Photo: Mathrubhumi Archives
നാല് ഒളിമ്പിക്‌സ്...ആറ് ഒളിമ്പ്യന്‍മാര്‍. അതായിരുന്നു ഒളിമ്പിക് ഫുട്‌ബോള്‍ ചരിത്രത്തില്‍ കേരളത്തിന്റെ സംഭാവന. ഒ.ചന്ദ്രശേഖരന്റെ മരണത്തോടെ ആ അധ്യായം അവസാനിച്ചു. ഇവരില്‍ രണ്ട് ഒളിമ്പിക്‌സില്‍ പങ്കെടുത്ത എസ്.എസ്. നാരായണന്‍ അന്തരിച്ചിട്ട് ഒരു മാസമായില്ല. ഇനി ആ സുവര്‍ണ കാലത്തിന്റെ ഓര്‍മകള്‍ ബാക്കി.
1948 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആയിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ അരങ്ങേറ്റം. ടീമില്‍ ബാക്ക് ആയി തോമസ് മത്തായി വര്‍ഗീസ് എന്ന തിരുവല്ലാ പാപ്പന്‍. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ മലയാളി ഒളിമ്പ്യന്‍ എന്ന ലേബല്‍ പാപ്പനു സ്വന്തം. തിരുവിതാംകൂര്‍ സ്റ്റേറ്റ് പൊലീസിനു വേണ്ടി കളിച്ചാണ് പാപ്പന്‍ മുംബൈയില്‍ ടാറ്റാസിലും അതുവഴി ഇന്ത്യന്‍ ടീമിലും എത്തിയത്. 1979 ല്‍ മുംബൈയില്‍ ആയിരുന്നു അന്ത്യം. 1952-ല്‍ ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമില്‍ പി.ബി.എ.സാലി എന്ന കോട്ടയം സാലി ഫോര്‍വേഡ് നിരയില്‍ ഉണ്ടായിരുന്നു. കോട്ടയം സി.എം.എസ് കോളജിനും എച്ച് എം.സിക്കും കളിച്ച സാലി ഈസ്റ്റ് ബംഗാള്‍ വഴി ഇന്ത്യന്‍ താരമായി. 1979 ല്‍ അന്തരിച്ചു.
ഇന്ത്യ സെമിയില്‍ എത്തിയ 1956-ലെ മെല്‍ബന്‍ ഒളിമ്പിക്‌സില്‍ ഗോളി ഒറ്റപ്പാലത്തെ സുബ്രഹ്മണ്യന്‍ ശങ്കരനാരായണന്‍ എന്ന എസ്. എസ്. നാരായണന്‍ ആയിരുന്നു. രണ്ടാം വയസില്‍ മുംബൈയില്‍ എത്തിയ നാരായണന്‍ ജിംഖാനയ്ക്കും കാള്‍ടെക്‌സിനും വേണ്ടി കാഴ്ചവച്ച മികവില്‍ ഇന്ത്യന്‍ താരമായി. 1960-ലെ റോം ഒളിംപിക്‌സിലും പങ്കെടുത്തു. മുംബൈയില്‍ ആയിരുന്നു അന്ത്യം.
മെല്‍ബനില്‍ കോഴിക്കോട്ടെ അബ്ദുല്‍ റഹ്മാന്‍ ഫുള്‍ ബാക്ക് സ്ഥാനത്തുണ്ടായിരുന്നു. മലബാര്‍ ഹണ്ടേഴ്‌സിനും കണ്ണൂര്‍ ലക്കി സ്റ്റാറിനും കോട്ടയം എച്ച്.എം.സിക്കും അതിഥി താരമായിരുന്ന റഹ്മാന്‍ രാജസ്ഥാന്‍ ക്ലബിനും മോഹന്‍ ബഗാനും കളിച്ച് ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ഇന്ത്യന്‍ നായകന്‍ ശൈലന്‍ മന്ന റൈറ്റ് ബാക്കില്‍ തന്റെ പകരക്കാരനായി കണ്ട റഹ്മാന്‍ 2002 ല്‍ അന്തരിച്ചു.
1960 ലാണ് ഇന്ത്യ അവസാനമായി ഒളിമ്പിക്‌സ് ഫുട്‌ബോള്‍ കളിച്ചത്. അന്നു ടീമില്‍ മലയാളികള്‍ മൂന്നു പേര്‍. നാരായണനു പുറമെ ഒ.ചന്ദ്രശേഖരനും കണ്ണൂരിന്റെ എം. ദേവദാസും. ഗോളിയായി നാരായണന്‍, റൈറ്റ് ബാക്ക് ചന്ദ്രശേഖരന്‍, വിങ്ങില്‍ ദേവദാസ്.
എറണാകുളം മഹാരാജാസിനും തിരുകൊച്ചിക്കും കളിച്ച ചന്ദ്രശേഖരന്‍ മുംബൈ കാള്‍ടെക്‌സിലൂടെ ഇന്ത്യന്‍ താരമായി. ദേവദാസ് കണ്ണൂര്‍ ബ്രണ്ണന്‍ കോളജിനും ലക്കി സ്റ്റാറിനും മദ്രാസ് സര്‍വകലാശാലയ്ക്കും തിളങ്ങി ഐ സി.എഫ് മദ്രാസ് വഴി ടാറ്റാസിലും തുടര്‍ന്ന് ഇന്ത്യന്‍ ടീമിലും സ്ഥാനം നേടി. അന്നു ഫുട്‌ബോള്‍ കളിക്കാര്‍ക്കിടയിലെ അപൂര്‍വം ബിരുദധാരികളില്‍ ഒരാളായിരുന്ന ദേവദാസ്. 1995 ല്‍ അദ്ദേഹം ലോകത്തില്‍ നിന്നും യാത്രയായി. മുംബൈയില്‍ ആയിരുന്നു അന്ത്യം. അങ്ങനെയൊരു സൂപ്പര്‍ താര നിര മലയാളികളുടേതായുണ്ടായിരുന്നു. അതൊരു സുവര്‍ണ കാലം. ഓര്‍മയില്‍ എങ്കിലും കാണണം ഇവരൊക്കെ .
Content Highlights: Remembering former Indian football captain Olympian Chandrasekharan and other Kerala football olympics players
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..