Image Courtesy: ICC
ഇത്തവണത്തെ വനിതാ ട്വന്റി 20 ലോകകപ്പില്‍ അവിശ്വസനീയ കുതിപ്പാണ് ഹര്‍മന്‍പ്രീതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തിയ ടീം ഇംഗ്ലണ്ടുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇപ്പോഴിതാ കലാശപ്പോരാട്ടത്തിനും ടിക്കറ്റെടുത്തിരിക്കുന്നു. ഞായറാഴ്ച മെല്‍ബണില്‍ നടക്കുന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഇന്ത്യന്‍ ടീമിന്റെ കുതിപ്പ് കണ്ട് അദ്ഭുതപ്പെട്ട മുന്‍ താരങ്ങള്‍ പലരും പറയുന്നത് ഈ ടീമിന് എന്തോ പ്രത്യേകതയുണ്ടെന്നാണ്. അതെ ഈ ടീമിന് ഒരു പ്രത്യേകതയുണ്ട്. ഷഫാലി വര്‍മയെന്ന അനിയത്തിക്കുട്ടി.
ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയുമൊക്കെയുള്ള ടീമിന്റെ ലോകകപ്പിലെ കുതിപ്പിനു പിന്നിലെ എഞ്ചിന്‍ ഷഫാലി വര്‍മയെന്ന പതിനാറുകാരിയാണ്. 2019 സെപ്റ്റംബര്‍ 24-ന് ട്വന്റി 20-യില്‍ ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിക്കുമ്പോള്‍ വെറും 15 വര്‍ഷവും 283 ദിവസവും മാത്രമായിരുന്നു ഷഫാലിയുടെ പ്രായം. ഇന്ത്യയ്ക്കായി ട്വന്റി 20 കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡോടെയായിരുന്നു കുഞ്ഞ് ഷഫാലിയുടെ വരവ്.

അരങ്ങേറ്റ മത്സരം കഴിഞ്ഞ് വെറും അഞ്ചു മാസങ്ങള്‍ പിന്നിടുമ്പോള്‍ ഐ.സി.സി ട്വന്റി 20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ഈ ഹരിയാന സ്വദേശിയുടെ പേരാണ്.
ലോകകപ്പില്‍ ഇതുവരെ കളിച്ച നാലു മത്സരങ്ങളില്‍ നിന്ന് 161 റണ്‍സ് നേടിയ ഷഫാലിയാണ് ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമത്. വെറും 18 ട്വന്റി 20 ഇന്നിങ്‌സുകള്‍ പിന്നിടുമ്പോള്‍ 58 ഫോറുകളും 21 സിക്‌സറുകളും അവളുടെ ബാറ്റില്‍ നിന്ന് പിറന്നുകഴിഞ്ഞു.
കഴിഞ്ഞ നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 മത്സരത്തില്‍ കരിയറിലെ ആദ്യ അര്‍ധ സെഞ്ചുറി കുറിച്ചതോടെ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡാണ് അവള്‍ പഴങ്കഥയാക്കിയത്. വിന്‍ഡീസിനെതിരേ 73 റണ്‍സടിച്ച ഷഫാലി ഇന്ത്യയ്ക്കായി അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്.

കപില്‍ ദേവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജയന്ത് യാദവ്, അമിത് മിശ്ര എന്നീ താരങ്ങളെ ഇന്ത്യയ്ക്ക് സമ്മാനിച്ച ഹരിയാനയിലെ റോത്തക്കില്‍ നിന്നാണ് ഷഫാലിയുടെ വരവ്.
തന്റെ ഒമ്പതാം വയസില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കണ്ടതോടെയാണ് ഷഫാലി ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അവിടെ സച്ചിന് ലഭിച്ച ആരവങ്ങളും കൈയടികളും കുഞ്ഞ് ഷഫാലിയെ ആവേശത്തിലാക്കി. അച്ഛന്റെ ചുമലിലിരുന്ന് ആ ഒമ്പതു വയസുകാരി തൊണ്ടപൊട്ടുമാറ് ഉച്ചത്തിലാണ് സച്ചിന്‍... സച്ചിന്‍ എന്ന് ആര്‍ത്തുവിളിച്ചത്. ക്രിക്കറ്റിനോടുള്ള അവളുടെ ഇഷ്ടം അന്നാണ് താന്‍ തിരിച്ചറിഞ്ഞതെന്ന് ഷഫാലിയുടെ പിതാവ് സഞ്ജീവ് വര്‍മ പറയുന്നു.
എന്നാല്‍ ഷഫാലിക്ക് പരിശീലനം നല്‍കാന്‍ റോത്തക്കിലെ ക്രിക്കറ്റ് അക്കാദമികള്‍ മുഴുവനും അലഞ്ഞിട്ടുണ്ട് അവളുടെ അച്ഛന്‍. പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ക്രിക്കറ്റ് അക്കാദമികളൊന്നും റോത്തക്കിലുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ആണ്‍കുട്ടികളുടെ അക്കാമദികളില്‍ ഷഫാലിയേയും കൊണ്ടുപോകുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ലെന്ന മറുപടിയായിരുന്നു എല്ലായിടത്തു നിന്നും ലഭിച്ചത്.

