ടെന്നീസ് കോര്‍ട്ടിലെ ശാന്തമായ പൗരുഷം അഥവാ ഫെഡറര്‍


സനില്‍ പി. തോമസ്

Photo: AP

റുമേനിയയുടെ വഴക്കാളിച്ചെക്കന്‍ ഇലി നഷ്ടാസെയെയും അമേരിക്കയുടെ വികൃതി പയ്യന്‍ ജോണ്‍ മക്കെന്റോയെയും സ്വീഡന്റെ നിര്‍വികാരനായ ബ്യോണ്‍ ബോര്‍ഗിനെയും ഹൃദയപൂര്‍വം സ്വീകരിച്ച ടെന്നിസ് ലോകത്ത് തീര്‍ത്തും വേറിട്ട വ്യക്തിത്വമായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍. 1970-കളില്‍ ഓസ്‌ട്രേലിയയില്‍ കളിക്കുമ്പോള്‍ നഷ്ടാസെയുടെ ക്ഷോഭിക്കുന്ന യൗവ്വനം സഹിക്കാവുന്നതിനപ്പുറമായപ്പോള്‍ ചാനല്‍ ഏഴിലേക്ക് പരാതി പ്രവാഹം. ചാനലുകാര്‍ നഷ്ടാസെയോട്, മാന്യത പാലിച്ചില്ലെങ്കില്‍ പ്രേക്ഷകരെ നഷ്ടമാകുമെന്ന് സൂചിപ്പിച്ചു. തന്നെ ഇഷ്ടമില്ലാത്തവര്‍ക്കു കാണുവാന്‍ വേറെ ആറു ചാനലുകള്‍ ഉണ്ടല്ലോ എന്നു മറുപടി. പക്ഷേ, നഷ്ടസെയുടെ സ്വഭാവം മാറാതായപ്പോള്‍ ടെന്നിസ് പ്രേമികള്‍ അതുമായി പൊരുത്തപ്പെട്ടു. 1980-ല്‍ വിമ്പിള്‍ഡനില്‍ ഷോട്ട് പിഴച്ചപ്പോള്‍ ബ്യോണ്‍ ബോര്‍ഗ് സ്വീഡിഷ് ഭാഷയില്‍ സ്വയം ശപിച്ചു. കാണികള്‍ ഞെട്ടി. അമ്പരന്നു പോയ എതിരാളി റാക്കറ്റ് താഴെയിട്ടു. ടെന്നിസിലെ ശീത മനുഷ്യനായിരുന്നു എല്ലാവരുടെയും മനസ്സില്‍.

മക്കെന്റോയുടെ വികൃതിത്തരങ്ങള്‍ക്ക് ആരാധകര്‍ ഏറെയായിരുന്നു. പക്ഷേ, കടക്കെണിയില്‍പ്പെട്ട് ബോര്‍ഗ് ട്രോഫികള്‍ വില്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ ആ ട്രോഫികളുടെയും റാക്കറ്റിന്റേയും മൂല്യം അളവറ്റതാണെന്നും വില്‍ക്കരുതെന്നും പറഞ്ഞ് ബോര്‍ഗിനെ ആദ്യം വിളിച്ചവരില്‍ ഒരാള്‍ മക്കെന്റോയായിരുന്നു.
ഈ കാലങ്ങളെല്ലാം കണ്ട ടെന്നിസ് പ്രേമികള്‍ക്കിടയിലേക്കാണ് റോജര്‍ ഫെഡറര്‍ തന്റെ ശാന്തസുന്ദരമായ ശൈലിയും മാന്യമായ ഇടപെടലുകളുമായി ചുവടുവച്ചത്.

