2012-ലെ മെയ് 13-ാം തീയതി. അന്ന് മാഞ്ചെസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയത്തില്‍ ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സിനെ നേരിടുകയാണ് മാഞ്ചെസ്റ്റര്‍ സിറ്റി. സ്റ്റേഡിയമൊന്നാകെ നീലശോഭയാര്‍ന്ന ജേഴ്‌സികളാലും കൊടിതോരണങ്ങളാലും നിറഞ്ഞിരിക്കുന്നു. സിറ്റി താരങ്ങളുടെ ഓരോ നീക്കത്തിനും കാണികളില്‍ നിന്ന് പുറപ്പെടുന്നത് ആഹ്ലാദാരവങ്ങളാണ്. കാരണം ക്യു.പി.ആറിനെതിരായ ആ മത്സരം ജയിച്ചാല്‍ തങ്ങളുടെ 44 വര്‍ഷത്തെ കാത്തിരിപ്പാണ് അവസാനിക്കാന്‍ പോകുന്നതെന്നുള്ളത് അവരുടെ സിരകളെ മത്തുപിടിപ്പിച്ചിരുന്നു.

പ്രീമിയര്‍ ലീഗില്‍ ആ സീസണിലെ അവസാന ദിനമാണത്. അന്ന് നടക്കുന്നത് രണ്ട് മത്സരങ്ങള്‍. ഒന്ന് സിറ്റി - ക്യുപിര്‍, മറ്റൊന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് - സണ്ടര്‍ലാന്‍ഡ്. ആ സീസണിലെ പ്രീമിയര്‍ ലീഗ് ജേതാക്കളെ തീരുമാനിക്കുന്ന മത്സരങ്ങളാണത്. 37 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സിറ്റിക്കും യുണൈറ്റഡിനും ഒരേ പോയന്റ്, 86. എന്നാല്‍ ഗോള്‍ ശരാശരിയില്‍ സിറ്റിയാണ് മുന്നില്‍. 90 ഗോളുകളടിച്ച സിറ്റി വഴങ്ങിയത് 27 ഗോളുകള്‍, ഗോള്‍ ശരാശരി 63. മറുവശത്ത് 88 ഗോളുകള്‍ നേടിയ യുണൈറ്റഡ് വഴങ്ങിയത് 33 എണ്ണം, ശരാശരി 55. ക്യുപിആറിനെ തോല്‍പ്പിച്ചാല്‍ സിറ്റിക്ക് കിരീടമുയര്‍ത്താം. യുണൈറ്റഡിനാകട്ടെ ജയിച്ചാല്‍ മാത്രം പോര, സിറ്റി ജയിക്കാതിരിക്കുകയും വേണമെന്നുള്ള അവസ്ഥ.

ഇരു മത്സരങ്ങളും ഒരേ സമയം. 20-ാം മിനിറ്റില്‍ തന്നെ സണ്ടര്‍ലാന്‍ഡിനെതിരേ വെയ്ന്‍ റൂണിയിലൂടെ യുണൈറ്റഡ് ഒരു ഗോളിന് മുന്നിലെത്തി. കിലോമീറ്ററുകള്‍ക്കപ്പുറത്ത് എത്തിഹാദില്‍ 39-ാം മിനിറ്റില്‍ യായാ ടൂറെയുടെ പാസില്‍ നിന്ന് പാബ്ലോ സബലെറ്റ സ്‌കോര്‍ ചെയ്തതോടെ സ്‌റ്റേഡിയത്തിലെ സിറ്റി ആരാധകര്‍ ഇളകി മറിഞ്ഞു. എന്നാല്‍ കൃത്യം ഒമ്പത് മിനിറ്റുകള്‍ക്കപ്പുറം എത്തിഹാദിനെ നിശബ്ദതയിലേക്ക് തള്ളിവിട്ട് സിറ്റി താരത്തിന്റെ പിഴവ്. ആ അവസരം മുതലെടുത്ത് ഡിബ്രില്‍ സിസ്സെ ക്യുപിആറിനെ ഒപ്പമെത്തിച്ചു. മത്സരം 55-ാം മിനിറ്റിലേക്ക് ബോക്‌സിന്‌ പുറത്തുവെച്ച് കാര്‍ലോസ് ടെവസിന്റെ മുഖത്ത് കൈമുട്ടികൊണ്ടിടിച്ച ക്യുപിആര്‍ താരം ജോയ് ബാര്‍ട്ടനു നേരെ റഫറി ചുവപ്പുകാര്‍ഡുയര്‍ത്തുന്നു. ശേഷം സ്റ്റേഡിയം വേദിയായത് സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ക്കാണ്. രംഗം ശാന്തമായ ശേഷം സിറ്റി പലതവണ തങ്ങളുടെ രണ്ടാം ഗോളിന് അടുത്തെത്തി. പക്ഷേ ക്യുപിആര്‍ ഗോള്‍കീപ്പര്‍ പാഡി കെന്നിയുടെ സൂപ്പര്‍ സേവുകള്‍ അവര്‍ക്ക് രക്ഷയായി. 

