വിംബിള്‍ഡണ്‍ സിംഗിള്‍സ് നേടിയ ഒരേയൊരു കറുത്ത വര്‍ഗക്കാരനായ ആര്‍തര്‍ ആഷേയ്ക്ക് എയ്ഡ്സ് ബാധിച്ച് മരണം ഉറപ്പായ നാളുകളിലൊന്നില്‍ ഒരു ആരാധകന്റെ കത്ത് വന്നു. ജീവിതം നരകമാക്കുന്ന ഈ അസുഖം ദൈവം താങ്കള്‍ക്ക് എന്തുകൊണ്ട് തന്നു എന്നായിരുന്നു അയാളുടെ ചോദ്യം. ആഷേ അതിന് ഇങ്ങനെ മറുപടി നല്കി, ''ലോകത്ത് അഞ്ച് കോടി കുട്ടികളെങ്കിലും ടെന്നീസ് കളിക്കുന്നു. അതില്‍ അഞ്ച് ലക്ഷം പേര് പ്രൊഫഷണലുകള്‍ ആകുന്നു.
അമ്പതിനായിരം പേര് സര്‍ക്യൂട്ടില്‍ എത്തുന്നു. 5000 പേര് ഗ്രാന്ഡ്സ്ലാമില് പോരാടുന്നു. 50 പേര് വിംബിള്‍ഡണില്‍ ഏറ്റുമുട്ടുന്നു. നാലുപേര്‍ സെമിയില്‍ മാറ്റുരയ്ക്കുന്നു. രണ്ടുപേര്‍ കലാശ വേദിയില്‍ കണ്ടുമുട്ടുന്നു. ഒരേയൊരാള്‍ കിരീടത്തില്‍ ഉമ്മ വയ്ക്കുന്നു. ആ നാളുകളിലൊന്നും ഞാന്‍ ചോദിച്ചില്ല, ദൈവമേ എന്തുകൊണ്ട് ഞാന്‍, അതുകൊണ്ട് ഈ ശരീരപീഢയുടെ ദിനങ്ങളിലും 'എന്തുകൊണ്ട് ഞാന്‍' എന്ന് ദൈവത്തോട് ചോദിക്കുകയില്ല''-ആഷേ പറഞ്ഞുവയ്ക്കുന്നു. വര്‍ണവിവേചനത്തിന്റെ ഇരുണ്ട കാലത്ത് ടെന്നീസില്‍ ഉദിച്ച പ്രകാശമാനമായ ബിന്ദുവായിരുന്നു ആഷേ. ഏഴ് ഗ്രാന്‍ഡ്സ്ലാം ഫൈനലുകളില്‍ മൂന്നെണ്ണം മാത്രം വിജയിച്ചിട്ടും അദ്ദേഹം മഹത്വമുള്ള കളിക്കാരനായി.
'ഒരു മഹാനും മഹത്വത്തോടെ ജനിക്കുന്നില്ല, ജീവിതവഴിയില്‍ അത് ആര്ജിക്കുന്നതത്രെ. 'ദി ഗോഡ് ഫാദറില്‍' മരിയോ പൂസോ പറയുന്നു. കളിജീവിതത്തിന്റെ എല്ലാക്കാലത്തും സ്ഥിരതയും പ്രതിഭയും ചേര്‍ന്നുപോയില്ല ആഷേയുടെ കാര്യത്തില്‍. ഹൃദയ ശസ്ത്രക്രിയക്കായി രക്തം സ്വീകരിച്ചതിലൂടെ അദ്ദേഹത്തിലേക്ക് എയ്ഡ്സ് അണുക്കള്‍ കടന്നത്, കളി മതിയാക്കി അധികകാലം കഴിയും മുമ്പാണ്. കോര്ട്ടിലേതിനേക്കാള് അചഞ്ചലത ജീവിതത്തില്‍ ആഷേ കാണിച്ചു. പാവങ്ങള്‍ക്കും രോഗികള്‍ക്കുമായി സ്വന്തം പേരില്‍ ഫൗണ്ടേഷന് ഉള്‍പ്പെടെ ജീവകാരുണ്യ സംരംഭങ്ങള്‍ തുടങ്ങി.
മനുഷ്യസ്നേഹത്തിന്റെ വലിയ ദൃഷ്ടാന്തവും സിവില്‍ അവകാശങ്ങളുടെ പ്രചാരകനുമായി അറസ്റ്റ് പോലും വരിച്ചു, 49-ാം വയസില്‍ മരിച്ചു. പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴും രോഗശയ്യയിലും ഒരുപോലെ പ്രസാദാത്മകത അണിഞ്ഞ് ആഷേ മരണത്തിന്റെ കളത്തിലും ചാമ്പ്യനായി. ആയുസ്സിലെ പരീക്ഷണഘട്ടങ്ങളില്‍ ഉണ്ടായ ആത്മജ്ഞാനത്തോളം വരുന്ന തിരിച്ചറിവ് അദ്ദേഹത്തെ ഔന്നത്യമുള്ളൊരു മനുഷ്യനാക്കി, മഹാനാക്കി. ആഷേയുടെ കാര്യത്തില്‍ മഹത്വമെന്നത് ആര്ജിതമായിരുന്നു. പൂസോ പറഞ്ഞതുപോലെ തന്നെ.
എന്നാല്‍ അത്യപൂര്‍വം ചിലരുടെ ജനനം തന്നെ മഹത്വത്തിന്റെ അദൃശ്യമായ തേജോവലയം ശിരസ്സില്‍ ചൂടിക്കൊണ്ടാണ്. നിയോഗം പോലെ പിറക്കുന്നു. പ്രതിഭയില്‍ മാമോദീസ മുങ്ങുന്നു. വിശിഷ്ടതകൊണ്ട് രൂപകല്പന ചെയ്യപ്പെടുന്നു. ദിനവും മഹത്വപൂര്ണതയിലേക്ക് ചുവടുവയ്ക്കുന്നു. വിശേഷങ്ങള്‍ അയാള്‍ക്ക് മുന്നില്‍ പരിമിതമാണ്. അതുകൊണ്ട് മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ജിം കൊറിയറുടെ വാക്കുകള്‍ കേള്‍ക്കാം. 'ചരിത്രത്തിന്റെ സാക്ഷിയെന്ന നിലയില്‍ പറയട്ടെ, ഭൂമിയെന്ന ഗ്രഹത്തില്‍ റോജര്‍ ഫെഡററോളം ശ്രേഷ്ഠതയുള്ള ഒരു അത്ലറ്റ് ഇതുവരെയില്ല' അത്ലറ്റ് എന്ന വാക്കാണ്് കൊറിയര്‍ ഉപയോഗിച്ചത്. ഇന്നുള്ള സകല കായിക ഇനത്തിലും റോജര്ക്കൊപ്പംവരുന്ന ഒരു താരമില്ല എന്ന് ജിം കൊറിയര്‍ അടിവരയിടുന്നു. ഈ വാക്കുകള്‍ തള്ളിയാലും ഇല്ലെങ്കിലും ലോകത്തെ ലക്ഷക്കണക്കിനാളുകള്‍ക്ക് ടെന്നീസ് വെറുമൊരു കളിയല്ലാതിരിക്കുന്നതിന്റെ കാരണം റോജര്‍ എന്ന 'ആര്‍ട്ടിസ്റ്റിക്' താരത്തിന്റെ വ്യക്തിപ്രഭാവമാണ്. ആകാശത്തിന് കീഴെ സകലതിനും ഒരു കാലമുണ്ട് എന്ന് ബൈബിളില്‍ സഭാപ്രസംഗകന്‍ പറയുന്നതു പോലെ ഇത് റോജര്‍ ഫെഡറര്‍ എന്ന കളിക്കാരന്റെ മഹത്വാരോഹണത്തിന്റെ സമയമാണ്. 19 ഗ്രാന്‍ഡ്സ്ലാം ഉള്‍പ്പെടെ ആരുടെ പേരിനൊപ്പവും ഇതുവരെ എഴുതപ്പെടാത്ത ടെന്നീസ് കണക്കുകളുടെ പെരുമയിലല്ല അത്. വ്യക്തിയും കുടുബസ്ഥനും കളിക്കാരനും എന്ന നിലയില്‍ അയാള്‍ ജീവിതംകൊണ്ട് കാണിച്ചു തരുന്ന, പിന്‍ചെല്ലുന്നവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അത്യുന്നതമായ ചില മാതൃകകളുടെ പേരിലാണത്. ടെന്നീസ് കണക്കുകള്‍ അയാളുടെ ജീവിതത്തിലേക്കുള്ള ചൂണ്ടുപലകകള്‍ മാത്രമാണ്.

പരിപൂര്‍ണതയുടെ മറ്റൊരു പേര്
'റോജറുമായി ബന്ധപ്പെട്ട സകലതും എനിക്ക് ഇഷ്ടമാണ്, അയാളുടെ ഷോട്ടുകള്‍, ചടുലത, ലോലവും നിര്‍ബാധവുമായ ഊര്‍ജം, ചിന്തകള്‍... എല്ലാം. ബഹുവിധ നൈപുണ്യങ്ങള്‍ മേളിക്കുന്നു അയാളില്‍. വാസ്തവത്തില്‍ റോജര്‍ കളിക്കുന്നത് പഴയ ക്ലാസിക് ടെന്നീസില്‍ ആധുനികവീര്യം കലര്‍ത്തിയാണ്. പരിപൂര്ണന് എന്നല്ലാതെ മറ്റൊരു വാക്ക് അയാളെ ചേര്‍ത്തു പറയാനില്ല.' 12 സിംഗിള്‍സ് ഉള്‍പ്പെടെ 39 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ ഇതിഹാസ വനിതാ താരം ബില്ലീ ജീന്‍ കിംഗ് പറയുന്നു. ക്ലാസിക് ടെന്നീസിലെ സമകാലീന വീര്യം എന്ന കിംഗിന്റെ നിരീക്ഷണമാണ് പ്രധാനം. റോജറുടെ കളിയും കളിക്കുന്ന രീതിയും ഇതില്‍ ഉള്‍ക്കൊള്ളുന്നു. ടെന്നീസ് വ്യക്തിഗതമായ കായികശേഷി ആവശ്യപ്പെടുന്ന കളിയാണ്. പോയിന്റുകള്‍, ജയം ഇതൊക്കെ തന്നെയാണ് അന്തിമഫലം നിര്‍ണയിക്കുന്നതും. എന്നാല്‍ നേടുന്ന പോയിന്റുകള്‍ ഒരു നൃത്ത സംഗീത വിരുന്നൊരുക്കുന്നതുപോലെ കാഴ്ചക്കാരെ ആനന്ദിപ്പിക്കുന്നതും ഹൃദ്യവും ആകണമെന്ന കലാബോധത്തില്‍ അധിഷ്ഠിതമാണ് ഫെഡററുടെ കളി. കാല്പനികതയും തന്മയത്വവും അതിലുണ്ട്. കണ്‍കെട്ടും യാഥാര്‍ഥ്യവും ഇഴചേരുന്നുണ്ട്. യോഗാത്മകതയും ആധ്യാത്മികതയും അനുഭവിക്കാം. വിന്‍സെന്റ് വാന്‍ഗോഗിന്റെ ചിത്രം ആസ്വദിക്കുന്നതുപോലെയും മൊസാര്‍ട്ടിന്റെ സംഗീതമേളയില്‍ അലിഞ്ഞിരിക്കുന്നതുപോലെയും അനുഭൂതിദായകമാണ് ഫെഡററുടെ കളിയെന്ന് ടെന്നീസ് പണ്ഡിതര്‍ നിരൂപിക്കുന്നു, ആരാധകര്‍ വാഴ്ത്തുന്നു.
