20 വയസുള്ളപ്പോള്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ അവസരം ലഭിച്ച താരമാണ് രോഹിത് ശര്‍മ. ആഭ്യന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനവും ഷോട്ടുകളിലെ അസാമാന്യ ടൈമിങ്ങും പെട്ടെന്നു തന്നെ സെലക്ടര്‍മാരുടെ ശ്രദ്ധപിടിച്ചുപറ്റി.
ഇന്ത്യ 2007-ലെ ട്വന്റി 20 കിരീടം നേടുമ്പോള്‍ രോഹിത് എന്ന 20-കാരന്‍ ടീമിലുണ്ടായിരുന്നു. മധ്യനിരയില്‍ ചെറു മിന്നലാട്ടങ്ങള്‍ മാത്രം നടത്തി ഒടുങ്ങിപ്പോകുമായിരുന്നു ആ ബാറ്റിങ് കരുത്ത് ക്രിക്കറ്റ് ലോകം ശരിക്കും അറിയുന്നത് 2013-ന് ശേഷമാണ്. 2012 കലണ്ടര്‍ വര്‍ഷത്തില്‍ വെറും 168 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായിരുന്നത്. പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ രോഹിത് അതോടെ ടീമില്‍ നിന്ന് പുറത്താകുമെന്ന ഘട്ടമെത്തി. എന്നാല്‍ രോഹിത്തില്‍ വിശ്വാസമര്‍പ്പിച്ച ധോനി തൊട്ടടുത്ത വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ താരത്തെ ഓപ്പണര്‍ സ്ഥാനത്ത് പ്രതിഷ്ടിച്ചു. പിന്നീട് മാറ്റങ്ങള്‍ സംഭവിച്ചത് നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ റെക്കോഡ് ബുക്കിനായിരുന്നു. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍, ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ തുടങ്ങി രോഹിത് സ്ഥാപിച്ച റെക്കോഡുകളേറെ.
എന്നാല്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ തിളങ്ങിയെങ്കിലും ടീം ഇന്ത്യയുടെ വെളുത്ത കുപ്പായം രോഹിത്തിന് പലപ്പോഴും കിട്ടാക്കനിയായിരുന്നു. 2013-ലാണ് ആദ്യ അവസരം ലഭിക്കുന്നത്. ആറു വര്‍ഷത്തിനിടയ്ക്ക് കളിച്ചത് വെറും 27 ടെസ്റ്റുകള്‍ മാത്രം. അതും മധ്യനിരയില്‍. എന്നാല്‍ ടെസ്റ്റ് ഓപ്പണര്‍ സ്ഥാനത്ത് ലോകേഷ് രാഹുല്‍ സ്ഥിരമായി പരാജയപ്പെട്ടതോടെ രോഹിത്തിനെ ഓപ്പണര്‍ സ്ഥാനത്ത് പരീക്ഷിക്കണമെന്ന് മുന്‍ താരങ്ങളടക്കം പലരും ആവശ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് ബുധനാഴ്ച തുടക്കമാകുമ്പോള്‍ രോഹിത് ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ഓപ്പണിങ് സ്ഥാനത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.
രോഹിത്തിലൂടെ ടെസ്റ്റില്‍ വിരേന്ദര്‍ സെവാഗ് ഇന്ത്യയ്ക്ക് നല്‍കിയിരുന്ന മുന്‍തൂക്കമാകാം ഒരുപക്ഷേ ടീം മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ക്യാപ്റ്റന്‍ കോലി, രോഹിത്തിനെയും സെവാഗിനെയും താരതമ്യപ്പെടുത്തി സംസാരിക്കുകയും ചെയ്തു. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ മധ്യനിരയില്‍ നിന്ന് ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവന്നപ്പോള്‍ രോഹിത്തിനുണ്ടായ മാറ്റം തന്നെയാണ് ടെസ്റ്റിലും ടീം ലക്ഷ്യം വെയ്ക്കുന്നത്.
ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മാത്രം സ്വന്തമായ ഒരു ഓപ്പണിങ് ബാറ്റ്‌സ്മാനായിരുന്നു വീരേന്ദര്‍ സെവാഗ്. ടെസ്റ്റും ഏകദിനവും തമ്മില്‍ ജേഴ്‌സിയുടെ നിറത്തില്‍ മാത്രമാണ് വ്യത്യാസമെന്നതായിരുന്നു പലപ്പോഴും വീരുവിന്റെ നയം. ഏതു പിച്ചിലും എതിര്‍ ടീം ബൗളര്‍മാരെ തുടക്കത്തില്‍ തന്നെ തച്ചുതകര്‍ത്തിരുന്ന വീരു പലപ്പോഴും ഉച്ചഭക്ഷണത്തിനു മുമ്പ് സെഞ്ചുറിയും തികയ്ക്കുമായിരുന്നു. ലോക ക്രിക്കറ്റില്‍ തന്നെ രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ സ്വന്തമായുള്ള അപൂര്‍വം (ഡോണ്‍ ബ്രാഡ്മാന്‍, ബ്രയാന്‍ ലാറ. ക്രിസ് ഗെയ്ല്‍) താരങ്ങളിലൊരാള്‍. മധ്യനിരയില്‍ നിന്ന് ഓപ്പണിങ്ങിലേക്കെത്തിയപ്പോള്‍ സംഭവിച്ച മാറ്റത്തിന്റെ കഥ വീരുവിനും പറയാനുണ്ട്. മധ്യനിരയില്‍ കളിച്ച ആദ്യ 10 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ 37.09 ശരാശരിയില്‍ വെറും 379 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. എന്നാല്‍ ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം 170 ഇന്നിങ്‌സുകള്‍ വീരു കളിച്ചു. 50.04 ശരാശരിയില്‍ അടിച്ചുകൂട്ടിയത് 8207 റണ്‍സ്.
ഓപ്പണിങ് സ്ഥാനത്തേക്ക് മാറിയപ്പോള്‍ സെവാഗില്‍ സംഭവിച്ച മാറ്റം തന്നെ രോഹിത്തിലും ടീം പ്രതീക്ഷിക്കുന്നു. നിശ്വിത ഓവര്‍ മത്സരങ്ങളില്‍ തന്നെ ദീര്‍ഘ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള രോഹിത്തിന്റെ മികവ് പലപ്പോഴു നമ്മള്‍ കണ്ടിട്ടുണ്ട്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ബൗളിങ് നിരയെ നേരിട്ട് സ്വതസിദ്ധമായ രോഹിത് സ്‌റ്റൈല്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിനായാല്‍ അത് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ പോകുന്ന ആത്മവിശ്വാസം ചെറുതൊന്നുമായിരിക്കില്ല.
എന്നാല്‍ ഇപ്പോള്‍ പ്രായം 32-ല്‍ എത്തിയിരിക്കുന്ന രോഹിത്തിനെ വെച്ച് പരീക്ഷണം നടത്തുന്നത് വെറുതെയാണെന്ന അഭിപ്രായവും പലര്‍ക്കുമുണ്ട്.
അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മാറ്റൊരു കാര്യം ഓഫ്‌സൈഡില്‍ ഷോട്ടുകള്‍ കളിക്കാനുള്ള രോഹിത്തിന്റെ ദൗര്‍ബല്യമാണ്. സെവാഗിനെ രോഹിത്തില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് ഇക്കാര്യമാണ്. സെവാഗിന്റെ സ്‌ട്രോങ് ഏരിയയായിരുന്നു ഓഫ്‌സൈഡ്. മറുവശത്ത് ലെഗ്‌സൈഡില്‍ കൂടുതല്‍ ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് രോഹിത്. സ്വിങ്ങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ ബൗളര്‍മാരുടെ ഓഫ്‌സൈഡ് കെണിയെ രോഹിത് എങ്ങിനെ തരണം ചെയ്യുമെന്ന് കണ്ടുതന്നെ അറിയണം. ടെസ്റ്റില്‍ പലപ്പോഴും ഇത്തരത്തില്‍ ഓഫ്‌സൈഡ് കെണിയില്‍ വീണ ചരിത്രവും രോഹിത്തിനുണ്ട്.
Content Highlights: Rohit Sharma as Test opener india looking for another Sehwag