sergio aguero life story of the prince of etihad
Photo: Getty Images

എന്നാല്‍ 66-ാം മിനിറ്റില്‍ അര്‍മണ്‍ഡ് ട്രറോറെയുടെ ക്രോസില്‍ നിന്ന് ജാമി മാക്കി ക്യുപിആറിനായി അടുത്ത വെടി പൊട്ടിച്ചതോടെ എത്തിഹാദ് ഒന്നടങ്കം ഞെട്ടിത്തരിച്ചു. സിറ്റി ഒരു ഗോളിന് പിന്നിലെന്ന വാര്‍ത്ത യുണൈറ്റഡ് ആരാധകരെ ആവേശഭരിതരാക്കി. അലക്‌സ് ഫെര്‍ഗൂസനും സംഘവും മറ്റൊരു പ്രീമിയര്‍ ലീഗ് കിരീടം സ്വപ്‌നം കണ്ടുതുടങ്ങി. എത്തിഹാദിലെ സിറ്റി ആരാധകരുടെ ആവേശം കെട്ടു. പലരും നിരാശരായി നിറകണ്ണുകളോടെ ഇരിപ്പിടത്തില്‍ ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന കാഴ്ച ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു. എങ്ങും നിരാശ നിറഞ്ഞ മുഖങ്ങള്‍ മാത്രം. വീണ്ടും തുടരെ തുടരെ കെന്നി സിറ്റിയുടെ വഴി തടഞ്ഞുകൊണ്ടിരുന്നു. 

മത്സരം അവസാന മിനിറ്റുകളിലേക്ക് അടുക്കുന്തോറും സ്‌റ്റേഡിയം നിശബ്ദമായിക്കൊണ്ടിരുന്നു. ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഡേവിഡ് സില്‍വയെടുത്ത കോര്‍ണര്‍ വലയിലെത്തിച്ച് എഡിന്‍ ജെക്കോ സിറ്റിയെ ഒപ്പമെത്തിച്ചപ്പോഴും എത്തിഹാദിലെ ആരാധകര്‍ക്ക് പഴയ ആവേശമുണ്ടായിരുന്നില്ല. കാരണം അപ്പോഴേക്കും അപ്പുറത്ത് സണ്ടര്‍ലാന്‍ഡിനെതിരേ യുണൈറ്റഡ് ജയിച്ചു കയറിയിരുന്നു. സിറ്റിക്കാകട്ടെ ശേഷിക്കുന്നത് ഒന്നര മിനിറ്റോളവും. 

എന്നാല്‍ അവിടെ നിന്നും സിറ്റി ആരാധകര്‍ക്ക് പോലും വിശ്വസിക്കാനാകാത്ത ഒരു മാജിക് അരങ്ങേറുകയായിരുന്നു. മത്സരം 94-ാം മിനിറ്റിലേക്ക് കടക്കുന്നു. പന്തുമായി സിറ്റിയുടെ 16-ാം നമ്പറുകാരന്റെ മുന്നേറ്റം. അയാള്‍ ആ പന്ത് മാരിയോ ബലോട്ടെല്ലിക്ക് നീട്ടുന്നു. ക്യുപിആര്‍ താരങ്ങള്‍ക്കിടയില്‍ വീണുപോയ ബലോട്ടെല്ലി പക്ഷേ മനസാന്നിധ്യം കൈവിടാതെ കിടന്നകിടപ്പില്‍ ആ പന്ത് മുന്നോട്ടുകയറിവന്ന ആ 16-ാം നമ്പറുകാരനു തന്നെ നീട്ടുന്നു. സമയം കൃത്യം 93 മിനിറ്റും 20-ാമത്തെ സെക്കന്റും എത്തിഹാദില്‍ കൂടിയിരുന്ന സിറ്റി ആരാധകരെ ഒന്നടങ്കം ഇളക്കിമറിച്ച് അയാളുടെ വലംകാലനടി ക്യുപിആര്‍ വലയിലെ വലതുമൂലയില്‍ പതിക്കുന്നു. 

ആ നിമിഷം എത്തിഹാദ് ഒന്നടങ്കം പൊട്ടിത്തെറിക്കുകയായിരുന്നു. പന്ത് വലയിലെത്തിച്ച ശേഷം ആ 16-ാം നമ്പറുകാരന്‍ ജേഴ്‌സിയൂരി വീശി കാണികള്‍ക്ക് നേരെ ഓടി. കമന്ററി ബോക്‌സില്‍ നിന്ന് ആ നിമിഷത്തിന്റെ ആവേശം ഒന്നടങ്കം തന്നിലേക്ക് ആവാഹിച്ച് മാര്‍ട്ടിന്‍ ടെയ്‌ലറെന്ന കമന്റേറ്ററുടെ വാക്കുകള്‍ മുഴങ്ങി. അഗ്യൂറോാാാാ...................... ''I swear you'll never see anything like this, ever again. So watch it, drink it in.''

സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞിരുന്ന സിറ്റി ആരാധകര്‍ പരസ്പരം വാരിപ്പുണര്‍ന്നു. മാഞ്ചെസ്റ്ററിന്റെ തെരുവോരങ്ങളില്‍ അപ്പോഴേക്കും ആഘോഷം തുടങ്ങിയിരുന്നു. റോബര്‍ട്ടോ മാഞ്ചീനിയും സംഘവും ചരിത്രം കുറിച്ചിരിക്കുന്നു. 

അതെ എത്തിഹാദിന്റെ നീല മൈതാനത്ത് അന്ന് സെര്‍ജിയോ ലിയോണല്‍ അഗ്യൂറോ എന്ന 24-കാരന്റെ പട്ടാഭഷേകമായിരുന്നു അത്. സിറ്റിക്കൊപ്പം ചേര്‍ന്ന ആദ്യ സീസണില്‍ തന്നെ ടീമിന്റെ 44 വര്‍ഷം നീണ്ട കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ സാധിച്ച താരം. ആ ഒരൊറ്റ ഗോളോടെ അഗ്യൂറോ ചെന്ന് കയറിയത് ലോകമെമ്പാടുമുള്ള സിറ്റി ആരാധകരുടെ ഹൃദയത്തിലേക്കായിരുന്നു. ലോകം തന്നെ കീഴടക്കിയ ആവേശത്തിലായിരുന്നു അന്നവിടെ അഗ്യൂറോ എന്ന അര്‍ജന്റീന താരം.

sergio aguero life story of the prince of etihad
2020-21 സീസണിലെ പ്രീമിയർ ലീഗ് കിരീടവുമായി | Photo: Getty Images

ഇന്ന് കാലം അവിടെ നിന്നും  ഒമ്പത് വര്‍ഷത്തിലേറെ പിന്നിട്ടിരിക്കുന്നു. 2021 ഡിസംബര്‍ 15, ബാഴ്‌സലോണയുടെ പ്രസിദ്ധമായ നൗ ക്യാമ്പ് സ്റ്റേഡിയം. തന്റെ മുന്നില്‍ കൂടിയിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ കളിജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു തീരുമാനം അറിയിക്കാനെത്തിയതാണ് അഗ്യൂറോ. ഒപ്പം ബാഴ്‌സലോണ പ്രസിഡന്റ് ജൊവാന്‍ ലപോര്‍ട്ടയുമുണ്ട്. അയാളുടെ കണ്ണില്‍ ഒമ്പത് വര്‍ഷം മുമ്പത്തെ ആ തിളക്കമില്ല. മറിച്ച് അവ ഈറനണിഞ്ഞിരിക്കുന്നു. അയാളിപ്പോള്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ തട്ടകത്തിലാണ്. 10 വര്‍ഷത്തോളം ചിലവഴിച്ച നീലശോഭയാര്‍ന്ന സിറ്റിയുടെ തട്ടകം വിട്ട് അയാള്‍ 2021-ല്‍ സ്‌പെയ്‌നിലേക്ക് ചേക്കേറിയിരുന്നു. ഒടുവില്‍ നിറകണ്ണുകളോടെ മുറിഞ്ഞ് മുറിഞ്ഞ് പുറത്തേക്കൊഴുകിയ വാക്കുകള്‍ പെറുക്കിക്കൂട്ടി അയാളത് പറഞ്ഞവസാനിപ്പിച്ചു, ഞാന്‍ ഫുട്‌ബോള്‍ മതിയാക്കുന്നു, മൈതാനത്ത് തുടരാന്‍ എന്റെ ആരോഗ്യം അനുവദിക്കുന്നില്ല.

10 വര്‍ഷം നീണ്ട സിറ്റി ജീവിതം അവസാനിപ്പിച്ച് സിറ്റി ആരാധകരുടെ സ്‌നേഹവായ്പുകളേറ്റുവാങ്ങിയാണ് അവരുടെ സ്വന്തം 'കുന്‍' അഗ്യൂറോ ക്യാമ്പ് നൗവിലേക്ക് വണ്ടികയറിയത്. എന്നാല്‍ പരിക്ക് കാരണം ബാഴ്‌സയ്ക്കായി നാലേ നാല് മത്സരങ്ങളില്‍ മാത്രമാണ് താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചത്. അതില്‍ ഒക്ടോബര്‍ 31-ന് നടന്ന അലാവസുമായുള്ള മത്സരത്തിനിടെയാണ് അഗ്യൂറോയുടെ കളിജീവിതം തന്നെ മാറ്റി മറിച്ച സംഭവമുണ്ടാകുന്നത്. മത്സരം ആദ്യ പകുതിയോടടുക്കുന്നതിനിടെ മൈതനത്ത് അഗ്യൂറോ നെഞ്ചില്‍ കൈവെച്ച് കുനിഞ്ഞിരിക്കുന്നു. തുടര്‍ന്ന് തനിക്ക് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെടുന്നതായും തന്നെ മാറ്റണമെന്നും താരം ബാഴ്‌സ ബെഞ്ചിനെ അറിയിക്കുന്നു. വേദന കൊണ്ട് നിലത്തുകിടന്ന അഗ്യൂറോയ്ക്ക് സമീപത്തേക്ക് റഫറിയും കളിക്കാരും ഓടിയടുക്കുന്നു. ഉടന്‍ തന്നെ ബാര്‍സയുടെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലിറങ്ങി അര്‍ജന്റീന താരത്തെ പരിശോധിച്ചു. സ്ട്രെച്ചര്‍ കൊണ്ടുവന്നെങ്കിലും അതില്‍ കിടന്ന് മൈതാനത്തിനു പുറത്തുപോകാന്‍ വിസമ്മതിച്ച താരം മെഡിക്കല്‍ സംഘത്തിനൊപ്പം പതിയെ നടന്ന് പുറത്തേക്ക് പോകുകയായിരുന്നു.

sergio aguero life story of the prince of etihad
 മത്സരത്തിനിടെ നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട് പുറത്തേക്ക് പോകുന്ന അഗ്യൂറോ | Photo: Getty Images

തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ താരത്തിന് ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുള്ളതായി കണ്ടെത്തുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമായിരുന്നു അവ. അതോടെ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് താരം തന്റെ ജീവനായ ഫുട്‌ബോള്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കുകയായിരുന്നു. ഡിസംബര്‍ 15-ന് അക്കാര്യം അറിയിക്കുമ്പോള്‍ അഗ്യൂറോയ്‌ക്കൊപ്പം ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. 

