കാണ്‍പുര്‍: ട്വന്റി 20 പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തില്‍ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ. ആദ്യ ടെസ്റ്റില്‍ നായകന്‍ വിരാട് കോലി കളിക്കാത്തതിനാല്‍ പകരം അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. രോഹിത് ശര്‍മയ്ക്ക് പരമ്പരയിലുടനീളം വിശ്രമമനുവദിച്ചു. 

രോഹിത്തിന്റെയും കോലിയുടെയും അഭാവത്തില്‍ വലിയ ഉത്തരവാദിത്വമാണ് രഹാനെയുടെ ചുമലിലുള്ളത്. കാണ്‍പുരില്‍ വെച്ച് നവംബര്‍ 25 നാണ് ആദ്യ ടെസ്റ്റ്. പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനുകീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരം കൂടിയാണിത്. ആദ്യ ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിക്കുക എന്നതാണ് ദ്രാവിഡിന്റെയും രഹാനെയുടെയും മുന്നിലുള്ള പ്രധാന വെല്ലുവിളി.

ഓപ്പണിങ്ങില്‍ ആര്?

രോഹിത് ശര്‍മയും കെ.എല്‍.രാഹുലുമാണ് ഇന്ത്യയുടെ വിശ്വസ്ത ഓപ്പണര്‍മാര്‍. രോഹിത്തിന് വിശ്രമം അനുവദിച്ചതോടെ ആ റോളിലേക്ക് പുതിയ ബാറ്ററെ ഇന്ത്യ പരിഗണിക്കും. അതിനായി രണ്ട് പേരാണ് മത്സരിക്കുന്നത്. മായങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലും. ഇരുവരും മികച്ച കളിക്കാരാണ്. നിലവിലെ ഫോമില്‍ രാഹുലിന് സ്ഥാനമുറപ്പാണ്. രാഹുലിനൊപ്പം ആരെ കളിപ്പിക്കുമെന്നതാണ് ദ്രാവിഡിന്റെ പ്രധാന വെല്ലുവിളി. മായങ്കിനെ ഓപ്പണറാക്കുകയാണെങ്കില്‍ ഗില്ലിനെ മധ്യനിരയിലേക്ക് ഇറക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ മറിച്ച് സംഭവിച്ചാല്‍ മായങ്കിന് സ്ഥാനം നഷ്ടമാകും.

മധ്യനിരയില്‍ ഗില്‍ വന്നാല്‍ ശ്രേയസ് പുറത്താകുമോ?

മധ്യനിരയില്‍ നായകന്‍ രഹാനെയുടെയും പൂജാരയുടെയും സ്ഥാനമുറപ്പാണ്. വിരാട് കോലി ആദ്യ ടെസ്റ്റില്‍ കളിക്കാത്തതിനാല്‍ ആ സ്ഥാനത്തേക്ക് മധ്യനിരയില്‍ പ്രതിഭാധനനായ ഒരു ബാറ്ററുടെ ആവശ്യമുണ്ട്. മായങ്കിനെ ഓപ്പണറായി തിരഞ്ഞെടുത്താല്‍ കോലിയുടെ പൊസിഷനില്‍ കളിക്കാന്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി എന്നീ മൂന്ന് താരങ്ങളാണ് തയ്യാറായി നില്‍ക്കുന്നത്. ഓപ്പണറുടെ റോളില്‍ മാത്രമാണ് ഗില്ലിനെ പരിഗണിക്കുന്നതെങ്കില്‍ ശ്രേയസ് അയ്യര്‍ക്കോ വിഹാരിയ്‌ക്കോ സ്ഥാനം ലഭിക്കും. ഗില്ലിനെ മധ്യനിരയിലേക്ക് പരിഗണിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകും. ഭാവിയില്‍ രഹാനെയ്ക്കും ചേതേശ്വര്‍ പൂജാരയ്ക്കും പകരമായി പുതിയ ബാറ്റര്‍മാരെ കണ്ടെത്തുക എന്നതാണ് ദ്രാവിഡിന്റെ ഉത്തരവാദിത്വം. രഹാനെയും പൂജാരയും ടീം വിട്ടാലും ഇന്ത്യയുടെ മധ്യനിര തിളങ്ങണമെങ്കില്‍ പുതിയ താരങ്ങളെ വാര്‍ത്തെടുക്കേണ്ടത് അത്യാവശ്യമാണ്. നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ ഗില്ലിനോ വിഹാരിയ്‌ക്കോ ടീമിലിടം നേടാനാകും. വിഹാരിയെ ടീമിലെടുക്കുന്ന പക്ഷം ഒരു അധിക ബൗളറുടെ സേവനം കൂടി ടീമിന് ലഭ്യമാകും. 

വെല്ലുവിളിയായി ബൗളിങ് കോമ്പിനേഷന്‍

ബാറ്റിങ് നിര പോലെ തന്നെ സങ്കീര്‍മാണ് ബൗളിങ് നിരയും. കിവീസിനെതിരേ ദ്രാവിഡ് ബൗളര്‍മാരെ എങ്ങനെ വിന്യസിക്കുമെന്ന് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുന്നു. കാണ്‍പുരിലെ പിച്ച് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണ്. ഫോമിന്റെ പരകോടിയില്‍ നില്‍ക്കുന്ന മൂന്ന് സ്പിന്നര്‍മാരാണ് ടീമിലിടം നേടാനായി മത്സരിക്കുന്നത്. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും രവിചന്ദ്ര അശ്വിനും തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. സാധാരണ ഗതിയില്‍ ഇതില്‍ രണ്ട് പേര്‍ക്ക് മാത്രമേ ടീമിലിടം നേടാന്‍ സാധിക്കൂ. ഓള്‍റൗണ്ട് മികവില്‍ ജഡേജ മുന്നിട്ടുനില്‍ക്കുമ്പോള്‍ വിക്കറ്റെടുക്കുന്നതില്‍ അശ്വിനാണ് മികവ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അക്ഷര്‍ പട്ടേല്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുമുണ്ട്. പിച്ചിന്റെ സ്വഭാവമനുസരിച്ചാകും ബൗളിങ് കോമ്പിനേഷന്‍ തീരുമാനിക്കുക. 

മൂന്ന് സ്പിന്നര്‍മാരെയാണ് ഇന്ത്യ പരിഗണിക്കുന്നതെങ്കില്‍ ഈ പ്രശ്‌നത്തിന് പരിഹാരമാകും. പക്ഷേ അങ്ങനെ വരുമ്പോള്‍ രണ്ട് പേസ് ബൗളര്‍മാരേ ടീമിലുണ്ടാകൂ. ബുംറയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ ഈ രണ്ട് സ്ഥാനങ്ങളിലേക്ക് മത്സരിക്കും. 

ട്വന്റി 20 മത്സരത്തിനിടെ പരിക്കേറ്റ സിറാജ് കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അങ്ങനെയാണെങ്കില്‍ ഉമേഷ് യാദവും ഇഷാന്തും ടീമിലിടം നേടും. യുവതാരം പ്രസിദ്ധ് കൃഷ്ണയും ടെസ്റ്റ് ടീമിലുണ്ട്. 

വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതിനാല്‍ ഈ സ്ഥാനത്തേക്ക് ശ്രീകര്‍ ഭരതും വൃദ്ധിമാന്‍ സാഹയും അവസരം കാത്തുനില്‍ക്കുന്നു. പരിചയസമ്പത്തിന്റെ ബലമാണ് അളവുകോലെങ്കില്‍ സാഹ ടീമിലിടം നേടും. എന്നാല്‍ സമീപകാലത്ത് ഫോമിലേക്കുയരാന്‍ താരത്തിന് സാധിച്ചില്ല. ഐ.പി.എല്ലിലും ആഭ്യന്തര ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം പുറത്തെടുത്തതിന്റെ ബലത്തിലാണ് ശ്രീകര്‍ ഭരത് ടീമിലിടം നേടിയത്. സാഹയുടെ ഫോം കണക്കിലെടുക്കുമ്പോള്‍ ഭരത്തിന് ഇടം ലഭിച്ചേക്കാം.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: അജിങ്ക്യ രഹാനെ (നായകന്‍), ചേതേശ്വര്‍ പൂജാര, കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശ്രേയസ്സ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഇഷാന്ത് ശര്‍മ, ജയന്ത് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഉമേഷ് യാദവ്.

Content Highlights: Selection issues which rahane and dravid to face ahead of 1st test vs new zealand