പ്രിയ ഫെഡറര്‍, സെറീന.... ഞങ്ങളെ അത്രമേല്‍ വേട്ടയാടിയിട്ടുണ്ട് നിങ്ങള്‍


ആദര്‍ശ് പി ഐ

ടെന്നീസ് ലോകത്ത് പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന രണ്ട് ഇതിഹാസങ്ങളുടെ വിടവാങ്ങല്‍ അത്രമേലാഴത്തിലാണ് ഓരോ ആരാധകന്റേയും ഉളളുലയ്ക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ടെന്നീസ് കളി കാണാന്‍ തുടങ്ങിയ ഓരോ കളിപ്രേമിയുടേയും ജീവിതത്തെ സെറീനയും ഫെഡററും അനിര്‍വചനീയമായ തോതില്‍ ആനന്ദിപ്പിച്ചിട്ടുണ്ട്.

photo: Getty Images

ടുത്ത ആഴ്ച തുടങ്ങുന്ന 2022 ലേവര്‍ കപ്പില്‍ തന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചുനിന്ന കായികലോകത്തിന് മുമ്പാകെ അപ്രതീക്ഷിതമായാണ് റോജര്‍ ഫെഡറര്‍ ആ കുറിപ്പ് പങ്കുവെയ്ക്കുന്നത്. ''ടെന്നീസ് എനിക്ക് തന്ന സമ്മാനങ്ങളിലേറ്റവും പ്രിയപ്പെട്ടത് എന്റെ യാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയവരായിരുന്നു. എന്റെ സുഹൃത്തുക്കള്‍, എതിരാളികള്‍, ആരാധകര്‍. ഇവരോടെല്ലാവരോടുമായി എനിക്ക് ഒരു വാര്‍ത്ത പങ്കുവെയ്ക്കാനുണ്ട്.'' കുറിപ്പ് ഇങ്ങനെയാണ് തുടങ്ങിയത്.

''ഞാന്‍ തിരിച്ചുവരവിന്റെ പാതയിലായിരുന്നു... ഇപ്പോള്‍ 41 വയസ്സായി. 24 വര്‍ഷം നീണ്ടുനിന്ന കരിയറില്‍ 1500-ലധികം മത്സരങ്ങള്‍ കളിച്ചു. ഞാന്‍ സ്വപ്നം കണ്ടതിനപ്പുറപ്പാണ് ടെന്നീസ് എന്നെ പരിഗണിച്ചത്. കരിയര്‍ അവസാനിപ്പിക്കാനുളള സമയമായെന്ന് ഞാന്‍ തിരിച്ചറിയുകയാണ്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ലേവര്‍ കപ്പ് എന്റെ അവസാനത്തെ ടൂര്‍ണമെന്റായിരിക്കും.'' - ഫെഡറര്‍ പിന്നേയും തുടര്‍ന്നു.

താന്‍ നിറഞ്ഞുനിന്ന ഭൂതകാലത്തെ ഓര്‍മചിത്രങ്ങളിലേക്ക് കായികലോകത്തെയൊന്നടങ്കം അയാള്‍ കൂട്ടിക്കൊണ്ടുപോയി. എത്രപേര്‍ ആ കുറിപ്പ് വായിപ്പിച്ച് മുഴുവിപ്പിച്ചെന്ന് നിശ്ചയമില്ല. കണ്ണീരണിഞ്ഞ് വായിക്കുമ്പോഴൊക്കെയും ഇന്നലെകളിലെ അയാളുടെ ചിരികള്‍ മിന്നിമറഞ്ഞുകൊണ്ടേയിരുന്നു. ''അവസാനമായി ടെന്നീസിനോടാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഒരിക്കലും വിട്ടുപിരിയില്ല. - സ്നേഹത്തോടെ റോജര്‍ ഫെഡറര്‍''

845 വാക്കുകള്‍ കൊണ്ട് ഫെഡറര്‍ ആ കുറിപ്പ് മുഴുവിപ്പിക്കുമ്പോള്‍ ഒരുമാത്ര കായികലോകത്തിന്റെ ഹൃദയമിടിപ്പ് നിലച്ചിരിക്കണം. രണ്ടുപതിറ്റാണ്ടിലധികം നീണ്ടുനിന്ന കരിയറിന് പരിസമാപ്തി കുറിക്കപ്പെടുന്നു. അയാള്‍ കളമൊഴിയുകയാണ്. ഒരു യുഗത്തിന്റെ അന്ത്യം.