2003-ല്‍ അര്‍ജന്റൈന്‍ ക്ലബ്ബ് ഇന്‍ഡിപെയ്‌ന്റെയിലൂടെയാണ് അഗ്യൂറോ പ്രൊഫഷണല്‍ കരിയറിലേക്ക് കാലെടുത്ത് കുത്തുന്നത്. ഒമ്പതാം വയസില്‍ അവരുടെ തന്നെ യൂത്ത് സിസ്റ്റം വഴിയായിരുന്നു താരത്തിന്റെ ഫുട്‌ബോളിലേക്കുള്ള കാല്‍വെയ്പ്. 2003 ജൂലായ് അഞ്ചിന് 15 വര്‍ഷവും 35 ദിവസവും പ്രായമുള്ളപ്പോള്‍ അഗ്യൂറോ ക്ലബ്ബിനൊപ്പം ഫസ്റ്റ് ഡിവിഷനില്‍ കളിയാരംഭിച്ചു. ഫസ്റ്റ് ഡിവിഷനില്‍ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡോടെയായിരുന്നു ഇത്. 27 വര്‍ഷത്തോളം അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മാറഡോണ കൈവം വെച്ചിരുന്ന ഈ റെക്കോഡ് തകര്‍ത്തായിരുന്നു കുഞ്ഞ് അഗ്യൂറോയുടെ വരവ്. അത്‌ലറ്റിക്കോ സാന്‍ലൊറെന്‍സോയ്‌ക്കെതിരേ 69-ാം മിനിറ്റില്‍ ഇമ്മാനുവല്‍ റിവാസിന് പകരക്കാരനായാണ് ഇന്‍ഡിപെയ്‌ന്റെ കോച്ച് ഓസ്‌കാര്‍ റുഗ്ഗെറി താരത്തെ കളത്തിലിറക്കിയത്. 

തന്റെ ജേഴ്‌സിയില്‍ 'കുന്‍' എന്ന പേരാണ് അഗ്യൂറോ എപ്പോഴും ചേര്‍ക്കാറുള്ളത്. കുട്ടിക്കാലത്ത് അഗ്യൂറോയ്ക്ക് ലഭിച്ച വിളിപ്പേരാണത്. അര്‍ജന്റീനിയന്‍ കാര്‍ട്ടൂണായ 'വാന്‍പാകു ഒമുകാഷി കുമു കുമു' എന്ന കാര്‍ട്ടൂണിലെ ക്യാരക്ടറായ കും-കുമിനോടുള്ള രൂപസാദൃശ്യം കാരണം കുഞ്ഞ് അഗ്യൂറോയുടെ മുത്തച്ഛനും മുത്തശ്ശിയുമാണ് അവനെ ആദ്യമായി ആ പേരു വിളിച്ചത്. പില്‍ക്കാലത്ത് ആ പേരിനെ താരം കൂടെക്കൂട്ടുകയായിരുന്നു. എന്നിരുന്നാലും ലോകമെമ്പാടുമുള്ള അഗ്യൂറോ ആരാധകര്‍ അയാളെ സ്‌നേഹത്തോടെ ആ പേര് വിളിച്ചു. ആ വിളികള്‍ക്കായി അയാള്‍ കാതോര്‍ത്തിരുന്നു എന്നതാണ് സത്യം. 

sergio aguero life story of the prince of etihad
അത്ലറ്റിക്കോ മാഡ്രിഡ് ജേഴ്സിയിൽ | Photo: Getty Images

2005-06 അര്‍ജന്റീന പ്രീമിയറ ഡിവിഷന്‍ അഗ്യൂറോയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചു. സീസണില്‍ 36 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകള്‍ അടിച്ചുകൂട്ടിയ പയ്യന്‍ പെട്ടെന്നു തന്നെ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായി. ഒടുവില്‍ 2006 മെയില്‍ 20 ദശലക്ഷം യൂറോ എന്ന റെക്കോഡ് തുകയ്ക്ക് അഗ്യൂറോയെ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡ് റാഞ്ചി. മൂന്ന് വര്‍ഷത്തെ ഇന്‍ഡിപെയ്‌ന്റെ കരിയറില്‍ 54 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകളാണ് ആരാധകരുടെ പ്രിയപ്പെട്ട കുന്‍ അടിച്ചുകൂട്ടിയത്. 

ഡോണ്‍ ബാലണ്‍, ഗോള്‍ഡന്‍ ബോയ്, വോള്‍ഡ് സോക്കര്‍ യങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങളെല്ലാം തന്നെ അതിനോടകം അഗ്യൂറോയെ തേടിയെത്തിയിരുന്നു. അഞ്ചു വര്‍ഷത്തോളം അത്‌ലറ്റിക്കോയുടെ തട്ടകത്തില്‍ ചെലവഴിച്ച് ക്ലബ്ബിനൊപ്പം യൂറോപ്പ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ സ്വന്തമാക്കിയാണ് അഗ്യൂറോ അവിടം വിടുന്നത്. 