ജോണ്‍ മക്കെന്റോയും ഇവാന്‍ ലെന്‍ഡലും തിളങ്ങി നിന്ന കാലത്തു തുടങ്ങി ആന്ദ്രേ ആഗസിയെയും കടന്ന് റോജര്‍ ഫെഡറില്‍ എത്തിയൊരു ടെന്നീസ് യുഗത്തിലെ ചക്രവര്‍ത്തിയായിരുന്ന പീറ്റ് സാംപ്രസിന്റെ പിന്‍ഗാമിയായി തുടങ്ങിയ ഫെഡറര്‍ ഒടുവില്‍ സാംപ്രസിന്റെ റെക്കോര്‍ഡ് വിമ്പിള്‍ഡനിലെ സെന്റര്‍ കോര്‍ട്ടില്‍ തിരുത്തിയപ്പോള്‍ സാംപ്രസ് പറഞ്ഞു 'എക്കാലത്തെയും മികച്ച ടെന്നിസ് താരം'.

അതിനും മുന്‍പ് ജോണ്‍ മക്കെന്റോ പറഞ്ഞു. 'ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും അനുഗൃഹീതനായ കളിക്കാരനാണ് ഫെഡറര്‍'. ഈ ചെറുപ്പക്കാരന്‍ എക്കാലത്തെയും മികച്ച ടെന്നിസ് താരമായി മാറും.' ഫെഡററുടെ 20 ഗ്രാന്‍ സ്ലാം കിരീട ജയങ്ങളുടെ റെക്കോര്‍ഡ് പിന്നിട്ട് റഫേല്‍ നദാലും നൊവാക്ക് ജോക്കോവിച്ചും മുന്നിലെത്തി. അവര്‍ കളിക്കളത്തില്‍ തുടരുമ്പോള്‍ ഫെഡറര്‍ വിടവാങ്ങല്‍ പ്രഖ്യാപിച്ചു. 41-ാം വയസില്‍. ഫെഡറര്‍, നദാല്‍, ജോക്കോവിച്ച് യുഗവും അവസാനിക്കുകയാണ്. സ്‌പെയിനിന്റെ പത്തൊന്‍പതുകാരന്‍ കാര്‍ലോസ് അല്‍കാറസിന്റെ യു.എസ്. ഓപ്പണ്‍ വിജയം വരാനിരിക്കുന്നതിന്റെ സൂചനയാണ്. പക്ഷേ, വരും തലമുറയെ ക്കൂടി മനസ്സില്‍ കണ്ടാണ് ബ്യോണ്‍ ബോര്‍ഗ് 'ആര്‍ക്കും മാതൃകയാക്കാവുന്ന കായിക താരം' എന്ന് റോജര്‍ ഫെഡററെ ക്കുറിച്ചു പറഞ്ഞത്.

24 വര്‍ഷം 24 മണിക്കൂര്‍ പോലെ തോന്നുന്ന ഫെഡറര്‍ക്ക് താന്‍ കളിച്ച 1500-ല്‍ അധികം മത്സരങ്ങള്‍ ആസ്വദിക്കാനായെന്ന് ചുരുക്കം. ഒപ്പം ടെന്നീസ് ലോകവും അത് ആസ്വദിച്ചു. വികൃതികളും വഴക്കാളികളും രസികന്മാരുമെല്ലാം ഇതിഹാസം രചിച്ചിട്ടുണ്ട്. അതെല്ലാം ഉള്‍പ്പെട്ടതാണ് കായിക ലോകം. അവിടെ ശാന്തതയും സൗമ്യതയും അച്ചടക്കവും ഉള്‍ക്കൊണ്ടു കൊണ്ട് പ്രതിഭ മുഴുവന്‍ കളിക്കളത്തില്‍ പ്രതിഫലിപ്പിക്കുക. റോജര്‍ ഫെഡറര്‍ സാധ്യമാക്കിയതും മറ്റൊന്നുമല്ല. സമാനതകളില്ലാത്ത ആ വ്യക്തിത്വം ഭൂതകാലത്തിന്റേതു മാത്രമാകില്ല.

Content Highlights: roger federer the quiet man on the tennis court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented