നാരായണൻ മുംബൈയിലെ ബിപിൻ മെമ്മോറിയൽ ഫുട്ബോൾ ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു (ഫയൽചിത്രം)
മുംബൈ: അറുപത്തിയഞ്ചുവര്‍ഷം മുമ്പാണ്. മെല്‍ബണിലെ ഒളിമ്പിക്സ് വേദി. ആതിഥേയരായ ഓസ്ട്രേലിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ നേരിടുകയാണ്, വിജയം ഉറപ്പിച്ചുകൊണ്ട്. കാരണം നാലുവര്‍ഷംമുമ്പത്തെ ഒളിമ്പിക്‌സില്‍ യൂഗോസ്ലാവ്യയോട് പത്തുഗോള്‍വരെ വാങ്ങി തോറ്റ ടീമാണ് ഇന്ത്യ. പക്ഷേ അവരുടെ പ്രതീക്ഷ തെറ്റി. നെവില്‍ ഡിസൂസ മുന്നില്‍നിന്നു നയിച്ചപ്പോള്‍ ഓസ്ട്രേലിയ വിയര്‍ത്തു. അവരുടെ ആക്രമണങ്ങളാകട്ടെ ഗോള്‍വലയം കാത്ത ഒറ്റപ്പാലത്തുകാരന്‍ ബാബു നാരായണന്‍ എന്ന എസ്.എസ്.നാരായണന്റെ മുന്നില്‍ അവസാനിക്കുകയും ചെയ്തു.
എന്നാല്‍ ഓസീസ് ടീമിന് ഈ പരാജയം വിസ്മരിക്കാന്‍ കഴിയില്ലായിരുന്നു. ഒളിമ്പിക്സ് കഴിഞ്ഞു മടങ്ങുന്നതിനുമുമ്പ് അവര്‍ ഒരു 'ഫ്രണ്ട്ലി മാച്ചി'ന് ഇന്ത്യയെ ക്ഷണിച്ചു. പക്ഷെ ആറടിയിലധികം പൊക്കമുള്ള നാരായണന്‍ എന്ന 22-കാരനെ മറികടന്ന് പന്ത് വലയില്‍ എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഏഴുഗോളുകള്‍ക്ക് ഇന്ത്യ ഓസീസിനെ വാരിക്കളഞ്ഞു. മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് നാലാം സ്ഥാനമായിരുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ അന്തരിച്ച പാലക്കാട് ഒറ്റപ്പാലത്തുകാരന്‍ എസ്.എസ്.നാരായണന്റെ (86) സംഭവബഹുലമായ കളിജീവിതത്തിലെ ഒരധ്യായം മാത്രമാണിത്.
ഒളിമ്പിക്‌സ് കഴിഞ്ഞതോടെ വല കാക്കാന്‍ ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് നാരായണനെ വേണമെന്നായി. ബോംബെ വിട്ടുപോകാന്‍ തയ്യാറല്ലാതിരുന്ന അദ്ദേഹം കാള്‍ട്ടക്‌സിനും ടാറ്റാസിനും മറ്റും ബൂട്ട് കെട്ടി ഈ മഹാനഗരത്തില്‍ തന്നെ കഴിഞ്ഞു. റോമില്‍ നാലുവര്‍ഷത്തിനുശേഷം നടന്ന ഒളിമ്പിക്സിലും നാരായണന്‍ ഇന്ത്യന്‍വല കാക്കാന്‍ ഉണ്ടായിരുന്നു. അന്ന് ഫ്രാന്‍സിനോട് സമനില പിടിച്ചു. രണ്ട് ഒളിമ്പിക്സുകളില്‍ ഇന്ത്യയുടെ അഭിമാനം കാത്ത ആദ്യമലയാളി. ഗോളി പീറ്റര്‍ തങ്കരാജ്, പി.കെ. ബാനര്‍ജി, ചുനിഗോസ്വാമി, ജെര്‍ണയില്‍ സിങ് തുടങ്ങിയ വന്‍ താരനിരയായിരുന്നു അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്.
പഠിക്കുന്ന കാലത്ത് മാട്ടുംഗയിലെ ഖല്‍സ കോളജിലും റൂയ്യ കോളജിലും ബാസ്‌കറ്റ്ബോള്‍ താരമായിരുന്നു ബാബു നാരായണന്‍. പിന്നീട് ഇന്ത്യന്‍ ജിംഖാനയ്ക്കും മാട്ടുംഗ അത്ലറ്റിക് ക്ലബ്ബിനുവേണ്ടിയും കളിക്കളത്തിലിറങ്ങി. . 1955-ല്‍ ദേശീയ സീനിയര്‍ നാഷണലില്‍ മഹാരാഷ്ട്രയുടെ ബാസ്‌കറ്റ് ബോള്‍, ഫുട്ബോള്‍ ടീമുകളില്‍ അദ്ദേഹം അംഗമായിരുന്നു. കാള്‍ടെക്‌സ് ടീമില്‍ എത്തിയതോടെയാണ് ഫുട്ബോളില്‍മാത്രം ശ്രദ്ധകേന്ദ്രീകരിച്ചത്. ഇവിടെ മൂന്നുവര്‍ഷത്തോളം കളിച്ചശേഷം പിന്നീട് ടാറ്റാ സ്‌പോര്‍ട്സ് ക്ലബ്ബിലേക്ക് മാറി. പിന്നീട് 11 വര്‍ഷം ടാറ്റാസില്‍. 1955 മുതല്‍ 64 വരെ സന്തോഷ് ട്രോഫിയില്‍ അദ്ദേഹം ബോംബെ, മഹാരാഷ്ട്ര ടീമുകള്‍ക്കുവേണ്ടി ബൂട്ടണിഞ്ഞു.
Content Highlights: remembering SS Narayan India s Two-Time Olympian Footballer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..