ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര 5-0ന് തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയത്. എന്നാല്‍ നേരിട്ടത് കനത്ത തിരിച്ചടിയായിരുന്നു. പരമ്പരയിലെ മൂന്നു മത്സരങ്ങളും ജയിച്ച് ട്വന്റി 20 പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് ന്യൂസീലന്‍ഡ് ഇന്ത്യയോട് പകരം വീട്ടി.

ഏറ്റവും കുറഞ്ഞത് മൂന്ന് മത്സരങ്ങളെങ്കിലുമുള്ള ഒരു ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത് 1989-ന് ശേഷം ഇതാദ്യമായാണ്. അതായത് 31 വര്‍ഷത്തിനിടെ ആദ്യ സംഭവം. 1988-89ല്‍ നടന്ന ഏകദിന പരമ്പര 5-0ന് തൂത്തുവാരിയ വെസ്റ്റിന്‍ഡീസാണ് ഇതിനു മുമ്പ് ഇന്ത്യയെ ഒരു പരമ്പരയില്‍ സമ്പൂര്‍ണമായി പരാജയപ്പെടുത്തിയത്.

മൂന്നാം ഏകദിനത്തിനു ശേഷം തങ്ങള്‍ ജയം അര്‍ഹിച്ചിരുന്നില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി സ്വയം വിമര്‍ശനമെന്നോണം പറയുകയും ചെയ്തു. താരങ്ങളുടെ മോശം ഫീല്‍ഡിങ്ങും തോല്‍വിക്ക് കാരണമായി കോലി ചൂണ്ടിക്കാട്ടുന്നു.

തോല്‍വിക്ക് ശേഷം വിവിധ കോണുകളില്‍ നിന്നും അതിനുള്ള കാരണങ്ങളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. രോഹിത്തിന്റെ അഭാവം, മോശം ഓപ്പണിങ് ജോഡി, മോശം ക്യാപ്റ്റന്‍സി എന്നിങ്ങനെ പോകുന്നു വിലയിരുത്തലുകള്‍. 

എന്നാല്‍ ഇന്ത്യയുടെ സമ്പൂര്‍ണ തോല്‍വിയുടെ കാരണം അന്വേഷിച്ച് വല്ലാതെ തലപുകയ്ക്കുകയൊന്നും വേണമെന്നില്ല. രണ്ട് ലോക ഒന്നാം നമ്പര്‍ താരങ്ങള്‍ക്ക് അതിനൊത്ത പ്രകടനം ഈ പരമ്പരയില്‍ പുറത്തെടുക്കാന്‍ സാധിക്കാത്തതാണ് ടീമിനെ തോല്‍വിയിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്ന്.

കിവീസ് മണ്ണില്‍ സെഞ്ചുറി; രാഹുല്‍ റെക്കോഡ് ബുക്കില്‍

ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ വിരാട് കോലിയും ഒന്നാം നമ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയും. ഇരുവര്‍ക്കും തങ്ങളുടെ മികവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് കോലിയുടെ അക്കൗണ്ടിലുള്ളത് വെറും 75 റണ്‍സ് മാത്രമാണ്. ശരാശരി വെറും 25ഉം. മൂന്ന് മത്സരങ്ങളിലും 10 ഓവര്‍ ക്വാട്ട തികച്ച ബുംറയ്ക്കാകട്ടെ ഒരു വിക്കറ്റ് പോലും വീഴ്ത്താനും സാധിച്ചില്ല. സ്‌ട്രൈക്ക് ബൗളറും റണ്‍ മെഷീനും നിറം മങ്ങിയതോടെ ഇന്ത്യ കിതച്ചു. ആ കിതപ്പ് മാറ്റാന്‍ മധ്യനിരയില്‍ മികച്ച പ്രകടനങ്ങളോടെ തിളങ്ങിയ കെ.എല്‍ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും മികവ് പോരായിരുന്നു. 

kl rahul

ജസ്പ്രീത് ബുംറയില്ലാത്ത ഒരു ഇന്ത്യന്‍ ബൗളിങ് ലൈനപ്പിനെ കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. കാരണം ഈ കുറഞ്ഞകാലം കൊണ്ട് ബുംറയെന്ന താരം ഉണ്ടാക്കിയെടുത്ത സ്വാധീനം അത്രകണ്ടുണ്ട്.

