
Kobe Bryant Photo: Twitter
കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയിലെ കുന്നിന് ചെരുവില്‍ കോബി ബീന്‍ ബ്രയാന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണപ്പോള്‍ ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടിലെ ഒരുപാട് മിന്നല്നീക്കങ്ങളാണ് വിസ്മൃതിയിലേക്ക് മറഞ്ഞത്. തന്റെ അസാധ്യമായ ഫൂട്ട് വര്‍ക്കിലൂടെ എതിരാളികളെ വെട്ടിയൊഴിഞ്ഞ് പന്ത് ബാസ്ക്കറ്റിലേക്ക് ഉയര്‍ത്തി നിക്ഷേപിച്ച ശേഷം സഹതാരങ്ങളുടെ അടുത്തേക്ക് ഓടിയെത്തുന്ന കോബി ഇനി ഓര്‍മ്മ മാത്രം. ഒരു വിജയകഥയിലെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പോലെ ആ ആഘോഷച്ചിരി ഇനി നമ്മുടെ മുന്നിലൂടെ മിന്നിമായും. നിമിഷങ്ങള്‍ക്കുള്ളില്‍ കോര്‍ട്ടില്‍ പോയിന്റ് നേടുന്നതുപോലെ വളരെ പെട്ടെന്നായിരുന്നു 41 വയസ് മാത്രം പ്രായമുള്ള കോബിയുടെ മരണവും.
അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്ക്കറ്റബോള്‍ ലീഗായ എന്‍.ബി.എയിലെ ടീം ലോസ് ഏഞ്ചല്‍സ് ലേക്കേഴ്സില്‍ നിന്ന് കോബി ബീന്‍ ബ്രയാന്റിന്റെ ജീവിതം വേര്‍തിരിച്ചെടുക്കാനാകില്ല. 41 വയസ് നീണ്ട ജീവിതത്തില്‍ 20 വര്‍ഷവും ലേക്കേഴ്സിനൊപ്പമായിരുന്നു കോബി ബ്രയാന്റ്. അഞ്ചു തവണ ലോകചാമ്പ്യന്, 18 തവണ ഓള് ടൈം സ്റ്റാര്‍, മോസ്റ്റ് വാല്യുബ്ള്‍ പ്ലയര്‍..ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടില്‍ നിന്ന് കോബി ബ്രയാന്റ് വലയിലാക്കാത്ത നേട്ടങ്ങളില്ല. ഒപ്പം ഒളിമ്പിക്സില്‍ അമേരിക്കന്‍ ടീമിനൊപ്പം തുടര്‍ച്ചയായി രണ്ടു തവണ സ്വര്‍ണമെഡല്‍, 2008-ല്‍ ബെയ്ജിങ് ഒളിമ്പിക്സിലും 2012-ല്‍ ലണ്ടന്‍ ഒളിമ്പിക്സിലും.
അമേരിക്കയുടെ ഇതിഹാസ താരവും ലേക്കേഴ്സിന്റെ മുന്‍ പ്രസിഡന്റുമായ മാജിക്ക് ജോണ്സണ് ഒരിക്കല്‍ കോബി ബ്രയാന്റിനെ വിളിച്ചത് 'ബ്ലാക്ക് മാമ്പ' എന്നാണ്. പിന്നീട് കോര്‍ട്ടിനുള്ളിലും പുറത്തും കോബി ആ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഇത്രയും വിഷമുള്ള ഒരു പാമ്പിന്റെ പേരില്‍ അറിയപ്പെടുന്നതിന് പിന്നിലെ രഹസ്യം ഒരു ഡോക്യുമെന്ററിയില്‍ കോബി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കോര്‍ട്ടിലിറങ്ങിയാല്‍ മുന്നിലുള്ളവരെയെല്ലാം നശിപ്പിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും ബാസ്ക്കറ്റിലേക്ക് പന്ത് എത്തിക്കുന്നതിനടിയിലുള്ള തടസ്സങ്ങളെയെല്ലാം നീക്കുന്ന ഒരു പ്രവാഹം പോലെയാണ് താനെന്നും കോബി ഡോക്യുമെന്ററിയില്‍ പറയുന്നു. വിഷമുള്ള പാമ്പിനെ ആളുകള്‍ പേടിക്കുന്നതുപോലെ എന്റെ കുതിപ്പിനിടയില്‍ എതിര്‍താരങ്ങള്‍ ഒഴിഞ്ഞുമാറുന്നു. കോബി ആ ഡോക്യുമെന്ററിയില്‍ തന്റെ കളിമികവിനെ അളക്കുന്നത് ഇങ്ങനെയാണ്.