അത്‌ലറ്റിക്കോയ്ക്കായി 175 മത്സരങ്ങളില്‍ നിന്നായി 74 ഗോളുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. 2011-ല്‍ എണ്ണപ്പണത്തിന്റെ കിലുക്കവുമായി എത്തിയ മാഞ്ചെസ്റ്റര്‍ സിറ്റിയാണ് അഗ്യൂറോയെ അത്‌ലറ്റിക്കോയുടെ പാളയത്തില്‍ നിന്ന് റാഞ്ചുന്നത്. അത്‌ലറ്റിക്കോ ആരാധകരുടെ കടുത്ത പ്രതിഷേധത്തിനിടെ അന്നത്തെ റെക്കോഡ് തുകയായ 35 ദശലക്ഷം പൗണ്ടിന് അങ്ങനെ അഗ്യൂറോ എത്തിഹാദിന്റെ പുല്‍മൈതാനത്തേക്ക് ചേക്കേറി. അപ്പോഴും താരത്തോട് പൊറുക്കാന്‍ അത്‌ലറ്റിക്കോ ആരാധകര്‍ തയ്യാറല്ലായിരുന്നു. അവര്‍ ശാപ വാക്കുകളുമായി അഗ്യൂറോയെ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. 

16-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് കുന്‍ അങ്ങനെ റോബര്‍ട്ടോ മാഞ്ചീനിയുടെ സംഘത്തിനൊപ്പം ചേര്‍ന്നു. തുടക്കത്തില്‍ ഏതാനും കളികളില്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നു അഗ്യൂറോയ്ക്ക് സ്ഥാനം. ഒടുവില്‍ 2011 ഓഗസ്റ്റ് 15-ന് സ്വാന്‍സി സിറ്റിക്കെതിരായ മത്സരത്തിലാണ് അഗ്യൂറോയെ മാഞ്ചീനി ആദ്യമായി കളത്തിലിറക്കുന്നത്. 59-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങി ഒമ്പത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അഗ്യൂറോ സിറ്റി ജേഴ്‌സിയിലെ തന്റെ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തു. വൈകാതെ ഡേവിഡ് സില്‍വയുടെ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത അഗ്യൂറോ, ഇന്‍ജുറി ടൈമില്‍ 30 വാര അകലെ നിന്ന് ഒരു ബുള്ളറ്റ് ലോങ് റേഞ്ചറിലൂടെ രണ്ടാമതും വലകുലുക്കി. ഇതിലൂടെ കളിക്കാന്‍ ഫിറ്റല്ലെന്ന് പറഞ്ഞ് ഏതാനും മത്സരങ്ങളില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയ കോച്ചിനോട് മധുരമായി പ്രതികാരവും ചെയ്തു. ഇംഗ്ലീഷ് ഫുട്‌ബോളിലെ ഏറ്റവും സുന്ദരമായ ഗോളുകളിലൊന്നെന്നാണ് ആ ഗോളിനെ അന്ന് ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകള്‍ വാഴ്ത്തിയത്.

എണ്ണപ്പണത്തിന്റെ ഗരിമയില്‍ പുനരവതരിച്ച സിറ്റിയെ അഗ്യൂറോയും വിന്‍സെന്റ് കോംപനിയും യായാ ടൂറെയും ഡേവിഡ് സില്‍വയും കാര്‍ലോസ് ടെവസും സാമിര്‍ നസ്‌റിയുമെല്ലാം ചേര്‍ന്ന് ലോകത്തിലെ തന്നെ മികച്ച ക്ലബ്ബുകളിലൊന്നാക്കി മാറ്റിയെടുക്കുന്നതിനാണ് പിന്നീട് ഫുട്‌ബോള്‍ ലോകം സാക്ഷിയായത്.

