കഴിഞ്ഞ നാലു വര്‍ഷമായി ടെന്നീസിലെ മില്യന്‍ ഡോളര്‍ ചോദ്യമാണ് സെറീന വില്യംസ് കരിയറിലെ 24-ാമത്തെ സിംഗിള്‍സ് ഗ്രാന്‍ഡ് സ്ലാം കിരീടം നേടുമോ എന്നുള്ളത്.
കരിയറില്‍ ഏറ്റവുമധികം ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ നേട്ടത്തിനൊപ്പമെത്താന്‍ സെറീനയ്ക്ക് വേണ്ടിയിരുന്നത് ഒരു കിരീടം കൂടി മാത്രം. നിര്‍ണായകമായ ആ ഒരു കിരീടം ഒരിക്കല്‍ക്കൂടി അമേരിക്കന്‍ താരത്തിന് കയ്യെത്തും ദൂരത്തു വച്ച് നഷ്ടമായിരിക്കുകയാണ്.
ഇക്കുറി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ നവോമി ഒസാക്കയോട് നേരിട്ടുള്ള സെറ്റുകളില്‍ തോറ്റതോടെ (3-6, 4-6). 39-കാരിയായ സെറീന, കരിയറില്‍ ഇനി ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം നേടുമോ എന്നുള്ളതിന് കാലമാണ് ഉത്തരം പറയേണ്ടത്.
ചിലപ്പോള്‍ 25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടി സെറീന വ്യക്തിഗത നേട്ടത്തില്‍ ഒറ്റയ്ക്കു മുന്നിലെത്തിയേക്കാം. ചിലപ്പോള്‍ 23 കിരീട നേട്ടങ്ങളില്‍ സെറീനയുടെ പോരാട്ടം അവസാനിച്ചേക്കാം. ഫലം എന്തു തന്നെയായാലും വനിതാ ടെന്നീസിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ മുന്‍നിരയില്‍ തന്നെയായിരിക്കും (ചിലപ്പോള്‍ എക്കാലത്തെയും മികച്ച താരം) സെറീനയുടെ സ്ഥാനം.
മാര്‍ഗരറ്റ് കോര്‍ട്ട് ടെന്നീസിലെ ഓപ്പണ്‍ കാലഘട്ടത്തിന് മുമ്പ് 13 ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടങ്ങളും ഓപ്പണ്‍ കാലഘട്ടത്തില്‍ 11 കിരീടങ്ങളുമാണ് നേടിയത്. മാര്‍ഗരറ്റ് കോര്‍ട്ട് ടെന്നീസിന്റെ അമച്വര്‍ കാലഘട്ടത്തില്‍ നേടിയ കിരീടങ്ങളുള്‍പ്പെടയുള്ള നേട്ടങ്ങളുമായി സെറീനയുടെ നേട്ടത്തെ താരതമ്യപ്പെടുത്തരുതെന്ന് അടുത്തയിടെ സെറീനയുടെ കോച്ച് റോബര്‍ട്ടോ മുര്‍ട്ടാഗ്ലു അഭിപ്രായപ്പെട്ടിരുന്നു.
വനിതാ ടെന്നീസിലെ പോയകാല നായിക ക്രിസ് എവര്‍ട്ടിന്റെ കാര്യമെടുക്കാം. 18 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി അടുത്ത കൂട്ടുകാരിയും കടുത്ത എതിരാളിയുമായ മര്‍ട്ടീന നവരത്ലോവയ്ക്കൊപ്പം കിരീടനേട്ടങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ക്രിസിന്റെ സ്ഥാനം.