എത്ര വലിയ താരമാണെങ്കിലും ഏതൊരു മത്സരം തുടങ്ങുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പു തന്നെ കോബിയെ കോര്‍ട്ടില്‍ കാണാം. പക്ഷേ കൈയില്‍ പന്തുണ്ടാകില്ല. ഫൂട്ട് വര്‍ക്കില്‍ പരിശീലനം നേടുന്ന തിരക്കിലാകും കോബി.
മൂന്നര വര്‍ഷം മുമ്പാണ് കോബി കോര്‍ട്ടിനോട് വിടപറഞ്ഞത്. പക്ഷേ കോര്‍ട്ടിന് പുറത്ത് ഗാലറിയില്‍ എപ്പോഴും കോബിയുടെ സാന്നിധ്യമുണ്ടാകും. 2018-ല്‍ ഓസ്കാര്‍ പുരസ്കാരവും കോബിയെ തേടിയെത്തി. ബാസ്ക്കറ്റ് ബോളുമായി ബന്ധപ്പെട്ട 'ഡിയര്‍ ബാസ്ക്കറ്റ്ബോള്‍' എന്ന അനിമേഷന്‍ ചിത്രത്തിനായിരുന്നു ഈ പുരസ്കാരം. കോബി എഴുതിയ കവിതയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ അനിമേഷന്‍ ചിത്രം.
ഓള് ടൈം സ്കോറിങ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന കോബിയുടെ റെക്കോഡ് ഈ അടുത്ത് ലെബ്റോണ്‍ ജെയിംസ് മറികടന്നിരുന്നു. തന്റെ ബാസ്ക്കറ്റ്ബോള്‍ ഷൂവില്‍ കോബിയുടെ ജേഴ്സി നമ്പറായ എട്ടും 24ഉം എഴുതിയാണ് ലെബ്റോണ്‍ ആദരമര്‍പ്പിച്ചത്. 'ജീവിതത്തില്‍ എപ്പോഴും മാമ്പ' എന്നും ആ ഷൂവില്‍ ലെബ്റോണ്‍ എഴുതി. കോബിയുടെ കോര്‍ട്ടിലെ എതിരാളിയും കോര്‍ട്ടിന് പുറത്തെ സഹോദരനുമായ ഷാകിലെ ഒ നീല്‍ ഏറെ വേദനയോടെയാണ് തന്റെ ദു:ഖം പങ്കുവെച്ചത്. 'ഞാന്‍ അനുഭവിക്കുന്ന വേദന പങ്കുവെയ്ക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. നിന്നോട് എനിക്ക് എന്നും സ്നേഹം മാത്രമേയുള്ളു. നിന്നെ ഞാന്‍ ഒരുപാട് മിസ് ചെയ്യും.'ഷാകിലെ ഒ നീല്‍ ട്വീറ്റില്‍ പറയുന്നു.
രണ്ടു പതിറ്റാണ്ടായി കോബിയുടെ വീടായ ലോസ് ഏഞ്ചല്‍സിലെ സ്റ്റേപ്പ്ള്‍സ് സെന്റര്‍ ഇപ്പോള്‍ നിശബ്ദമാണ്. സ്റ്റേപ്പ്ള്‍സ് സെന്ററില്‍ പൂക്കള്‍ അര്‍പ്പിച്ചും കോബിയുടെ ചിത്രത്തിന് മുന്നില്‍ മെഴുകുതിരി കത്തിച്ചും ദു:ഖവും വേദനയും രേഖപ്പെടുത്തുകയാണ് കോബിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും. കോര്‍ട്ടിലെ ഒരു മിന്നില്നീക്കം പോലെ കോബി മാഞ്ഞുപോയെങ്കിലും കോബിക്കായി ആരാധകര്‍ മുഴക്കിയ ആരവം കോര്‍ട്ടിനുള്ളില്‍ എന്നും തങ്ങിനില്‍പ്പുണ്ടാവും.
Content Highlights: Remembering Black Mamba Kobe Bryant Basket Ball Player
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..