Image Courtesy: Twitter
അടുത്ത സീസണില്‍ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് സ്പാനിഷ് ക്ലബ്ബുകളായ ബാഴ്സലോണയും റയല്‍ മഡ്രിഡും. ബാഴ്സയില്‍നിന്ന് സൂപ്പര്‍താരങ്ങളടക്കം പുറത്തുപോകുമെന്നാണ് വിവരം. കളിക്കാരുടെ മൊത്തം പ്രതിഫലത്തുക കുറയ്ക്കുകയും മികച്ച ടീമിനെ രൂപപ്പെടുത്തുകയുമാണ് ലക്ഷ്യം.
ബ്രസീല്‍ താരം നെയ്മറിനെ തിരിച്ചുകൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന ക്ലബ്ബ് അര്‍ജന്റീന സ്ട്രൈക്കര്‍ ലൗട്ടാറോ മാര്‍ട്ടിനെസിനേയും ലക്ഷ്യമിടുന്നു. സൂപ്പര്‍താരം മെസ്സി ഈ സീസണില്‍ ഫോമിലാണെങ്കിലും ടീം ശരാശരി പ്രകടനമാണ് പുറത്തെടുക്കുന്നത്.
സ്ട്രൈക്കര്‍ അന്റോയിന്‍ ഗ്രീസ്മാന്‍, ലോണ്‍ അടിസ്ഥാനത്തില്‍ ബയേണില്‍ കളിക്കുന്ന മധ്യനിരതാരം ഫിലിപ്പ് കൂടീന്യോ, പ്രതിരോധതാരം സാമുവല്‍ ഉംറ്റിറ്റി, പുതുതായി ടീമിലെത്തിയ മാര്‍ട്ടിന്‍ ബ്രാത്വെയ്റ്റ് എന്നിവര്‍ ബാഴ്സലോണ വിട്ടേക്കും.
വന്‍ തുകയ്ക്ക് ടീമിലെത്തിച്ച ഫ്രഞ്ച് താരം ഗ്രീസ്മാന് ടീമില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബ്രസീല്‍ താരം കുടീന്യോയുടെ അവസ്ഥയും ഇതുതന്നെയാണ്. ഉംറ്റിറ്റിക്ക് സ്ഥിരത നിലര്‍ത്താനാകുന്നില്ല. അര്‍ജന്റീന സ്ട്രൈക്കര്‍ മാര്‍ട്ടിനെസിനെ നല്‍കിയാല്‍ പകരം അഞ്ച് താരങ്ങളെ നല്‍കാമെന്ന വാഗ്ദാനം ബാഴ്സ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാന് മുന്നില്‍വെച്ചിട്ടുണ്ട്.
അര്‍ട്ടൂറോ വിദാല്‍, അര്‍തര്‍ മെലോ, ജീന്‍ ക്ലയര്‍ ടോബിഡോ, കാര്‍ലെസ് അലേന, നെല്‍സല്‍ സെമഡോ എന്നിവരെ നല്‍കാമെന്നാണ് വാഗ്ദാനം. ഇന്റര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. 925 കോടി രൂപയാണ് മാര്‍ട്ടിനെസിന്റെ റിലീസിങ് ക്ലോസ് തുക.ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി. യിലേക്ക് പോയ നെയ്മറിനെ കൊണ്ടുവരാന്‍ ബാഴ്സ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നുണ്ട്. നെയ്മറും മാര്‍ട്ടിനെസുമെത്തിയാല്‍ മുന്നേറ്റം അതിശക്തമാകുമെന്ന കണക്കുകൂട്ടലിലാണ് ടീം.
പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം ഹാമിഷ് റോഡ്രിഗസ്, ഗാരേത് ബെയ്ല്‍, ലൂക്കാസ് വാസ്‌ക്വസ്, മരിയാനോ എന്നിവരെ റയല്‍ മഡ്രിഡ് ഒഴിവാക്കും. ഇവര്‍ക്കൊപ്പം ലൂക്ക മോഡ്രിച്ച്, മാഴ്സലോ, നാച്ചോ, ബ്രാഹിം ഡയസ് എന്നിവരും പുറത്തേക്കുള്ള വഴിയിലാണ്. കൊറോണമൂലമുണ്ടായ സാമ്പത്തികപ്രശ്‌നങ്ങള്‍ കൂടിയാകുമ്പോള്‍ ടീമിനെ ഉടച്ചുവാര്‍ക്കുന്നതിന് വേഗം കൂടും.
ക്ലബ്ബിലെ താരങ്ങളുടെ ധാരാളിത്തം മാനേജ്മെന്റിനെ കുഴക്കുന്നുണ്ട്. 25 മുഖ്യതാരങ്ങള്‍ക്ക് പുറമേ 11 താരങ്ങള്‍ വായ്പ അടിസ്ഥാനത്തില്‍ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്നുണ്ട്. ഇവരില്‍ മികച്ചവരെ തിരിച്ചുകൊണ്ടുവരാനും ഒന്നോ രണ്ടോ വമ്പന്‍താരങ്ങളെ ടീമിലേക്ക് എത്തിക്കാനുമാണ് പരിശീലകന്‍ സിനദിന്‍ സിദാന്‍ ആലോചിക്കുന്നത്.
ബൊറൂസ്സിയ താരം എര്‍ലിങ് ഹാളണ്ടാണ് റയലിന്റെ പ്രധാന നോട്ടപ്പുള്ളി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍നിന്ന് മധ്യനിരക്കാരന്‍ പോള്‍ പോഗ്ബയെ കൊണ്ടുവരാനുള്ള ശ്രമം സിദാന്‍ ഉപേക്ഷിച്ചിട്ടില്ല. മധ്യനിരയില്‍ ടോണി ക്രൂസിനും കാസെമിറോക്കുമൊപ്പം പോഗ്ബകൂടി എത്തുകയും മുന്നേറ്റത്തില്‍ ഹാളണ്ടും കളിച്ചാല്‍ ടീമിന്റെ ശക്തികൂടുമെന്നാണ് പരിശീലകന്‍ കരുതുന്നത്.
വായ്പ അടിസ്ഥാനത്തില്‍ പോയ അച്റഫ് ഹക്കീമി, ഡാനി സെബല്ലോസ്, മാര്‍ട്ടിന്‍ ഓഡെഗാര്‍ഡ് എന്നിവര്‍ സീസണില്‍ മികച്ച പ്രകടനം നടത്തിയതോടെ റയല്‍ നിരയിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയേറി. ബൊറൂസ്സിയ മധ്യനിരയില്‍ ഹക്കീമി മികച്ച ഫോമിലാണ്. പ്രതിരോധത്തില്‍ സെര്‍ജി റെഗുയ്ലോണ്‍, അല്‍വാരോ ഓഡ്രിസോള, ഹാവി സാഞ്ചസ് എന്നിവര്‍ക്കും അവസരം ലഭിച്ചേക്കും. ഇഡന്‍ ഹസാര്‍ഡ്, കരീം ബെന്‍സമ, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, മാര്‍ക്കോ അസെന്‍സിയോ എന്നിവരടങ്ങുന്ന മുന്നേറ്റനിരയില്‍ ഹാളണ്ട് കൂടി എത്തുമ്പോള്‍ കരുത്തുകൂടും.
Content Highlights: Real and Barcelona ready to move on Barca are looking for Neymar
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..