യുവന്റസില്‍ നിന്ന് 2001 ല്‍ സിനദിന്‍ സിദാന്‍ റയല്‍ മഡ്രിഡിലേക്കെത്തുമ്പോള്‍ ടീമിനെ നക്ഷത്രക്കൂട്ടമാക്കാനുള്ള ഒരുക്കം ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീന പെരസ് ആരംഭിച്ചിരുന്നു. സിദാന് പുറമെ ലൂയി ഫിഗോ, റൊണാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, റൗള്‍, ഡേവിഡ് ബെക്കാം, തുടങ്ങിവര്‍ കളിച്ച റയലിനെ ഫുട്‌ബോള്‍ ലോകം നക്ഷത്രക്കൂട്ടമെന്ന് വിളിച്ചു.

2016 ജനുവരിയില്‍ റയല്‍ മഡ്രിഡിന്റെ പരിശീലകചുമതലയേറ്റ അന്നുമുതല്‍ സിനദിന്‍ സിദാനെന്ന മുന്‍ ഫ്രഞ്ച്/റയല്‍ താരത്തിന്റെ മുഖ്യജോലി റയലിനെ നക്ഷത്രലോകത്തിന് നിന്ന് താഴെയിറക്കുകയെന്നതായിരുന്നു. ടീമിനെ മണ്ണിലിറക്കിയാല്‍ കുറച്ചുകാലങ്ങളായി അനുഭവിക്കുന്ന കിരീടവരള്‍ച്ചക്ക് അറുതി വരുത്താമെന്ന് സിദാന് നന്നായി അറിയാമായിരുന്നു. ടീമിന്റെ ഇപ്പോഴത്തെ കിരീടനേട്ടങ്ങള്‍ സിദാന്‍ ഉണ്ടാക്കിയെടുത്ത 'സാധാരണക്കാരുടെ' റയലിന്റെതാണ്.

താരസമ്പന്നമായ റയലില്‍ കളിച്ചിരുന്ന കാലത്ത് അതിന്റെ ഗുണവും ദോഷവും നന്നായി മനസിലാക്കിയിട്ടുണ്ട് സിദാന്‍. കളിക്കാരുടെ പെരുമയ്ക്കനുസരിച്ചുള്ള നേട്ടങ്ങളൊന്നും അക്കാലത്ത് ടീമിന് ലഭിച്ചിട്ടുമില്ല. റാഫേല്‍ ബെനിറ്റസിന്റെ പിന്‍ഗാമിയായി കൊണ്ടുവരുമ്പോള്‍ ക്ലബ്ബ് പ്രസിഡന്റ് പെരസിന്റെ ചൂതാട്ടത്തിന് പിന്നിലുള്ള മന:ശാസ്ത്രം സിദാന് നന്നായി അറിയാമായിരുന്നു. കളിക്കാരെന്ന നിലയിലുണ്ടാക്കിയെടുത്ത ആദരവും പ്രശസ്തിയും ഒരു സീസണ്‍ കൊണ്ട് നഷ്ടപ്പെടാന്‍ സാധ്യതയുള്ള തീര്‍ത്തും അപകടകരമായ ജോലിയാണ് അധികം മുന്‍പരിചയമൊന്നുമില്ലാതെ ഫ്രഞ്ച് താരം ഏറ്റെടുത്തത്.

കളിക്കളത്തില്‍ സിദാന്‍ വെല്ലുവിളികളെ അതേ അര്‍ഥത്തിലാണെടുത്തത്. ഫ്രാന്‍സിന് ലോകകപ്പ് നേടികൊടുക്കുമ്പോഴും ഇറ്റലിയുടെ മാര്‍ക്കോ മറ്റെരാസിയെ തലകൊണ്ട് ഇടിച്ചുവീഴ്ത്തുമ്പോഴും സിദാനെ പോരാളി ഉണര്‍ന്നിരുന്നു. വറുതികാലത്ത് റയലിലെത്തുമ്പോഴുള്ള ടീമില്‍ നിന്ന് അധികം മാറ്റങ്ങളൊന്നും ഇപ്പോഴും സംഭവിച്ചിട്ടില്ല. എന്നാല്‍ സിദാന് കീഴില്‍ ടീമിന് മുമ്പില്ലാത്ത വിധം പോരാട്ടവീര്യം കൈവന്നിരിക്കുന്നു. സൂപ്പര്‍ താരജാഡകള്‍ക്ക് കുറവുണ്ടാകുന്നു. യുവകളിക്കാര്‍ക്ക് കളിക്കാന്‍ ഏറെ അവസരം കിട്ടുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അലക്‌സ് ഫെര്‍ഗുസനുണ്ടാക്കിയെടുന്ന ചില ചിട്ടവട്ടങ്ങളുണ്ട്. ക്ലബ്ബിനേക്കാള്‍, പരിശീലകനേക്കാള്‍ കളിക്കാരന്‍ വളരാന്‍ അനുവദിക്കാത്ത നിയമം. റയലില്‍ സിദാന്‍ നടപ്പാക്കുന്നതും അതേരീതിയാണ്. ഫെര്‍ഗിയുടേണ്ട് പട്ടാളച്ചിട്ടയാണെങ്കില്‍ അതിന്റെ മൃദുരൂപമാണ് സിദാന്റേത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ പോലും അനുസരണയുടെ ആള്‍രൂപമാകുന്നിടത്താണ് സിദാന്റെ മിടുക്ക്.

ഒന്നര വര്‍ഷം കൊണ്ട് അഞ്ച് കിരീടങ്ങളാണ് സിദാന്‍ റയലിന്റെ ഷോക്കേസിലെത്തിച്ചത്. ഇതില്‍ രണ്ട് ചാമ്പ്യന്‍സ് ലീഗും സ്പാനിഷ് ലാലിഗയും ക്ലബ്ബ് ലോകകപ്പും ഉള്‍പ്പെടും. സാധാരണക്കാരുടെ ടീമായി പരിണാമം സംഭവിച്ച റയലിന്റെ വിജയങ്ങളാണിത്. ബെനിറ്റസിന് കീഴില്‍ താരപ്പോരില്‍ തളര്‍ന്നപോയ ടീമിനെ മാറ്റിയെടുക്കുന്നതില്‍ സിദാന് ലഭിച്ച ആനുകൂല്യം ലോകോത്തര കളിക്കാരനെന്ന നിലയില്‍ ലഭിച്ച ആദരവായിരുന്നു. ക്രിസ്റ്റ്യാനോയും ബെയ്‌ലും ടോണി ക്രൂസും റാമോസുമൊക്കെ ഒരുപോലെ നല്‍കിയ ആദരവിനൊപ്പം കളിക്കാരുടെ വിശ്വാസമാര്‍ജിക്കാനും കൃത്യമായ തന്ത്രങ്ങളൊരുക്കിയും റിസര്‍വ് ബഞ്ച് ശക്തിപ്പെടുത്തിയുമാണ് സിദാന്‍ റയലിനെ മുന്നോട്ടുകൊണ്ടുപോയത്.

ആവശ്യമുള്ളിടത്ത് ക്രിസ്റ്റ്യാനോയുടെ സൂപ്പര്‍ പരിവേഷവും അല്ലാത്തിടത്ത് അല്‍വാരോ മൊറാട്ട- മാര്‍ക്കോ അസെന്‍സിയോ- ലൂക്കാസ് വാസ്‌ക്വസ് ത്രയത്തിന്റെ യുവവീര്യവും സിദാന്‍ പ്രയോഗിച്ചു. ടീമിന് മുകളിലേക്ക് താരപരിവേഷം ഉയര്‍ത്താന്‍ അനുവദിച്ചില്ല. ടീം ഘടന പരിശോധിച്ചാല്‍ ക്രിസ്റ്റ്യാനോയും ബെയ്‌ലും കഴിഞ്ഞാല്‍ സൂപ്പര്‍താരങ്ങള്‍ ടീമില്‍ കുറവാണ്. എന്നാല്‍ മികച്ച ഒരുപിടി യുവതാരങ്ങളുണ്ട് താനും. പരിശീലകചുമതലയേല്‍ക്കുമ്പോള്‍ വമ്പന്‍താരങ്ങളെ വേണമെന്ന ഡിമാന്റ് മുന്നോട്ടുവെക്കാമായിരുന്നു. എന്നാല്‍ സാധാരണ കളിക്കാരെ ഉപയോഗിച്ച് അസാധാരണ ജയങ്ങള്‍ക്കാണ് സിദാന്‍ മുന്‍ഗണന നല്‍കിയത്. അതായത് നക്ഷത്രകൂട്ടത്തേക്കാള്‍ സാധാരണ കളിക്കാരുടെ  റയല്‍ മഡ്രിഡ് എന്ന സങ്കല്‍പം.

കഴിഞ്ഞ പതിനെട്ട് മാസത്തെ ടീമിന്റെ കളികള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ലാലിഗയില്‍ അഞ്ച് മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോ-ബെയ്ല്‍ -ബെന്‍സമ ത്രയമില്ലാതെ ടീമിനെ ഇറക്കി. അഞ്ചിലും ടീം ജയിക്കുകമാത്രമല്ല 21 ഗോളും സ്‌കോര്‍ ചെയ്തു.സാധാരണക്കാരുടെ ടീമെന്ന കാര്യം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം ആരേയും തോല്‍പിക്കാനുള്ള വീര്യം ഓരോ ദിവസവും കൂട്ടികൊണ്ടുവരാനും  പരിശീലകന് കഴിഞ്ഞു. യുവന്റസിന്റെ പ്രതിരോധം തകര്‍ത്ത് നാല് ഗോളോടെ ജയിക്കുമ്പോള്‍ സിദാന്റെ പരിശീലകനെന്ന നിലയില്‍ തന്റെ ഇടം കണ്ടെത്തിക്കഴിഞ്ഞു.

കളിക്കാരനെന്ന നിലയില്‍ സിദാന്‍ മാജിക് ഫുട്‌ബോള്‍ ലോകം പലവട്ടം കണ്ടതാണ്. പരിശീലകനെന്ന നിലയിലും തന്ത്രത്തിന് കുറവൊന്നുമില്ല. ടോണി ക്രൂസിനെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ നിന്ന് പ്ലേമേക്കിങ്ങിലേക്ക് മാറ്റുന്നതും കാസെമിറോയെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി ഉറപ്പിക്കുന്നതും ടീമിന് ഗുണം ചെയ്തു. ബെയ്ല്‍ പരിക്ക് മൂലം പുറത്തിരിക്കുമ്പോള്‍ ഇസ്‌കോയെ മുന്നേറ്റത്തിനും മധ്യനിരയ്ക്കുമിടയിലെ കണ്ണിയാക്കുന്നതും വിജയിച്ച തന്ത്രമാണ്. 4-2-3-1ലും 4-3-3 യിലും ടീമിനെ കളിപ്പിച്ച ശേഷം പരമ്പരാഗതമായ 4-4-2 വിലേക്ക് ടീമിനെ ത്ിരികെകൊണ്ടുവന്നാണ് രണ്ട് കിരീടങ്ങള്‍ സിദാന്‍ ടീമിന് സമ്മാനിച്ചത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ടോണി ക്രൂസിന്റെ പൊസിഷന്‍ രണ്ടാം പകുതിയില്‍ മാറ്റിയ് വന്‍വിജയമായി. 

കളിക്കാരുടെ റൊട്ടേഷന്‍ പൊളീസിന് ടീമിന് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായകമായ. ഇസ്‌കോ, അസെന്‍സിയോ, വാസ്‌ക്വസ്, ഹാമിഷ് റോഡ്രിഗസ്, മൊറാട്ട, കൊവാസിച്ച്, നാച്ചോ എന്നിവര്‍ക്ക് കളിയില്‍ നിര്‍ണായക സ്ഥാനം ലഭിച്ചു. കിരീടങ്ങള്‍ നേടുന്നതിനേക്കാള്‍ കഠിനമാണ് നിലനിര്‍ത്തുന്നത്. ടീമിന്റെവിജയസമവാക്യം തെറ്റാതെ തുടരുന്നതിലാണ് പരിശീലകന്റെ മിടുക്ക്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ സീസണില്‍ കാര്യമായ ഇടപെടല്‍ റയല്‍ നടത്തിയിരുന്നില്ല. എന്നാല്‍ മികച്ച മധ്യനിരക്കാരനേയും മുന്നേറ്റനിരക്കാരനേയും സിദാന്‍ കൊണ്ടുവരുമെന്നുറപ്പ്. നക്ഷത്രക്കൂട്ടമൊരുക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ വളരാന്‍ സാധ്യതയുള്ള യുവതാരങ്ങളിലാകും പരിശീലകന്‍ കണ്ണുവെക്കുന്നത്.