പെരിന്തൽമണ്ണയിൽ സെവൻസ് മത്സരത്തിനിടെ അന്തരിച്ച ആർ. ധനരാജൻ എന്ന ധൻരാജിനെ ജീവിതസാഹചര്യങ്ങളോടുള്ള വെല്ലുവിളിയാണ് ദേശീയ ഫുട്ബോളിന്റെ നെറുകയിലെത്തിച്ചത്. കുട്ടിക്കാലത്ത് വീട്ടുമുറ്റത്തും സമീപത്തെ പാടങ്ങളിലും പന്ത് തട്ടിനടന്നിരുന്ന ധനരാജിന് പത്താം തരത്തിനുശേഷം അഷ്ടിക്ക് വക തേടേണ്ട സ്ഥിതിയായി. ഇതിനായി കല്പാത്തിയിലെ ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ മെക്കാനിക് ഹെൽപ്പർ ജോലിക്ക് എത്തിയെങ്കിലും ഫുട്ബോളിനോടുള്ള ദാഹമടങ്ങിയില്ല.
കിട്ടുന്ന സമയങ്ങളിലെല്ലാം പ്രാദേശിക ടൂർണമെന്റുകളിൽ ധൻരാജ് സജീവസാന്നിധ്യമായി. എതിരാളികളുടെ ചാട്ടുളിപോലുള്ള ആക്രമണങ്ങളെ ഏത് പൊസിഷനിലും തടയാനുള്ള ശേഷിയായിരുന്നു ധൻരാജിന്റെ കരുത്തെന്ന് സഹകളിക്കാർ പറയുന്നു. ഇതാവാം രാജ്യത്തെ പ്രമുഖ ടീമുകളിൽ വിശ്വസ്തനായ വിങ്ബാക്കായി മാറാൻ വഴിയൊരുക്കിയതും.
ഫുട്ബോൾ പരിശീലകൻ സുധാകരനടക്കമുള്ളവരുടെ നേതൃത്വത്തിൽ ഒരുകാലത്ത് പാലക്കാട് സജീവമായിരുന്ന മുകുന്ദൻ മെമ്മോറിയൽ ഫുട്ബോൾ ക്ലബ്ബിലെ അണ്ടർ 14 താരമായാണ് പ്രൊഫഷണൽ ഫുട്ബോളിലെ ധൻരാജിന്റെ അരങ്ങേറ്റം.
2013-14 ലീഗ് സീസണിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബ് ക്യാപ്റ്റനുമായി. പിന്നീട് ടോപ് ഡിവിഷൻ ലീഗിലുമെത്തി. 2014 ജൂലായ് മുതൽ ഈസ്റ്റ് ബംഗാളിന് വേണ്ടിയും കളത്തിലിറങ്ങി.
സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി കൊച്ചിയിൽ നടന്ന ടൂർണമെന്റിൽ കുപ്പായമണിഞ്ഞ ധനരാജിന് പശ്ചിമബംഗാളിനുവേണ്ടിയും കളത്തിലിറങ്ങാൻ അവസരം കിട്ടി. കോയമ്പത്തൂരിൽ നടന്ന ടൂർണമെന്റിലായിരുന്നു ഇത്.
സെവൻസ് ടൂർണമെന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ധൻരാജ് മലമ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാലന്റ് ഫുട്ബോൾ ക്ലബ്ബിന്റെ പരിശീലകനായിരിക്കെയാണ് മരണം.
മികച്ച കളിക്കിടയിലും ജോലി അന്യമായിരുന്ന ധൻരാജിന് അടുത്തിടെ നിയമനം നൽകാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് പെരിന്തൽമണ്ണയിലെ കളിക്കിടെ ധൻരാജിന് ജീവൻ വെടിയേണ്ടിവന്നത്.
Content Highlights: Santosh Trophy Player Dhanaraj Life story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..