Photo: ANI
20 വയസുള്ളപ്പോള്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ അവസരം ലഭിച്ച താരമാണ് ഇപ്പോഴത്തെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ. ആഭ്യന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനവും ഷോട്ടുകളിലെ അസാമാന്യ ടൈമിങ്ങും പെട്ടെന്നു തന്നെ സെലക്ടര്‍മാരുടെ ശ്രദ്ധപിടിച്ചുപറ്റി. അതോടെ 2007-ല്‍ തന്നെ ടീമിലേക്ക് വിളിയെത്തി. ജൂണ്‍ 23-ന് അയര്‍ലന്‍ഡിനെതിരേ ബെല്‍ഫാസ്റ്റിലെ സിവില്‍ സര്‍വീസ് ക്രിക്കറ്റ് ക്ലബ്ബ് മൈതാനത്ത് നിന്നാരംഭിച്ച ആ കരിയര്‍ ഇന്ന് 15 വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. ഈ നീണ്ട യാത്രയില്‍ തനിക്കൊപ്പമുണ്ടായിരുന്നവര്‍ക്കെല്ലാം നന്ദിയറിയിച്ച് രോഹിത് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജേഴ്‌സിയില്‍ 15 വര്‍ഷം തികയ്ക്കുന്നു എന്നാണ് രോഹിത്തിന്റെ വാക്കുകള്‍. ഏകദിനത്തില്‍ മൂന്ന് വമ്പന്‍ ഇരട്ട സെഞ്ചുറികളുടെ തിളക്കമുള്ള, ബാറ്റെടുത്താല്‍ വമ്പന്‍ സ്‌കോറുകള്‍ക്ക് പിന്നാലെ പോകാന്‍ ഇഷ്ടപ്പെടുന്നയാളുടെ കരിയറിലേക്ക് ഒരു എത്തിനോട്ടം...
പ്രതിഭ തിരിച്ചറിഞ്ഞ സെലക്ടര്‍മാര്‍ 2007-ല്‍ ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കിയെങ്കിലും പലപ്പോഴും പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാത്ത താരമെന്ന പഴി അക്കാലത്ത് രോഹിത് ധാരാളം കേട്ടിരുന്നു. 2007-ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന രോഹിത്തിന് ഇടയ്ക്ക് ചില മിന്നലാട്ടങ്ങള്‍ നടത്തിയതൊഴിച്ചാല്‍ കാര്യമായ പ്രകടനമൊന്നും കാഴ്ചവെയ്ക്കാനായിരുന്നില്ല. വൈകാതെ മോശം ഫോമിന്റെ പേരില്‍ ടീമില്‍ അവസരം ലഭിക്കാതെയുമായി.
28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യ ലോകകിരീടം ചൂടിയപ്പോള്‍ ആ ടീമിന്റെ ഭാഗമാകാനുള്ള ഭാഗ്യവും രോഹിത്തിനുണ്ടായില്ല. അതായിരുന്നു ശരിക്കും രോഹിത് ക്രിക്കറ്ററെ മാറ്റിമറിച്ച സംഭവം. മാറ്റിനിര്‍ത്തലുകളാണ് അയാളിലെ പ്രതിഭയ്ക്ക് പലപ്പോഴും വളമായത്. ''ലോകകപ്പ് ടീമിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ തീര്‍ത്തും നിരാശനാണ് ഞാന്‍. എങ്കിലും മുന്നോട്ടുപോകേണ്ടതുണ്ട്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇതൊരു വലിയ തിരിച്ചടിയാണ്'', എട്ടു വര്‍ഷം മുന്‍പ് 2011 ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടതിനു പിന്നാലെ രോഹിത് ശര്‍മ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്.
2011 ലോകകപ്പ് ടീമിലേക്കുള്ള വഴി രോഹിത്തിനു മുന്നില്‍ അടയ്ക്കപ്പെട്ടതോടെ അയാളുടെ കളിയോടുള്ള സമീപനം തന്നെ മാറിമറിഞ്ഞു. പിന്നീടായിരുന്നു എതിര്‍ ബൗളിങ് നിരയെ കശാപ്പു ചെയ്യുന്ന രോഹിത് എന്ന വിനാശകാരിയായ ബാറ്റ്‌സ്മാന്റെ പിറവി. അതിന് വഴിവെട്ടിയത് എം.എസ് ധോനിയെന്ന ദീര്‍ഘദര്‍ശിയായ ക്യാപ്റ്റന്റെ തീരുമാനവും. 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ ധോനി, രോഹിത്തിനെ ധവാനൊപ്പം ഓപ്പണര്‍ സ്ഥാനത്ത് പ്രതിഷ്ടിച്ചു. അതോടെ ഇന്ത്യന്‍ ടീമിന്റെ ചരിത്രം മാത്രമല്ല, ഏകദിന റെക്കോഡുകളുടെ ചരിത്രം കൂടിയാണ് മാറിമറിഞ്ഞത്.
ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികളാണ് ആ ബാറ്റില്‍ നിന്ന് പിറന്നത്. 2013 നവംബര്‍ രണ്ടിന് ബെംഗളൂരുവില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു രോഹിത്തിന്റെ കരിയറിലെ ആദ്യ ഏകദിന ഇരട്ടസെഞ്ചുറി (209). തൊട്ടടുത്ത വര്‍ഷം നവംബര്‍ 13-ന് ശ്രീലങ്കയ്ക്കെതിരേ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 264 റണ്‍സെന്ന ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും രോഹിത് സ്വന്തമാക്കി. 2017 ഡിസംബര്‍ 13-ന് മെഹാലിയില്‍ വീണ്ടും ലങ്കയ്‌ക്കെതിരേ ആ ബാറ്റില്‍ നിന്ന് മറ്റൊരു ഇരട്ട സെഞ്ചുറി കൂടി പിറന്നു.
2007-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ രോഹിത്തിന്റെ പേരില്‍ 2012 വരെ ഉണ്ടായിരുന്നത് രണ്ടേ രണ്ട് ഏകദിന സെഞ്ചുറികള്‍ മാത്രമായിരുന്നു. എന്നാല്‍ 2013-ല്‍ ടീമിലേക്ക് തിരിച്ചെത്തി ഓപ്പണിങ് സ്ഥാനത്തെത്തിയ ശേഷം ആറു വര്‍ഷം കൊണ്ട് 24 സെഞ്ചുറികളാണ് രോഹിത് അടിച്ചെടുത്തത്. ഇതിനൊപ്പം മൂന്ന് ഇരട്ട സെഞ്ചുറികളും. ടെസ്റ്റില്‍ മൂന്നും ട്വന്റി 20-യില്‍ നാലും സെഞ്ചുറികള്‍ ഇക്കാലയളവില്‍ സ്വന്തമാക്കി.
പിന്നാലെ 2011-ലെ ലോകകപ്പില്‍ കളിക്കാന്‍ സാധിക്കാത്തതിന്റെ ക്ഷീണമെല്ലാം 2019-ലെ ഒറ്റ ലോകകപ്പോടെ തന്നെ രോഹിത് തീര്‍ത്തു. അഞ്ചു സെഞ്ചുറികളുമായി ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന (4) ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോഡ് മറികടന്ന രോഹിത് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന സൗരവ് ഗാംഗുലിയുടെ റെക്കോഡും (3) പഴങ്കഥയാക്കി.
ട്വന്റി 20-യില്‍ നാലു സെഞ്ചുറികളുമായി ഈ നേട്ടത്തിലും രോഹിത് മുന്നിലുണ്ട്. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ തിളങ്ങിയെങ്കിലും ടീം ഇന്ത്യയുടെ വെളുത്ത കുപ്പായം രോഹിത്തിന് പലപ്പോഴും കിട്ടാക്കനിയായിരുന്നു. 2013-ലാണ് ആദ്യ അവസരം ലഭിക്കുന്നത്. വിന്‍ഡീസ് പരമ്പരയില്‍ ആദ്യമായി ടെസ്റ്റിലേക്കുള്ള വിളിയെത്തിയ രോഹിത്, സെഞ്ചുറിയോടെ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. പിന്നീട് ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറികള്‍.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചു തവണ കിരീട നേട്ടത്തിലേക്ക് നയിച്ച നായകനും രോഹിത് തന്നെ. ഒടുവിലിതാ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും രോഹിത്തില്‍ തന്നെ വന്ന് ചേര്‍ന്നിരിക്കുന്നു. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പും അടുത്ത വര്‍ഷം നാട്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പും രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlights: Rohit Sharma completes 15 years of international cricket
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..