sergio aguero life story of the prince of etihad
Photo: Getty Images

സിറ്റിക്കൊപ്പമുള്ള നീണ്ട 10 വര്‍ഷം അഗ്യൂറോയുടെയും ക്ലബ്ബിന്റെ തന്നെയും കുതിപ്പിനാണ് പിന്നീട് ഫുട്‌ബോള്‍ ലോകം സാക്ഷിയായത്. സിറ്റിക്കൊപ്പം അഞ്ച് ലീഗ് കിരീടങ്ങളും ആറ് ഇ.എഫ്.എല്‍ കപ്പുകളും താരം സ്വന്തമാക്കി. ഇതോടൊപ്പം ഒരു എഫ്.എ കപ്പ് കിരീട നേട്ടത്തിലും താരം പങ്കാളിയായി. സിറ്റിയെ ആദ്യമായ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചത് അഗ്യൂറോയായിരുന്നു. ക്ലബ്ബിനായി 275 മത്സരങ്ങളില്‍ നിന്ന് അഗ്യൂറോ അടിച്ചുകൂട്ടിയ 184 ഗോളുകളും റെക്കോഡാണ്. സിറ്റിയുടെ എക്കാലത്തെയും വലിയ ഗോള്‍ സ്‌കോററും പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന നാലാമത്തെ താരവുമാണ് അഗ്യൂറോ. ഇതോടൊപ്പം പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ഇംഗ്ലീഷുകാരനല്ലാത്ത താരവും അഗ്യൂറോ തന്നെ. ഇതോടൊപ്പം പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോള്‍നേട്ടമെന്ന റെക്കോഡും സ്വന്തം പേരിലാക്കി.

രണ്ടു തവണ ലീഗിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടും താരം സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല 12 ഹാട്രിക്കുകളോടെ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്കുകളെന്ന റെക്കോഡും സ്വന്തമാക്കിയാണ് അഗ്യൂറോ സിറ്റിയില്‍ നിന്ന് യാത്രയായത്.

ബാഴ്‌സയുടെ കുപ്പായത്തില്‍ പക്ഷേ തന്റെ മികവ് പുറത്തെടുക്കാനുള്ള അവസരം അഗ്യൂറോയ്ക്ക് ലഭിച്ചിരുന്നില്ല. 2021 മേയ് 31-നാണ് അഗ്യൂറോ ബാഴ്‌സയുമായി രണ്ടു വര്‍ഷത്തെ കരാറിലെത്തിയ കാര്യം അറിയിക്കുന്നത്. 50 ശതമാനത്തോളം സ്വന്തം പ്രതിഫലത്തില്‍ കുറവ് വരുത്തിയായിരുന്നു അഗ്യൂറോയുടെ സ്‌പെയ്‌നിലേക്കുള്ള പറിച്ചുനടല്‍. ഒക്ടോബര്‍ 17-ന് വലന്‍സിയക്കെതിരായ മത്സരത്തിലായിരുന്നു ബാഴ്‌സ ജേഴ്‌സിയില്‍ താരത്തിന്റെ അരങ്ങേറ്റം. ഒക്ടോബര്‍ 24-ാം തീയതി തന്റെ ആദ്യ എല്‍ ക്ലാസിക്കോ പോരാട്ടത്തിനും അഗ്യൂറോ ബൂട്ടുകെട്ടി. 77-ാം മിനിറ്റില്‍ പകരക്കാരനായെത്തി മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സ്‌കോര്‍ ചെയ്‌തെങ്കിലും 2-1 തോറ്റ് മടങ്ങാനായിരുന്നു അഗ്യൂറോയുടെയും സംഘത്തിന്റെയും വിധി. ഒടുവില്‍ ഏഴു ദിവസങ്ങള്‍ക്കപ്പുറം അലാവസുമായുള്ള മത്സരത്തിനിടെ നെഞ്ചില്‍ കൈവെച്ച് മൈതാനത്തിരുന്ന അഗ്യൂറോ പിന്നീട് കാണികള്‍ക്ക് മുന്നിലെത്തിയത് തന്റെ വിരമിക്കല്‍ തീരുമാനം അറിയിക്കുന്നതിനായിരുന്നു.

sergio aguero life story of the prince of etihad
മെസ്സിക്കൊപ്പം | Photo: Getty Images

ക്ലബ്ബ് കരിയറിലെന്ന പോലെ തന്നെ സംഭവബഹുലമായിരുന്നു താരത്തിന്റെ രാജ്യാന്തര കരിയറും. 2004-ലെ ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള അര്‍ജന്റീന അണ്ടര്‍-17 ടീമിലേക്കാണ് അഗ്യൂറോ ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. പാരഗ്വായില്‍ നടന്ന ആ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ യുഎസ്എയ്‌ക്കെതിരെയും ഇക്വഡോറിനെതിരെയും സ്‌കോര്‍ ചെയ്ത അഗ്യൂറോ ടീമിനെ ഗ്രൂപ്പ് ജേതാക്കളാക്കി. പെറുവിനെതിരായ ക്വാര്‍ട്ടറിലും ഗോള്‍ നേടിയ താരം ടീമിനെ സെമിയിലെത്തിച്ചു. പക്ഷേ സെമിയില്‍ കൊളംബിയയോട് 2-0ന് തോറ്റ് മടങ്ങാനായിരുന്നു അര്‍ജന്റീനയുടെ വിധി. 

