കദിനത്തില്‍ മൂന്ന് വമ്പന്‍ ഇരട്ട സെഞ്ചുറികളുടെ തിളക്കമുണ്ട് രോഹിത് ശര്‍മ എന്ന ഇന്ത്യന്‍ താരത്തിന്. 2007-ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയെങ്കിലും പലപ്പോഴും പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാത്ത താരമെന്ന പഴിമാത്രമാണ് അക്കാലത്ത് രോഹിത്തിനെ തേടിയെത്തിയിരുന്നത്. 2007-ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന രോഹിത്തിന് ഇടയ്ക്ക് ചില മിന്നലാട്ടങ്ങള്‍ നടത്തിയതൊഴിച്ചാല്‍ കാര്യമായ പ്രകടനമൊന്നും കാഴ്ചവെയ്ക്കാനായിരുന്നില്ല. വൈകാതെ മോശം ഫോമിന്റെ പേരില്‍ ടീമില്‍ അവസരം ലഭിക്കാതായി.

28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യ ലോകകിരീടം ചൂടിയപ്പോള്‍ ആ ടീമിന്റെ ഭാഗമാകാനുള്ള ഭാഗ്യവും രോഹിത്തിനുണ്ടായില്ല. അന്ന് അയാള്‍ ട്വിറ്ററില്‍ ഈ വിധം കുറിച്ചു. ''ലോകകപ്പ് ടീമിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ തീര്‍ത്തും നിരാശനാണ് ഞാന്‍. എങ്കിലും മുന്നോട്ടുപോകേണ്ടതുണ്ട്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇതൊരു വലിയ തിരിച്ചടിയാണ്''.

പക്ഷേ കാലം രോഹിത്തിനായി കരുതിവെച്ച 'നല്ല സമയം' വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ധോനിയിലെ ക്യാപ്റ്റന്‍ രോഹിത്തിനെ ഓപ്പണിങ് സ്ഥാനത്ത് പ്രതിഷ്ടിച്ചു. പിന്നീട് നടന്നത് പലതും ചരിത്രമായിരുന്നു. ഏകദിനത്തിലെ റെക്കോഡ് ബുക്കുകള്‍ അതിനു ശേഷം രോഹിത്തിനായി തിരുത്തപ്പെട്ടു.

Rohit Sharma success as Test opener
Image Courtesy: BCCI

മാറ്റിനിര്‍ത്തലുകളാണ് അയാളിലെ പ്രതിഭയ്ക്ക് പലപ്പോഴും വളമായത്. 2011 ലോകകപ്പ് ടീമിലേക്കുള്ള വഴി രോഹിത്തിനു മുന്നില്‍ അടയ്ക്കപ്പെട്ടതോടെ അയാളുടെ കളിയോടുള്ള സമീപനം തന്നെ മാറിമറിഞ്ഞു. പിന്നീടായിരുന്നു എതിര്‍ ബൗളിങ് നിരയെ കശാപ്പു ചെയ്യുന്ന രോഹിത് എന്ന വിനാശകാരിയായ ബാറ്റ്‌സ്മാന്റെ പിറവി. ജന്മസിദ്ധമായ അലസത അയാളെ വിട്ടകന്നു. ക്രീസിലെ അശ്രദ്ധയും മാറി. ഓരോ പന്തിനെയും അത് അര്‍ഹിക്കുന്ന ബഹുമാനത്തോടെ രോഹിത്തിലെ ബാറ്റ്‌സ്മാന്‍ നേരിടാന്‍ തുടങ്ങി. 2007 മുതല്‍ 2012 വരെ രണ്ടേ രണ്ട് ഏകദിന സെഞ്ചുറികള്‍ മാത്രമാണ് രോഹിത്തിന്റെ കരിയറിലുണ്ടായിരുന്നത്. എന്നാല്‍ 2013-ല്‍ ടീമിലേക്ക് തിരിച്ചെത്തി ഓപ്പണിങ് സ്ഥാനത്തെത്തിയ ശേഷം ആറു വര്‍ഷം കൊണ്ട് 25 സെഞ്ചുറികളാണ് രോഹിത് അടിച്ചെടുത്തത്. മൂന്ന് ഇരട്ട സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. അതിലൊന്ന് ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന സ്‌കോറും (264). ഇക്കാലയളവില്‍ ട്വന്റി 20-യില്‍ നാലു സെഞ്ചുറികളും രോഹിത്തിന്റെ അക്കൗണ്ടിലെത്തി.

നിശ്ചിത ഓവര്‍ മത്സരങ്ങളിലെ സൂപ്പര്‍ ബാറ്റ്‌സ്മാനായി വിലസിയപ്പോഴും സച്ചിന്‍ എന്ന ഇതിഹാസ താരം ക്രിക്കറ്റ് പിച്ചിനോട് വിടപറഞ്ഞ 2013-ലെ വിന്‍ഡീസ് പരമ്പരയിലാണ് രോഹിത്തിന് ആദ്യമായി ടെസ്റ്റിലേക്കുള്ള വിളിയെത്തുന്നത്. സെഞ്ചുറിയോടെ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. ആദ്യ ടെസ്റ്റിലെ താരവും പിന്നീട് പരമ്പരയുടെ താരമായതും രോഹിത്തായിരുന്നു. വിന്‍ഡീസിനെതിരായ രണ്ടു ടെസ്റ്റുകളിലും സെഞ്ചുറി നേടിയാണ് രോഹിത് അരങ്ങേറ്റം മികച്ചതാക്കിയത്.

Rohit Sharma success as Test opener
Image Courtesy: BCCI

പക്ഷേ അപ്പോഴും ഓപ്പണര്‍ പദവി രോഹിത്തിനെ ഏല്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റിന് താത്പര്യമുണ്ടായിരുന്നില്ല. വിദേശ പരമ്പരകളില്‍ പിഴച്ചതോടെ വീണ്ടും ഇടയ്ക്ക് മാത്രം ടെസ്റ്റ് ടീമിലെത്തുന്ന താരമായി. എന്നാല്‍ 2013-ല്‍ ധോനി നടത്തിയതിനു സമാനമായ ഒരു ചൂതാട്ടം ആറു വര്‍ഷങ്ങള്‍ക്കിപ്പുറം കോലിയും നടത്തി. രോഹിത്തിനെ ടെസ്റ്റ് ഓപ്പണറാക്കി. എന്നാല്‍ അതിന് ഇത്തരത്തിലുള്ള പ്രകടനങ്ങളോടെ രോഹിത് മറുപടി പറയുമെന്ന് ആരും കരുതിയില്ല, ആ ബാറ്റിങ് പ്രതിഭയെ അടുത്തറിയാവുന്നവരൊഴികെ.

Also Read: റെക്കോഡുകളിലേക്ക് ബാറ്റേന്തി ഹിറ്റ്മാന്‍

ഓപ്പണറായുള്ള ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറികള്‍. രണ്ട് ടെസ്റ്റുകളില്‍ മാന്‍ ഓഫ് ദ മാച്ച്. പിന്നാലെ പരമ്പരയുടെ താരവും. തഴഞ്ഞവര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കുന്ന ഇന്ത്യന്‍ മണ്ണില്‍ നിന്നാണല്ലോ രോഹിത്തും വരുന്നത്. പരമ്പരയിലെ വെറും നാല് ഇന്നിങ്‌സുകളില്‍ നിന്നായി അടിച്ചെടുത്തത് 529 റണ്‍സ്. അക്ഷരാര്‍ഥത്തില്‍ ദക്ഷിണാഫ്രിക്കന്‍ നിരയെ ഒറ്റയ്ക്ക് തച്ചുതകര്‍ക്കുകയായിരുന്നു രോഹിത് ഗുരുനാഥ് ശര്‍മയെന്ന ഓപ്പണിങ് ബാറ്റ്‌സ്മാന്‍.

