പത്തനംതിട്ട: ചെന്നൈ എഗ്മോറിലെ മദ്രാസ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര കുലുക്കി കടന്നുപോയ ഡാനിക്കുട്ടി ഡേവിഡിന്റെ ഷോട്ട് സെബാസ്റ്റ്യന്‍ ജോര്‍ജിന്റെ ഓര്‍മയില്‍ ഇന്നുമുണ്ട്. 1982-ല്‍ ആതിഥേയരായ തമിഴ്‌നാടിനെതിരേ കേരളത്തിനായി കളത്തിലിറങ്ങിയതായിരുന്നു ഡാനി. വാംഅപ്പിന്റെ ഭാഗമായി അടിച്ച പന്ത് കുതിച്ചുയര്‍ന്ന് അവിടുത്തെ ട്യൂബ്ലൈറ്റ് തകര്‍ത്തു.

പ്രഹരശേഷി വെളിപ്പെടുത്തിയ ആ നിമിഷം മനസ്സില്‍നിന്ന് മായില്ലെന്ന് അന്ന് കോര്‍ട്ടില്‍ കൂടെയുണ്ടായിരുന്ന മുന്‍ താരം സെബാസ്റ്റ്യന്‍ ജോര്‍ജ് പറയുന്നു. അന്നത്തെ ആറടി മൂന്നിഞ്ചുകാരനാണ് ചൊവ്വാഴ്ച വിടപറഞ്ഞത്.

1979-ല്‍ തൃക്കാക്കര ഭാരത് മാതാ കോളേജ് മൈതാനത്ത് കേരള സര്‍വകലാശാല ടീം തിരഞ്ഞെടുപ്പിന് എത്തിയപ്പോഴാണ് സെബാസ്റ്റ്യന്‍ ഡാനിയെ ആദ്യമായി കാണുന്നത്. 1981-ല്‍ വാറങ്കലില്‍ ക്യാപ്റ്റന്‍ ഡാനിയുടെ മിന്നുന്ന പ്രകടനം കേരളത്തെ ഇന്റര്‍ യൂണിവേഴ്‌സിറ്റി വോളി ചാമ്പ്യന്മാരാക്കി. ഡല്‍ഹി ഏഷ്യാഡ് ട്രയല്‍ ഗെയിംസില്‍ സൗത്ത് ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 

സിറില്‍ സി. വള്ളൂരും ഉദയകുമാറും അബ്ദുള്‍ റസാക്കും ടൈറ്റാനിയം വിട്ട് റയില്‍വേയിലേക്ക് ചേക്കേറിയപ്പോള്‍ ഡാനിക്ക് അവിടെ ഇടം കിട്ടി. 1983-ലാണത്. പിന്നെ തിരിഞ്ഞുനോക്കിയില്ല. സ്ഥാപനത്തിനും സംസ്ഥാനത്തിനുമായി ദേശീയതലത്തിടക്കം നൂറ്റിയന്‍പതോളം മത്സരങ്ങളില്‍ കളിച്ചു. 1985-ല്‍ കേരളം ആദ്യമായി ദേശീയ ഗെയിംസ് വോളി ചാമ്പ്യന്മാരായപ്പോള്‍ ഡാനിക്കുട്ടിയായിരുന്നു കുന്തമുന. സിറിലും ഉദയനും റസാക്കും സെബാസ്റ്റ്യന്‍ ജോര്‍ജും ജോണ്‍സണ്‍ ജേക്കബും ടീമിലുണ്ട്. പോയന്റുകള്‍ ഉറപ്പിച്ച ഡാനിയുടെ സ്മാഷുകളാണ് കേരളത്തെ മുന്നിലെത്തിച്ചതെന്ന് സെബാസ്റ്റ്യന്‍ ഓര്‍ക്കുന്നു.

1981-1993 കാലത്ത് 11 ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ഡാനി കേരളത്തിനായി കളിച്ചു. 1985-ല്‍ ക്യാപ്റ്റനായി ഡല്‍ഹിയില്‍ വെങ്കലവും ഫരീദാബാദിലും ഗുണ്ടൂരിലും (1983) മുംബൈയിലും (1992) വെള്ളിയും നേടി. 1993-ല്‍ ടൈറ്റാനിയം ഫെഡറേഷന്‍ കപ്പ് നേടിയപ്പോള്‍ മികച്ച കളിക്കാരനായി. 2020 മേയ് 30-ന് ടൈറ്റാനിയത്തില്‍ നിന്ന് ഡാനി വിരമിക്കുമ്പോഴും ഈ സൗഹൃദം തുടര്‍ന്നു. വര്‍ഷങ്ങളോളം ഒരുമിച്ച് കഴിഞ്ഞ തിരുവനന്തപുരത്തെ വാടകവീട്ടില്‍ വീണ്ടും കൂടാമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് ഡാനി മടങ്ങിയത് - സെബാസ്റ്റ്യന്‍ പറഞ്ഞു.

Content Highlights: sebastian george on Former Kerala volleyball captain Danikutty David who passed away on Tuesday