കമന്ററി ബോക്‌സുകളില്‍ നിന്ന് നമ്മെ കോരിത്തരിപ്പിച്ചിരുന്ന ആ ശബ്ദം അവിടെ കേള്‍ക്കാതായി തുടങ്ങിയിട്ട് ഇത് അഞ്ചാം വര്‍ഷമാണ്. 2014 മുതല്‍ പക്ഷേ ആ ശബ്ദം ടീം ഇന്ത്യയ്‌ക്കൊപ്പമുണ്ട്. ഇനിയും രണ്ടു വര്‍ഷത്തേക്കു കൂടി അത് തുടരുകയും ചെയ്യും. 2011 ലോകകപ്പ് ഫൈനലില്‍ ധോനിയുടെ സിക്‌സറിനൊപ്പം ഉയര്‍ന്നു കേട്ട ശബ്ദം, രവി ശാസ്ത്രി.

രണ്ടായിരത്തിലേറെ അപേക്ഷകള്‍ ലഭിച്ച ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യയ്ക്ക് ആദ്യമായി ലോകകിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ കപില്‍ ദേവ് അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതി തിരഞ്ഞെടുത്തത് രവി ശാസ്ത്രിയെ. മുന്‍ ന്യൂസീലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസ്സന്‍ രണ്ടാമതും ശ്രീലങ്കയുടെ മുന്‍ പരിശീലകനും ഓസീസ് താരവുമായിരുന്ന ടോം മൂഡി മൂന്നാം സ്ഥാനത്തുമെത്തി.

2014 മുതല്‍ ടീം ഇന്ത്യയ്‌ക്കൊപ്പം രവി ശാസ്ത്രിയുടെ സാന്നിധ്യമുണ്ട്. 2014-ല്‍ ടീം ഡയറക്ടറായാണ് ശാസ്ത്രിയെ നിയമിക്കുന്നത്. പിന്നീട് 2017-ലെ ചാമ്പ്യന്‍സ് ട്രോഫിക്കു പിന്നാലെ അനില്‍ കുംബ്ലെയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കുംബ്ലെയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലായിരുന്നു ശാസ്ത്രിയുടെ നിയമനം.

പിന്നീടങ്ങോട്ട് ഇന്ത്യന്‍ ടീം ചവിട്ടിക്കയറിയ പടവുകളിലെല്ലാം ശാസ്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയത് ശാസ്ത്രി പരിശീലകനായിരിക്കെയാണ്. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയില്‍ 5-1ന്റെ വിജയവും ഇന്ത്യ കുറിച്ചത് ശാസ്ത്രിക്കു കീഴിലാണ്. 

ശാസ്ത്രി പരിശീലകനായ ശേഷം 2017 ജൂലായ് മുതല്‍ കളിച്ച 21 ടെസ്റ്റ് മത്സരങ്ങളില്‍ 13 എണ്ണത്തിലും ഇന്ത്യയ്ക്കായിരുന്നു വിജയം. 52.38 ആണ് ടെസ്റ്റിലെ അദ്ദേഹത്തിന്റെ വിജയ ശരാശരി.

Ravi Shastri stays on as India head coach

60 ഏകദിനങ്ങളില്‍ 43 എണ്ണത്തിലും വിജയം. 71.67 ആണ് ഏകദിനങ്ങളിലെ വിജയ ശരാശരി. ട്വന്റി 20-യില്‍ 36 മത്സരങ്ങളില്‍ നിന്ന് ഇന്ത്യ 25 ജയവും ശാസ്ത്രിക്ക് കീഴില്‍ നേടി. വിജയ ശരാശരി 69.44. എന്നാല്‍ ഇത്തവണത്തെ ലോകകപ്പില്‍ കിരീട സാധ്യതയില്‍ മുന്നിലായിരുന്ന ഇന്ത്യയ്ക്ക് സെമിയില്‍ കാലിടറിയപ്പോള്‍ ശാസ്ത്രിക്കെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒന്നാമതെത്തിയെങ്കിലും ടീം കോമ്പിനേഷനില്‍ പലപ്പോഴും ശാസ്ത്രിക്ക് പിഴച്ചു. ടീമിന്റെ നാലാം നമ്പര്‍ സ്ഥാനം ഇത്രയധികം ചര്‍ച്ചയായതും ശാസ്ത്രിയുടെ കാലത്താണ്.

ഇന്ത്യ ആതിഥ്യംവഹിക്കുന്ന 2021 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കാലാവധി. ഇക്കഴിഞ്ഞ ലോകകപ്പോടെ കാലാവധി അവസാനിച്ചിരുന്ന ശാസ്ത്രിക്കും സംഘത്തിനും പുതിയ പരിശീലകനെ കണ്ടെത്തുന്നതു വരെ വിന്‍ഡീസ് പര്യടനം മുന്നില്‍ കണ്ട് 45 ദിവസത്തേക്ക് കാലാവധി നീട്ടിനല്‍കുകയായിരുന്നു. 

മുന്‍ ന്യൂസീലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസ്സന്‍, ശ്രീലങ്കയുടെ മുന്‍ പരിശീലകനും ഓസീസ് താരവുമായിരുന്ന ടോം മൂഡി, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ റോബിന്‍ സിങ്, ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജര്‍ ലാല്‍ചന്ദ് രജ്പുത് എന്നിവരുള്‍പ്പെട്ട അന്തിമ പട്ടികയില്‍ നിന്നാണ് രവി ശാസ്ത്രിയെ ഉപദേശക സമിതി തിരഞ്ഞെടുത്തത്. മുന്‍ അഫ്ഗാനിസ്താന്‍ പരിശീലകനും വിന്‍ഡീസ് താരവുമായിരുന്ന ഫില്‍ സിമ്മണ്‍സ് വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയിരുന്നു.

പരിശീലകനായുള്ള അപേക്ഷ ക്ഷണിക്കവെ രവി ശാസ്ത്രി തന്നെ തുടരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിശീലക സ്ഥാനത്തേക്ക് ഇന്ത്യക്കാര്‍ക്കു തന്നെയാണ് മുന്‍ഗണനയെന്നും ഉപദേശക സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ ശാസ്ത്രി അല്ലാതെ പട്ടികയിലുണ്ടായിരുന്ന ഇന്ത്യക്കാരായ റോബിന്‍ സിങ്ങിനും ലാല്‍ചന്ദ് രജ്പുതിനും മുന്‍പരിചയത്തിന്റെ കുറവുണ്ടായിരുന്നതും ഒരുപക്ഷേ ശാസ്ത്രിയെ തുണച്ചിരിക്കാം.

കൂടാതെ ശാസ്ത്രി തന്നെ തുടരുന്നതാണ് ടീമിന് സന്തോഷമെന്ന് ക്യാപ്റ്റന്‍ വിരാട് കോലി തന്നെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Content Highlights: Ravi Shastri stays on as India head coach