Rohit Sharma success as Test opener
Image Courtesy: BCCI

132.25 റണ്‍സ് ശരാശരിയിലാണ് രോഹിത് ഈ പരമ്പരയില്‍ സ്‌കോര്‍ ചെയ്തത്. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ടെസ്റ്റ് കരിയറിലെ തന്റെ ആദ്യ ഇരട്ട സെഞ്ചുറിയും കണ്ടെത്തി. വീരേന്ദര്‍ സെവാഗെന്ന വിനാശകാരിയായ ഓപ്പണര്‍, ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്ന തുടക്കമാണ് ഇപ്പോള്‍ രോഹിത്തിലൂടെ തിരിച്ചുകിട്ടിയിരിക്കുന്നത്. സെവാഗിനെ പോലെ പെട്ടെന്ന് സ്‌കോര്‍ ചെയ്യുമ്പോഴും ക്രീസില്‍ സച്ചിനും ദ്രാവിഡുമെല്ലാം കാണിക്കുന്ന അച്ചടക്കവും രോഹിത്തിനുണ്ട്. ഒരേസമയം വിവ് റിച്ചാഡ്‌സിനെ പോലെയും രാഹുല്‍ ദ്രാവിഡിനെ പോലെയും കളിക്കാന്‍ രോഹിത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ അതിനൊപ്പം ക്രീസിലെ സെവാഗിന്റെ നിര്‍ഭയത്വവും രോഹിത്തിന് കൂട്ടുണ്ട്. മൂന്നാം ടെസ്റ്റില്‍ രോഹിത്തിന്റെ സെഞ്ചുറിയും ഇരട്ട സെഞ്ചുറിയും സിക്‌സര്‍ പറത്തിയിട്ടായിരുന്നു.

ടെസ്റ്റ് ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയതോടെ മികച്ച ഫോം തുടരുന്ന രോഹിത് സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ  71 വര്‍ഷം പഴക്കമുള്ള ബാറ്റിങ് റെക്കോഡും മറികടന്നു. ഹോം ഗ്രൗണ്ടിലെ റണ്‍ ശരാശരിയിലാണ് രോഹിത്, ക്രിക്കറ്റ് ഇതിഹാസത്തെ പിന്നിലാക്കിയത്. ടെസ്റ്റില്‍ പത്ത് ഇന്നിങ്‌സെങ്കിലും കളിച്ചവരില്‍ ബ്രാഡ്മാന്റെ ശരാശരി 98.22 ആയിരുന്നു. ഞായറാഴ്ച ഇരട്ട സെഞ്ചുറി നേടിയതോടെ ഹോം ഗ്രൗണ്ടില്‍ രോഹിതിന്റെ ശരാശരി 99.84 ആയി. 255 പന്തുകള്‍ നേരിട്ട രോഹിത് ആറു സിക്സും 28 ബൗണ്ടറിയുമടക്കം 212 റണ്‍സെടുത്തു.

നാട്ടില്‍ കളിച്ച 18 ഇന്നിങ്സുകളില്‍ നിന്ന് ആറ് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 1298 റണ്‍സാണ് രോഹിത് അടിച്ചെടുത്തിരിക്കുന്നത്. 82*, 51*, 102*, 65, 50*, 176, 127, 14, 212 എന്നിങ്ങനെയാണ് ഇന്ത്യന്‍ മണ്ണിലെ അവസാന ഒമ്പത് ടെസ്റ്റ് ഇന്നിങ്സുകളിലെ രോഹിത്തിന്റെ പ്രകടനം.

Rohit Sharma success as Test opener
Image Courtesy: BCCI

ടെസ്റ്റിലെ കന്നി ഇരട്ട സെഞ്ചുറിയോടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും വീരേന്ദര്‍ സെവാഗിനുമൊപ്പം അപൂര്‍വ നേട്ടത്തിലെത്താനും രോഹിത്തിനായി. ഏകദിനത്തില്‍ ഇപ്പോള്‍ തന്നെ മൂന്ന് ഇരട്ട സെഞ്ചുറികള്‍ക്ക് ഉടമയാണ് രോഹിത്. ഇതോടെ ടെസ്റ്റിലും ഏകദിനത്തിലും ഇരട്ടസെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടമാണ് രോഹിത്തിന് സ്വന്തമായത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, വെസ്റ്റിന്‍ഡീസ് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍ എന്നിവരാണ് നേരത്തേ ടെസ്റ്റിലും ഏകദിനത്തിലും ഇരട്ടസെഞ്ചുറി നേടിയ താരങ്ങള്‍. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന നേട്ടം നേരത്തെ തന്നെ രോഹിത് സ്വന്തമാക്കിയിരുന്നു.