'ടെന്നീസ് മാസ്റ്റെറോ' എന്ന വിളിപ്പേര് അയാള്‍ക്ക് വെറുതേ വന്നുചേര്ന്നതല്ലല്ലോ. തോല്‍വിയിലും ജയത്തിലും റോജര്‍ അടിമപ്പെടുന്ന വൈകാരിക അവസ്ഥകള്‍ വിശിഷ്ടവും ലക്ഷണമൊത്തതുമാണ്. കിരീടമണിയുമ്പോള് അതൊരു അശ്രുപൂജയാകുന്നു. തോല്‍വിയില്‍ അതൊരു സങ്കടക്കീറാകുന്നു. കണ്ണീര് പൊഴിയാതെയോ ഉന്നതങ്ങളിലേക്ക് കണ്ണുയര്ത്താതെയോ റോജറുടെ ഒരു ജയവും തോല്‍വിയും കടന്നുപോകുന്നില്ല. ടെന്നീസ് എപ്പോഴും വ്യക്ത്യാധിഷ്ഠിതമാണ്. കളിക്കാരന് ഏതു രാജ്യത്തെ പ്രതിനിധീകരിക്കുന്നു എന്നത് ഒളിംപിക്സും ഡേവിസ് കപ്പും പോലുള്ള വേദികളില്‍ മാത്രമേ പ്രസക്തമാകുന്നുള്ളൂ. അല്ലാത്തപ്പോഴെല്ലാം ജയ-തോല്‍വികളുടെ ആഹ്ലാദവും നിരാശയുമെല്ലാം ഏറെക്കുറെ അയാളുടേത് മാത്രമാകുന്നു. എന്നാല്‍ ഫെഡററുടെ വിജയാഘോഷം ഗാലറിയുടെ ഇടപെടല്‍ കൂടി നിറയുന്നൊരു വൈകാരിക സങ്കരമാണ്. ഭാവമയമായ വാക്കുകള്‍. വിശുദ്ധിയും നിഷ്്കളങ്കതയും മാറിമറയുന്ന ചാരുതനിറഞ്ഞ ശരീരഭാഷ. പുരുഷത്വം മുന്നിട്ടു നില്‍ക്കാത്ത, ധാര്‍ഷ്ട്യം തീണ്ടാത്ത, എന്നാല്‍ ഔചിത്യമുള്ള, ലക്ഷണമൊത്തതും അംഗപ്പൊരുത്തമുള്ളതുമായ പെരുമാറ്റ രീതിയാണത്. ഫെഡററുടെ ജയവും കളിയും ഭൂരിപക്ഷം ആരാധകര്‍ക്കും പ്രചോദനമാണ്. ചിലര്‍ക്കെങ്കിലും അത് പുനപ്രാപ്തിയും വീണ്ടെടുപ്പും ആണ്. ഉത്തമമായ പുസ്തകം വായിച്ചതുപോലെ, നല്ല സിനിമ കണ്ടതുപോലെയുള്ള അനുഭവം ഈ 'ഫീല്‍ ഗുഡ്' കളി സമ്മാനിക്കുന്നു. 'റോജര്‍ താങ്കളെപോലെ കരയാന്‍ എനിക്ക് കഴിഞ്ഞേക്കും, എന്നാല്‍ അതുപോലെ കളിക്കുകയെന്നത് അസാധ്യമാണ്' മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ ബ്രിട്ടന്റെ ആന്‍ഡി മറെ 2010 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ തോറ്റശേഷം പറഞ്ഞു. എന്നാല്‍ റോജറുടെ കളി പോലെ തന്നെ ആ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും സാദൃശ്യം എളുപ്പമല്ലല്ലോ.

ഫെഡറര്‍ എന്ന 'മതം'
കാറപകടത്തില്‍ പരിക്കേറ്റ് 11 വര്‍ഷം അബോധാവസ്ഥയിലായിരുന്നു ജീസസ് അപ്പാരിസിയോ എന്ന യുവാവ്. 2015 ആഗസ്തില്‍ ഉണര്‍ന്ന അപ്പാരിസിയോ വീട്ടുകാരെ തിരിച്ചറിഞ്ഞ ഉടന്‍ അന്വേഷിച്ചത് റോജര്‍ ഇപ്പോഴും ടെന്നീസ് കളിക്കുന്നുണ്ടോ എന്നാണത്രെ. സ്പെയിന്‍കാരനായ ജീസസിന്റെ 'ജീവിതം' മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രിയതാരത്തെ കാണാന്‍ വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ പോകാന്‍ പദ്ധതിയിട്ടിരിക്കവെ 18-ാം വയസിലാണ് അപ്പാരിസിയോ കാറപകടത്തില്‍ പെട്ടത്. അതേവര്‍ഷം 23 വയസുള്ള ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ ഒഴികെയുള്ള മൂന്ന് ഗ്രാന്‍ഡ്സ്ലാമുകളും നേടി ഒന്നാം റാങ്കിലായിരുന്നു. 34-ാം വയസിലും ഫെഡറര്‍, രണ്ടാം റാങ്കുമായി സര്‍ക്യൂട്ടില്‍ ഉണ്ടെന്ന ബന്ധുക്കളുടെ മറുപടി അവിശ്വസനീയതയോടെയാണ് കേട്ടതെന്ന് അപ്പാരിസിയോ പറയുന്നു. ഒരു വ്യക്തിക്ക് വേണ്ടി അതിശയകരമാം വിധം ഐക്യപ്പെട്ടിരിക്കുന്ന പ്രചോദക സംഘമാണ് റോജര്‍ ഫെഡററുടെ ആരാധകര്‍. ഫെഡുമായി ബന്ധപ്പെട്ട അപ്രസക്തമായ അറിവുകള്‍പോലും മനസില്‍ സൂക്ഷിക്കുന്നവര്‍. എ.ടി.പി മത്സര കണക്കുകള്‍ മനപാഠമാക്കി വാദിക്കുന്നവര്‍. ടെന്നീസിന്റെ മെക്കയായ വിംബിള്‍ഡണ്‍ തീര്‍ത്ഥാടന കേന്ദ്രമാണവര്ക്ക്. സ്വിസ് പതാകയുടെ വെളുപ്പും-ചുവപ്പും നിറത്തില്‍ വസ്ത്രമണിഞ്ഞവരും 'RF' എന്ന ചിത്രാക്ഷര മുദ്ര ടീ ഷര്‍ട്ടില്‍ പതിപ്പിച്ചവരും റോജറുമായി ബന്ധപ്പെട്ട സൂചകങ്ങള്‍ ടാറ്റൂ ചെയ്തവരും എല്ലാം സംഘത്തിലുണ്ട്. പ്രിയതാരത്തിനായി കരയുന്നവരെയും പ്രാര്ഥിക്കുന്നവരെയും കാണാം. ഫെഡര്ക്കുള്ള ജനകീയത അതിശയകരമാണ്. 7.5 മില്യണ്‍ ആളുകള്‍ ട്വിറ്ററിലും, 15 മില്ല്യണ്‍ ആരാധകര്‍ ഫേസ്ബുക്കിലും അദ്ദേഹത്തെ പിന്തുടരുന്നു. 2003 മുതല്‍ 2016 വരെ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നേടിയ എ.ടി.പി വേള്‍ഡ് ടൂര്‍സ് ഫാന്‍സ് ഫേവറിറ്റ് പുരസ്കാരം ഈ ആരാധക സ്നേഹത്തിന്റെ തെളിവാണ്. അതായത് ഫെഡ് ആദ്യ വിംബിള്‍ഡണ്‍ നേടിയ 2003 മുതല്‍ 2016 വരെ മറ്റൊരു താരം ഈ പുരസ്കാരം നേടിയിട്ടില്ല. ഇതില്‍ 2013 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ ഒരു ഗ്രാന്‍ഡ്സ്ലാം പോലും നേടാതെ കിരീട വരള്‍ച്ചയിലൂടെ കടന്നുപോയിട്ടും ആരാധക പുരസ്കാരത്തില്‍ മാറ്റമുണ്ടായില്ല. ഫാന്‍സ് 4 റോജര്‍ പോലുള്ള ഒട്ടേറെ ഔദ്യോഗിക ക്ലബ്ബില്‍ അംഗങ്ങളാണ് റോജറുടെ മിക്ക ആരാധകരും.
ടെന്നീസ് കളിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അതിന് സാമ്പത്തികമായി കഴിവില്ലാത്തവര്‍ക്കായി റോജര്‍ ഫാന്‍സ് ഫെഡറേഷന് പോലുള്ള സംരംഭങ്ങള്‍ ഇന്ത്യയിലും ആരാധകര്‍ തുടങ്ങിയിട്ടുണ്ട്. 2008 ല്‍ ആത്മഹത്യ ചെയ്ത യു.എസ് എഴുത്തുകാരന് ഡേവിഡ് ഫോസ്റ്റര്‍ വാലസ് 2006 ല്‍ ദി ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ 'ഫെഡറര്‍ ആസ് റിലീജിയസ് എക്സ്പീരിയന്‍സ്' എന്ന പ്രവചനാത്മക സ്വഭാവമുള്ള ലേഖനം വരാനിരിക്കുന്ന 'റോജര്‍ പ്രതിഭാസം' സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. റോജറുടെ ഫോര്‍ഹാന്‍ഡ് ഷോട്ടിനെ 'ഗ്രേറ്റ് ലിക്ക്വിഡ് വിപ്പ്' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. സമ്മോഹനമായ കളി മാത്രമല്ല ഫെഡററെ പിന്തുടരാന് ആളുകളെ പ്രേരിപ്പിക്കുന്നത്. ആ വ്യക്തിത്വത്തിന്റെ സൗന്ദര്യവും അനുപമമായ വിജയവും അതിനൊരു കാരണമാണ്. ഇംഗ്ലീഷിനു പുറമേ, ഫ്രഞ്ച്, ജര്‍മ്മന്‍, സ്വിസ് ജര്‍മ്മന്‍ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് ആഗോളതലത്തില്‍ റോജര്‍ക്കും ആരാധകര്‍ക്കും ഇടയിലുള്ള അകലം കുറയ്ക്കുന്നു. ബോക്സിങ് ഇതിഹാസം മുഹമ്മദലി, ബാസ്ക്കറ്റ്ബോള്‍ ലെജന്‍ഡ് മൈക്കല്‍ ജോര്‍ദാന്‍ എന്നിവര്‍ നേടിയെടുത്ത തരം അതിര്‍ത്തികള്‍ മായ്ക്കുന്ന വിസ്തൃതമായ ജനകീയതയ്ക്ക് സമാനമാണ് ഫെഡിന് ഇന്ന് ലഭിക്കുന്ന സ്നേഹം. ഇതില്‍ മൈക്കല്‍ ജോര്‍ദാനോടുള്ള ആരാധനയ്ക്ക് ഒരുപാട് വാണിജ്യ ഘടകങ്ങളുടെ പിന്തുണയുണ്ടായിരുന്നു. റിങ്ങിന് പുറത്തെ അവകാശ പോരാട്ടങ്ങള്‍, മാനവികാംശമുള്ള രാഷ്ട്രീയം. ഇവയെല്ലാംകൊണ്ട് വാണിജ്യ ചേരുവകളില്ലാതെ തന്നെ മുഹമ്മദലി ജനമനസില്‍ ചിരപ്രതിഷ്ഠ നേടി. എന്നാല്‍ അലിയുടെ മാനവിക ഗുണങ്ങളും ജോര്‍ദാന്റെ വാണിജ്യ ഘടകങ്ങളും റോജറില്‍ ചേരുംപടി ചേരുന്നതു കൊണ്ടു തന്നെ അത്യധികമാണ് അദ്ദേഹത്തിന് ലഭിക്കുന്ന സ്നേഹം.