സെറീന വില്ല്യംസ് കളമൊഴിഞ്ഞ് ദിവസങ്ങള്‍ മാത്രമേ ആകുന്നുള്ളൂ. ആ നിരാശയില്‍ നിന്ന് ടെന്നീസ് ലോകം മുക്തമായി വരുന്നതേയുളളൂ. അപ്പോഴാണ് ഫെഡററുടെയും വിരമിക്കല്‍ പ്രഖ്യാപനം. 2022 യു.എസ് ഓപ്പണോടെ വിരമിക്കുമെന്ന് സെറീന നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിരമിക്കല്‍ എന്ന വാക്ക് ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല... ഞാന്‍ ടെന്നീസില്‍ നിന്ന് മാറുകയാണ്. എനിക്ക് മറ്റുചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. - തന്റെ വിരമിക്കലിനെക്കുറിച്ച് സെറീന ഇങ്ങനെയാണ് പറഞ്ഞുവെച്ചത്.

Photo: Getty Images

ഒടുവില്‍ യു.എസ് ഓപ്പണിലേക്ക് കായിക ലോകമൊന്നടങ്കം ഉറ്റുനോക്കി. സെറീന അവസാനമായി റാക്കറ്റേന്തുന്നത് കാണാന്‍. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ സെറീനയ്ക്ക് ഒരു കിരീടം കൂടി വേണമായിരുന്നു. അത് നേടിയാല്‍ ചരിത്രം രചിച്ച് കോര്‍ട്ടില്‍ നിന്ന് മടങ്ങാം. അതിനായി ഹാര്‍ഡ് കോര്‍ട്ടില്‍ പൊരുതാനുറച്ചാണ് സെറീനയെത്തിയത്.

ആദ്യ മത്സരത്തില്‍ തന്നെ സെറീന തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. മോണ്ടെനെഗ്രോയുടെ ഡാങ്ക കോവിനിക്കിനെയാണ് നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. യു.എസ് ഓപ്പണ്‍ കരിയറിലെ 107-ാം ജയമായിരുന്നു അത്. രണ്ടാം റൗണ്ടില്‍ പക്ഷേ കടുത്ത വെല്ലുവിളിയാണ് സെറീനയ്ക്ക് മുന്നിലുണ്ടായിരുന്നത്. ലോക രണ്ടാം നമ്പര്‍ താരം എസ്തോണിയയുടെ അനെറ്റ് കോണ്‍ടാവെയ്റ്റായിരുന്നു എതിരാളി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അനെറ്റ് കോണ്‍ടാവെയ്റ്റിനെ കീഴടക്കി സെറീന മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സെറീനയ്ക്ക് പക്ഷേ മൂന്നാം റൗണ്ട് മറികടക്കാനായില്ല. ഓസ്ട്രേലിയയുടെ അജീല ടോംലിയാനോവിച്ചിനോട് പരാജയപ്പെട്ട് യു.എസ് ഓപ്പണില്‍ നിന്ന് പുറത്തായി.

24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിലേക്ക് ഒരു കിരീടം മാത്രം മതിയായിരുന്നു സെറീനയ്ക്ക്. അതിനായി അഞ്ച് വര്‍ഷത്തെ കാത്തിരിപ്പുണ്ടായിരുന്നു. എന്നിട്ടും പിന്നീടൊരു കിരീടത്തിലേക്ക് റാക്കറ്റേന്താന്‍ സെറീനയ്ക്കായില്ല. ഒടുവില്‍ നിരാശയോടെ തിരിഞ്ഞുനടക്കേണ്ടി വന്നു. 2017-ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയാണ് സെറീന 23 ഗ്രാന്‍ഡ് സ്ലാം നേടുന്നത്. അതും ഇതിഹാസതാരം സ്റ്റെഫി ഗ്രാഫിനെ മറികടന്നുകൊണ്ട്. അതിന് ശേഷം ചരിത്രം കുറിക്കാന്‍ നാല് തവണയാണ് കലാശപ്പോരില്‍ റാക്കറ്റേന്തിയത്. രണ്ട് തവണ വീതം യു.എസ് ഓപ്പണിലും വിംബിള്‍ഡണിലും.

2018-വിംബിള്‍ഡണ്‍ ഫൈനലില്‍ അഞ്ചലിക് കെര്‍ബറായിരുന്നു ഫൈനലിലെ എതിരാളി. കെര്‍ബര്‍ക്ക് മുന്നില്‍ സെറീന ദയനീയമായി തകര്‍ന്നടിഞ്ഞു. ശേഷം യു.എസ് ഓപ്പണിലെ കലാശപ്പോരില്‍ നവോമി ഒസാക്കയോടും തോറ്റു. പിന്നേയും കാത്തിരിപ്പായിരുന്നു. ആവര്‍ത്തനമെന്നപോലെ 2019-ലെ വിംബിള്‍ഡണിലും യു.എസ് ഓപ്പണിലും ഫൈനലിലെത്തി. എതിരാളികള്‍ മാത്രം മാറി. പതിവുകളൊന്നും തെറ്റിക്കാതെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെട്ടു. പരിക്ക് മൂലം പിന്നീട് നടന്ന പല ടൂര്‍ണമെന്റുകളിലും പങ്കെടുക്കാനുമായില്ല. ഒടുവില്‍ കളമൊഴിയുന്നതായുളള പ്രഖ്യാപനവും.

സമാനമെന്നോണം ലേവര്‍ കപ്പിലേക്കാണ് കായികലോകം ഉറ്റുനോക്കുന്നത്. സ്വിസ് ഇതിഹാസത്തിന് കിരീടത്തോടെ പടിയിറങ്ങാനാകുമോ എന്ന ചോദ്യം മാത്രമാണ് ബാക്കി. ഇനി അയാളുടെ എയ്സുകളും ബാക്ക്ഹാന്‍ഡുകളും ആസ്വദിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യത്തെ കളിപ്രേമികള്‍ക്ക് അത്ര പെട്ടെന്നൊന്നും ഉള്‍ക്കൊളളാനാകില്ലല്ലോ. എങ്കിലും അനിവാര്യമായ വിടവാങ്ങലിനെ അംഗീകരിക്കാതെ തരമില്ല.

കൂട്ടിവെച്ച ചരിത്രങ്ങളുടെ കൊടുമുടിയില്‍ നിന്ന് അത്ര അനായാസതയോടെ അയാള്‍ക്ക് പടിയിറങ്ങിപോകാനാകില്ലെന്നുറപ്പാണ്. 1992-ലെ ഇന്‍ഡോര്‍ ടൂര്‍ണമെന്റുകളില്‍ ബോള്‍ ബോയിയായിരുന്ന ഒരു കൗമാരക്കാരന്‍ ടെന്നീസ് ചരിത്രം തന്നെ തിരുത്തിയെഴുതുമെന്ന് ആരാണ് കരുതിയത്? 1998-ല്‍ ജൂനിയര്‍ വിംബിള്‍ഡണ്‍ നേടിയ ഫെഡറര്‍ പിന്നീട് ഗ്രാന്‍ഡ് സ്ലാം പോരാട്ടവേദികളിലും കളിച്ചുതുടങ്ങി. 2001-ലെ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് മുതലാണ് ലോകം ആ കൗമാരക്കാരന്റെ കഴിവ് ശ്രദ്ധിച്ചുതുടങ്ങിയത്. അന്ന് നാലാം റൗണ്ട് മത്സരത്തില്‍ സാക്ഷാല്‍ പീറ്റ് സാംപ്രസിനേയാണ് ഫെഡറര്‍ തകര്‍ത്തെറിഞ്ഞത്. എട്ടാം കിരീടമോഹവുമായെത്തിയ സാംപ്രസിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുക്കമാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. തോറ്റെങ്കിലും ഫെഡററെ പ്രശംസിച്ചാണ് സാംപ്രസ് മടങ്ങിയത്.

രണ്ട് വര്‍ഷത്തിന് ശേഷം 2003- ല്‍ ആ കൗമാരക്കാരന്‍ വിംബിള്‍ഡണിലെത്തി. അപ്പോഴേക്കും അയാള്‍ ലോകറാങ്കിങ്ങില്‍ ആദ്യ പത്തിനകത്ത് ഇടംപിടിച്ചിരുന്നു. നിരവധി സിംഗിള്‍സ് കിരീടങ്ങളും നേടി. പക്ഷേ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളൊന്നും സ്വന്തമാക്കിയിരുന്നില്ല. ആ മോഹവുമായാണ് ഫെഡറര്‍ പുല്‍ക്കോര്‍ട്ടില്‍ റാക്കറ്റേന്തിയത്.

അന്ന് സാംപ്രസിനെ ഞെട്ടിച്ച ആ 19-കാരന്റെ, ഒരത്ഭുത യാത്രയുടെ തുടക്കമായിരുന്നു അവിടം. ഭാവിയിലെ മികച്ചവനാകുമെന്ന് അന്നേ കായിക പ്രേമികള്‍ പറഞ്ഞുവെച്ചിരുന്നു. ആ വാക്കുകളെ അന്വര്‍ഥമാക്കുന്ന പ്രകടനമായിരുന്നു ഫെഡററിന്റേത്. ടൂര്‍ണമെന്റിലാകെ ഒരു സെറ്റ് മാത്രം നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഫെഡറര്‍ കിരീടം നേടിയത്. ഇതിന് മുന്നേ റിച്ചാര്‍ഡ് ക്രാജിസെക്കാണ് ഒരു സെറ്റ് മാത്രം നഷ്ടപ്പെടുത്തി വിംബിള്‍ഡണ്‍ നേടിയത്. 1996-ലായിരുന്നു അത്.

പിന്നീടങ്ങോട്ട് ഫെഡററിന്റെ ജൈത്രയാത്രയായിരുന്നു വിംബിള്‍ഡണില്‍. ഫൈനലിലെ എതിരാളികള്‍ക്ക് മാത്രമായിരുന്നു മാറ്റം. 2004-ലും 2005-ലും ആന്‍ഡി റോഡിക്കായിരുന്നു എതിരാളി. പിന്നീടുളള രണ്ട് വര്‍ഷങ്ങളില്‍ റാഫേല്‍ നദാലും. വിജയം ഒരേ ഒരാള്‍ക്ക് മാത്രം.

Photo: Getty Images

കരിയറില്‍ എട്ട് വിംംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടിയ ഫെഡറര്‍, ആറ് തവണ ഓസ്ട്രേലിയന്‍ ഓപ്പണും അഞ്ച് തവണ യു.എസ് ഓപ്പണും നേടിയിട്ടുണ്ട്. ഒരു തവണ മാത്രമാണ് ഫ്രഞ്ച് ഓപ്പണ്‍ നേടാനായത്. ആകെ 20 ഗ്രാന്‍ഡ് സ്ലാമുകളടക്കം 103 കിരീടങ്ങള്‍. ലോക ഒന്നാം നമ്പര്‍ താരമായി 310 ആഴ്ചകളാണ് ഫെഡറര്‍ കളിച്ചത്. അതില്‍ 237 ആഴ്ചകളില്‍ തുടര്‍ച്ചായായി ഒന്നാം സ്ഥാനത്തായിരുന്നു. അത് റെക്കോഡാണ്.

പുരുഷ ടെന്നീസില്‍ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം നമ്പര്‍ താരം എന്ന റെക്കോഡും ഫെഡറര്‍ സ്വന്തമാക്കിയിരുന്നു. ഈ നേട്ടം കൈവരിക്കുമ്പോള്‍ 36 വയസ്സും 195 ദിവസവുമാണ് പ്രായം. തുടര്‍ച്ചയായി അഞ്ചുതവണ യു.എസ്.ഓപ്പണ്‍ കിരീടം നേടിയ ഏക താരമാണ് ഫെഡറര്‍. ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം മത്സരങ്ങളില്‍ വിജയിച്ച പുരുഷതാരം എന്ന റെക്കോഡും ഫെഡററുടെ കൈയ്യിലാണ്. 369 വിജയങ്ങള്‍.

ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം നേടിയ താരമെന്ന നേട്ടവുമായാണ് സെറീന കളമൊഴിഞ്ഞത്. കരിയറില്‍ 23 ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടങ്ങളുളള താരം 73 സിംഗിള്‍സ് കിരീടങ്ങളും 23 ഡബിള്‍സ് കിരീടങ്ങളും രണ്ട് മിക്സഡ് കിരീടങ്ങളും നേടിയിട്ടുണ്ട്. ഏഴ് തവണ വീതം വിംബിള്‍ഡണും ഓസ്ട്രേലിയന്‍ ഓപ്പണും നേടിയ സെറീന ആറ് തവണ യു.എസ് ഓപ്പണും മൂന്ന് തവണ ഫ്രഞ്ച് ഓപ്പണും നേടിയാണ് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടത്തില്‍ ചരിത്രം കുറിച്ചത്. പക്ഷേ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാമെന്ന നേട്ടം കരസ്ഥമാക്കാനാവാതെയാണ് കോര്‍ട്ടില്‍ നിന്ന് വിടവാങ്ങുന്നത്.

ടെന്നീസ് ലോകത്ത് പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന രണ്ട് ഇതിഹാസങ്ങളുടെ വിടവാങ്ങല്‍ അത്രമേലാഴത്തിലാണ് ഓരോ ആരാധകന്റേയും ഉളളുലയ്ക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ടെന്നീസ് കളി കാണാന്‍ തുടങ്ങിയ ഓരോ കളിപ്രേമിയുടേയും ജീവിതത്തെ സെറീനയും ഫെഡററും അനിര്‍വചനീയമായ തോതില്‍ ആനന്ദിപ്പിച്ചിട്ടുണ്ട്. പുല്‍ക്കോര്‍ട്ടിലെ ഫെഡററും ഹാര്‍ഡ്കോര്‍ട്ടിലെ സെറീനയും വിസ്മയിപ്പിക്കാതെ കടന്നുപോയിട്ടില്ല. എത്ര മനോഹരമായാണ് ഫെഡറര്‍ സെര്‍വിലൂടെ ആധിപത്യം നേടുന്നത്? നര്‍ത്തകന്‍ ചുവടുവെയ്ക്കുന്നതുപോലെയുളള അയാളുടെ ബാക്ക്ഹാന്‍ഡുകള്‍ എത്ര കണ്ടാലാണ് മതിവരിക? സെറീനയുടെ പവര്‍ ഗെയിമുകളും പോരാട്ടങ്ങളും ആരെയാണ് പ്രചോദിപ്പിക്കാത്തത്? ഒരു യുഗം അവസാനിക്കുകയാണെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ കായികലോകമൊന്നടങ്കം ഈറനണിഞ്ഞുനില്‍ക്കുകയാണ്.

കോര്‍ട്ടുകളില്‍ ഇനിയും കൗമാരക്കാര്‍ അപാരമായ സൗന്ദര്യത്തോടെ റാക്കറ്റേന്തിയേക്കാം. എയ്സുകളും ബാക്ക്ഹാന്‍ഡുകളും ഡ്രോപ്പ് ഷോട്ടുകളുമായി ഒരു പക്ഷേ അവര്‍ മൈതാനങ്ങള്‍ കീഴടക്കിയേക്കാം. കിരീടനേട്ടങ്ങളുടെ കണക്കുപുസ്തകത്തിലും തലപ്പൊക്കത്തില്‍ തന്നെ വിരാജിക്കുകയും ചെയ്തേക്കാം. പക്ഷേ ഈ ഭൂഗോളത്തില്‍ നിങ്ങള്‍ സൃഷ്ടിച്ചെടുത്ത സാമ്രാജ്യം എന്നും വേറിട്ടു തന്നെ നില്‍ക്കും. അവരൊരിക്കലും നിങ്ങള്‍ക്ക് പകരമാവില്ല. ഞങ്ങളെ അത്രമേല്‍ വേട്ടയാടിയിട്ടുണ്ട് നിങ്ങള്‍. പ്രിയ ഫെഡറര്‍, സെറീന.... നിങ്ങള്‍ക്ക് തുല്യം നിങ്ങള്‍ മാത്രമാണ്.

Content Highlights: Roger Federer, Serena Williams departures


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented