Photo: Mathrubhumi Archives
ഒളിമ്പിക്‌സില്‍ തനിക്കൊപ്പം പന്തു തട്ടിയ ചുനി ഗോസ്വാമിയും പി.കെ. ബാനര്‍ജിയും മരണത്തിന്റെ ഗോള്‍ലൈന്‍ കടന്ന കാര്യം പറഞ്ഞപ്പോള്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ ഒന്നും മനസ്സിലാകാതെ ചിരിക്കുകയായിരുന്നു. ഫുട്‌ബോള്‍ കളിച്ചു നേടിയ മെഡലുകളും ട്രോഫികളും കവര്‍ച്ച ചെയ്യപ്പെട്ടതുപോലെ രോഗം ഓര്‍മകള്‍ കവര്‍ന്നെടുത്തതിന്റെ അടയാളം. ടോക്യോ ഒളിമ്പിക്‌സ് തുടങ്ങുന്ന ദിവസം എറണാകുളത്തെ വീട്ടില്‍ വെച്ചു കാണുമ്പോഴും ചന്ദ്രശേഖരന്‍ അതേ ഫ്രെയിമില്‍ തന്നെയായിരുന്നു. ''അച്ഛന് ഇപ്പോള്‍ ഒന്നും ഓര്‍മയില്ല. ഫുട്‌ബോള്‍ കാണുമ്പോള്‍ ഇങ്ങനെ ടി.വി.യിലേക്കു നോക്കിയിരിക്കുമെങ്കിലും അതേതു കളിയാണെന്നു പോലും അച്ഛന് മനസ്സിലാകുന്നില്ല. ഞങ്ങള്‍ മക്കളെപ്പോലും അച്ഛന്‍ ഇപ്പോള്‍ തിരിച്ചറിയുന്നില്ല.'' അരികില്‍ നിന്നിരുന്ന മകന്‍ സുധീര്‍ പറഞ്ഞ വാക്കുകള്‍. ജീവിതത്തിന്റെ സായാഹ്നത്തില്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്റെ ഓര്‍മകളില്‍നിന്ന് എല്ലാം മാഞ്ഞുപോയെങ്കിലും രാജ്യത്തിനും ഇവിടുത്തെ കായികപ്രേമികള്‍ക്കും ഒന്നും മറക്കാനാകില്ല. ഒളിമ്പിക്‌സ് അടക്കം ഒട്ടേറെ കളിക്കളങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രതിരോധക്കോട്ട കാത്ത ഉരുക്കുമനുഷ്യന്റെ പോരാട്ടകഥകള്‍ എങ്ങനെയാണ് മറക്കുന്നത്.
പ്രതിരോധക്കോട്ട
പി.കെ. ബാനര്‍ജിയും ചുനി ഗോസ്വാമിയും സൈമണ്‍ സുന്ദര്‍രാജും ജെര്‍ണെയ്ല്‍ സിങ്ങും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന ഇന്ത്യന്‍ ടീമിന്റെ പ്രതിരോധക്കോട്ടയുടെ കാവലാളായിട്ടാണ് ഒ. ചന്ദ്രശേഖരന്‍ എന്ന മനുഷ്യനെ ചരിത്രം അടയാളപ്പെടുത്തുന്നത്. ഇരിങ്ങാലക്കുട ഗവ. ഹൈസ്‌കൂളില്‍ പന്തു തട്ടി ഫുട്‌ബോളിന്റെ ലോകത്തേക്കെത്തിയ ചന്ദ്രശേഖരന്‍ ഒടുവില്‍ ഇന്ത്യന്‍ ടീമിലെത്തിയ കഥ അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചരിത്രമാണ്. തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും അപാരമായ കളി മികവ് എന്നും പ്രകടിപ്പിച്ച ചന്ദ്രശേഖരന് അപ്പോഴേക്കും ബോംബെ കാള്‍ട്ടെക്‌സില്‍ നിന്ന് വിളി വന്നു. അവിടെ ജോലിയും കളിയുമായതോടെ ചന്ദ്രശേഖരന്‍ ഒരു മഹാരാഷ്ട്രക്കാരനായി മാറിയിരുന്നു.
സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കായി കളിച്ച ചന്ദ്രശേഖരന്‍ 1958 മുതല്‍ 1966 വരെ ഇന്ത്യന്‍ ടീമിലെ വിശ്വസ്തതയുടെ ആള്‍രൂപമായിരുന്നു. 1960ലെ റോം ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി കളിച്ച ചന്ദ്രശേഖരന്‍ 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡലും 1964ലെ എ.എഫ്.സി. ഏഷ്യന്‍ കപ്പില്‍ വെള്ളിയും നേടിയ ടീമിലും അംഗമായിരുന്നു. 1959ലും 1964ലും മെര്‍ദേക്ക കപ്പില്‍ രണ്ടാം സ്ഥാനം നേടിയ ഇന്ത്യന്‍ ടീമിലും പ്രതിരോധത്തിന്റെ നെടുന്തൂണ്‍ ചന്ദ്രശേഖരന്‍ തന്നെയായിരുന്നു.