ഷോട്ട് മേക്കര്‍
'ഇത് സ്പെഷ്യലിസ്റ്റുകളുടെ യുഗമാണ്. ഒന്നുകില്‍ നിങ്ങള്‍ കളിമണ്‍ കോര്‍ട്ടില്‍ രാജാവാകുക, അല്ലെങ്കില്‍ പുല്ക്കോര്ട്ടിലോ ഹാര്‍ഡ് കോര്‍ട്ടിലോ അധിപന്. ഇതൊന്നും അല്ലെങ്കില്‍ റോജര്‍ ഫെഡറര്‍ ആകൂ' എട്ട് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ യു.എസില്‍ എത്തിച്ച താരം ജിമ്മി കോണേഴ്സ് പറയുന്നു. എല്ലാ കോര്‍ട്ടിലും ഫെഡറര്‍ക്കുള്ള ആധികാരികത കോണേഴ്സിന്റെ ഈ വാക്കുകളിലുണ്ട്. ശരിക്കും ഓള്‍റൗണ്ടര്‍. നൈസര്‍ഗികമായ ആക്രമണോത്സുകതയാണ് ( natural offensive) ഫെഡററുടെ ഷോട്ടുകളുടെ പ്രത്യേകത. അതിരു കടക്കുന്നതും ആവേശ ഭ്രാന്തുള്ളതുമായ പരിധി വിട്ട കളിയല്ല അത്, മറിച്ച് വേണ്ടിടത്ത് വേണ്ടതുപോലുള്ള ഉത്തമമായ പ്രത്യാക്രമണമാണ്. നീണ്ട റാലികളിലും കോര്‍ട്ടിലെ ചടുല നിമിഷങ്ങളിലും സമ്മര്‍ദ്ദമോ ആവശമോകൊണ്ട് ശബ്ദമുണ്ടാക്കുന്ന രീതി റോജറില്‍ ഒരിക്കലും കണ്ടിട്ടില്ല. അനായാസമായി ഒഴുകുന്ന ശ്രീഘ്രഗതിയുള്ള വിശിഷ്ടമായ ഷോട്ടുകളാണത.് ബേസ്ലൈനില്‍ മേധാവിത്തമുള്ളത്. നെറ്റ് ഓരത്തും ആയാസരഹിതം. ഏറ്റക്കുറച്ചില്‍ ഇല്ലാത്ത വിധം കൃത്യമായ വോളിയും സ്മാഷുകളും. ഹാഫ് വോളിക്കും ജംപ് സ്മാഷിനും ടോപ് സ്പിന്‍ വിന്നേഴ്സിനും ഇതേ പരിപൂര്‍ണത കാണാം. എന്നാല്‍ ഏറെ വിശേഷപ്പെട്ടത് അദ്ദേഹത്തിന്റെ ഫോര്‍ഹാന്‍ഡുകള്‍ ആണ്. ഡേവിഡ് ഫോസ്റ്റര്‍ വാല്ലസിനു പുറമേ മുന്‍ യു.എസ് താരം ജോണ്‍ മക്കന്റോയും ഈ ഫോര്‍ഹാന്‍ഡിനെ വാഴ്ത്തിയിട്ടുണ്ട്. സ്പോര്‍ട്സിലെ ഏറ്റവും മഹത്തായ ഷോട്ട് റോജറുടെ ഫോര്‍ഹാന്‍ഡ് ആണെന്ന് അദ്ദേഹം പറയുന്നു. കഴിയുന്നത്ര ശാന്തനായി, റാക്കറ്റില്ലാത്ത മറുകൈ മാന്ത്രികനെ പോലെ വിടര്‍ത്തിയാണ് ഫെഡ് ഫോര്‍ഹാന്‍ഡുകള്‍ പായിക്കുന്നത്.
ഈ നീണ്ട കാലത്ത് ഓണ്‍ കോര്‍ട്ടില്‍ റോജര്‍ കാക്കുന്ന ശാന്തതയെ കുറിച്ച് മുന്‍ സഹതാരം ആന്‍ഡി റോഡിക്ക് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ഫെഡ് ഇങ്ങനെയാണ് പറഞ്ഞത്. 'പരാജയത്തേക്കാള്‍ ഞാന്‍ വിജയത്തെ സ്നേഹിക്കുന്നു'. ചെറുപ്പത്തില്‍ ഫെഡററുടെ ഹീറോ ആയിരുന്ന സ്വീഡന്റെ സ്റ്റെഫാന്‍ എഡ്ബര്‍ഗ് പരിശീലക സ്ഥാനം ഏറ്റെടുത്ത 2014 മുതല്‍ പല ഷോട്ടുകളും മെച്ചപ്പെടുത്താന്‍ താരത്തിന് കഴിഞ്ഞു. മഹത്തരമായ സെര്‍വുകളുടെയും വോളികളുടെയും പേരില്‍ അറിയപ്പെടുന്ന എഡ്ബര്‍ഗ് വന്നതോടെ കാര്യക്ഷമമായ 'ഷോട്ട് ഇംപ്രവൈസേഷന്' ഫെഡ് കളിയില്‍ ഉപയോഗിക്കാന്‍ തുടങ്ങി. 2015 സിന്‍സിനാറ്റി ഓപ്പണില്‍ തുടങ്ങി യു.എസ് ഓപ്പണോടെ ശ്രദ്ധ നേടിയ ഫെഡററുടെ പുതിയ ആയുധം 'SABR' ഷോട്ട്, (സ്നീക്ക് അറ്റാക്ക് ബൈ ഫെഡറര്‍) ഇത്തരം തത്ക്ഷണ രചനാപാടവം കൊണ്ട് സൃഷ്ടിച്ചതാണ്. നീണ്ട റാലികള്‍ ഇഷ്ടപ്പെടാത്ത ഫെഡറര്‍ക്ക് കുറിയ ഹാഫ് വോളികളും പുതിയ ഷോട്ടുകളും എല്ലാം സെറ്റ് എളുപ്പത്തില്‍ നിര്ണയിക്കപ്പെടുംവിധം വേഗമുള്ളതാക്കുന്നു. ഞൊടിയിടയില്‍ പോയിന്റിലേക്കെത്തുന്ന എയ്സുകളും ചില മത്സരങ്ങളില്‍ കരുതിക്കൂട്ടി ഫെഡ് പ്രയോഗിക്കുന്നു.
2009 വിംബിള്‍ഡണ്‍ ഫൈനലിലെ 50 എയ്സുകള്‍ ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ ചരിത്രത്തിലെ റെക്കോഡാണ്. ടെന്നീസ് ചരിത്രത്തില്‍ ഏറ്റവുമധികം എയ്സുകള്‍ ഉതിര്ത്തവരുടെ പട്ടികയില്‍ ഇവോ കര്ലോവിക്കിനും ഗൊരാന്‍ ഇവാനിസെവിക്കിനും പിന്നില്‍ മൂന്നാമതായി റോജര്‍ ഉണ്ട്. ഇരുകാലുകള്‍ക്കും ഇടയിലൂടെ പന്തിനെ റാക്കറ്റ് കൊണ്ട് ആട്ടിപ്പായിക്കുന്ന ഫെഡററുടെ അപ്രതീക്ഷിത ഷോട്ടുകളെ ട്വീനര്‍, ഹോട്ട് ഡോഗ് എന്നെല്ലാമുള്ള നാടന്‍ പേരുകളിലാണ് വിളിക്കുന്നത്. 2009 ലെ യു.എസ് ഓപ്പണ്‍ സെമിഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെതിരായ മത്സരത്തില്‍ ഈ ആയുധത്തിന്റെ ഫലപ്രദമായ വിനിയോഗം കണ്ട് അതിശയപ്പെട്ടതാണ് നാം. 2016 ലെ വിംബിള്‍ഡണ്‍ സെമിയില്‍ കാനഡയുടെ മിലോസ് റാവോണിക്കിനോട് തോറ്റശേഷം ആറുമാസം വിട്ടുനിന്ന് 2017 ഹോപ്മാന്‍ കപ്പില്‍ തിരിച്ചു വരികയും ഓസ്ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാലിനോട് ജയിക്കുകയും ചെയ്തത് ബാക്ക് ഹാന്‍ഡ് ഷോട്ടുകള്‍ കളിക്കുന്നതില്‍ വരുത്തിയ അതിശയകരമായ പുരോഗതി കൊണ്ടാണ്. ഫെഡററുടെ മറ്റ് ഷോട്ടുകളുടെ കൂര്‍മ്മത ബാക്ക്ഹാന്ഡിനില്ല. അതുകൊണ്ടുതന്നെ ഈ ഷോട്ടുകള്‍ തിരഞ്ഞ് ആക്രമിച്ച് പോയിന്റ് നേടുകയെന്നതാണ് റാഫേല്‍ നദാലിന്റെ സ്ഥിരം രീതി. അത് കണ്ടെത്തി പരിഹരിക്കുകയാണ് ഓഫ് സീസണ് കാലത്ത് സ്വിസ് താരം പ്രധാനമായും ചെയ്തത്. അസ്ഥിരമായ ഷോട്ടുകള്‍ കണിശമാക്കി. പതിവ് ആയുധങ്ങളെ മൂര്‍ച്ച കൂട്ടി പ്രയോഗിക്കാന്‍ ശീലിച്ചു. സന്ദര്‍ഭോചിതമായി പുതിയ ഷോട്ടുകള്‍ കണ്ടുപിടിച്ച് പരീക്ഷിക്കുന്ന ഫെഡററുടെ ശീലത്തെ കുറിച്ച് യു.എസിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം ട്രേസി ഓസ്റ്റിന്‍ കളിയായി പറയുന്നത് ഇങ്ങനെയാണ് 'റോജര്‍ വികസിപ്പിക്കുന്ന ഷോട്ടുകളെല്ലാം നിയമവിരുദ്ധമായി പ്രഖ്യാപിക്കേണ്ടതാണ്'.

'ഫ്രീക്കിങ്' ഫെഡ്
പൊതുവേ മിതഭാഷിയും മനസു തുറക്കാത്ത പ്രകൃതക്കാരനുമായ ഫെഡററുടെ സന്ദര്‍ഭോചിതമായ സ്വഭാവ-രൂപ പരിണാമങ്ങള്‍ നമ്മളെ അതിശയിപ്പിക്കും. കളിക്ക് ശേഷമുള്ള വൈകാരിക വേലിയേറ്റങ്ങള്‍ കഴിഞ്ഞാല്‍ അവതാരകന്റെ ചോദ്യങ്ങള്‍ക്കുള്ള അയാളുടെ മറുപടികള്‍ സ്പഷ്ടവും കൃത്യവും ആത്മവിശ്വാസം തുടിക്കുന്നതും അടിമുടി മാന്യവും ഉപചാര സമൃദ്ധവും ആയിരിക്കും. എതിര് കളിക്കാരനോടോ ബോള്‍ ബോയ്സിനോടോ ആരാധകരോടോ കറുത്ത ഭാവം പ്രകടിപ്പിക്കുന്ന ഫെഡററെ കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ല. വാര്‍ത്താസമ്മേളനങ്ങളില്‍ പല ഭാഷകളില്‍ മറുപടി നല്‍കും. പരാജയത്തിന്റെ ദു:ഖം കനത്തിരിക്കുമ്പോഴും ആത്മനിയന്ത്രണം കണിശമായി കാക്കും. ഇങ്ങനെ മുറപ്രകാരം ജീവിക്കുന്ന റോജര്‍ അപൂര്‍വ്വം അവസരങ്ങളിലെങ്കിലും ലോലഭാവങ്ങളെ താലോലിക്കാറുണ്ട്. വീട്ടുകാരും ബന്ധുക്കളും കഴിഞ്ഞാല്‍ അടുത്ത സുഹൃത്തുകളാണ് ഫെഡററുടെ രസകരമായ പ്രകടനങ്ങളുടെയും ഭാവമാറ്റത്തിന്റെയുമെല്ലാം സാക്ഷികള്‍. മുന്‍ ജര്‍മ്മന്‍ പ്രൊഫഷണല്‍ ടെന്നീസ് താരം ടോമി ഹാസ്, 'ബേബി ഫെഡ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബള്‍ഗേറിയയുടെ യുവതാരം ഗ്രിഗര്‍ ദിമിത്രോവ് എന്നിവരുമായി ചേര്‍ന്ന് മ്യൂസിക്ക് ബാന്‍ഡ് തുടങ്ങുമെന്ന് വ്യക്തമാക്കിയിരിക്കുന്ന ഫെഡറര്‍ ഇവരോടൊപ്പം പാടിയ അമേരിക്കന്‍ ബാന്‍ഡ് 'ചിക്കാഗോ' യുടെ 'ഹാര്‍ഡ് ടു സെ ഐ ആം സോറി' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ടോമി ഹാസിന്റെ ബന്ധുവും ഗ്രാമി നേടിയ പ്രമുഖ പാശ്ചാത്യ സംഗീതജ്ഞനുമായ ഡേവിഡ് ഫോസ്റ്ററിന്റെ പിയാനോയുടെ അകമ്പടിയോടെയായിരുന്നു ഈ പാട്ട്. ഫെഡററുടെ പിയാനോ കമ്പം നേരത്തേ പ്രശസ്തമാണല്ലോ. അതുപോലെ തന്നെയാണ് സിനിമാ പ്രേമവും.
2017 ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിന്റെ തലേദിവസം കുടുംബത്തോടൊപ്പം 'ലയണ്‍' (ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ഈ വിദേശ സിനിമയ്ക്ക് ഓസ്കര് നോമിനേഷന് ഉള്‍പ്പെടെ കിട്ടിയിരുന്നു) കണ്ട്് വൈകാരിക ആഘാതം തന്നെ ഉണ്ടായെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ ജി.ക്യു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഫെഡറര്‍ പറയുന്നുണ്ട്. 'ലാ ലാ ലാന്‍ഡ്' എന്ന സിനിമയുടെ ക്ലൈമാക്സ് ഒഴികെ എല്ലാം ഇഷ്ടമാണെന്നും എന്തിന്റെയും ശുഭ സമാപ്തിയാണ് ആഗ്രഹിക്കുന്നതെന്നും ഇതേ സംഭാഷണത്തില്‍ തന്നെ കൂട്ടിച്ചേര്‍ക്കുന്നു. സന്ദര്‍ഭോചിതമായ സ്റ്റൈലും അപാര നിലവാരമുള്ള വസ്ത്രധാരണവുമാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. ലോകത്തെ ഏറ്റവും സ്റ്റൈലിഷ് ആയ പുരുഷനായി 2016 ല്‍ ജി.ക്യു മാഗസിന് തിരഞ്ഞെടുത്തത് റോജറെയാണ്. അമേരിക്കന്‍ ഗായകനും സൂപ്പര്‍ മോഡലും യു.എസ് നടി കിം കര്‍ദാഷിയാന്റെ ഭര്‍ത്താവുമായ കാന്യെ വെസ്റ്റ്, ലാ ലാ ലാന്‍ഡ് നായകന് റയന്‍ ഗോസ്ലിങ് ഉള്‍പ്പെടെ ഷാഷന്‍, മോഡലിങ് രംഗത്തെ പ്രമുഖരെ പിന്നിലാക്കിയാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഫെഡറര്‍ ഒന്നാമനായത്. പരിധിവിട്ട ഫാഷന്‍, ടാറ്റൂ, തലമുടിയിലെ പരീക്ഷണങ്ങള്‍ ഇവയെല്ലാം ചില സ്പോര്‍ട്സ് താരങ്ങളുടെയെങ്കിലും ദൗര്‍ബല്യമാണെങ്കിലും റോജര്‍ അവരില്‍ ഒരുവനല്ല. ഇങ്ങനെയെങ്കിലും 'ലോര്‍ഡ് ഓഫ് റിംഗ്സ്' എന്ന ഭ്രമാത്മക നോവലിലെ കുലീന പോരാളി ആരഗണ്‍ രണ്ടാമനോടും മറ്റുമാണ് ഫെഡററുടെ ശരീര പൂര്‍ണ്ണതയെ ആരാധകര്‍ ബന്ധിപ്പിക്കുന്നത്. എന്തിനധികം, ഭാവി ജെയിംസ് ബോണ്ടിനു വേണ്ട വിശേഷലക്ഷണങ്ങള്‍ വരെ ഇദ്ദേഹത്തില്‍ കണ്ടെത്തുന്നു ചിലര്‍. അപൂര്‍വമായി നിയന്ത്രണത്തിന്റെ കെട്ടഴിഞ്ഞ ആഘോഷം ഫെഡററില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. ആന്‍ഡി റോഡിക്കിനെ തോല്‍പ്പിച്ചുകൊണ്ട് വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ നേടിയ 15 ഗ്രാന്‍ഡ്സ്ലാം ഉറപ്പിച്ചുള്ള ആ 'വിജയച്ചാട്ടം' കരിയറിലെ ഏറ്റവും ഉന്മാദം നിറഞ്ഞ മുഹൂര്ത്തമായിരുന്നെന്നാണ് മത്സരശേഷം താരം പറഞ്ഞത്.

എതിരാളികളുടെ സുഹൃത്ത്
മോനിക്കാ സെലസിനെ കത്തികൊണ്ടു കുത്തിയ സ്റ്റെഫിഗ്രാഫിന്റെ ആരാധകന്റെ കഥ 20 വര്‍ഷം പിന്നിലാണെങ്കിലും കുടിപ്പകയും ആരാധക ഇടപെടലുകളുമെല്ലാം പഴയ തീവ്രതയോടെയല്ലെങ്കിലും ഇന്നും ബാക്കിയുണ്ട്. എന്നാല്‍ ടെന്നീസ് മാത്സര്യത്തിന്റെ നിര്‍വചനം തന്നെ മാറ്റി ഫെഡററുടെ കാലത്തെ കളികള്‍. സഹ കളിക്കാര്‍ ഇത്ര ബഹുമാനത്തോടെ സംസാരിക്കുന്ന മറ്റൊരു ടെന്നീസ് താരം ഇല്ല. റോജറുമായി ഫൈനല്‍ കളിക്കേണ്ടി വന്നതുകൊണ്ട് മാത്രം മൂന്ന് ഗ്രാന്ഡ്സ്ലാമുകള് കിട്ടാക്കനിയായ യു.എസിന്റെ മുന്‍ ഒന്നാം നമ്പര്‍ താരം ആന്‍ഡി റോഡിക്ക് പറയുന്നു' റാക്കറ്റ് കൊണ്ട് കളിക്കുന്നവരില്‍ ഇയാളായിരിക്കാം ഒരു പക്ഷേ ഏറ്റവും വലിയ പ്രതിഭ. എല്ലാം തികഞ്ഞ ഒരാള്‍ക്ക് മാത്രം കഴിയുന്ന ഷോട്ടുകളാണ് ആ റാക്കറ്റില്‍ നിന്ന് വരുന്നത്. ഒട്ടേറെ നല്ല ചാമ്പ്യന്മാരെ പരിചയമുണ്ട്. എന്നാല്‍ ഓണ്‍ കോര്‍ട്ടിലും ഓഫ് കോര്‍ട്ടിലും ഇത്രയും ആഭിജാത്യം പുലര്‍ത്തുന്ന ഒരാളെ കണ്ടിട്ടില്ല'. മികച്ച കളിക്കാരനായിരുന്നിട്ടും ഒരു ഗ്രാന്‍ഡ്സ്ലാം കിരീടത്തില്‍ ഒതുങ്ങിപ്പോയ യു.എസ് താരത്തിന്റെ റോള്‍മോഡലും ഫെഡറര്‍ തന്നെയാണ്. തങ്ങള്‍ തമ്മിലുള്ള കളികളെ മത്സര പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്നും ഫെഡിന്റെ ഏകപക്ഷീയമായ തേരോട്ടമായിരുന്നു അതെന്നും റോഡിക്ക് പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിലുള്ള 24 മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് റോഡിക്കിന് വിജയിക്കാനായത്. 1998 മുതല്‍ 2005 വരെയുള്ള വര്‍ഷങ്ങളില്‍ ഫെഡററുടെ പ്രധാന എതിരാളികളില്‍ ഒരാളായിരുന്നു, എട്ട് ഗ്രാന്ഡ്സ്ലാമുകള് നേടിയ ആന്ദ്രേ അഗാസി. ടെന്നീസിലെ മികച്ച സര്‍വ്വീസ് റിട്ടേണറായ അഗാസിയും ഫെഡററും 11 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ട് പ്രാവശ്യവും ഫെഡറര്‍ക്കായിരുന്നു ജയം. 'വേഗതയുള്ള കോര്‍ട്ടില്‍ പീറ്റ് സാംപ്രസിനെ തളയ്ക്കുകയെന്നത് മിക്കവാറും അസാധ്യമായ കാര്യമാണ്. എന്നാല്‍ ക്ലേ സീസണില്‍ പീറ്റിനോട് പ്രതികാരം വീട്ടാന്‍ കളിക്കാര്‍ കാത്തിരിക്കും.