എന്നാല്‍ 2005-ലെ ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലും 2007-ലെ അണ്ടര്‍ 20 ഫിഫ ലോകകപ്പിലും അര്‍ജന്റീനയെ കിരീടത്തിലെത്തിക്കാന്‍ അഗ്യൂറോയ്ക്കായി. അന്ന് അഗ്യൂറോയ്‌ക്കൊപ്പം സാക്ഷാല്‍ ലയണല്‍ മെസ്സിയുമുണ്ടായിരുന്നു. എന്നിട്ടും 2007-ലെ അണ്ടര്‍ 20 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ നയിക്കാനുള്ള ഭാഗ്യം അഗ്യൂറോയ്ക്കായിരുന്നു. ടൂര്‍ണമെന്റിലെ ഏഴു മത്സരങ്ങളില്‍ നിന്ന് ആറു ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരം ടൂര്‍ണമെന്റിലെ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയാണ് മടങ്ങിയത്. തുടര്‍ന്ന് 2008-ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ അര്‍ജന്റീനയ്‌ക്കൊപ്പം സ്വര്‍ണമെഡല്‍ നേടാനും അഗ്യൂറോയ്ക്കായി. 

2006-ല്‍ തന്റെ 18-ാം വയസില്‍ അങ്ങനെ അഗ്യൂറോയ്ക്ക് അര്‍ജന്റീനയുടെ സീനിയര്‍ ടീമിലേക്ക് വിളിയെത്തി. സെപ്റ്റംബര്‍ മൂന്നിന് എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു താരത്തിന്റെ സീനിയര്‍ ടീം അരങ്ങേറ്റം. തുടര്‍ന്ന് 2010, 2014, 2018 ലോകകപ്പുകളിലും 2011, 2015, 2016, 2019 കോപ്പ അമേരിക്ക ടൂര്‍ണമെന്റുകളിലും അര്‍ജന്റീന നിരയില്‍ കളിച്ച അഗ്യൂറോ 2021-ല്‍ ടീമിനൊപ്പം കോപ്പ അമേരിക്ക കിരീട നേട്ടത്തിലും പങ്കാളിയായി.

sergio aguero life story of the prince of etihad
അഗ്യൂറോയും മെസ്സിയും ഒളിമ്പിക് സ്വർണവുമായി | Photo: Getty Images

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മകള്‍ ജിയാന്നിനയെയാണ് അഗ്യൂറോ വിവാഹം ചെയ്തത്. 2009 ഫെബ്രുവരി 19-നായിരുന്നു അഗ്യൂറോ ജിയാന്നിനയെ തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നത്. 2012 വരെ മാത്രമേ ഇരുവരുടെയും ബന്ധം നീണ്ടുനിന്നുള്ളൂ. ആ വര്‍ഷം ഇരുവരും വിവാഹ മോചനം നേടി. 

ലയണല്‍ മെസ്സിയുമായി ആത്മബന്ധം സൂക്ഷിച്ചിരുന്ന താരമായിരുന്നു അഗ്യൂറോ. ജൂനിയര്‍തലം മുതല്‍ തന്നെ ഇരുവരും ഒരു മുറിയിലായിരുന്നു താമസം. 2014-ല്‍ അഗ്യൂറോയുടെ ആത്മകഥയായ ബോണ്‍ ടു റൈസ് പുറത്തിറങ്ങിയപ്പോള്‍ അതിന്റെ അവതാരിക എഴുതിയത് മെസ്സിയായിരുന്നു. ഒടുവില്‍ ആരോഗ്യപ്രശ്‌നം മൂലം കളംവിടാന്‍ പ്രിയപ്പെട്ട കുന്‍ തയ്യാറാകുമ്പോള്‍ ആരാധകരുടെ കാതില്‍ മുഴങ്ങുന്നത് ഒമ്പത് വര്‍ഷം മുമ്പുള്ള എത്തിഹാദിലെ ആ ആരവങ്ങള്‍ തന്നെയാണ്. അതിലേക്ക് അവരെ നയിച്ച അവരുടെ രാജകുമാരന്റെ പേരു തന്നെയാണ്.

Content Highlights: sergio aguero life story of the prince of etihad