സാക്ഷാല്‍ സുനില്‍ ഗാവസ്‌കറിന്റെ പിന്‍ഗാമി. ഇന്ത്യന്‍ ടീമിന്റെ അടുത്ത ബാറ്റിങ് സെന്‍സേഷന്‍. ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍. ഇന്ത്യ കണ്ട ഏറ്റവും സാങ്കേതികത്തികവുള്ള ബാറ്റ്സ്മാന്‍മാരിലൊരാള്‍. സഞ്ജയ് മഞ്ജരേക്കറിന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ചാര്‍ത്തിക്കൊടുത്ത പട്ടങ്ങളായിരുന്നു ഇതൊക്കെ.

പക്ഷേ, പ്രവചനങ്ങള്‍ പാതിവഴിയിലാക്കി സഞ്ജയിന് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു. സഞ്ജയ് തന്റെ കളിയും ജീവിതവും പറയുകയാണ് ' ഇംപെര്‍ഫക്ട് ' എന്ന ആത്മകഥയിലൂടെ. കരിയറിലുടനീളം ബാറ്റിങ് ശൈലിയില്‍ പൂര്‍ണതയ്ക്കുവേണ്ടി ശ്രമിച്ച് കരിയര്‍ തന്നെ നഷ്ടമായ ഒരു പൂര്‍ണതാവാദിയുടെ ആത്മകഥയ്ക്ക് ഇതിലും നല്ലൊരു പേരില്ല.

1980-കളുടെ അവസാനം മുതല്‍ 1990-കളുടെ പകുതി വരെ സഞ്ജയ് മഞ്ജരേക്കര്‍ എന്ന ബാറ്റ്സ്മാന്റെ കരിയര്‍ നേരിട്ടും ടെലിവിഷനിലൂടെ കണ്ടും പത്രങ്ങളിലൂടെ വായിച്ചും അടുത്തറിഞ്ഞ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒറ്റയിരുപ്പില്‍ തന്നെ വായിച്ചു തീര്‍ക്കാനാകും ഈ പുസ്തകം. സഞ്ജയിന്റെ ക്ലാസിക് ബാറ്റിങ് ശൈലി ഇഷ്ടപ്പെട്ടിരുന്നവര്‍ക്ക്, ഒരു പേസ് സംഘത്തിന്റെ എല്ലാ ആയുധങ്ങളും പ്രതിരോധാത്മകമായ ബാറ്റിങ് ശൈലിയിലൂടെ  അപ്രസക്തമാക്കിയ ഈ വന്‍മതിലിന്റെ ആത്മകഥ വായിക്കുമ്പോള്‍ അക്കാലത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാഡിമിടിപ്പുകളും പിടികിട്ടും. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇന്നത്തെ അവസ്ഥയും അന്നത്തെ സ്ഥിതിയും മനസിലാകും. 

imperfect by sanjay manjrekar

'ഇംപെര്‍ഫെക്ടില്‍' തന്റെ നേട്ടങ്ങളും ഗുണഗണങ്ങളും  മാത്രം അക്കമിട്ടു പറയുകയല്ല സഞ്ജയ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ തുടക്കത്തില്‍ മുതല്‍ കരിയറിലെ പലഘട്ടങ്ങളില്‍ പറ്റിയ തെറ്റുകളും പാളിച്ചകളും ഒക്കെ  ഏറ്റുപറയുകയും വിലയിരുത്തുന്നുമുണ്ട് അദ്ദേഹം. ഡബിള്‍ സെഞ്ചുറി നേടുമ്പോഴും അതില്‍ സന്തോഷിക്കാതെ അന്ന് താന്‍ കളിച്ച മോശം ഷോട്ടിനെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്ന താരത്തെ ഈ ആത്മകഥയില്‍ കാണാം.