പക്ഷേ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ബുംറ തീര്‍ത്തും നിരാശപ്പെടുത്തി. ഇതുവരെയുള്ള കരിയറില്‍ ബുംറ ഒരു പരമ്പരയില്‍ വിക്കറ്റില്ലാതെ മടങ്ങുന്നത് ഇതാദ്യമായാണ്. മൂന്ന് മത്സരങ്ങളിലും 10 ഓവര്‍ തികച്ചെറിഞ്ഞ ബുംറ വഴങ്ങിയത് 167 റണ്‍സാണ്. ഇക്കണോമി റേറ്റ് 5.56.

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 53 റണ്‍സ് വഴങ്ങിയ താരം രണ്ടാം മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 64 റണ്‍സ് വഴങ്ങിയ ബുംറയായിരുന്നു ഇന്ത്യന്‍ നിരയില്‍ ഏറ്റവും തല്ലുകൊണ്ട ബൗളര്‍. മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 50 റണ്‍സും. 5.56 എന്ന ഇക്കണോമി റേറ്റ് ബുംറയെ സംബന്ധിച്ച് എത്ര മോശമാണെന്നോര്‍ക്കണം.

മികച്ച ഇക്കണോമിയില്‍ ബൗള്‍ ചെയ്യുന്ന ബുംറ ഈ പരമ്പരയില്‍ എറിഞ്ഞത് വെറും ഒരു മെയ്ഡന്‍ ഓവറാണ്. പുറം ഭാഗത്തേറ്റ പരിക്ക് മാറിയെത്തിയ ബുംറയുടെ ആദ്യ പരമ്പരയായിരുന്നു ഇത്. പരിക്കിനെ തുടര്‍ന്നുള്ള ഇടവേള അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചുവെന്നിവേണം വിലയിരുത്താന്‍.

കോലിയേയും സംഘത്തെയും തേടിയെത്തി നാണക്കേട്; സമ്പൂര്‍ണ തോല്‍വി 31 വര്‍ഷത്തിനിടെ ഇതാദ്യം

മറുവശത്ത് വിരാട് കോലിയെന്ന റണ്‍ മെഷീന്റെ ബാറ്റ് ശബ്ദിക്കാതിരുന്നതും പരമ്പര തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നായി. കൃത്യമായ ഇടവേളകളില്‍ സെഞ്ചുറികള്‍ നേടിക്കൊണ്ടിരുന്ന കോലിയുടെ പേരില്‍ കഴിഞ്ഞ ഏകദിന ലോകകപ്പ് മുതലുള്ളത് വെറും രണ്ട് സെഞ്ചുറികള്‍ മാത്രമാണ്.

ഈ പരമ്പരയില്‍ ആദ്യ മത്സരത്തില്‍ നേടിയ 51 റണ്‍സ് മാത്രമാണ് കോലിക്ക് ഓര്‍ക്കാനുള്ളത്. രണ്ടാം മത്സരത്തില്‍ 15 റണ്‍സിന് പുറത്തായ കോലി അവസാന മത്സരത്തില്‍ വെറും ഒമ്പത് റണ്‍സുമായി മടങ്ങി. 

രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ 61.22 റണ്‍സ് ശരാശരിയും ഇന്ത്യയുടെ റണ്‍ചേസ് വിജയങ്ങളില്‍ 89.23 റണ്‍സ് ശരാശരിയുമുള്ള ചേസ് മാസ്റ്റര്‍ക്ക് ഈ പരമ്പരയിലെ ഒരു മത്സരത്തിലും പക്ഷേ ടീമിനെ വിജയ തീരത്തെത്തിക്കാന്‍ സാധിച്ചില്ല. ഇന്ത്യന്‍ നായകനായ ശേഷം ഒരു ഏകദിന പരമ്പരയില്‍ കോലി നേടുന്ന ഏറ്റവും കുറഞ്ഞ റണ്‍സും ഇത്തവണയാണ്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ വിന്‍ഡീസിനെതിരേ നടന്ന പരമ്പരയില്‍ 89 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. 2018-ലെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ 148 റണ്‍സും.

