Photo: Getty Images
ഫുട്‌ബോള്‍ ചരിത്രത്തില്‍ എണ്ണം പറഞ്ഞ ഗോളുകള്‍ക്ക് നമ്മള്‍ സാക്ഷികളായിട്ടുണ്ട്. താരങ്ങളുടെ മികവ് കൊണ്ടു മാത്രം പിറക്കുന്ന ഗോളുകള്‍ കണ്ട് അമ്പരന്നിട്ടുമുണ്ട്. അക്കൂട്ടത്തില്‍ തന്നെ ഫ്രീ കിക്ക് ഗോളുകള്‍ക്കുള്ള ചന്തം ഒന്ന് വേറെ തന്നെയാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫ്രീ കിക്ക് ഗോളുകളുടെ കണക്കെടുത്താല്‍ അതില്‍ മുന്‍നിരയില്‍ തന്നെ സീറ്റുറപ്പിച്ച ഒരു ഗോളുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് ആ ഗോളിന്റെ 24-ാം ജന്മദിനമായിരുന്നു. ലോകം കണ്ട മികച്ച ലെഫ്റ്റ് ബാക്കുകളില്‍ ഒരാളായ ബ്രസീലിന്റെ റോബര്‍ട്ടോ കാര്‍ലോസ് ഫ്രാന്‍സിനെതിരേ നേടിയ ആ അദ്ഭുത ഫ്രീ കിക്ക് ഗോള്‍.
1997 ജൂണ്‍ മൂന്നിന് ഫ്രാന്‍സിനെതിരായ ഒരു സൗഹൃദ മത്സരത്തിലായിരുന്നു ആ ഗോളിന്റെ പിറവി. 1998 ലോകകപ്പിന് മൂന്നോടിയായി സംഘടിപ്പിക്കപ്പെട്ട ഒരു ടൂര്‍ണമെന്റായിരുന്നു അത്. ബ്രസീലും ഫ്രാന്‍സും ഇറ്റലിയുമായിരുന്നു ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീമുകള്‍.
സ്റ്റേഡ് ഡെ ജെര്‍ലാന്‍ഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇതിനിടെ ഒരു ഫൗളിനെ തുടര്‍ന്ന് ബ്രസീലിന് അനുകൂലമായി ഫ്രീ കിക്ക് ലഭിക്കുന്നു. ഗോള്‍ പോസ്റ്റില്‍ നിന്ന് ഏകദേശം 35 മീറ്റര്‍ അകലെ. കിക്കെടുക്കാനെത്തിയത് ആറാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ റോബര്‍ട്ടോ കാര്‍ലോസ്.
മുന്നില്‍ സിദാനും ദിദിയര്‍ ദെഷാംപ്‌സും മാര്‍സല്‍ ദെസൈലിയും പാട്രിക് വിയേരയും ചേര്‍ന്ന ഫ്രഞ്ച് മതില്‍. പോസ്റ്റിനു താഴെ ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഫാബിയാന്‍ ബര്‍ത്തെസ് ടീമിന് നിര്‍ദേശങ്ങള്‍ നല്‍കുന്നു. കിക്കെടുക്കാന്‍ കാല്‍ലോസ് സാധാരണയിലും അധികം പിറകോട്ട്. റഫറിയുടെ വിസില്‍ മുഴങ്ങിയതിനു പിന്നാലെ ഓടിയെത്തിയ കാല്‍ലോസിന്റെ ഇടംകാലനടി വലയില്‍ കയറുമ്പോള്‍ ഫ്രാന്‍സ് ടീമും സ്റ്റേഡിയവും ഒന്നടങ്കം അമ്പരന്ന് നില്‍ക്കുകയായിരുന്നു.
പന്ത് ബോക്‌സിനു പുറത്തു നാലുപേരുടെ പ്രതിരോധ മതിലിനെ തെല്ലു വകവെയ്ക്കാതെ നേരെ മുന്നില്‍നിന്ന് ആദ്യം വലത്തേക്ക്. പിന്നീട് പ്രതിരോധ മതില്‍ കടന്നശേഷം ഇടത്തേക്കു 45 ഡിഗ്രിയോളം വളഞ്ഞു പന്ത് വലയില്‍.
ഫാബിയാന്‍ ബര്‍ത്തെസ് പോലും എന്താണ് സംഭവിച്ചതെന്ന് അറിയാതെ നില്‍ക്കുകയായിരുന്നു. പിറകിലുണ്ടായിരുന്ന ബോള്‍ ബോയ്, പന്ത് തന്റെ നേരെയാണ് വരുന്നതെന്ന് കരുതി ഒഴിഞ്ഞ് മാറുന്നതും കാണാമായിരുന്നു.
Content Highlights: Roberto Carlos and the wonder free kick goal in 1997
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..