ദേവ്ദര്‍ ട്രോഫി മത്സരത്തില്‍  വ്യക്തിഗതനേട്ടമുണ്ടാകില്ലെന്നു കരുതി സ്വന്തം പൊസിഷനില്‍ ഇറങ്ങാന്‍ മടി കാണിച്ചതും ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ശേഷം രഞ്ജി ട്രോഫി മത്സരത്തില്‍ അമ്പയറുമായി അനാവശ്യമായി കലഹിച്ച് പുറത്താക്കപ്പെട്ടതുമൊക്കെ അന്നത്തെ ചോരത്തിളപ്പില്‍ ചെയ്തതും പിന്നീട് അതൊക്കെ പരിഹരിച്ചതുമൊക്കെ ആത്മകഥയില്‍ സഞ്ജയ് വിവരിക്കുന്നുണ്ട്.

ബാറ്റിങ് ഇതിഹാസം സാക്ഷാല്‍ വിജയ് മഞ്ജരേക്കറുടെ മകനായി, ഇന്ത്യന്‍ ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍മാരെ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായ മുംബൈയില്‍ പിറന്ന സഞ്ജയ് ഒരു ടെസ്റ്റ് ബാറ്റ്സ്മാന്‍ അല്ലാതെ മറ്റാരാകാനാണ്. മുംബൈയിലെ പതിവു രീതിയനുസരിച്ച് സ്‌കൂള്‍ ക്രിക്കറ്റില്‍ തുടങ്ങി, കോളേജ് ക്രിക്കറ്റിലൂടെ രഞ്ജി ടീമിലെത്തി അവിടെ നിന്നും ഇന്ത്യന്‍ ടീമിലെത്തിയതാണ് സഞ്ജയ്. 

ദിലീപ് സര്‍ദേശായിയെപ്പോലുള്ള പഴയ തലമുറയിലെ താരങ്ങളുടെ മേല്‍നോട്ടത്തില്‍ വളര്‍ന്ന് ഗാവസ്‌കറെയും സന്ദീപ് പാട്ടീലിനെപ്പോലെയും ദിലീപ് വെങ്സാര്‍ക്കറിനെയും രവിശാസ്ത്രിയെയും പോലുള്ള സീനീയര്‍ താരങ്ങളുടെ പ്രോത്സാഹനത്തില്‍ വളര്‍ന്ന താരം (സഞ്ജയ് മുംബൈ യൂണിവേഴ്സിറ്റി ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ ടീമിലെ അംഗമായിരുന്നു ദിലീപ് സര്‍ദേശായിയുടെ മകനും ഇപ്പോഴത്തെ പ്രഗത്ഭ ടെലിവിഷന്‍ ജേണലിസ്റ്റുമായ രാജ്ദീപ് സര്‍ദേശായി). ഇവരോടൊക്കെയുളള കടപ്പാടും സ്നേഹവുമൊക്കെ സഞ്ജയ് വിവരിക്കുമ്പോള്‍ എങ്ങനെയാണ്  മുംബൈയില്‍ നിന്ന് ഒരു താരം രൂപപ്പെടുന്നതെന്നു മനസിലാക്കാം.

ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുമ്പോഴുള്ള ഒരു സംഭവം സഞ്ജയ് ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. മുംബൈയിലെ ഒരു മൈതാനത്ത് സഞ്ജയ് പരിശീലനം നടത്തുകയാണ്. അപ്പോള്‍ ഒരു കുട്ടി വന്നു പറഞ്ഞു. സുനില്‍ ഗാവസ്‌കര്‍ നിന്നെ അന്വേഷിക്കുന്നു. ചെന്നു നോക്കുമ്പോള്‍ ഒരു മരച്ചുവട്ടില്‍ ഗാവസ്‌കര്‍ പുതിയൊരു ക്രിക്കറ്റ് ബാറ്റുമായി നില്‍ക്കുന്നു. സഞ്ജയക്ക് ഒരു ബാറ്റ് കൊണ്ടുവരണമെന്ന് വിദേശ പര്യടനത്തിനുമുമ്പ് വിജയ് മഞ്ജരേക്കര്‍ ഗാവസ്‌ക്കറോട് ആവശ്യപ്പെട്ടിരുന്നു. അതുമായെത്തിയതാണ് അദ്ദേഹം. സഞ്ജയ് പറയുന്നു 'ഗാവസ്‌കര്‍ ബാറ്റുകൊണ്ടുവന്നെന്നു മാത്രമല്ല. അദ്ദേഹം നേരിട്ടെത്തി എനിക്ക് നല്‍കുകയും ചെയ്തു. ആരുടെയെങ്കിലും കൈവശം അത് കൊടുത്തയക്കാവുന്നതേയുള്ളൂ. പക്ഷേ, തിരക്കിനിടയില്‍ സമയം കണ്ടെത്തി ഞാന്‍ പരിശീലിക്കുന്നിടെത്തി ബാറ്റു തന്നതിലൂടെ അദ്ദഹം മറ്റു  ചില മൂല്യങ്ങള്‍കൂടി വെളിപ്പെടുത്തുകയായിരുന്നു. (1980കളുടെ തുടക്കമാണ് സംഭവം. അന്ന് അമിതാഭ് ബച്ചനെപ്പോലെ തന്നെ പ്രശസ്തിയില്‍ നില്‍ക്കുന്നയാളാണ് ഗാവസ്‌ക്കറെന്നും സഞ്ജയ് വ്യക്തമാക്കുന്നുണ്ട്) '.

imperfect by sanjay manjrekar

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും വിദേശ താരങ്ങളുമൊക്കെ ഏറെ ആദരിച്ചിരുന്ന താരമായിരുന്നു വിജയ് മഞ്ജരേക്കര്‍. ഇന്ത്യയ്ക്കുവേണ്ടി 53 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 39.12 ശരാശരിയില്‍ 3,208 റണ്‍സും നേടി. തന്റെ കാലത്ത് വിശേഷ പ്രകടനം നടത്തിയ ഒരു ബാറ്റ്സ്മാന്‍.

ക്രിക്കറ്റ് കളിച്ച് സമ്പാദിച്ചയാളല്ല അദ്ദേഹം. ക്രിക്കററില്‍ നിന്ന് വിരമിച്ചതിനുശേഷം അദ്ദേഹം എയര്‍ ഇന്ത്യയിലെ ജോലിയും ഉപേക്ഷിച്ചു. സാമ്പത്തിക സ്ഥിതി മോശമായതോടെ സഞ്ജയിന്റെ അമ്മയ്ക്ക് വീണ്ടും ജോലിക്കുപോകേണ്ടതായി വരുന്നു.

മഹാദേഷ്യക്കാരനായിരുന്നു വിജയ് മഞ്ജരേക്കര്‍. കഴിയുന്നതും അച്ഛന്റെ കണ്ണില്‍പ്പെടാതെ മാറിനില്‍ക്കുകയെന്നതായിരുന്നു കുട്ടിക്കാലത്ത് സഞ്ജയിന്റെ തന്ത്രം. രണ്ടു സഹോദരിമാര്‍ക്കും അച്ഛനെ പേടിയായിരുന്നു. തന്റെ ബാറ്റിങ് ശൈലിയെയും ഇത് സ്വാധീനിച്ചിരിക്കാമെന്ന് സഞ്ജയ് പറയുന്നു. റിസ്‌ക്കൊന്നുമെടുക്കാത്ത പ്രതിരോധാത്മക ശൈലിക്ക് സഞ്ജയ്  ഒരു കാരണമായി  പറയുന്നത് അച്ഛനോടുള്ള പേടിയാണ്. ഇതൊക്കെയാണെങ്കിലും മകന്‍ ഒരു നാള്‍ ഒരു ടെസ്റ്റ് ക്രിക്കറ്ററായി തീരുമെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. സഞ്ജയിന്റെ 18-ാം വയസ്സില്‍ വിജയ് മഞ്ജരേക്കര്‍ ഈ ലോകത്തോട് വിടപറഞ്ഞു. പക്ഷേ അച്ഛന്റെ വിശ്വാസം കാക്കാന്‍ സ്ഞ്ജയ്ക്കായി. ക്രിക്കറ്റ് ലോകം ശ്രദ്ധിച്ച ഒരു വരവായിരുന്നു സഞ്ജയുടേത്.

വെസ്റ്റിന്‍ഡീസിനെതിരേ ഡല്‍ഹിയിലായിരുന്നു അരങ്ങേറ്റം. അധികം റണ്‍സ് നേടാനായില്ലെങ്കിലും വെസ്റ്റിന്‍ഡീസ് പേസ് ബൗളിങിനെതിരായ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. വൈകാതെ വെസ്റ്റിന്‍ഡീസിലെയും പാകിസ്താനിലെയും രണ്ട് എവേ ടൂറുകളിലെ പ്രകടനത്തോടെ സഞ്ജയ്  അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റേതായ സ്ഥാനമുറപ്പിച്ചു.

imperfect by sanjay manjrekar

വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ  ഇതിഹാസ താരങ്ങളായ ജെഫ് ഡുജോണും ഡെസ്മണ്ട് ഹെയ്ന്‍സും മാല്‍ക്കം മാര്‍ഷലും സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സുമൊക്കെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് അധിക നാളുകളായിട്ടില്ലാത്ത തനിക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമൊക്കെ സഞ്ജയ് വിവരിക്കുന്നുണ്ട്. പാകിസ്താന്‍ പര്യടനത്തിനുശേഷം സാക്ഷാല്‍  ഇമ്രാന്‍ ഖാന്‍ സഞ്ജയുടെ മെന്ററായി മാറുന്നു. അക്കാലത്തെ താരങ്ങള്‍ എതിരാളികള്‍ക്കുപോലും കളിമെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ക്രിക്കറ്റ് എന്ന കളിയോടുള്ള ഇഷ്ടമാണ് ഇതിന്റെ കാരണം.

1991-92 ലെ  ഓസ്ട്രേലിയന്‍ പര്യടനത്തെ തുടര്‍ന്ന് കരിയറിലെ വീഴ്ചയും പിന്നീട് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനായി നടത്തിയ  പോരാട്ടങ്ങളും സഞ്ജയ് എഴുതിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ആറു തവണയാണ് അദ്ദേഹം റണ്ണൗട്ടായത്. ഫിറ്റ്നസ് ഇല്ലാത്തതായിരുന്നു ഇതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മുംബൈ ടീമില്‍ ബാറ്റിങ് ടെക്നിക്കുകള്‍ക്കാണ് പ്രാധാന്യം. ഫിറ്റ്നസിന് അവര്‍ അത്ര പ്രാമുഖ്യം നല്‍കിയില്ല. ഫിറ്റ്നസില്‍ ശ്രദ്ധിക്കാത്തതിന്റെ വിഷമം പിന്നീടാണ് മനസ്സിലാകുന്നത്.

സാങ്കേതികത്വത്തിന്റെയും പ്രതിരോധത്തിന്റെയും കാര്യത്തില്‍ തന്റെ പിന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന രാഹുല്‍  ദ്രാവിഡും താനുമായുള്ള വ്യത്യാസവും സഞ്ജയ് പറയുന്നുണ്ട്. താന്‍ രണ്ടര മണിക്കൂര്‍ ക്രീസില്‍ നിന്ന് 30 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ അതേ രണ്ടര മണിക്കൂര്‍ കൊണ്ട് അര്‍ധ സെഞ്ചുറിക്കപ്പുറം കടക്കാന്‍ ദ്രാവിഡിന് സാധിക്കുന്നു.

imperfect by sanjay manjrekar

പ്രതിസന്ധി ഘട്ടത്തില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തരാന്‍ ഇന്നത്തെ താരങ്ങള്‍ക്കുള്ളതുപോലെ  ഒരു ബാറ്റിങ് കോച്ച് ഉണ്ടായിരുന്നെങ്കില്‍ അപൂര്‍ണമായ ഒരു ഗാനം പോലെ തന്റെ കരിയര്‍ അവസാനിക്കില്ലായിരുന്നുവെന്നും സഞ്ജയ് എഴുതുന്നു. കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ക്രീസില്‍ നിന്ന് രണ്ടും മൂന്നു മണിക്കൂര്‍ പന്ത് പ്രതിരോധിച്ചെങ്കിലും ഇതൊന്നും സിംഗിളുകളായി മാറ്റാന്‍ കഴിയാതെ പോയി. പ്രതിരോധത്തിന്റെ മാസ്‌മരികതയില്‍ മയങ്ങിനില്‍ക്കാതെ  ഇത്തരം പന്തുകളില്‍ സിംഗിളിനു ശ്രമിക്കണമെന്ന ഉപദേശം അന്ന് ആരെങ്കിലും നല്‍കിയിരുന്നെങ്കില്‍ കരിയര്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചിരുന്നേനെയെന്നും സഞ്ജയ് വിവരിക്കുന്നു.

സഞ്ജയിനെ 'മിസ്റ്റര്‍ പെര്‍ഫെക്ട്,' 'മിസ്റ്റര്‍ ഡിഫ്‌റന്റ്' തുടങ്ങിയ പേരുകളിലാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ തമാശ കലര്‍ത്തി വിളിച്ചിരുന്നത്. അത്രയ്ക്ക് പൂര്‍ണതയ്ക്കായിട്ടായിരുന്നു ക്രീസില്‍ നില്‍ക്കുമ്പോള്‍ സഞ്ജയിന്റെ ശ്രമം. മുംബൈ ടീമില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയപ്പോഴത്തെ വ്യത്യാസവും സഞ്ജയ് വരച്ചിടുന്നുണ്ട്. 

മുംബൈ ഒരു കുടുംബമായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീം ഒറ്റപ്പെട്ട ഓരോ തുരുത്തുകളായിരുന്നു. അടുത്ത ടെസ്റ്റില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെന്നു മാത്രമായിരുന്നു പലരുടെയും മുമ്പിലുള്ള ലക്ഷ്യം. പേസ് ബൗളിങിനെ പേടിച്ച് പല പ്രമുഖ ബാറ്റ്സ്മാന്‍മാരും ഓപ്പണിങ് സ്ലോട്ടുകളില്‍ നിന്ന് മാറി നിന്നതും മനോജ് പ്രഭാകറിനെപ്പോലുള്ള ധീരന്‍മാര്‍ ഓപ്പണിങ്ങിനിറങ്ങിയതുമൊക്കെ ഇംപെര്‍ഫെ്കടില്‍ വിശദമാക്കിയിട്ടുണ്ട്.

imperfect by sanjay manjrekar

ഇമ്രാന്‍ഖാനെപ്പോലെ താരങ്ങളെ മനസിലാക്കുന്ന ഒരു ക്യാപ്റ്റന്‍ ഉണ്ടായിരുന്നെങ്കില്‍ സഞ്ജയുടെ ടെസ്റ്റ് കരിയര്‍ രക്ഷപ്പെട്ടേനെയെന്ന് മുന്‍ പാകിസ്താന്‍ താരം റമീസ് രാജ  ഒരു സംഭാഷണത്തില്‍ പറഞ്ഞതും താരം  എഴുതിയിട്ടുണ്ട്. 1996-ല്‍ ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരായ സെമിഫൈനല്‍  മത്സരം അടിയറവുവയ്ക്കേണ്ടി വന്നതിനെക്കുറിച്ചും മഞ്ജരേക്കര്‍ വിശദീകരിക്കുന്നുണ്ട്. 

ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതാണ് തോല്‍വിക്കു കാരണമെന്ന ആരോപണം അക്കാലത്തുണ്ടായിരുന്നു. പക്ഷേ ശ്രീലങ്കയുടെ വെടിക്കെട്ട് ഓപ്പണര്‍മാരായ സനത് ജയസൂര്യയേയും രമേഷ് കാലുവിതരണയെയും ആദ്യ ഓവറുകളില്‍ തന്നെ പുറത്താക്കിയതോടെ ഇന്ത്യയ്ക്ക് കളിയുടെ പ്ലോട്ട് നഷ്ടമായിപ്പോയെന്ന് സഞ്ജയ് പറയുന്നു. ഇവരുടെ ആക്രമണ ബാറ്റിങ്ങിനെതിരെയാണ ഇന്ത്യ തന്ത്രങ്ങള്‍ മെനഞ്ഞത്. ആദ്യം തന്നെ ഇവര്‍ പുറത്തായതോടെ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ആയില്ല. ഫൈനലിനു മുമ്പത്തെ ഫൈനല്‍ എന്നു വിശേഷിപ്പിച്ച ക്വാര്‍ട്ടറില്‍ പാകിസ്താനെ തോല്‍പിച്ചതോടെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പ് ജയിച്ച ആവേശത്തിലായിരുന്നു. ആ വിജയത്തിന്റെ ഹാങ്ഓവറില്‍ നിന്നു മുക്തരാകാതെയാണ് സെമി ഫൈനലിനിറങ്ങിയത്. സെമിയില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ വളരെ പെട്ടെന്ന് പിച്ചിന്റെ സ്വഭാവം മാറുകയും ബാറ്റിങ് ദുഷ്‌കരമാകുകയും ചെയ്തത് സഞ്ജയ് വിവരിക്കുന്നുണ്ട്. 

1991-92 ലെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ എ.ബി.സി സഞ്ജയുമായി നടത്തിയ അഭിമുഖം കേട്ടുകൊണ്ടിരുന്ന ഒരാള്‍ പ്രവചനാത്മകതയോടെ പറഞ്ഞു' ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനുശേഷം ഇദ്ദേഹം ഏതു കരിയര്‍ സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്' സഞ്ജയ് കമന്റേറ്ററാകുമെന്നായിരുന്നു അയാള്‍ ഉറപ്പിച്ചത്. 

imperfect by sanjay manjrekar

മുംബൈയ്ക്കുവേണ്ടി അവസാന രഞ്ജി ട്രോഫി മത്സരം കളിച്ചതിനുശേഷമുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ അന്നത്തെ മുംബൈ കോച്ച് ബല്‍വീന്ദര്‍ സിങ് സന്ധുവും പ്രവചിച്ചു, സഞ്ജയ് കമന്റേറ്ററാകുമെന്ന്. പ്രവചനങ്ങള്‍ യാഥാര്‍ഥ്യമായി. ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ മുന്‍നിര കമന്റേറ്റര്‍മാരിലൊരാളായി സഞ്ജയ് തിളങ്ങുകയാണ്. ക്രിക്കറ്റിന്റെ സാങ്കേതികതയെക്കുറിച്ചുള്ള എല്ലാ പരിജ്ഞാനവും അദ്ദേഹത്തിന്റെ വിശകലനങ്ങളിലുണ്ട്. ക്രിക്കറ്റ് താരമെന്ന നിലയില്‍ തന്റെ പ്രതിഭയോട് നൂറുശതമാനം നീതി പുലര്‍ത്താന്‍ സാഹചര്യങ്ങള്‍ സഞ്ജയെ അനുവദിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. കാവ്യനീതി പോലെ, തന്റെ പ്രതിഭ കമന്ററി രംഗത്ത് പ്രകടിപ്പിക്കാന്‍ സഞ്ജയ്ക്ക് സാധിക്കുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് ആസ്വദിച്ചിരുന്നവര്‍ക്ക്  ഇപ്പോള്‍ ഓരോ മത്സരത്തിനിടയിലും സഞ്ജയെ കാണുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. നന്ദി സഞ്ജയ്... 'ഇംപെര്‍ഫെക്ടിനും' താങ്കളുടെ മത്സരവിശകലനങ്ങള്‍ക്കും. ഒരു മനുഷ്യനോട് എല്ലാക്കാലത്തും ക്രൂരനാകുവാന്‍ കാലത്തിനാകില്ലല്ലോ?

 ഹാര്‍പര്‍ സ്പോര്‍ട്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Content Highlights: review imperfect by sanjay manjrekar