ആദ്യത്തെ സന്തോഷ് ട്രോഫി വിജയം അവരെ കള്ളുഷാപ്പില്‍ എത്തിച്ചതെങ്ങിനെ?


രവി മേനോന്‍

1973ലെ മറക്കാനാവാത്ത ആ ഡിസംബര്‍ സന്ധ്യയില്‍, റെയില്‍വേസിനെതിരെ കേരളത്തിന്റെ നായകന്‍ മണി നേടിയ മിന്നുന്ന വിജയ ഗോള്‍ എന്നന്നേക്കുമായി മനസ്സില്‍ പതിഞ്ഞത് അരവിന്ദന്റെ വികാര നിര്‍ഭരമായ ശബ്ദത്തിലൂടെയും വിവരണത്തിലൂടെയും ആയിരുന്നല്ലോ

പാല്‍വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കൊച്ചി മഹാരാജാസ് കോളേജ് സ്റ്റേഡിയം. ഇരമ്പി മറിയുന്ന മുള ഗാലറികള്‍. കാതടപ്പിക്കുന്ന ആരവങ്ങള്‍ക്കും ചൂളം വിളികള്‍ക്കും മീതെ, ഡി.അരവിന്ദന്റെ ഘനഗംഭീര ശബ്ദം: ഗോ......ള്‍ ! കേരളം ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി നേടിയ മുഹൂര്‍ത്തം. ആ അനര്‍ഘ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ നാടെങ്ങുമുള്ള മലയാളികള്‍ റേഡിയോ സെറ്റുകള്‍ക്ക് മുന്നില്‍ തപസ്സിരുന്നിട്ടുണ്ട് ഒരിക്കല്‍. ടെലിവിഷനും ഇന്റര്‍നെറ്റും നമ്മുടെ സ്വപ്നങ്ങളില്‍ പോലും ഇല്ലാതിരുന്ന കാലം.

ആകാശവാണിയിലൂടെ ആ ആവേശ നിമിഷങ്ങള്‍ നാഗവള്ളി ആര്‍.എസ്. കുറുപ്പിനും പദ്മനാഭന്‍ നായര്‍ക്കും ഒപ്പം ശ്രോതാക്കളില്‍ എത്തിച്ച കമന്റേറ്റര്‍ ഡി അരവിന്ദന്‍ അധികമാരും അറിയാതെ ഓര്‍മ്മയായത് കുറച്ചു കാലം മുന്‍പാണ്, എണ്‍പത്താറാം വയസ്സില്‍ .കേരള ഫുട്ബാള്‍ അസോസിയേഷന്റെ മുന്‍ സെക്രട്ടറി ബോധാനന്ദന്‍ അരവിന്ദന്റെ മരണവാര്‍ത്ത വിളിച്ചു പറഞ്ഞപ്പോള്‍, അറിയാതെ ആ പഴയ ദിനങ്ങളിലേക്ക് മടങ്ങിപ്പോയി മനസ്സ്. ഒരു പന്തുരുളുന്നത് കാണുമ്പോള്‍ പോലും ഉള്ളം ത്രസിച്ചിരുന്ന കാലത്തേക്ക് . 1973ലെ മറക്കാനാവാത്ത ആ ഡിസംബര്‍ സന്ധ്യയില്‍, റെയില്‍വേസിനെതിരെ കേരളത്തിന്റെ നായകന്‍ മണി നേടിയ മിന്നുന്ന വിജയ ഗോള്‍ എന്നന്നേക്കുമായി മനസ്സില്‍ പതിഞ്ഞത് അരവിന്ദന്റെ വികാര നിര്‍ഭരമായ ശബ്ദത്തിലൂടെയും വിവരണത്തിലൂടെയും ആയിരുന്നല്ലോ. അന്നത്തെ സ്‌കൂള്‍ കുട്ടി അതെങ്ങനെ മറക്കാന്‍?

മണിയുടെ ഹാട്രിക് ഗോള്‍-കേരളത്തിനു വിജയം കൊണ്ടുവന്ന ഗോള്‍-വിവരിക്കാനുള്ള ഭാഗ്യം എനിക്കാണ് ലഭിച്ചത്. പതിനായിരങ്ങളുടെ ആര്‍പ്പുവിളികള്‍ക്കു മീതെ ഗോള്‍ എന്ന് വിളിച്ചലറുമ്പോള്‍, ആ നിമിഷത്തിനു വേണ്ടി കേരളമെമ്പാടും റേഡിയോക്ക് മുന്നില്‍ കാത്തിരുന്ന ലക്ഷക്കണക്കിന് ശ്രോതാക്കള്‍ മാത്രമായിരുന്നു എന്റെ മുന്നില്‍. പിന്നീടറിഞ്ഞു, എന്റെ അലര്‍ച്ച കേട്ട് ആഹ്ലാദം അടക്കാനാവാതെ ട്രാന്‍സിസ്റ്റര്‍ തല്ലിപ്പൊളിച്ചു കളഞ്ഞവര്‍ വരെയുണ്ട് അക്കൂട്ടത്തില്‍ എന്ന്...അവസാനമായി കണ്ട നാള്‍ അരവിന്ദന്‍ പങ്കുവെച്ച അനുഭവം.

തീര്‍ന്നില്ല. കൂടുതല്‍ നാടകീയ രംഗങ്ങള്‍ കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അവസാന വിസില്‍ മുഴങ്ങിയതും ഒരു വലിയ ജനക്കൂട്ടം ഞങ്ങളുടെ കമന്റേറ്റര്‍ ബോക്‌സിലേക്ക് ഇരച്ചു കയറി വന്നു . ആരൊക്കെയോ ചേര്‍ന്ന് എന്നെയും നാഗവള്ളിയെയും പൊക്കിയെടുത്ത് മൈതാനത്തിനു പുറത്ത് കൊണ്ടുപോയത് ഓര്‍മ്മയുണ്ട് . അവിടെ കാത്തു നിന്ന ഒരു കാറിലേക്ക് ഞങ്ങളെ തള്ളിക്കയറ്റിയതും . അറിയാത്ത ഏതൊക്കെയോ ഊടുവഴികളിലൂടെ പാഞ്ഞ കാര്‍ ഒടുവില്‍ ചെന്നുനിന്നത് പള്ളുരുത്തിയിലെ ഒരു കള്ളുഷാപ്പിനു മുന്നില്‍ . ഞങ്ങളെ ഷാപ്പിലേക്ക് തള്ളിവിട്ട് കൂടെ വന്നവര്‍ പറഞ്ഞു : എന്ത് വേണമെങ്കിലും തട്ടിക്കോ...ഇന്ന് നിങ്ങടെ ദിവസാ..'' കേരളത്തിന്റെ പ്രഥമ സന്തോഷ് ട്രോഫി വിജയത്തെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ക്കെല്ലാം നാടന്‍ കള്ളിന്റെ മണവും രുചിയുമായതു അങ്ങനെയാണെന്ന് ചിരിയോടെ അരവിന്ദന്‍ .

സന്തോഷ് ട്രോഫിയും ചാക്കോള ട്രോഫിയും സേട്ട് നാഗ്ജിയും ഫെഡറേഷന്‍ കപ്പും ഉള്‍പ്പെടെ അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലെല്ലാം മുടങ്ങാതെ അരവിന്ദന്റെ കമന്ററി മുഴങ്ങിയിരുന്ന കാലമുണ്ടായിരുന്നു. വെറുമൊരു ദൃക്‌സാക്ഷി വിവരണക്കാരന്‍ മാത്രമായിരുന്നില്ല അദ്ദേഹം . മലയാളത്തിലെ ആദ്യത്തെ കളിയെഴുത്തുകാരില്‍ ഒരാള്‍, അറിയപ്പെടുന്ന കോളമിസ്റ്റ്, ദേവസ്വം ബോര്‍ഡിലെ കള്‍ച്ചറല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍.. അങ്ങനെ റോളുകള്‍ നിരവധി. ഒരു പക്ഷെ മലയാളത്തില്‍ വന്ന കായിക സംബന്ധിയായ ആദ്യത്തെ അന്വേഷണാത്മക റിപ്പോര്‍ട്ട് അരവിന്ദന്റെതായിരിക്കാം. തിരു-കൊച്ചി ഫുട്ബാള്‍ അസോസിയേഷനിലെ അഴിമതികളും സ്വജന പക്ഷപാതവും വെളിച്ചത് കൊണ്ട് വന്ന ആ പരമ്പര അരവിന്ദന്‍ കൗമുദി വാരികയില്‍ എഴുതിയത് 1950കളുടെ തുടക്കത്തിലാണ് . ശുഭ്രവ്യക്തിത്വത്തിന്റെ ഉടമയായ കേണല്‍ ഗോദവര്‍മ രാജയാണ് അന്ന് സംഘടനയുടെ പ്രസിഡന്റ്. തിരുമേനിയെ വേദനിപ്പിക്കാന്‍ വേണ്ടി എഴുതിയതായിരുന്നില്ല ഞാന്‍ . അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി മറ്റു ചില ഭാരവാഹികള്‍ നടത്തിയ വെട്ടിപ്പ് പുറത്തു കൊണ്ടുവരുകയായിരുന്നു ലക്ഷ്യം.

ആരോപണം സ്വാഭാവികമായും ജി വി രാജയെ ചൊടിപ്പിച്ചു . ഏതാണീ റിപ്പോര്‍ട്ടര്‍ ? കളിയറിയാമോ അയാള്‍ക്ക് ?'' എന്നൊക്കെ ചോദിച്ചു കൗമുദി ബാലകൃഷ്ണന് കത്തെഴുതി അദ്ദേഹം. അടുത്ത ലക്കത്തില്‍ അരവിന്ദന്റെ വിശദീകരണം . ഭാരവാഹികളുടെ അഴിമതികള്‍ അക്കമിട്ടു നിരത്തിയ ആ കുറിപ്പ് ബാലേണ്ണന്‍ പ്രാധാന്യത്തോടെ തന്നെ പ്രസിദ്ധീകരിച്ചു . ഒപ്പം ഒരു ഫോട്ടോയും, കളിക്കാരനായ അരവിന്ദന് ജി വി രാജ കൈ കൊടുക്കുന്ന ഒരു പഴയ പടം.

യൂണിവേഴ്‌സിറ്റി കോളേജ് ടീമിന്റെ ഗോളടി വീരനായി അരവിന്ദന്‍ തിളങ്ങി നില്‍ക്കുന്ന കാലത്തെ ചിത്രമായിരുന്നു അത് . ബാലേണ്ണന് മാത്രമേ അത്തരമൊരു കുസൃതി ഒപ്പിക്കാന്‍ കഴിയൂ ,അരവിന്ദന്‍ പറഞ്ഞു . ആ പടം കണ്ടു തിരുമേനി അന്തം വിട്ടിരിക്കണം . ഒരു വര്‍ഷം കൂടി കഴിഞ്ഞായിരുന്നു ഞങ്ങളുടെ ആദ്യകൂടിക്കാഴ്ച . യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നാഗവള്ളിയോടൊപ്പം ദൃക്‌സാക്ഷി വിവരണത്തിന്റെ ട്രയല്‍ നടത്തുകയായിരുന്നു ഞാന്‍ . നിനച്ചിരിക്കാതെ തിരുമേനി ബോക്‌സില്‍ കയറി വന്നു . നാഗവള്ളി പരിചയപ്പെടുത്തിയപ്പോള്‍ ആ വലിയ മനുഷ്യന്‍ എന്നെ കെട്ടിപ്പിടിച്ചു . എന്നിട്ട് പറഞ്ഞു: ഇത്രയും ചെറുപ്പമാണല്ലേ .എനിക്ക് വിഷമമൊന്നും ഇല്ല കേട്ടോ. നമ്മുടെ കലഹം കളിക്ക് നല്ലതേ വരുത്തൂ. -- ഹൃദയത്തില്‍ തട്ടിയ വാക്കുകള്‍ .''

അറുപതുകളില്‍ തിരുവനന്തപുരം ഗോള്‍ഫ് ക്ലബ് ഏറ്റെടുത്ത് , സ്ഥലം ആവശ്യക്കാര്‍ക്ക് മുറിച്ചു നല്‍കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചത് അരവിന്ദന്റെ മറ്റൊരു റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് . കേരള ൗമുദി , മലയാള രാജ്യം, ദീപിക എന്നീ പത്രങ്ങളില്‍ എല്ലാം കോളം എഴുതിയിരുന്നു അരവിന്ദന്‍. ശബരിമല മകരവിളക്കിന്റെയും (1970 ) നെഹ്റു ട്രോഫി വള്ളം കളിയുടെയും തത്സമയ ദൃക്‌സാക്ഷി വിവരണം ആദ്യമായി മലയാളികള്‍ക്ക് എത്തിച്ചതും അരവിന്ദന്‍ തന്നെ... രണ്ടിന്റെയും തത്സമയ സംപ്രേക്ഷണം ഇല്ലാത്ത ചാനലുകളില്ല ഇന്ന്.

പന്തുകളി ടി.വിയില്‍ കാണുമ്പോള്‍ ഇപ്പോഴും കാല്‍ തരിക്കും. അറിയാതെ കസേരയില്‍ നിന്ന് ചാടിയെണീക്കുകയും ആര്‍ത്തു വിളിക്കുകയും ഒക്കെ ചെയ്യും. എന്ത് ചെയ്യാം, ഫുട്ബാള്‍ രക്തത്തില്‍ അലിഞ്ഞു പോയില്ലേ ?'' വിടവാങ്ങുമ്പോള്‍ അരവിന്ദന്‍ പറഞ്ഞു.ആ ആര്‍പ്പുവിളി ഇനി ഓര്‍മ്മയില്‍ മാത്രം ..

Content Writer: Santosh Trophy Football Radio Commentary By D Aravindan and His Memories of 1973 Santosh Trophy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented