അദ്ഭുതങ്ങള്‍ സംഭവിച്ചില്ല. ലോകകപ്പിന്റെ സെമിഫൈനലിനപ്പുറം കടക്കാതെ ഇന്ത്യ മടങ്ങി. കരുത്തരെന്ന് ഇടക്കിടെ പറഞ്ഞ് ആത്മവിശ്വാസം ഇരട്ടിയാക്കുന്നതിനപ്പുറം എന്തുതയ്യാറെടുപ്പുകളോടെയാണ് ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയെന്ന ചോദ്യങ്ങളുയരുകയാണ്. മൂന്നോനാലോ പേരുടെ മികച്ചപ്രകടനം മാറ്റിനിര്‍ത്തിയാല്‍ പ്രത്യേകിച്ച് സ്ട്രാറ്റജികളൊന്നുമില്ലാത്ത ഒരു ടീമില്‍നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടിയിരുന്നത്.
മുഖ്യസെലക്ടര്‍ എം.എസ്.കെ. പ്രസാദും കോച്ച് രവിശാസ്ത്രിയും വിമര്‍ശനത്തിന്റെ മുള്മുനയിലാവുന്നതും ഇവിടെയാണ്. ക്രിക്കറ്റില്‍ പരിശീലകന് കളത്തിന് പുറത്താണ് സ്ഥാനം. എന്നാല്‍ കളത്തിലിറങ്ങേണ്ട 11 പേര് ആരൊക്കെയാണെന്നും സ്ട്രാറ്റജി എങ്ങനെയാവണമെന്നുമൊക്കെ ക്യാപ്റ്റനെക്കാള്‍ ധാരണ പരിശീലകനുണ്ടാവണം. നിര്‍ഭാഗ്യമെന്നുപറയട്ടേ ശാസ്ത്രി പരാജയപ്പെടുന്നതും അവിടെയാണ്. ലോകകപ്പിലെ തോല്‍വി മാത്രമല്ല, ഇന്ത്യന്‍ ടീമിനെ രണ്ടുപതിറ്റാണ്ട് പിന്നിലേക്ക് കൊണ്ടുപോയിരിക്കുകയാണ് ശാസ്ത്രിയുടെ ഒരുവര്‍ഷക്കാലം.
ബിഗ് ത്രീ (വിരാട്കോലി, രോഹിത്ശര്‍മ, ശിഖര്ധവാന്) എന്നതിനപ്പുറം ബാറ്റിങ്ങില്‍ ഒന്നുമില്ല. ബൗളിങ്ങില്‍ ജസ്പ്രീത്ബുംറ, ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ്ഷമി എന്നിവര്‍ ഫോമിലായതിനാല്‍ ദൗര്‍ബല്യം പുറത്തുവരുന്നില്ല. ലോകകപ്പിലെ സ്ക്വാഡ് വെറുതെ ഒന്നുകണ്ണോടിച്ചാല്‍ മതിയാകും. യുവരാജിനും റെയ്നക്കുംശേഷം മധ്യനിരയില്‍ നല്ലൊരു ബാറ്റ്സ്മാനെത്തിയിട്ടില്ല. അമ്പാട്ടിറായുഡു, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ഗില്‍ എന്നിവരൊക്കെ വന്നുപോയിട്ടുണ്ട്. നാലുമാസം മുന്‍പ് ന്യൂസീലന്ഡിനെതിരെയുളള നാലാം ഏകദിനത്തില്‍ 244 റണ്‍സ് പിന്തുടരുമ്പോള് 18 റണ്‍സിന് നാലുവിക്കറ്റ് പോയ സമയത്ത് 90 റണ്‍സെടുത്ത് ടീമിനെ വിജയിപ്പിച്ചവനായിരുന്നു റായിഡു. നാലാംനമ്പറില്‍ റായിഡു ആയിരിക്കുമെന്ന് കോലി ഉറപ്പുപറഞ്ഞ ദിവസം. എന്നാല്‍ അവിടെ കയ്യടികിട്ടിയത് 45 റണ്‍സെടുത്ത വിജയശങ്കറിനാണ്. ആ കയ്യടിയാണ് വിജയശങ്കറിനെ ലോകകപ്പുപോലെ പ്രധാനടൂര്ണമെന്റില് നാലാംനമ്പറിലാക്കിയത്. മറ്റൊരു പരീക്ഷണം ദിനേശ്കാര്ത്തിക്കായിരുന്നു.

ദീര്‍ഘമായ ഇന്നിങ്സ് കളിക്കാനുളള ഏകാഗ്രതയോ ക്ഷമയോ ഇതുവരെയും തെളിയിച്ചിട്ടില്ലാത്ത കാര്‍ത്തിക്കും വിമാനം കയറി. ദക്ഷിണാഫ്രിക്കയിലും ന്യൂസീലന്‍ഡിലും രണ്ടുകളികള്‍ വീതം അവസരംകിട്ടിയ ശ്രേയസ് അയ്യരും ശുഭ്മാന്‍ഗില്ലും ചിത്രത്തിലേ ഇല്ലാതായി. ഇതിലൊക്കെ പരിശീലകന് എന്തുചെയ്യാനാകുമെന്ന ചോദ്യം ഉയരും. തനിക്ക് കിട്ടേണ്ട ടീമിന്റെ ഘടനസംബന്ധിച്ച ഏകദേശധാരണ നായകനെക്കാള്‍ പരിശീലകനാണ് ഉണ്ടാവേണ്ടത്. തനിക്ക് കിട്ടിയ ടീമില്‍ ശാസ്ത്രിക്ക് വിശ്വാസകുറവില്ലായിരുന്നു. മികച്ച ടീമാണ് ഇതെന്ന് തുറന്നുപറയുകയും ചെയ്തു.
കെ.എല്‍. രാഹുല്‍ ഉള്‍പ്പെടെ നാലുവിക്കറ്റ് കീപ്പര്‍മാര്‍ ടീമില്‍ ഉള്‍പ്പെട്ടപ്പോഴും അവര്‍ ഒരേസമയം ഫീല്ഡിനിറങ്ങിയപ്പോഴും അസ്വാഭാവികമായി അദ്ദേഹത്തിന് ഒന്നുംതോന്നിയില്ല. വിക്കറ്റ്കീപ്പര്‍മാര്‍ ഫീല്ഡുചെയ്യുമ്പോഴുണ്ടാകുന്ന മിസുകളും ഡ്രോപ്പുകളും കളിയുടെ ഗതിമാറ്റാനിടയാക്കുമെന്നും വിചാരിക്കാനുമുള്ള കാഴ്ചയും ഉണ്ടായില്ല. പന്തെറിയുന്ന അഞ്ചുപേരില്‍ ഒരാള്‍ക്ക് പേശിവലിവ് വന്നാല്‍ ഓവര്‍ എറിഞ്ഞുതീര്ക്കാന്പോലും ആളില്ലെന്നതും അലട്ടിയില്ല. പാകിസ്താനെതിരെ ഭുവനേശ്വറിന് ആ സ്ഥിതി വന്നപ്പോള്‍ വിജയശങ്കര്‍ കാത്തു. എന്നാല്‍ ശങ്കര്‍ പരിക്കേറ്റുമടങ്ങിയപ്പോള് നൂല്‍പ്പാലത്തിലൂടെ ഇന്ത്യ നടന്നു.
(ലേഖനത്തിന്റെ പൂര്‍ണരൂപം മാതൃഭൂമി സ്പോര്‍ട്സ് മാസിക വായിക്കാം)
Content Highlights: Ravi Shastri Semi-Final Loss Against New Zealand