തന്റെ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന കാലത്ത് (ക്രിസിനുമേല്‍ മര്‍ട്ടീന ആധിപത്യം സ്ഥാപിക്കുന്നതിന് മുമ്പ്) പലപ്രാവശ്യം തുടര്‍ച്ചയായി ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ ക്രിസ് പങ്കെടുത്തിട്ടില്ല (1975 മുതല്‍ 80 വരെയും 83-ലും ഓസ്ട്രേലിയന്‍ ഓപ്പണിലും 1976 മുതല്‍ 78 വരെ ഫ്രഞ്ച് ഓപ്പണിലും) അന്ന് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ക്ക് ഇന്ന് കാണുന്ന ദിവ്യത്വം കല്‍പ്പിച്ചിരുന്നില്ലെന്നതു തന്നെ കാരണം.
പുരുഷ ടെന്നീസ് താരങ്ങള്‍ ശാരീരികക്ഷമതയ്ക്കും പ്രാമുഖ്യം നല്‍കുന്നതിന് മുമ്പ് തന്നെ വനിത ടെന്നീസില്‍ അത് നടപ്പിലാക്കിയ താരമാണ് മര്‍ട്ടീന. ഒരു കാലഘട്ടത്തില്‍ ടെന്നീസ് അടക്കി വാണ താരം. മര്‍ട്ടീനയുടെ അശ്വമേധത്തില്‍ മനസുമടുത്തവരാണ് അക്കാലത്തെ വനിതാ താരങ്ങള്‍. ആ മാര്‍ട്ടീനയ്ക്കും 18 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളേ സ്വന്തം പേരിലൂള്ളൂ. അത് മര്‍ട്ടീനയുടെ ശോഭ കെടുത്തുന്നില്ലല്ലോ?
1990-കളുടെ അവസാനകാലം മുതല്‍ 2020-ന്റെ തുടക്കത്തിലും വനിത ടെന്നീസിലെ കരുത്തുറ്റ താരമായി തുടരാന്‍ കഴിയുകയെന്നതല്ലേ ഏറ്റവും പ്രധാന കാര്യം. അങ്ങനെയൊരു താരം സെറീന മാത്രമേയുള്ളൂ. സെറീനയുടെ അവസാനത്തെ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം 2017- ല്‍ ഓസ്ട്രേലിയയിലായിരുന്നു. മകള്‍ അലക്സിസിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴായിരുന്നു ആ കിരീടനേട്ടം. മകള്‍ക്ക് ജന്‍മം നല്‍കിയ ശേഷം സെറീന കോര്‍ട്ടില്‍ തിരിച്ചെത്തിയത് ടെന്നീസിനോടുളള ഇഷ്ടം കൊണ്ടാണ്. 39-ാം വയസ്സിലും കോര്‍ട്ടില്‍ തുടരുന്നത് ആ പ്രണയം കൊണ്ടാണ്.
വ്യാഴാഴ്ചത്തെ സെമിയില്‍ ഒസാക്കയോട് തോറ്റെങ്കിലും ആ രാജകീയ പ്രതാപത്തിന്റെ കയ്യൊപ്പുള്ള ഷോട്ടുകളും റിട്ടേണുകളുമൊക്കെ പായിക്കാന്‍ സെറീനയ്ക്കായി.
ഇനി വരാനുള്ള ഗ്രാന്‍ഡ് സ്ലാം ഫ്രഞ്ച് ഓപ്പണാണ്. സെറീനയുടെ ഇഷ്ട പ്രതലമല്ല കളിമണ്‍ കോര്‍ട്ട്. എങ്കിലും ഒരു കൈ നോല്‍ക്കാന്‍ സെറീന അവിടെ കാണും. അതു കഴിഞ്ഞ് വിംബിള്‍ഡണ്‍. കിരീടം നേടിയാലും ഇല്ലെങ്കിലും ടെന്നീസിനോടുള്ള പ്രണയും നഷ്ടമാകത്തിടത്തോളം കാലം സെറീനയെന്ന പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ നമുക്കു കാണാം. കായികപ്രേമികള്‍ക്ക് കിട്ടുന്ന സൗഭാഗ്യമല്ലേ അത്.
Content Highlights: Serena Williams record-equalling 24th Grand Slam title ended by Osaka