വിശ്വസ്തതയുടെ ആള്‍രൂപം
മുംബൈ കാള്‍ട്ടെക്‌സില്‍ റൈറ്റ് ഇന്‍സൈഡ് ആയി കളി തുടങ്ങിയ ചന്ദ്രശേഖരന്‍ ടീമിലെ സൂപ്പര്‍ ഫോര്‍വേഡുകളുടെ ബാഹുല്യം കൊണ്ടാണ് റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് മാറിയതെന്നാണ് പറയുന്നത്. ആ മാറ്റം എന്തായാലും ചരിത്രം സൃഷ്ടിക്കുന്നതിന്റെ തുടക്കമായിരുന്നു. 1964ലെ സന്തോഷ് ട്രോഫി ഫൈനലില്‍ ഗോളിയെയും മറികടന്ന് ഹൈദരാബാദിന്റെ യൂസഫ് ഖാന്‍ തൊടുത്ത ഷോട്ട് അവിശ്വസനീയമായ രീതിയില്‍ ചന്ദ്രശേഖരന്‍ രക്ഷപ്പെടുത്തിയതിനെ 'ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന സേവ്' എന്നാണ് ഫുട്‌ബോള്‍ ലോകം വാഴ്ത്തിയത്. ഇന്ത്യന്‍ ഫുട്‌ബോളിലെ സുവര്‍ണ നിരയുടെ പൊട്ടാത്ത കണ്ണിയായിരുന്ന ചന്ദ്രശേഖരന്‍ ഒടുവില്‍ ടീമിന്റെ ക്യാപ്റ്റനായും തിളങ്ങി. 1964ലെ ടോക്യോ ഒളിമ്പിക്‌സിനു യോഗ്യത നേടാന്‍ കഴിയാതെ പോയതായിരുന്നു ചന്ദ്രശേഖരന്റെ കളി ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷം. അന്ന് യോഗ്യതാ മത്സരത്തിലെ ആദ്യ പാദത്തില്‍ ഇറാനോടു 40 എന്ന സ്‌കോറിനു തോറ്റ ഇന്ത്യ രണ്ടാം പാദത്തില്‍ 41നു ജയിച്ചു. പക്ഷേ വഴങ്ങിയ ആ ഒരു ഗോള്‍ ഇന്ത്യയുടെ സ്വപ്നങ്ങള്‍ തകര്‍ത്തു.
ഫ്രാന്‍സിനെ തളച്ച മികവ്
ഫുട്‌ബോളില്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ തളച്ച ഇന്ത്യന്‍ സംഘത്തിലെ പ്രതിരോധ ഭടനായിരുന്നു എന്നതുതന്നെയാകും ഒരുപക്ഷേ, ചന്ദ്രശേഖരന്‍ എന്ന ഫുട്‌ബോളറുടെ ഏറ്റവും വിജയകരമായ മേല്‍വിലാസം. 1960ലെ റോം ഒളിമ്പിക്‌സില്‍ ഫ്രാന്‍സിനെ തളച്ച കളിയെപ്പറ്റി ഓര്‍മകള്‍ മായുന്നതുവരെ ചന്ദ്രശേഖരന്‍ പറയുമായിരുന്നു. ''റോം ഒളിമ്പിക്‌സില്‍ ഹംഗറി, ഫ്രാന്‍സ്, പെറു എന്നീ കരുത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു ഇന്ത്യ. ആദ്യ മത്സരത്തില്‍ ഹംഗറിയെ നേരിടുമ്പോള്‍ അന്നത്തെ ലോക നമ്പര്‍ വണ്‍ സെന്റര്‍ ഫോര്‍വേഡ് ആല്‍ബര്‍ട്ടിനെപ്പോലുള്ള കരുത്തരെയാണ് എനിക്കും കൂട്ടുകാര്‍ക്കും തടഞ്ഞുനിര്‍ത്തേണ്ടിയിരുന്നത്. പൊരുതിക്കളിച്ചിട്ടും 21 എന്ന സ്‌കോറിന് ഹംഗറിയോടു ഞങ്ങള്‍ തോറ്റു. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ ഫ്രാന്‍സിനെ നേരിടുമ്പോള്‍ ജയിക്കാമെന്ന വല്ലാത്തൊരു ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. പി.കെ. ബാനര്‍ജിയുടെ ഗോളിലൂടെ ലീഡെടുത്ത ഞങ്ങള്‍ കളി തീരാന്‍ എട്ട് മിനിറ്റ് ബാക്കി നില്‍ക്കെ വഴങ്ങിയ ഗോളിലാണ് സമനിലയിലേക്ക് വീണുപോയത്. ആദ്യമായി ഫ്‌ളഡ്‌ലൈറ്റില്‍ കളിക്കേണ്ടി വന്നതും അന്നു ഞങ്ങളുടെ ഗെയിം പ്ലാനിനെ വല്ലാതെ ബാധിച്ചിരിക്കാം.'' ചന്ദ്രശേഖരന്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍.
Content Highlights: Remembering former Indian football captain Olympian Chandrasekharan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..