ). യോഹന്നാൻ്റെ നേട്ടം ഏഷ്യൻ തലത്തിൽ രണ്ടു പതിറ്റാണ്ടോളം നിലനിന്നു. യോഹന്നാൻ്റെ ദേശീയ റെക്കോർഡ് 2004 ൽ അമൃത്പാൽ സിങ് തിരുത്തി (8.08 മീറ്റർ). മലയാളി താരം എം. ശ്രീശങ്കർ അത് 8.36 മീറ്ററിലും ,ഏറ്റവും ഒടുവിൽ തമിഴ്നാടിൻ്റെ ജസ്വിൻ ആൾഡ്രിൻ 8.42 മീറ്ററിലും എത്തിച്ചു.
വനിതാ വിഭാഗത്തിൽ അഞ്ജു ബോബി ജോർജ് 2004ൽ ആഥൻസ് ഒളിംപിക്സിൽ താണ്ടിയ 6.83 മീറ്റർ ആണ് ദേശീയ റെക്കോർഡ്. പത്തൊൻപത് വർഷമായി അചഞ്ചലമായി നിൽക്കുന്നു. പക്ഷേ, അഞ്ജുവിൻ്റെ റെക്കോർഡ് ഇനിയെത്രനാൾ എന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. അഞ്ജുവിൻ്റെയും റോബർട് ബോബിയുടെയും ശിഷ്യ, ഷൈലി സിങ് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ ഇന്ത്യൻ ഗ്രാൻപ്രീയിൽ ചാടിയത് 6.76 മീറ്റർ.പത്തൊൻപതാം വയസ്സിലാണ് ഷൈലി ഈ നേട്ടം കൈവരിച്ചത്. ലോക യൂത്ത് റാങ്കിങ്ങിൽ ഷൈലി ഒന്നാമതാണ്.
കർണാടകയുടെ ഐശ്വര്യ ബാബു പോയ വർഷം ജൂണിൽ 6.73 മീറ്റർ ലോങ് ജംപ് ചെയ്തിരുന്നു. ഒപ്പം ട്രിപ്പിൾ ജംപിൽ ദേശീയ റെക്കോർഡും തിരുത്തി. പക്ഷേ, ഉത്തേക പരിശോധനയിൽ പരാജയപ്പെട്ട ഐശ്വര്യ നാലു വർഷം വിലക്ക് നേരിടുകയാണ്.
ജെ.ജെ.ശോഭ, വി.നീന (6.66 മീറ്റർ), മയൂഖ ജോണി (6.64 മീറ്റർ), എ. പ്രജുഷ, നയന ജെയിംസ് (6.53 മീറ്റർ) എന്നിവരെ മറികടന്ന ഷൈലിക്കു മുന്നിൽ ഇനി അഞ്ജു മാത്രം. മയൂഖ ഒരിക്കൽ 6.72 മീറ്റർ ചാടിയെങ്കിലും രേഖപ്പെടുത്തിയ ചാട്ടമല്ലായിരുന്നത്. മേൽപ്പറഞ്ഞവരിൽ മത്സരരംഗത്ത് നയന മാത്രമാണു സജീവം.ഷൈലിയുടെ പ്രധാന പ്രതിയോഗിയും നയന തന്നെ. ഷൈലി 28 സെ.മീ. ആണ് ദൂരം മെച്ചപ്പെടുത്തിയത്. ചെറിയ കാര്യമല്ല.
1978ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ 6.05 മീറ്റർ ചാടി ഏഞ്ചൽ മേരി ജോസഫ് വെള്ളി നേടിയപ്പോൾ ആറുമീറ്റർ ലോങ് ജംപ് ചെയ്ത ആദ്യ ഇന്ത്യക്കാരിയായി.1980 ൽ മേഴ്സി മാത്യു കുട്ടൻ ഇന്ത്യൻ മണ്ണിൽ 6.08 മീറ്റർ ചാടി.മേഴ്സിയുടെ ദേശീയ റെക്കോർഡ് ( 6.26 മീറ്റർ) ലേഖാ തോമസ് 1998 ൽ 6.33 മീറ്റർ ആയി തിരുത്തി. അടുത്ത വർഷം 6.37 മീറ്റർ നീട്ടിച്ചാടി റെക്കോർഡ് സ്വന്തമാക്കിയ അഞ്ജുവിന് പിന്നീട് എതിരാളികൾ ഇല്ലാതെ പോയി. ഒടുവിൽ തൻ്റെ റെക്കോർഡ് തിരുത്താൻ അഞ്ജുവും ബോബിയും ചേർന്നൊരു താരത്തെ വളർത്തുന്നു. തനിക്ക് നഷ്ടപ്പെട്ട ഒളിംപിക് മെഡൽ ഷൈലിയിലൂടെ സാധ്യമാക്കുകയാണ് അഞ്ജുവിൻ്റെ ലക്ഷ്യം. സാധ്യമാകട്ടെ.
Content Highlights: Shaili Singh records second-best leap after Anju Bobby George, clinches long jump gold
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..