കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഇത്തവണ വലിയ പരീക്ഷണത്തിനാണ് മുതിരുന്നത്. യുവത്വത്തിന് പ്രധാന്യം നല്‍കി, പരിശീലകന് ടീം സെലക്ഷനില്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കിയുള്ള രണ്ടും കല്‍പ്പിച്ചുള്ള നീക്കം. കഴിഞ്ഞതവണ നെയ്‌വേലിയില്‍ സംഭവിച്ച നാണക്കേടിന് പരിഹാരം കാണലാണ് ലക്ഷ്യം. പ്രതിഭാധനരായ ഒരുപിടി താരങ്ങളുള്ള ടീമിന് മുന്നേറാനാകുമെന്നാണ് മാനേജ്മെന്റും പ്രതീക്ഷിക്കുന്നത്.

മാറിവന്ന താരങ്ങള്‍

ഇത്തവണ ആദ്യഘട്ട ക്യാമ്പ് കൊച്ചിയില്‍ തുടങ്ങിയപ്പോഴുള്ള താരങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ പ്രഖ്യാപിച്ച ടീമിലില്ല. ഒരോ ഘട്ടത്തിലും ടീമിന് ആവശ്യമായ താരങ്ങളെ പരിശീലകനും ഫുട്ബോള്‍ അസോസിയേഷനും ചേര്‍ന്ന് കണ്ടെത്തുകയായിരുന്നു. ഋഷിദത്ത്, ലിയോണ്‍ അഗസ്റ്റിന്‍, ജിതിന്‍ എം.എസ്. തുടങ്ങിയ താരങ്ങളൊന്നും തുടക്കത്തില്‍ ടീമിലുണ്ടായിരുന്നില്ല. പിന്നീട് മുഖ്യപരിശീലകന്‍ ബിനോ ജോര്‍ജും സംഘവും നടത്തിയ വിലയിരുത്തലുകള്‍ക്ക് ശേഷം ടീമിലെത്തിയവരാണ്. 20 അംഗ ടീമിലെ ഏഴ് താരങ്ങള്‍ 20 വയസ്സില്‍ താഴെയുള്ളവരാണ്.

ടീം ഘടന

മധ്യ-പ്രതിരോധനിരകള്‍ ശക്തമാണ്. അണ്ടര്‍-21 വിഭാഗത്തിലെ കളിക്കാരും മികച്ചവരാണ്. രണ്ട് ഗോള്‍കീപ്പര്‍മാരാണ് ടീമിലുള്ളത്. മുന്നേറ്റത്തില്‍ പ്രതിഭകളുണ്ടെങ്കിലും പരിചയസമ്പന്നരില്ല. കഴിഞ്ഞതവണ മികച്ച പ്രകടനം പുറത്തെടുത്ത അലക്‌സ് സജി, പരിചയസമ്പന്നനായ വിബിന്‍ തോമസ് എന്നിവര്‍ സെന്‍ട്രല്‍ ഡിഫന്‍സിലുണ്ട്. വിങ് ബാക്കുകളായി അണ്ടര്‍-17 ലോകകപ്പ് ക്യാമ്പിലുണ്ടായിരുന്ന അജിന്‍ ടോം, പരിചയസമ്പന്നരായ വി.ജി. ശ്രീരാഗ്, ജിഷ്ണു ബാലകൃഷ്ണന്‍ എന്നിവരുമുണ്ട്.

മധ്യനിരയിലേക്ക് ജിജോ ജോസഫിന്റെ തിരിച്ചുവരവാണ് പ്രധാനം. കേരള ഫുട്ബോളില്‍ ബോക്‌സ് ടു ബോക്‌സ് കളിക്കാന്‍ ശേഷിയുള്ള താരമാണ് ജിജോ. ഗോവന്‍ സന്തോഷ് ട്രോഫിയില്‍ ഇക്കാര്യം തെളിഞ്ഞതാണ്. ഒപ്പം ഋഷിദത്തും കൂടിയാകുമ്പോള്‍ കരുത്ത് കൂടും. വിങ്ങുകളില്‍ അതിവേഗക്കാരായ ജിതിനും ലിയോണുമുണ്ട്. കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കര്‍ണാടകയ്ക്കായി മികച്ച പ്രകടനം നടത്തിയ താരമാണ് കോഴിക്കോട്ടുകാരനായ ലിയോണ്‍.

മുന്നേറ്റത്തില്‍ എമില്‍ ബെന്നി, സിയാദ്, മൗസുഫ്, വിഷ്ണു എന്നിവര്‍ക്ക് പരിചയക്കുറവുണ്ട്. മികച്ച മധ്യനിരയും വിങ്ങര്‍മാരുമുള്ളതിനാല്‍ ആക്രമണ ഫോര്‍മേഷനുകള്‍ പരീക്ഷിക്കാന്‍ പരിശീലകനാകും. കളിക്കാരുടെ കാര്യത്തില്‍ പൂര്‍ണസ്വാതന്ത്ര്യം ലഭിച്ചതിനാല്‍ പരിശീലകന്‍ ബിനോ ജോര്‍ജിനു മുന്നില്‍ വലിയ വെല്ലുവിളിയുമുണ്ട്.

Content Highlights: Santosh Trophy Football Kerala Team