വോളിബോള്‍ ഇതിഹാസം ടി.ഡി. ജോസഫ് എന്ന പപ്പനും കേരളം നടാടെ സന്തോഷ് ട്രോഫി ജയിച്ചപ്പോള്‍ ഫൈനലില്‍ ഹാട്രിക് നേടിയ കേരള നായകന്‍ മണിയും ദേശീയ ബാഡ്മിന്റണില്‍ കേരളത്തിന് മേല്‍വിലാസം ഉണ്ടാക്കിയ ഒട്ടേറെ താരങ്ങളും അലുവ ഫാക്ടിന്റെ സംഭാവനയാണെന്ന് അറിയാവുന്നവരും ഓര്‍ക്കുന്നുണ്ടാകില്ല, ഇതിനെല്ലാം വഴിതെളിച്ച ആ സ്‌പോര്‍ട്‌സ് പ്രേമിയെ; എം.കെ.കെ. നായര്‍ എന്ന ഫാക്ടിന്റെ മുന്‍ മാനേജിങ് ഡയറക്ടറെ. ഇന്ന് അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുമ്പോള്‍ കായിക കേരളം അദ്ദേഹത്തിന് ആദരം അര്‍പ്പിക്കണം.
മൂന്നു ഫുട്‌ബോള്‍ മൈതാനങ്ങള്‍, അഞ്ച് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍ (മൂന്നെണ്ണം ഫ്‌ളഡ്‌ലിറ്റ്), അഞ്ചു വോളിബോള്‍ കോര്‍ട്ടുകള്‍ (രണ്ടെണ്ണം ഫ്‌ളഡ്‌ലിറ്റ്), അഞ്ച് ബാഡ്മിന്റണ്‍ കോര്‍ട്ടുകളും അര ഡസന്‍ ടേബിള്‍ ടെന്നീസ്, ബില്യാര്‍ഡ്‌സ് ടേബിളുകളും ഉള്‍പ്പെട്ട ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, സ്വിമ്മിങ് പൂള്‍, ഹെല്‍ത്ത് ക്ലബ്ബ് എന്നിവയടക്കം ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഫാക്ടില്‍ ഒരുക്കിയത് എം.കെ.കെയുടെ ദീര്‍ഘവീക്ഷണമാണ്.
1949 ല്‍ ഐ.എ.എസ് നേടിയ എം.കെ.കെ 1959-ല്‍ ഫാക്ടിന്റെ ജനറല്‍ മാനേജര്‍ ആയി എത്തി. 1960 മുതല്‍ ഒരു പതിറ്റാണ്ട് എം.ഡി ആയിരുന്നു. അക്കാലത്താണ് സ്‌പോര്‍ട്‌സ് വളരാന്‍ അദ്ദേഹം അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കിയതെന്ന് ഓര്‍ക്കണം. എത്ര മഹത്തായ ദീര്‍ഘ വീക്ഷണം. ഇവിടംകൊണ്ടു തീരുന്നില്ല അദ്ദേഹത്തിന്റെ കായിക സങ്കല്‍പ്പങ്ങള്‍. 1959-ല്‍ തന്നെ ശേഷസായ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തുടങ്ങി. 1969-ല്‍ ജൂനിയര്‍ അത്‌ലറ്റിക്‌സും ആരംഭിച്ചു.
എം.കെ.കെ. നായരുടെ കാലത്ത് ഫാക്ട് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ സമാന്തര സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തന്നെയായിരുന്നു. ഒരു വ്യത്യാസം, ഇവിടെ രാഷ്ട്രീയവും സ്വജന പക്ഷപാതവും അദ്ദേഹം അനുവദിച്ചില്ല. ഒരു സ്‌പോര്‍ട്‌സ് ഓഫീസറെ ആദ്യമായി നിയമിച്ച വ്യവസായ സ്ഥാപനവും ഒരു പക്ഷേ, ഫാക്ട് ആകാം. ഫുട്‌ബോളും ഹോക്കിയും ക്രിക്കറ്റും ബാസ്‌ക്കറ്റ്‌ബോളും കളിച്ച പാരമ്പര്യമുള്ള തോമസ് കോശിയെയാണ് ആ തസ്തികയില്‍ അദ്ദേഹം നിയമിച്ചത്.
ഉദ്യോഗമണ്ഡല്‍ വ്യവസായ മേഖലയിലെ വിവിധ ഫാക്ടറികളിലെ കായിക താരങ്ങളെ ഉള്‍പ്പെടുത്തി ഉദ്യോഗമണ്ഡല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷനും രൂപവല്‍ക്കരിച്ചു. മലയാറ്റൂര്‍ രാമകൃഷ്ണന്റെയും യു.സി. കോളജ് അധ്യാപകന്‍ സി.പി ആന്‍ഡ്രൂസിന്റെയും സഹായം എം.കെ.കെ നായര്‍ക്ക് ഇക്കാര്യത്തില്‍ ലഭിച്ചത് അനുഗ്രഹമായി.
എത്രയോ അഖിലേന്ത്യാ വിജയങ്ങള്‍ ഫാക്ട് ടീമുകള്‍ നേടി. എത്രയെത്ര ഇന്ത്യന്‍ താരങ്ങള്‍ ഫാക്ടിലൂടെ വളര്‍ന്നു. അവരെയൊക്കെ ഓര്‍ക്കുമ്പോള്‍ എങ്കിലും അവര്‍ക്കു വഴികാട്ടിയ എം.കെ.കെയെന്ന കായിക പ്രേമിയായ ഐ.എ.എസ് ഉദ്യോഗസ്ഥനെയും സ്മരിക്കണം. ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ ബി.വി.പി. റാവു എന്ന ഹൈദരാബാദുകാരനായ അസം കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ വിപ്ലവം സൃഷ്ടിച്ചതുപോലെ കേരള സ്‌പോര്‍ട്‌സില്‍ വിപ്ലവകരമായ കുതിപ്പിനു തിരി തെളിച്ചതില്‍ എം.കെ.കെയ്ക്ക് നിര്‍ണായക പങ്കുണ്ട്.
Content Highlights: Remembering the late MKK Nair a multi faceted personality