എന്നാല്‍ അങ്ങനെയൊരു ധാരാളിത്തവും അവസരവും ഫെഡററുടെ കാര്യത്തില്‍ ആരും പ്രതീക്ഷിക്കേണ്ട. നിസംശയമായും അയാള്‍ ഒരു ഓള്റൗണ്ടറാണ്്'-അഗാസി പറയുന്നു. രണ്ട് ഗ്രാന്ഡ്സ്ലാമുകള് നേടിയ ഓസ്ട്രേലിയയുടെ ലെയ്ട്ടണ്‍ ഹെവിറ്റ്, 2009 ഫെഡററെ അട്ടിമറിച്ച് യു.എസ് ഓപ്പണ്‍ നേടിയ അര്ജന്റീനക്കാരന് യുവാന്‍ മാര്ട്ടിന് ദെല്‍ പൊട്രോ, രണ്ട് ഗ്രാന്ഡ്സ്ലാമുകള് നേടിയ റഷ്യന്‍ പ്രതിഭ മരാത്ത് സഫിന്, 2002 ലെ വിംബിള്‍ഡണ്‍ ഫൈനല്‍ കളിച്ച അര്‍ജന്റീനയുടെ ഡേവിഡ് നെല്ബന്തിയാന്, ഇപ്പോഴും സജീവ ടെന്നീസിലുള്ള താരവും 2010 ലെ വിംബിള്‍ഡണ്‍ റണ്ണേഴ്സ് അപ്പുമായ തോമസ് ബെര്‍ഡിച്ച്, 2008 ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ കളിച്ച ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ്ക, വിംബിള്‍ഡണ്‍ ഒഴികെ മൂന്ന് ഗ്രാന്ഡ്്സ്ലാമുകള് നേടിയ സ്വിസ് താരം സ്റ്റാന്‍ വാവ്റിങ്ക എന്നീ മുന്‍നിര താരങ്ങള്‍ക്ക് എതിരെയെല്ലാം വ്യക്തമായ നേര്‍ക്കുനേര്‍ റെക്കോഡാണ് ഫെഡറര്‍ക്ക് ഉള്ളത്. പ്രതിഭകൊണ്ട് സഹ കളിക്കാരെ അതിശയിപ്പിച്ച ഫെഡിന്റെ ആദ്യകാല കളിയെ കുറിച്ച്, 2007 വരെ സജീവ ടെന്നീസിലുണ്ടായിരുന്ന ബ്രിട്ടീഷ് താരം ടിം ഹെന്മാന് ഇങ്ങനെയാണ് അഭിപ്രായപ്പെടുന്നത്, 'ഇതുപോലെ ഷോട്ട് വൈവിധ്യം ആര്‍ക്കും ഉണ്ടെന്ന് തോന്നുന്നില്ല. റോഡിക്കിന്റെ സെര്‍വ്വും, അഗാസിയുടെ റിട്ടേണും, എന്റെ വോളിയും, ഹെവിറ്റിന്റെ ഗതിവേഗവും നിര്‍ബന്ധ ബുദ്ധിയും എല്ലാം ചേരുംപടി ചേര്‍ന്നാല്‍ ഒരുപക്ഷേ അയാളെ തോല്പിക്കാനാകും'.

'ബിഗ് ത്രീ'യും ഫെഡററും
എക്കാലത്തെയും മികച്ച താരത്തെ ( 'GOAT') നിര്ണ്ണയിക്കുന്നതിലേക്കായി കാലാകാലങ്ങളില്‍ സര്‍വേയും നിരൂപക ചര്‍ച്ചയും എല്ലാം നടക്കാറുണ്ട്. ഗ്രാന്‍ഡ്സ്ലാമുകളുടെ എണ്ണവും ഓള് റൗണ്ട് പ്രകടനവും തന്നെയാണ് ഈ നിഗമനങ്ങളുടെയെല്ലാം ആദ്യ അളവുകോല്‍. കളിയുടെ ക്ലാസിക് രീതികളും സൗന്ദര്യവും കോര്‍ട്ടിലെ സത്യസന്ധതയും എല്ലാം രണ്ടാമതേ വരൂ. നേര്‍ക്കുനേര്‍ ഏറ്റുമുട്ടലുകളില്‍ ഫെഡറര്‍ക്കെതിരെ മികച്ച മുന്നേറ്റം നടത്തിയവരും സമകാലീനരുമായ സ്പെയിനിന്റെ റാഫേല്‍ നദാല്‍, സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്, ബ്രിട്ടന്റെ ആന്‍ഡി മറേ എന്നിവരുമായുള്ള താരതമ്യം തന്നെയാണ് ഇതില്‍ പ്രധാനപ്പെട്ടത്. 19 ഗ്രാന്ഡ്സ്ലാമുകള് നേടിയിട്ടുണ്ട് 36 കാരനായ ഫെഡറര്‍, പുരുഷ സിംഗിള്‍സില്‍ ഏറ്റവുമധികം. (എട്ട് വിംബിള്‍ഡണ്‍, ഓസ്ട്രേലിയന്‍-യു.എസ് ഓപ്പണുകള്‍ അഞ്ച് വീതം, ഒരു ഫ്രഞ്ച് ഓപ്പണ്‍) 2001 ല്‍ പ്രൊഫഷണല്‍ ടെന്നീസിലെത്തിയ, ഫെഡററേക്കാള്‍ അഞ്ച് വയസ് കുറവുള്ള നദാല്‍ 16 ഗ്രാന്‍ഡ്സ്ലാമുകളുമായി രണ്ടാം സ്ഥാനത്തുണ്ട് (ഫ്രഞ്ച് ഓപ്പണുകള്‍ 10, മൂന്ന് യു.എസ് ഓപ്പണ്‍, രണ്ട് വിംബിള്‍ഡണ്‍, ഒരു ഓസ്ട്രേലിയന്‍ ഓപ്പണ്‍). 30 വയസുള്ള, 2003 ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറിയ ജോക്കോവിച്ചിന്റെ ഗ്രാന്‍ഡ്സ്ലാം നേട്ടം 12 ആണ് (6 ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഒരു ഫ്രഞ്ച് ഓപ്പണ്‍, മൂന്ന് വിംബിള്‍ഡണ്‍, രണ്ട് യു.എസ് ഓപ്പണ്‍). മൂന്ന് ഗ്രാന്ഡ്സ്ലാമുകള് മാത്രമേ നേടിയിട്ടുള്ളൂ എങ്കിലും (രണ്ട് വിംബിള്‍ഡണ്‍, ഒരു യു.എസ് ഒാപ്പണ്‍) ആറ് ഗ്രാന്‍ഡ്സ്ലാമുകളിലെ റണ്ണേഴ്സ് അപ്പ് നേട്ടവും രണ്ടു തവണ ഒളിപിക്സ് സ്വര്‍ണ്ണം നേടിയ ചരിത്രത്തിലെ ഏക താരമെന്ന റെക്കോഡും മികച്ച സിംഗിള്‍സ് കണക്കുകളുമാണ് 30-കാരനായ ആന്‍ഡി മറെയെ 'ബിഗ് ഫോറിന്റെ' ഭാഗമാക്കുന്നത്. ഫെഡറര്‍ പ്രൊഫഷണല്‍ സര്ക്യൂട്ടിലേക്കെത്തിയ, 1998 മുതല്‍ കളി തുടങ്ങിയ ആരും മേല്പറഞ്ഞവരിലില്ല. വളരെ നീണ്ടതും ഏറെക്കുറെ സ്ഥിരമാര്ന്നതുമായ ടെന്നീസ് കരിയറായിരുന്നു റോജറുടേത് എന്നര്‍ത്ഥം. ഗ്രാന്‍ഡ്സ്ലാമുകളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തുള്ള നദാലും പീറ്റ് സാംപ്രസിന് പിന്നില്‍ നാലാം സ്ഥാനത്തുള്ള ജോക്കോവിച്ചും കരുത്താര്‍ജ്ജിക്കുന്ന കാലത്തിന് മുമ്പാണ് (2003- 2009) ഫെഡറര്‍ കൂടുതല്‍ ഗ്രാന്‍ഡ്സ്ലാമുകളും നേടിയതെന്നതും, നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ നദാല്‍ (23- 14) ഒമ്പതു മത്സരങ്ങളില്‍ മുന്നിട്ടു നില്ക്കുന്നു എന്നതുമാണ് ഫെഡററുടെ കരിയര്‍ പൂര്‍ണതയ്ക്ക് എതിരെയുള്ള പ്രധാന വിമര്‍ശം. ഇതില്‍ ഗ്രാസ്, ഇന്‍ഡോര്‍ ഹാര്‍ഡ് കോര്‍ട്ടുകളില്‍ ഫെഡും, ക്ലേ, ഔട്ട്ഡോര്‍ ഹാര്‍ഡ് കോര്‍ട്ടുകളില്‍ റാഫയുമാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്നാല്‍ ജോക്കോവിച്ച്-ഫെഡ് നേര്‍ക്കുനേര്‍ കണക്ക് പരിശോധിച്ചാല്‍ ഒറ്റ മത്സരത്തിന്റെ ലീഡ് മാത്രമേ സെര്‍ബിയന്‍ താരത്തിന് ഉള്ളൂ. ഹാര്‍ഡ് കോര്‍ട്ടിലും(17-17),ക്ലേ കോര്‍ട്ടിലും(4-4) ഇരുവരും തുല്യ മത്സരങ്ങള്‍ വീതം ജയിച്ചപ്പോള്‍ ഗ്രാസ് കോര്‍ട്ടില്‍ 2-1 ന് ജോക്കോ മുന്നിട്ടുനില്‍ക്കുന്നു. 15 വേദികളില്‍ ഏറ്റുമുട്ടിയ ഇരുവരുടെയും മത്സരങ്ങള്‍ ഗ്രാന്‍ഡ്സ്ലാമിലെ തന്നെ ചരിത്രമാണ്. നദാലിനു പുറമേ തുടര്‍ച്ചയായ രണ്ട് ഗ്രാന്‍ഡ്സ്ലാം ഫൈനലുകളില്‍ ഫെഡററെ തോല്പിക്കാന് കഴിഞ്ഞ താരമാണ് ജോക്കോ. നദാല്‍-ഫെഡ് മത്സരങ്ങള്‍ പോലെ തന്നെ അതീവ നിലവാരമാണ് ജോക്കോ-ഫെഡ് നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെയും പ്രത്യേകത. ആന്‍ഡി മറേയുമായി 25 തവണ ഏറ്റുമുട്ടിയപ്പോള്‍ 14 ജയത്തിന്റെ ലീഡുമായി ഫെഡറര്‍ ആണ് മുന്നില്‍. 2012 ഒളിംപിക്സില്‍ സ്വര്‍ണം നേടിയ മറേ ഫെഡിന്റെ കരിയര്‍ ഗോള്‍ഡന്‍ സ്ലാം മോഹങ്ങള്‍ വെള്ളി നേട്ടത്തില്‍ അവസാനിപ്പിച്ചു. റാഫയ്ക്കും ജോക്കോവിച്ചിനും പുറമേ ഫെഡറര്‍ക്കെതിരെ 10 ജയത്തില്‍ അധികം നേടിയ മൂന്നാമത്തെ മാത്രം താരമാണ് മറേ. കളിക്കുന്ന പ്രതലം, കളിയുടെ രീതി എന്നിവ ഈ താരതമ്യ പഠനത്തില്‍ പ്രധാനമാണ്. 2003 നു ശേഷം സര്‍ക്യൂട്ടില്‍ സജീവമായ ഫെഡറര്‍ ഒഴികെയുള്ള മൂന്നുപേരും കളിക്കുന്നത് പ്രതിരോധത്തിലൂന്നിയുള്ള (defensive) കളിയാണ്. ഫെഡ് ആവട്ടെ സ്വാഭാവിക ആക്രമണത്തിന് മുന്‍തൂക്കം നല്‍കിയുള്ള ഷോട്ടുകള്‍ കളിക്കുന്നു.

'ഫെദാല്‍'
ടെന്നീസ് ചരിത്രത്തിലെ ഏറ്റവും നിലവാരമുള്ളതും ഉത്കൃഷ്ടവുമായ നേര്‍ക്കുനേര്‍ പോരാട്ടം അറിയപ്പെടുന്നത് 'ഫെദാല്‍' എന്ന പേരിലാണ്. സ്വയം ആസ്വദിച്ചും കാഴ്ചക്കാരെ ആനന്ദിപ്പിച്ചും സ്വാഭാവികമായി ഒഴുകിയ ഫെഡിന്റെ ക്ലാസിക് കളിക്ക് കാര്യമായ ഭംഗം വരുത്തിയത് റാഫേല്‍ നദാലിന്റെ വരവാണ്. പ്രതിരോധവും ശക്തിയും സമംചേര്‍ത്ത നദാലിന്റെ കളി കണ്ടാലറിയാം അത് എതിരാളിയെ പരമാവധി സമ്മര്ദത്തിലാക്കുമെന്ന്്. റാഫയുടെ കരുത്തുള്ള ഷോട്ടുകളെക്കാള്‍ റോജര്‍ പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ അതി ആക്രമണോത്സുകത ( hyper aggression) നിറഞ്ഞ മാനസിക മുന്‍തൂക്കത്തിനും ശരീരഭാഷയ്ക്കും മുന്നിലാണെന്ന് പറയാം. സദാ കരുത്തും വാശിയും നിറച്ച യോദ്ധാവിനെ പോലെയാണ് കോര്‍ട്ടിലെത്തിയാല്‍ റാഫ. ഈ രീതിയില്‍ മുന്നേറുന്ന നദാല്‍ ഫെഡററുടെ താരതമ്യേന ദുര്‍ബലമായ ബാക്ക് ഹാന്ഡുകളെ ടോപ്പ് സ്പിന്‍ ആക്രമണം കൊണ്ട് നേരിട്ട് കളി വരുതിയിലാക്കുന്നു. ഫോം നഷ്ടപ്പെട്ട് ഉഴറിയ പല മത്സരങ്ങളിലും ടോപ് സ്പിന്‍ ഉപയോഗിച്ച് അപ്രേരിത പിഴവുകള്‍ കൊണ്ട് റോജറെ തകര്‍ക്കുകയാണ് റാഫ ചെയ്തിരുന്നതെന്ന് കാണാം. ഈ രീതി എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ റോജര്ക്ക്് അറിയാതെ വന്നുചേര്ന്നൊരു മാനസിക വിധേയത്വവും ബഹുമാനവും നദാലിന് പല ജയങ്ങളും എളുപ്പമാക്കിയിട്ടുമുണ്ട്. അര്‍ജന്റീനയുടെ ലാസ്യമാര്‍ന്ന ഫുട്ബോള്‍ കളിയെ ഇറ്റലി പ്രതിരോധംകൊണ്ടു ഞെരുക്കുന്ന പോലെയായിരുന്നു ഫെഡ് റാഫയ്ക്ക് മുന്നില്‍ കീഴടങ്ങിയ ചില കളികളെങ്കിലും. കോര്‍ട്ടിലെ ഗ്ലാഡിയേറ്റര്‍ എന്ന് നദാലിനെ വിളിക്കാമെങ്കില്‍ കളത്തിലെ കുലീനനായ പോരാളി ആണ് ഫെഡ്. നദാല്‍ എന്നല്ല, അതി ആക്രമണോത്സുകതയില്‍ കളിക്കുന്ന ആരുമായും കഴിവിന്റെ പരമാവധി പോരാടാന്‍ തുനിയാതെ സ്വയം വിട്ടുകൊടുക്കുന്നൊരു മനോഭാവം ഫെഡററില്‍ പലപ്പോഴായി ഉണരുന്നു. കോര്‍ട്ടില്‍ ഇതൊരു തരം മാനസിക കീഴടങ്ങല്‍ ആണെങ്കിലും, വ്യക്തിപരമായുള്ളൊരു നന്മ ഈ പിന്വാങ്ങലിലുണ്ട്. ചില ജയങ്ങള്‍ താന്‍ അര്‍ഹിക്കുന്നില്ലെന്ന് തീര്‍ച്ചപ്പെടുത്തിയത് പോലൊരു മനോനിലയിലെത്തി, കളി കൈവിടുകയാണ് അദ്ദേഹം ചെയ്തിരുന്നതെന്ന് കാണാം. എന്നാല്‍ എതിരാളിയെ പരമാവധി സമ്മര്‍ദ്ദപ്പെടുത്തി തോല്പിക്കുക എന്ന രീതിയാണ് റാഫയുടേത്. ആദ്യ പോയിന്റില്‍ തുടങ്ങുന്ന ആവേശവും വാശിയും സെറ്റ് പോയിന്റിലും, മാച്ച് പോയിന്റിലും അതേ തീവ്രതയോടെ നിലനില്ക്കുന്നു. ഏത് സുഹൃത്തും കളത്തില്‍ എതിരാളി മാത്രമാണെന്ന് പ്രഖ്യാപിച്ചുള്ളൊരു ആക്രമണം. ചുരുക്കിപ്പറഞ്ഞാല്‍ കാലത്തിനു ചേര്‍ന്ന കളി റാഫയും സമകാലീകരും കളിക്കുമ്പോള്‍, ചില മാറ്റങ്ങളുമായി പൊരുത്തപ്പെടാനാകാതെ നന്മ നിറഞ്ഞൊരു കളിയില്‍ ഫെഡറര്‍ കുടുങ്ങിനില്ക്കുന്നു പലപ്പോഴും. അത്യാവേശം നിറച്ച കളി തന്റെ വ്യക്തിത്വത്തെ ബാധിക്കുമെന്നൊരു ഉള്പ്രേരണയാവാം കുലീനമായ കളിയില്‍ ഫെഡിനെ തളച്ചിട്ടത്. കളത്തിലെ മൊസാര്‍ട്ടിന് അങ്ങനെയാവാതെ തരമില്ലല്ലോ. മറ്റൊന്ന് കളിക്കുന്ന പ്രതലമായിരുന്നു. 16 ഗ്രാന്‍ഡ്സ്ലാമുകളില്‍ പത്തും റൊളണ്ട് ഗാരോസില്‍ നേടിയിട്ടുള്ള നദാല്‍ ക്ലേ കോര്‍ട്ടിലെ എക്കാലത്തെയും മികച്ച താരമാണെന്നതില്‍ സംശയമില്ല. ഗ്രാസ് കോര്‍ട്ടിലും ഒരുപരിധിവരെ ഹാര്‍ഡ് കോര്‍ട്ടിലും മുന്‍തൂക്കമുള്ള കേളീരീതി ശീലിച്ച ഫെഡറര്‍ക്ക് കളിമണ്‍ കോര്‍ട്ടില്‍ നദാലിനൊപ്പം എത്താനാവില്ലെന്ന് കളിയുടെ സാങ്കേതികത ഉള്‍ക്കൊണ്ട് അംഗീകരിക്കുമ്പോഴും ചില ക്ലേ കോര്‍ട്ട് കണക്കുകള്‍ കാണാതെ പോകരുത്. 2009 ലെ ഫ്രഞ്ച് ഓപ്പണ്‍ നേടിയ ഫെഡറര്‍, ഇതുകൂടാതെ നാല് ഫൈനലുകള്‍ റൊളണ്ട് ഗാരോസില്‍ കളിച്ചു. അഞ്ച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകള്‍ കളിച്ച താരം ഒരിക്കലും ക്ലേ കോര്‍ട്ടിലെ പിന്ബെഞ്ചുകാരന് ആകില്ലല്ലോ. അതായത് കളിമണ്ണിനേക്കാള്‍ നദാലിന്റെ മാനസിക മുന്‍തൂക്കമാണ് ഫെഡററെ കിരീടത്തില്‍ നിന്ന് അകറ്റിയത്. റാഫയ്ക്ക് പകരം മറ്റൊരു എതിരാളിയായിരുന്നു ആ സ്ഥാനത്തെങ്കില്‍ ഫലം മറ്റൊന്നായേനെ. ഇതൊക്കെയാണെങ്കിലും പ്രധാന മാസ്റ്റേഴ്സ് ടൂര്‍ണമെന്റുകളില്‍ മോണ്ടികാര്‍ലോ, ഇറ്റാലിയന്‍ ഓപ്പണ്‍ ഒഴികെ, ക്ലേ ഉള്‍പ്പെടെയുള്ള എല്ലാ കോര്‍ട്ടിലും ഫെഡറര്‍ കിരീടം നേടിയിട്ടുണ്ട്. ഇയര്‍ എന്‍ഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ നാല് ടെന്നീസ് മാസ്റ്റേഴ്സ് കപ്പുകളും എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ രണ്ടെണ്ണവും ഫെഡറര്‍ നേടിയത് ഇതുവരെയുള്ള റെക്കോഡ് ആണ്. ഇയര്‍ എന്‍ഡ് ചാമ്പ്യന്‍ഷിപ്പുകള്‍ നദാലിന് കിട്ടിയിട്ടില്ല ഇതുവരെ. മറ്റൊരു തരത്തില്‍ കാണുകയാണെങ്കില്‍ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും ലക്ഷണമൊത്ത മാത്സര്യമായിരുന്നു 'ഫെദാല്‍' .റാഫയെ തുണയ്ക്കുന്ന കണക്കുകള്‍ അവഗണിച്ചാല്‍, ഫെഡറര്‍ക്കാണ് ആ മത്സരങ്ങള്‍ കൂടുതല്‍ ഗുണമുണ്ടാക്കിയതെന്ന് കാണാം. വിഘ്നങ്ങളില്ലാതെ കടന്നുപോന്ന ഫെഡിന് പോരുന്ന എതിരാളിയായിരുന്നു നദാല്‍. അനായാസം മുന്നേറിയിരുന്ന സ്വിസ് മാസ്റ്റര്‍ക്ക് പൊരുതാന്‍ പോന്ന കടുപ്പം നദാലുമായുള്ള കളികള്‍ സമ്മാനിച്ചു. പ്രതിഭ വിളക്കിയ സൗന്ദര്യത്തിനൊപ്പം തന്ത്രപരമായ പ്രതിരോധവും ഫെഡറര്‍ ശീലിച്ചു. 2016 വിംബിള്‍ഡണിനു ശേഷം ബാക്ക്ഹാന്‍ഡ് മെച്ചപ്പെടുത്തിയ താരം 2017 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ഫലപ്രദമായി ഇത് പുറത്തെടുത്തു. എന്നാല്‍ വിംബിള്‍ഡണില്‍ ബാക്ക്ഹാന്ഡിനു പകരം ടോപ് സ്പിന്‍ ആക്രമണത്തിന് പ്രാധാന്യം നല്കി. പ്രത്യേകം ഷോട്ടുകള്‍ തിരഞ്ഞ് ഉപയോഗിക്കുന്ന രീതി ഫെഡറര്‍ക്ക് കുറവായിരുന്നു. സന്ദര്‍ഭത്തിന് ചേരുന്ന ഷോട്ടുകള്‍ ഉപയോഗിക്കുകയായിരുന്നു പതിവ്. ആസ്വാദ്യകരമായ കളിയില്‍ അല്‍പ്പം തന്ത്രം കൂടി കലര്‍ത്തി, മറഞ്ഞുപോയ കിരീടകാലത്തെ തിരിച്ചു കൊണ്ടുവരികയാണ് 36-ാം വയസില്‍ ഫെഡ് ചെയ്യുന്നത്. അതായത് ഫെഡററെ കളിയുടെ പൂര്‍ണതയിലേക്ക് നയിക്കാന്‍ നദാല്‍ എന്ന എതിരാളി അത്യാവശ്യമായിരുന്നു. ഈ സീസണില്‍ രണ്ട് ഗ്രാന്‍ഡ്സ്ലാം വീതം നേടിയ ഇരുവരും 2017 റോജര്‍- റാഫാ സ്ലാം വര്‍ഷം ആകുമ്പോള്‍ ആത്യന്തികമായി ടെന്നീസ് ജയിക്കുന്നു.ഇതിഹാസതാരം റോഡ് ലേവറിന്റെ പേരില്‍ ഈ വര്‍ഷം തുടങ്ങിയ ലേവര്‍ ടൂര്‍ണമെന്റില്‍ ഫെഡും-റാഫയും ആദ്യമായി ഒന്നിക്കുന്നത് കാണാനായതും ഈ സീസണിലെ അവിസ്മരണീയ കാഴ്ചയാണ്. സാം ക്വെറി-ജാക്ക് സോക്ക് ജോഡികള്‍ക്ക് എതിരെയുള്ള ഡബിള്‍സ് വിജയം ഇരുവരും ആഘോഷിക്കുമ്പോള്‍ കളിവൈരങ്ങള് ഒഴിഞ്ഞ്് 'ഫെദാല്‍' വിശാലവും അര്ഥപൂര്ണവുമാകുന്നു. കോര്‍ട്ടിന് പുറത്ത് വളരെ അടുത്ത സുഹൃത്തായ ഫെഡിനെ കുറിച്ചുള്ള റാഫയുടെ വിലയിരുത്തല്‍ ഇങ്ങനെയാണ്, 'ടെന്നീസില്‍ ഫെഡറര്‍ അല്ല, ഞാനാണ് കൂടുതല്‍ മികച്ചത് എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഈ കളിയെ കുറിച്ച് ഒന്നും അറിയില്ല എന്ന് ഞാന്‍ പറയും.' 2017 ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിനു ശേഷം ഫെഡറര്‍ പറഞ്ഞ വാക്കുകളും ഒപ്പം ചേര്‍ക്കാം, ''ടെന്നീസില്‍ സമനിലയില്ല. എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ ഈ കിരീടം ഞാന്‍ റാഫയുമായി പങ്കുവച്ചേനെ. ഒരുപക്ഷേ ഈ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ പോലും സന്തോഷമായിരിക്കാന്‍ എനിക്ക് കഴിഞ്ഞേനെ'. ഫെഡ് മഹാനായ കളിക്കാരനെങ്കില്‍, അദ്ദേഹത്തിന്റെ മഹാനായ എതിരാളി മയോര്‍ക്ക ദ്വീപിലെ റാഫ മാത്രമാണ്.

ഫെഡറര്‍ മാത്രം
ഏറെ ആഘോഷിക്കപ്പെട്ട അതിപ്രശസ്തരായ പ്രതിഭകളില്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തിലും കരിയറിലെ പൂര്‍ണത ജീവിതത്തില്‍ അന്യമായിരുന്നു. എന്നാല്‍ ജീവിതത്തില്‍ കാത്ത മൂല്യവും ധാര്‍മികതയും കൂടി ആണ് ഫെഡററെ വേറിട്ടവനാക്കുന്നത്. 19 ഗ്രാന്‍ഡ്സ്ലാം എന്നത് വരും തലമുറയ്ക്കും സമകാലീനര്‍ക്കും അപ്രാപ്യമായ ഒരു ലക്ഷ്യമല്ല. എന്നാല്‍ ഫെഡറര്‍ കളിക്കുന്നതുപോലെ, ജീവിക്കുന്നതു പോലെ ഏറെക്കുറെ കുറ്റമറ്റ വിധം ഈ നേട്ടങ്ങള്‍ മറികടക്കുകയെന്നത് ഒട്ടും എളുപ്പമല്ല. സ്വിറ്റ്സര്‍ലന്‍ഡ് എന്ന രാജ്യം പലകാര്യങ്ങളിലും ലോകത്തിന് മാതൃകയാണ്. നിഷ്പക്ഷതയിലും നയതന്ത്രത്തിലും ജീവിത നിലവാരത്തിലും എല്ലാം. ബേണ്‍ എന്ന ഡേറ്റ്ലൈനില്‍ കേട്ടവ അധികവും നല്ല വാര്‍ത്തകളായിരിക്കും. സ്വിസ് ആല്‍പ്സ് നിരയെ വല്ലാതെ ഇഷ്ടപ്പെടുന്ന, സ്വിറ്റ്സര്‍ലന്‍ഡിന്റെ മൂല്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ട് വളര്‍ന്നുവന്ന വ്യക്തി കൂടിയാണ് ഫെഡറര്‍. 1998 മുതല്‍ ഇതുവരെയുള്ള കരിയറില്‍ ഫെഡറര്‍ വിമര്‍ശിക്കപ്പെട്ടത് വളരെ കുറച്ചാണെങ്കില്‍ ജീവിതത്തില്‍ എതിര്‍സ്വരങ്ങള്‍ പേരിനു പോലുമുണ്ടായിട്ടില്ല. ഫെഡററുമായി ബന്ധപ്പെട്ട് ചൂടുള്ള വാര്‍ത്തകളോ ഗോസിപ്പുകളോ വിവാഹമോചന കഥകളോ കേട്ടുകേള്‍വി ഇല്ല. ഭാര്യയും സ്വിസ് മുന്‍ ഡബ്ല്യു.ഡി.എ താരവുമായ മിര്‍ക്ക വാവ്റിങ്ക് ആണ് ഫെഡിന്റെ പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്യുന്നതും മാനേജറും എല്ലാം. രണ്ട് ജോഡി ഇരട്ടക്കുട്ടികള്‍ ഫെഡറര്‍ എന്ന അച്ഛന്റെ ജീവിതത്തെ കരിയറിനപ്പുറം സമ്പന്നമാക്കുന്നു. ഫോട്ടോ ഫ്ഌഷുകള് കണ്ണടച്ചു കഴിഞ്ഞാല്‍ യാഥാര്‍ഥ്യത്തെയും മനുഷ്യന് എന്ന സഹജീവിയെ കുറിച്ചും ഏറ്റവും അധികം ഓര്‍ക്കുന്ന ആളുകൂടിയാണ് റോജര്‍. റെക്കോഡുകളും നേട്ടങ്ങളും കടന്നുപോകുമെന്നും ഓരോ ദിനവും ഉറങ്ങാന്‍ കണ്ണടയ്ക്കുമ്പോള്‍ കിട്ടുന്ന പ്രശാന്തിയും സമാധാനവും പ്രധാനമാണെന്നും അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 2003 ല്‍ ആദ്യ ഗ്രാന്‍ഡ്സ്ലാം നേടിയ വര്‍ഷം തന്നെ റോജര്‍ ഫെഡറര്‍ ഫൗണ്ടേഷന് എന്ന ജീവകാരുണ്യ സംരംഭം ഫെഡ് തുടങ്ങി. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും എത്തിക്കാനാണ് ഈ ഫൗണ്ടേഷന് പ്രവര്‍ത്തിക്കുന്നത്. ദക്ഷിണാഫ്രിക്ക-സ്വിസ് ചാരിറ്റി സംരംഭം ഐ.എം.ബി.ഇ.ഡബ്ല്യുവുമായി ചേര്‍ന്നും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. 2006 ല്‍ യൂണിസെഫിന്റെ ഗുഡ്വില് അംബാസിഡര്‍ ആയിരുന്ന കാലത്ത് എയ്ഡ്സിനെതിരെ ഒട്ടേറെ ബോധവത്കരണ പരിപാടികള്‍ നടത്തി. കത്രീന ചുഴലിക്കാറ്റ്, സുനാമി ദുരിത ബാധിതര്‍ക്ക് വേണ്ടി മുന്‍നിര താരങ്ങളെ സംഘടിപ്പിച്ച് 'റാലി ഫോര്‍ റിലീഫ്' എന്ന പേരില്‍ പ്രദര്‍ശന മത്സരങ്ങള്‍ സംഘടിപ്പിച്ച് വന്‍ തുക സമാഹരിച്ചുനല്‍കി. ഇന്ത്യയില്‍ സുനാമി ബാധിക്കപ്പെട്ട തമിഴ്നാട്ടിലെ സ്ഥലങ്ങള്‍ ഫെഡറര്‍ സന്ദര്‍ശിച്ചിരുന്നു. 2010 ല്‍ ഹെയ്ത്തി ഭൂകമ്പം ഉണ്ടായപ്പോള്‍ ആ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഭാഗമായി 'ഹിറ്റ് ഫോര്‍ ഹെയ്ത്തി' എന്ന പേരില്‍ ചാരിറ്റി പരിപാടി സംഘടിപ്പിച്ച്് ദുരിതബാധിതര്‍ക്കായി പണം സ്വരൂപിച്ചു. 2010 ല്‍ നദാലിനൊപ്പവും 2014 ല്‍ സ്റ്റാന്‍ വാവ്റിങ്കയ്ക്കൊപ്പവും ചേര്‍ന്ന് മാച്ച് ഫോര്‍ ആഫ്രിക്ക എന്ന പേരില്‍ സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിച്ച് ദക്ഷിണാഫ്രിക്കയിലെ പദ്ധതികള്‍ക്ക് നല്കി. കുടുംബത്തിന് പുറമേ ചില ഒഴിവാക്കാനാവാത്ത ബന്ധങ്ങള്‍ ഫെഡററുടെ ജീവിതത്തിന്റെ ഭാഗമാണ്. റോജറുടെ ആദ്യ അന്താരാഷ്ട്ര പരിശീലകന് എന്ന് വിശേഷിപ്പിക്കാവുന്ന ഓസ്ട്രേലിയക്കാരനായ പീറ്റര്‍ കാര്‍ട്ടറുടെ മാതാപിതാക്കളാണിവര്‍. 2002 ല്‍ അപകടത്തില്‍ മരിച്ച പീറ്റര്‍ കാര്‍ട്ടറാണ് ഫെഡിലെ പ്രതിഭ തിരിച്ചറിഞ്ഞ പരിശീലകന്. 2017 ല്‍ ഓസ്ട്രേലിയയിലെ റോഡ് ലേവര്‍ അരീനയില്‍ കളി നടക്കുമ്പോഴും ബോബ് കാര്‍ട്ടറും ഡയാന കാര്‍ട്ടറും ഗാലറിയില്‍ ഉണ്ടായിരുന്നു. ഇവരുടെ ജീവിതത്തില്‍ കുറവൊട്ടും ഇല്ലാതെ മകന്റെ സ്ഥാനത്ത് നിന്ന് ശ്രദ്ധിക്കുന്നു ഫെഡറര്‍ ഇപ്പോഴും. ചെറുപ്പം മുതല്‍ ടെന്നീസ് പരിശീലിക്കുന്ന അര്‍ബുദ ബാധിതയായ റോക്ക് വില്ലയില്‍ നിന്നുള്ള ബിയാട്രിസ് ടിനോക്കോ എന്ന 17 കാരി ഫെഡററെ കണ്ട കഥ ട്വിറ്ററില്‍ പങ്കുവയ്ക്കുന്നുണ്ട്. മേയ്ക്ക് എ വിഷ് ഫൗണ്ടേഷനു മുന്നില്‍ 2012 ല്‍ ഉണര്‍ത്തിയ ബ്രിയാട്രിസിന്റെ ആഗ്രഹമാണ് 2013 വിംബിള്‍ഡണിനിടെ സഫലമായത്. തിരക്കിട്ട സമയക്രമത്തില്‍ നീങ്ങുന്ന ഫെഡററെ നിമിഷങ്ങള്‍ കാണാന്‍ മാത്രമേ സാധിക്കൂ എന്ന് കരുതിയിരുന്ന ബിയാട്രിസിനെ ഫെഡ് ശരിക്കും ഞെട്ടിച്ചു. കണ്ടമാത്രയില്‍ വാത്സല്യപൂര്‍വം ആലിംഗനം ചെയ്ത താരം കുറച്ചധികം സമയം തന്നെ ബിയാട്രിസിനൊപ്പം ചെലവിട്ടു. അതിനിടെ അവള്‍ക്കൊപ്പം ഏതാനും ഷോട്ടുകള്‍ കളിക്കുകയും ചെയ്തു. ഫെഡററുമായുള്ള ബിയാട്രിസിന്റെ നിമിഷങ്ങളുടെ വീഡിയോയും യൂട്യൂബിലുണ്ട്.