ഒരു ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഓപ്പണറെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. വിനു മങ്കാദ്, ബുധി കുന്ദേരന്‍, സുനില്‍ ഗാവസ്‌കര്‍, വിരേന്ദര്‍ സെവാഗ് എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍. മാത്രമല്ല ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ഓപ്പണറെന്ന വീരേന്ദര്‍ സേവാഗിന്റെ റെക്കോഡ് വെറും 16 റണ്‍സിനാണ് രോഹിത്തിന് ഇത്തവണ നഷ്ടമായത്. 2005-ല്‍ പാകിസ്താനെതിരായ പരമ്പരയില്‍ സെവാഗ് 544 റണ്‍സ് നേടിയിരുന്നു.

എന്നാല്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടം രോഹിത് സ്വന്തമാക്കി. 2010-ല്‍ നടന്ന പരമ്പരയില്‍ ജാക്ക് കാലിസ് നേടിയ 498 റണ്‍സിന്റെ റെക്കോഡാണ് രോഹിത് തിരുത്തിയത്.

Rohit Sharma success as Test opener
Image Courtesy: BCCI

എന്നാല്‍ ഇനിയാണ് രോഹിത്തിന് യഥാര്‍ഥ പരീക്ഷണം നേരിടേണ്ടത്. ഇന്ത്യന്‍ പിച്ചുകളില്‍ യഥേഷ്ടം റണ്‍സടിച്ചുകൂട്ടുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇവിടെ യാതൊരു പഞ്ഞവുമില്ല. എന്നാല്‍ വിദേശത്ത് പ്രത്യേകിച്ചും പന്ത് മൂളിപ്പറക്കുന്ന ബൗണ്‍സും സ്വിങ്ങും നിറഞ്ഞ ഇംഗ്ലണ്ടിലെും ഓസ്‌ട്രേലിയയിലെയും പിച്ചുകളിലെത്തുമ്പോള്‍ നാട്ടിലെ പല പുലികളും മാളത്തിലൊളിക്കുന്നത് നാം കണ്ടിട്ടുണ്ട്. വിദേശ പേസര്‍മാര്‍ക്കെതിരേ ഇത്തരം വിക്കറ്റുകളില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച റെക്കോഡാണ് രോഹിത്തിനുള്ളത്. പല പേസര്‍മാരും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ പുറത്തെടുക്കാറുള്ള ഷോര്‍ട്ട്പിച്ച് തന്ത്രമൊന്നും രോഹിത്തിനു മുന്നില്‍ വിലപ്പോവാറില്ല. പുള്‍ ഷോട്ടുകള്‍ യഥേഷ്ടം ആ ബാറ്റില്‍ നിന്ന് പ്രവഹിക്കും.

എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റല്ല റെഡ് ബോള്‍ ക്രിക്കറ്റ്. പിച്ച് നല്‍കുന്ന പിന്തുണ പരമാവധി പ്രയോജനപ്പെടുത്താന്‍ ടെസ്റ്റില്‍ സാധിക്കും. ഇതാണ് ഇനി രോഹിത് മറികടക്കേണ്ടതായിട്ടുള്ളത്. ഇനി ഇന്ത്യയ്ക്ക് വിദേശത്ത് ഒരു പര്യടനമുള്ളത് ന്യൂസീലന്‍ഡിലാണ്. ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ രോഹിത്തിന്റെ യഥാര്‍ഥ പരീക്ഷണവും അവിടെ തന്നെയാകും.

Content Highlights: Rohit Sharma success as Test opener