
Photo: mathrubhumi archives
ഇരിങ്ങാലക്കുടക്കാരന് ഓടമ്പള്ളി ചന്ദ്രശേഖരന് കായികരംഗത്ത് അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്, ഒളിമ്പ്യന്‍ ചന്ദ്രശേഖരന്. ഇന്ത്യന്‍ ഫുട്ബോളിലെ തന്നെ മികച്ച പ്രതിരോധ നിര താരങ്ങളിലൊരാള്‍. 1960-ലെ റോം ഒളിമ്പിക്സില്‍ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച ടീമിലെ പ്രതിരോധനിര താരം. ഇന്ത്യന്‍ ഫുട്ബോളിന്റെ തന്നെ ചരിത്രമറിയുന്ന ഒരാളെയാണ് ചൊവ്വാഴ്ച നമുക്ക് നഷ്ടമായത്. ആദ്യകാല ഒളിമ്പ്യന്മാരില് ഒരാളെയും.
വര്‍ഷങ്ങള്‍ക്കു മുമ്പ് മറവി രോഗം പിടിമുറുക്കിത്തുടങ്ങിയപ്പോള്‍ ജീവശ്വാസമായിരുന്ന ഫുട്ബോളിനെ പിന്നില്‍ വിട്ട് എറണാകുളത്തെ എസ്.ആര്.എം റോഡിലെ സ്വവസതിയായ 'വിമലി'ല്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു ചന്ദ്രശേഖരന്.
1956-ല്‍ ബേംബെയിലെ കാള്‍ട്ടെക്സ് എസ് സിയിലൂടെയാണ് ചന്ദ്രശേഖരന്റെ പ്രൊഫഷണല്‍ ഫുട്ബോളിലേക്കുള്ള വരവ്. രണ്ടു വര്‍ഷത്തിനപ്പുറം ഇന്ത്യന്‍ ടീമിന്റെ വാതിലും അദ്ദേഹത്തിനായി തുറന്നു. 1966 വരെ ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
1960 ഒളിമ്പിക്സ് ഫുട്ബോളില്‍ പങ്കെടുക്കാന്‍ 16 ടീമുകളാണ് ഉണ്ടായിരുന്നത്. നാലു വീതം ടീമുകളായി നാലു ഗ്രൂപ്പുകള്‍. ഹംഗറി. ഫ്രാന്‍സ്, പെറു എന്നിവര്‍ക്കൊപ്പമായിരുന്നു ചന്ദ്രശേഖരനടങ്ങിയ ഇന്ത്യന്‍നിര. കരുത്തരായ ഹംഗറിക്കെതിരേ ആദ്യ മത്സരത്തില്‍ 2-1ന് തോറ്റ ശേഷമാണ് ഇന്ത്യ ഫ്രാന്‍സിനെതിരേ കളത്തിലിറങ്ങിയത്.
ഫ്രാന്‍സിനെതിരേ 1-0നും 2-1നും ലീഡ് ചെയ്ത ശേഷമാണ് അന്ന് ഇന്ത്യന്‍ സംഘം സമനില വഴങ്ങിയത്. ഇന്ത്യന്‍ ടീം ചരിത്രത്തില്‍ ആദ്യമായി ഫ്ളഡ്ലൈറ്റില്‍ കളിച്ച മത്സരമായിരുന്നിരിക്കും അത്. അന്ന് കളിക്കിടെ ടീമിന്റെ താളംതെറ്റിക്കാന്‍ ഫ്ളഡ്ലൈറ്റുകള്‍ കാരണമായിട്ടുണ്ടെന്ന് ചന്ദ്രശേഖരന് മുന്‍പ് പറഞ്ഞിട്ടുണ്ട്. അടുത്ത മത്സരത്തില്‍ പെറുവിനോടും തോറ്റ് ഇന്ത്യ മടങ്ങിയെങ്കിലും ചന്ദ്രശേഖരനും ജര്ണെയ്ല് സിങ്ങും ലത്തീഫും കൈയടി നേടി.
പിന്നീട് രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറം ടീമിനൊപ്പം 1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേട്ടത്തിലും അദ്ദേഹം പങ്കാളിയായി. 1964-ലെ എഫ്സി ഏഷ്യന്‍ കപ്പിലും 1959, 1964 മെര്‍ദേക്ക ടൂര്‍ണമെന്റുകളിലും ദേശീയ ജേഴ്സിയില്‍ വെള്ളി മെഡലും സ്വന്തമാക്കി.
1964-ല്‍ ബോംബെ സന്തോഷ് ട്രോഫി കിരീടം നേടുമ്പോള്‍ ടീമിന്റെ നായകന് ചന്ദ്രശേഖരനായിരുന്നു. മദിരാശി സന്തോഷ് ട്രോഫി ഫൈനലില്‍ ചന്ദ്രശേഖരന്റെ ഒരു രക്ഷപ്പെടുത്തലാണ് ബോംബെയെ കിരീടം നേടാന്‍ സഹായിച്ചത്.
അന്നത്തെ അറിയപ്പെടുന്ന താരം യൂസഫ് ഖാന്റെ ഹൈദരാബാദായിരുന്നു ഫൈനലില്‍ ബോംബെയുടെ എതിരാളി. കളിയവസാനിക്കാന്‍ അഞ്ചു മിനിറ്റ് മാത്രം ബാക്കി. ബോംബെ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയാണ്. അപ്പോഴാണ് യൂസഫ് ഖാന്റെ ഒരു മികച്ച മുന്നേറ്റമുണ്ടാകുന്നത്. ബോക്സിലേക്ക് കയറി ഗോളിയേയും മറികടന്ന് അദ്ദേഹം തൊടുത്ത ഷോട്ട് ഗോളെന്നുറപ്പിച്ച കാണികള്‍ ആവേശം തുടങ്ങിയിരുന്നു. പക്ഷേ എവിടെനിന്നോ മിന്നല്‍പ്പിണര്‍ പോലെ ഓടിയെത്തിയ ചന്ദ്രശേഖരന് പന്ത് വലയില്‍ കയറും മുമ്പ് അടിച്ചകറ്റി. ആ ഒരൊറ്റ സേവില്‍ ബോംബെ കിരീടവുമായി മടങ്ങി.
Content Highlights: remembering Former Indian football team captain Olympian Chandrasekharan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..