അതോടൊപ്പം ആധുനിക ക്രിക്കറ്റിലെ ഏറ്റവും സാങ്കേതികതികവൊത്ത ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ കോലി ലെഗ് സ്പിന്നര്‍മാര്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതും അടുത്തിടെ കണ്ടു. കോലിയുടെ ബാറ്റിങ് ടെക്നിക്കും മറ്റും പലപ്പോഴും ഇതിഹാസ താരങ്ങളുടെ വരെ പ്രശംസ പിടിച്ചുപറ്റിയിട്ടുള്ളതാണെന്നോര്‍ക്കണം.

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് കോലി ഒരു ലെഗ് സ്പിന്നര്‍ക്കു മുന്നില്‍ വീണത്. 63 പന്തില്‍ നിന്ന് ആറു ഫോറുകളടക്കം 51 റണ്‍സെടുത്ത് കോലിയെ സ്പിന്നര്‍ ഇഷ് സോധി ബൗള്‍ഡാക്കുകയായിരുന്നു. സോധിയുടെ ഗൂഗ്ലി മനസിലാക്കുന്നതില്‍ പിഴച്ച കോലിയുടെ വിക്കറ്റുമായി പന്ത് പറന്നു.

കഴിഞ്ഞ നാല് ഏകദിനങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് കോലി ഒരു ലെഗ് സ്പിന്നര്‍ക്കു മുന്നില്‍ വീഴുന്നത്. നേരത്തെ നാട്ടില്‍ ഓസ്ട്രേലിയക്കെതിരേ നടന്ന മൂന്നു മത്സര ഏകദിന പരമ്പരയിലെ രണ്ടു മത്സരത്തിലും കോലിയെ പുറത്താക്കിയത് ലെഗ് സ്പിന്നര്‍ ആദം സാംപയായിരുന്നു.

Shreyas Iyer

എന്നാല്‍ ഇതിനൊപ്പം ഇന്ത്യന്‍ മധ്യനിര കരുത്താര്‍ജിക്കുന്നതിനും ഈ പരമ്പര സാക്ഷിയായി. മുന്‍നിര പരാജയപ്പെടുമ്പോള്‍ കളിമറക്കുന്ന മധ്യനിരയായിരുന്നു ഏറെനാള്‍ ഇന്ത്യയുടെ ദൗര്‍ബല്യം. ലോകകപ്പ് സെമിയിലെ തോല്‍വിയിലടക്കം പ്രതിഫലിച്ചതും ഇന്ത്യന്‍ മധ്യനിരയുടെ ഈ ദൗര്‍ബല്യമായിരുന്നു. എന്നാലിപ്പോള്‍ കഥമറിച്ചാണ്. മൂന്നു മത്സരങ്ങളില്‍ ഒന്നില്‍ പോലും ഇന്ത്യന്‍ മുന്‍നിര മികച്ചതെന്ന് പറയാവുന്ന ഒരു പ്രകടനം പോലും പുറത്തെടുത്തില്ല. ആദ്യമായി ഏകദിനം കളിക്കുന്നവരാണ് പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമെന്ന യാഥാര്‍ഥ്യം മനസിലാക്കുന്നു. എങ്കിലും ബോള്‍ട്ടും ഫെര്‍ഗൂസനുമൊന്നുമില്ലാത്ത ബൗളിങ് നിരയ്‌ക്കെതിരേ മുന്‍നിരയുടെ പ്രകടനം നിരാശ നല്‍കുന്നതു തന്നെയായിരുന്നു. രോഹിത്തും ധവാനും മടങ്ങിയെത്തുന്നതോടെ ഈ ആശങ്കകള്‍ക്കെല്ലാം അറുതിയാകുമെന്ന് കരുതാം.

Content Highlights: reasons why India lost 3-match ODI series against the Kiwis