സ്പോര്‍ട്സ് അംബാസിഡര്‍
ടെന്നീസ് പൊതുവേ 'വണ്‍ മാന്‍ ഷോ' ആണെങ്കിലും അതിന്റെ ജനകീയത പല ടീം കായിക ഇനങ്ങളെക്കാളും മുന്നിലാണ്. അതിനാല്‍ ഫെഡററുടെ നേട്ടങ്ങളെ മറ്റ് സ്പോര്‍ട്സ് ഇനങ്ങളുമായി സാദൃശ്യപ്പെടുത്തി കൂടി വേണം വിലയിരുത്താന്‍. ടെന്നീസിലെ എതാണ്ടെല്ലാ റെക്കോഡുകളും സ്വന്തമാക്കിയിട്ടുള്ള താരത്തിന്റെ ചില ഇതര നേട്ടങ്ങള്‍ നോക്കാം. കായികരംഗത്തെ പരമോന്നത ബഹുമതിയായ ലോറസ് അവാര്‍ഡ് നാല് തവണ നേടിയ ഒറ്റ താരമേ ലോകത്തുള്ളൂ. 2005 മുതല്‍ 2008 വരെ തുടര്‍ച്ചയായാണ് റോജര്‍ ഈ പുരസ്കാരത്തിന് അര്‍ഹനായത്. 19 ഗ്രാന്ഡ്സ്ലാമുകള് നേടുകയും 29 ഗ്രാന്‍ഡ്സ്ലാം ഫൈനലുകള്‍ കളിക്കുകയും ചെയ്ത ഏക പുരുഷതാരമായ ഫെഡിന്റെ പേരില്‍ 2007 ല്‍ സ്വിറ്റ്സര്‍ലന്‍ഡ് സ്റ്റാംപ് പുറത്തിറക്കി. ജീവിച്ചിരിക്കെ സ്റ്റാംപില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ സ്വിസ് പൗരന് ആണ് റോജര്‍. 2010 ല്‍ ഓസ്ട്രിയയും ഇദ്ദേഹത്തിന്റെ പേരില്‍ സ്റ്റാംപ് ഇറക്കി. 2008 മുതല്‍ 2014 വരെ എ.ടി.പി പ്ലെയര്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ഫെഡിന് 33 തവണയാണ് എ.ടി.പി വേള്‍ഡ് ടൂര്‍ അവാര്‍ഡ് ലഭിച്ചത്. റെപ്യൂട്ടേഷന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2011 ലെ സര്‍വേ അനുസരിച്ച് ലോകത്ത് ഏറ്റവും അധികം ബഹുമാനിക്കപ്പെടുന്ന വ്യക്തികളില്‍ റോജര്‍ രണ്ടാംസ്ഥാനത്താണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയായിരുന്നു പട്ടികയില്‍ ആദ്യം. മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്സ്, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സ് എന്നിവരെല്ലാം ഈ കണക്കെടുപ്പില്‍ ഫെഡറര്‍ക്ക് പിന്നിലാണ്. ആര്‍തര്‍ ആഷേ ഹ്യുമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് 2006 ലും 2013 ലും സ്വിസ് താരത്തെ തേടിയെത്തി. 2004 മുതല്‍ 2009 വരെയും 2011 മുതല്‍ 2016 വരെയും 12 തവണ സ്റ്റെഫാന്‍ എഡ്ബര്‍ഗ് സ്പോര്‍ട്സ്മാന്‍ഷിപ്പ് അവാര്‍ഡ് നേടിയ ഏകതാരം, (ഒറ്റത്തവണ മാത്രമേ റാഫേല്‍ നദാല്‍ ഈ പുരസ്കാരം നേടിയിട്ടുള്ളൂ.) 2014 ല്‍ യു.എസ് ഓപ്പണ്‍ സ്പോര്‍ട്സ്മാന്‍ഷിപ്പ് അവാര്‍ഡ്, ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന്റെ മികച്ച താരത്തിനുള്ള പുരസ്കാരം അഞ്ച് തവണ, 2004 മുതല്‍ 2007 വരെയും 2009 ലും എ.ടി.പി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം, ഫോബ്സ് മാസികയുടെ 2011ലെ കണക്കെടുപ്പ് അനുസരിച്ച് ലോകത്തെ ശക്തരായ സെലിബ്രിറ്റികളില്‍ 25-ാം സ്ഥാനം, ഫോബ്സിന്റെ തന്നെ മറ്റൊരു പട്ടിക അനുസരിച്ച് 2007 മുതല്‍ 2015 വരെയുള്ള കാലത്ത് ടെന്നീസ് കോര്‍ട്ടിന് പുറത്ത് പരസ്യം ഉള്‍പ്പെടെ ഏറ്റവും വരുമാനം ഉണ്ടാക്കിയ താരം, ലണ്ടന്‍ സ്കൂള്‍ ഓഫ് മാര്‍ക്കറ്റിങ് തിരഞ്ഞെടുപ്പ് അനുസരിച്ച് 2015 ലെ ഏറ്റവും വിപണിമൂല്യമുള്ള കായികതാരം, ഇ.എസ്.പി.വൈയുടെ 2007 ലെ മികച്ച അന്താരാഷ്ട്ര പുരുഷ അത്ലറ്റ്, ജി.ക്യു ജര്‍മ്മനിയുടെ 2005 ലെ ഇന്റര്‍നാഷണല്‍ മാന്‍ ഓഫ് ദി ഇയര്‍, 2004, 2005, 2006 വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര ടെന്നീസ് എഴുത്തുകാരുടെ അസോസിയേഷനായ ഐ.ടി.ഡബ്ല്യു.എയുടെ മികച്ച കളിക്കാരനുള്ള പുരസ്കാരങ്ങള്‍, 2004, 2006, 2007 വര്‍ഷങ്ങളില്‍ ബി.ബി.സിയുടെ സ്പോര്‍ട്സ് ഓവര്‍സീസ് പേഴ്സണാലിറ്റി പുരസ്കാരങ്ങള്‍... എന്നിങ്ങനെ പോകുന്നു ഫെഡിന്റെ ടെന്നീസ് കണക്കുകള്‍ക്ക് അപ്പുറത്തെ നേട്ടങ്ങള്‍. ഇതൊക്കെയെങ്കിലും എക്കാലത്തെയും മികച്ച താരത്തെ കണ്ടെത്താനുള്ള കണക്കെടുപ്പുകള്‍ക്ക് ആധികാരികത കുറച്ചേറെയുണ്ട്. അമേരിക്കന്‍ ടെന്നീസ് ചാനല്‍ 2012 ല്‍ തയ്യാറാക്കിയ ടെന്നീസ് വിദഗ്ധ സമിതിയുടെ പട്ടിക അടുത്തകാലത്ത് ഇറങ്ങിയതില്‍ ഏതാണ്ട് സമഗ്രമാണ്. 62 പുരുഷതാരങ്ങളും 38 വനിതകളും ഉള്‍പ്പെടുന്ന പട്ടികയില്‍ 19 ഗ്രാന്ഡ്സ്ലാമുകള് നേടിയ റോജര്‍ ഫെഡറര്‍ ഒന്നാം സ്ഥാനത്താണ്. 16 ഗ്രാന്ഡ്സ്ലാമുകള് നേടിയ റാഫേല്‍ നദാല്‍, ആറാം സ്ഥാനത്തും 12 എണ്ണം നേടിയ നൊവാക് ജോക്കോവിച്ച് 40-ാമതും ഉണ്ട്. ബിഗ് ഫോറിന്റെ ഭാഗമായ ആന്‍ഡി മറെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടേയില്ല. ഒരു കളിക്കാരന്റെ മഹത്വം നിര്‍ണയിക്കുന്ന ഘടകങ്ങള്‍ പലപ്പോഴും ആപേക്ഷികമാണ്. കളിയിലെ മികവും പ്രതിഭയുടെ തിളക്കവും നോക്കിയാല്‍ ഓപ്പണ്‍ യുഗത്തിന് മുന്‍പും ശേഷവുമുള്ള ഒട്ടേറെ മികവുറ്റ താരങ്ങളെ ചൂണ്ടിക്കാണിക്കാം. എന്നാല്‍ ഓപ്പണ്യുഗം മാത്രം പരിഗണിച്ചാല്‍, 10-ല്‍ കൂടുതല്‍ സിംഗിള്‍സ് ഗ്രാന്ഡ്സ്ലാമുകള് നേടിയ അഞ്ച് പുരുഷ താരങ്ങളാണുള്ളത്. ഇതില്‍ ഫെഡിനും റാഫയ്ക്കും ജോക്കോയ്ക്കും പുറമേയുള്ളത് പീറ്റ് സാംപ്രസും ബോണ്‍ ബോര്‍ഗും മാത്രം. അതിനര്‍ത്ഥം ജിമ്മി കോണേഴ്സും ഇവാന് ലെന്‍ഡലും അഗാസിയും മക്കന്റോയും മാറ്റ്സ് വിലാന്‍ഡറും സ്റ്റെഫാന്‍ എഡ്ബര്‍ഗും ബോറിസ് ബെക്കറും റോഡ് ലേവറും മഹത്തായ കളിക്കാര്‍ അല്ലെന്നല്ല. ടെന്നീസ് പുസ്കത്തിലെ മികവിന്റെ പാഠങ്ങള്‍ തന്നെയാണ് ഇവര്‍ ഒരോരുത്തരും. എന്നാല്‍ ടെന്നീസിനപ്പുറം ജീവിതത്തില്‍ ഉടനീളം കാത്ത കൈയടക്കവും സമഗ്രതയും റോജര്‍ ഫെഡററെ ഒരു പടി മുകളില്‍ പ്രതിഷ്ഠിക്കുന്നു. കളം ഒഴിഞ്ഞവരും കളം വാഴുന്നവരും മികച്ചവരിലെ മികച്ചവന്‍ എന്ന് റോജറെ വിളിക്കുന്നു. ഈ പൂര്‍ണതയില്‍ വിയോജിപ്പുകള്‍ ഉണ്ടാകാം. റാഫേല്‍ നദാല്‍ ഫെഡിന്റെ ഗ്രാന്‍ഡ്സ്ലാം റെക്കോഡുകള്‍ മറികടന്നേക്കാം. എങ്കിലും സ്പോര്‍ട്്സ് ഇല്ലസ്ട്രേറ്റഡ് ലേഖകന്‍ എസ്.എല്‍ പ്രൈസ് പറയുന്നത് പോലെ ''ടെന്നീസ് ലോകം കണ്ടിട്ടില്ല ഇതുപോലെ ഒരാളെ...''