കോഴിക്കോട്:പരിശീലകനായ ഒളിമ്പ്യന്‍ സൈമണ്‍ സുന്ദര്‍രാജിന്റെ പിഴയ്ക്കാത്ത തീരുമാനങ്ങളാണ് 1973-ല്‍ കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിക്കൊടുത്തത്. അതില്‍ നിര്‍ണായകമായിരുന്നു മധ്യനിരയില്‍ കളിച്ചിരുന്ന കെ.വി. ഉസ്മാന്‍ കോയയെ സ്റ്റോപ്പര്‍ബാക്കായി കളിപ്പിക്കുക എന്നതീരുമാനം. ആദ്യ സന്തോഷ് ട്രോഫി വിജയത്തിലെ നിര്‍ണായക സാന്നിധ്യമാണ് ചൊവ്വാഴ്ച വിടപറഞ്ഞത്.

കരുത്തരായ റെയില്‍വേസായിരുന്നു ഫൈനലില്‍ കേരളത്തിന്റെ എതിരാളി. ചാമ്പ്യന്‍മാരായിരുന്ന ബംഗാളിനെ സെമിയില്‍ കീഴടക്കിയാണ് റെയില്‍വേസ് ഫൈനലിലെത്തിയത്. ഹബീബ് അലി, പ്രസൂണ്‍ ബാനര്‍ജി, സുബ്രതോ ഭട്ടാചാര്‍ജി, ചിന്നറെഡ്ഡി, പ്രകാശ് ബിശ്വാസ് തുടങ്ങിയ പ്രഗല്‍ഭരടങ്ങിയ റെയില്‍വേസ് നിരയെ പിടിച്ചുകെട്ടാന്‍ പ്രതിരോധത്തിന് ശക്തികൂട്ടണമെന്ന് സുന്ദര്‍രാജിന് നല്ല ബോധ്യമുണ്ടായിരുന്നു.

റെയില്‍വേസ് മുന്നേറ്റനിരയെ തടയാനുള്ള ദൗത്യം കോച്ച് ഏല്‍പ്പിച്ചത് വിശ്വസ്തനായ ഉസ്മാനെയാണ്. ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക്കില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് കേരളം തീവണ്ടിപ്പടയെ കീഴടക്കിയത്. ഗോള്‍ തിരിച്ചടിക്കാനുള്ള റെയില്‍വേയുടെ നിരന്തര ശ്രമങ്ങള്‍ക്ക് തടയിട്ടത് ഉസ്മാന്‍ നേതൃത്വം നല്‍കിയ കേരളത്തിന്റെ പ്രതിരോധ നിരയായിരുന്നു.

''ആരെയും ആകര്‍ഷിക്കുന്ന കളിയായിരുന്നു ഉസ്മാന്റേത്. കളിപോലെ എല്ലാവരും ഇഷ്ടപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വവും''- മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ കെ.പി. സേതുമാധവന്‍ ഓര്‍മിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളം ഉസ്മാന് ആരാധകരുണ്ടായിരുന്നു. കൊല്‍ക്കത്ത ക്ലബ്ബുകളില്‍നിന്നടക്കം മികച്ച പല വാഗ്ദാനങ്ങളും ലഭിച്ചിരുന്നെങ്കിലും നാട്ടില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഉസ്മാന് താത്പര്യമില്ലായിരുന്നു. എതാനും സീസണുകളില്‍ ഗോവയില്‍ ഡെംപൊയ്ക്കായി കളിച്ചിരുന്നു.

കോഴിക്കോട് എം.എം. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ദേശീയ സ്‌കൂള്‍ ഗെയിംസില്‍ കളിച്ചാണ് കേരളത്തിനായി അരങ്ങേറിയത്. ജില്ലാ ലീഗില്‍ യങ് ജംസിനായി കളിച്ച് തുടക്കം. പിന്നീട് യങ് ചാലഞ്ചേഴ്സിന്റെ ജേഴ്സിയണിഞ്ഞു. കളമശ്ശേരി പ്രീമിയര്‍ ടയേഴ്സ്, തിരുവനന്തപുരം ടൈറ്റാനിയം, ഫാക്ട് കൊച്ചി ടീമുകള്‍ക്കായും കളിച്ചു. കേരളത്തിലും തെക്കേ ഇന്ത്യയിലെ ഫുട്ബോള്‍ കേന്ദ്രങ്ങളായിരുന്ന കോയമ്പത്തൂര്‍, ചെന്നൈ, തൃശ്ശിനാപ്പള്ളി, മധുര എന്നിവിടങ്ങളിലും അഖിലേന്ത്യാ ടൂര്‍ണമെന്റുകളില്‍ ഹാഫ് ബാക്കായി ഉസ്മാന്‍ കാണികളുടെ ഇഷ്ടതാരമായി.

കൊച്ചി സന്തോഷ് ട്രോഫി വിജയത്തിനുശേഷം 1974-ല്‍ ജലന്തറിലും കേരളത്തിയായി കളിച്ചു. പരിക്കിലായതിനാല്‍ 1975-ലെ കോഴിക്കോട് സന്തോഷ് ട്രോഫിയില്‍ കളിക്കാനായില്ല. പിന്നീട് ജോലിതേടി വിദേശത്തേക്കു പോയി. ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയശേഷം കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം കെ.വി. ഉസ്മാന്‍ കോയയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പ്രതിരോധത്തിലെന്ന പോലെ മധ്യനിരയിലും ദീര്‍ഘകാലം തിളങ്ങിയ അദ്ദേഹം കളിക്കളത്തിലെ മാന്യമായ പെരുമാറ്റം കൊണ്ടും ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ സ്ഥാനം നേടിയെന്ന് മുഖ്യമന്തി പറഞ്ഞു.

Content Highlights: Santosh Trophy hero Veteran Kerala footballer KV Usman Koya passes away