ഒടുവില്‍ മറ്റൊരു വഴിയും കാണാതായപ്പോള്‍ സഞ്ജീവ് ഒരു അതിബുദ്ധി പ്രയോഗിച്ചു. ഷഫാലിയെ മുടിമുറിച്ച് ആണ്‍വേഷം കെട്ടിക്കുക. അങ്ങനെ ഷഫാലി പരിശീലനം തുടങ്ങി. അന്നത്തെ അതേ സ്റ്റൈല്‍ തന്നെ അവള്‍ ഇന്നും പിന്തുടര്‍ന്ന് പോരുന്നു. അതേ ടോംബോയ് സ്‌റ്റൈലില്‍ ഷഫാലി ഇന്ന് റണ്‍സടിച്ചുകൂട്ടുന്ന തിരക്കിലാണ്.
എന്നാല്‍ ആണ്‍കുട്ടികള്‍ക്കൊപ്പമുള്ള പരിശീലനം അവള്‍ക്ക് ദുസ്സഹമായിരുന്നു. പലപ്പോഴും പന്തുകകള്‍ ദേഹത്തും ഹെല്‍മറ്റിലുമായിരുന്നു കൊണ്ടിരുന്നത്. ഒരിക്കല്‍ പന്തുകൊണ്ട് ഹെല്‍മറ്റ് ഗ്രില്ലുപോലും തകര്‍ന്നു. അതോടെ സഞ്ജീവ് പേടിച്ചു, പക്ഷേ ഷഫാലി വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. ഇന്ന് ലോകക്രിക്കറ്റിലെ വനിതാ പേസര്‍മാരുടെ പന്തുകള്‍ കൂളായി അതിര്‍ത്തികടത്താന്‍ ഷഫാലിക്ക് സാധിച്ചത് പണ്ടത്തെ ആണ്‍കുട്ടികള്‍ക്കൊപ്പമുള്ള പരിശീലനം കാരണമായിരുന്നു.

ഇന്നിപ്പോള്‍ ആദ്യ പന്തുതൊട്ട് ബൗണ്ടറിയിലേക്കു വിടുന്ന ഷഫാലിയെ ജൂനിയര്‍ സെവാഗെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ബൗളര്‍മാരെ തെല്ലും പേടിയില്ലാതെ തല്ലിത്തകര്‍ക്കുന്ന ഷഫാലിയെ പിന്നെ ആരോടാണ് ഉപമിക്കാനാകുക.
ഇന്ന് ഇന്ത്യന്‍ വനിതാ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായി ഷഫാലി വളര്‍ന്നുവന്നതില്‍ നമ്മള്‍ നന്ദി പറയേണ്ടത് അവളുടെ അച്ഛനോടാണ്. ഹരിയാനയിലെ ഒരു സാധാരണ പട്ടണത്തില്‍ നിന്നുള്ള പെണ്‍കുട്ടി ക്രിക്കറ്റ് മൈതാനത്തേക്ക് കടക്കുന്നത് അവിടത്തെ നാട്ടുകാര്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ മകളുടെ ഇഷ്ടത്തെ പിന്തുണച്ചതിന് ചില്ലറ എതിര്‍പ്പുകളൊന്നുമല്ല ഈ പിതാവിന് നേരിടേണ്ടിവന്നത്.
അയല്‍വാസികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പലപ്പോഴും പരിഹാസം മാത്രമാണ് നേരിടേണ്ടി വന്നത്. കളിയാക്കുന്നവരെ കൊണ്ടു തന്നെ ഒരിക്കല്‍ മാറ്റിപ്പറയിക്കുമെന്ന് അന്നൊക്കെ കുഞ്ഞ് ഷഫാലി അച്ഛനോട് പറയുമായിരുന്നു. ഇന്ന് അവളാ വാക്ക് പാലിക്കുകയാണ്, പണ്ട് തള്ളിപ്പറഞ്ഞവര്‍ക്കെല്ലാം ഇന്ന് തന്റെ ബാറ്റുകൊണ്ട് മറുപടി കൊടുത്തുകൊണ്ട്.
Content Highlights: Shafali Verma The strong girl from rohtak
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..