എന്തായിരിക്കണം സത്യൻ പറയാൻ ബാക്കിവെച്ചത് ?


By രവിമേനോൻ

5 min read
Read later
Print
Share

`കളിയാക്കാതെ ആശാനേ. ജീവിച്ചുപൊയ്‌ക്കോട്ടെ. ഈ മുഖം കണ്ടാൽ ആരെങ്കിലും അഭിനയിക്കാൻ വിളിക്കുമോ?-വി.പി.സത്യന്റെ ജന്മദിനമാണ് ഏപ്രിൽ 29

വി.പി.സത്യൻ രവി മേനോന്റെ വിവാഹദിനത്തിൽ

ത്യനെക്കുറിച്ചൊരു സിനിമ വരുന്നു, അതിൽ ജയസൂര്യ നായകനാവുന്നു എന്നറിഞ്ഞപ്പോൾ ഓർമയിൽ തെളിഞ്ഞത് ഉച്ചവെയിലിൽ തിളച്ചുമറിയുന്ന മഡ്ഗാവിലെ ഫതോർദ സ്റ്റേഡിയത്തിന്റെ ചിത്രമാണ്; ഒപ്പം സൗമ്യമധുരമായ ഒരു ശബ്ദവും. പതിനേഴു വർഷങ്ങൾക്കപ്പുറത്തു നിന്ന് കാതിലേക്കും മനസ്സിലേക്കും ഒഴുകിയെത്തുന്ന സത്യന്റെ ശബ്ദം: ``അഭിനയിച്ചു ശീലമില്ല എനിക്ക്; നാടകത്തിലും ജീവിതത്തിലും...''

ഇന്ത്യൻ ബാങ്ക് ടീമിന്റെ പരിശീലകന്റെ റോളിൽ ദേശീയ ഫുട്ബോൾ ലീഗിനെത്തിയതാണ് സത്യൻ. `ഇന്ത്യൻ എക്സ്പ്രസി'ന് വേണ്ടി ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാൻ ഞാനും. വർഷം 2001 ആവണം. ലീഗിലെ ഏതോ വിരസമായ മത്സരത്തിന്റെ ഇടവേളയിൽ ഐ എം വിജയന്റെ സിനിമാ പ്രവേശം ചർച്ചയായപ്പോൾ ഇത്തിരി കളിയും ഇത്തിരി കാര്യവും ഇടകലർത്തി ഒരു ചോദ്യം: ``വിജയനാകാമെങ്കിൽ സത്യനും ആയിക്കൂടെ അഭിനയം? ഉള്ളിൽ സ്നേഹം ഒളിപ്പിച്ച ഒരു പരുക്കൻ മനുഷ്യന്റെ റോൾ. ഈ മുഖവും ഈ ശബ്ദവും ഒക്കെ അതിനു ചേരും..''

അമ്പരപ്പായിരുന്നു ആദ്യം സത്യന്റെ മുഖത്ത്. പിന്നെ അതൊരു പൊട്ടിച്ചിരിക്ക് വഴിമാറുന്നു. നീണ്ട ചിരിക്കൊടുവിൽ പുറത്തുതട്ടി സത്യൻ പറഞ്ഞു: ``കളിയാക്കാതെ ആശാനേ. ജീവിച്ചുപൊയ്‌ക്കോട്ടെ. ഈ മുഖം കണ്ടാൽ ആരെങ്കിലും അഭിനയിക്കാൻ വിളിക്കുമോ? ചുമന്ന കണ്ണും ചിരിക്കാത്ത മുഖവും ക്രൂരമായ നോട്ടവും. നായികമാരൊക്കെ പേടിച്ചോടും. എനിക്ക് പറഞ്ഞ പണിയല്ല അതൊന്നും.'' തൊട്ടുപിന്നാലെ ആത്മഗതമെന്നോണം ഇത്രയും കൂടി: ``അഭിനയിച്ചു ശീലമില്ല; നാടകത്തിലും ജീവിതത്തിലും. ഉണ്ടായിരുന്നെങ്കിൽ എവിടെയെങ്കിലുമൊക്കെ എത്തിപ്പെട്ടേനെ...'' മുഖത്തെ ചിരി മാഞ്ഞിരുന്നു അപ്പോൾ. പകരം അതുവരെ കാണാത്ത ഒരു ഭാവം വന്നുനിറയുന്നു അവിടെ. മൈതാനത്തെ തണുപ്പൻ നീക്കങ്ങളിൽ അലസമായി കണ്ണുനട്ടുകൊണ്ട് ഇത്ര കൂടി പറഞ്ഞു സത്യൻ: ``എങ്കിലും പന്തുകളിക്കാരനായി വേഷമിടാൻ ആരെങ്കിലും വിളിച്ചാൽ പോകും. അവിടെ നമ്മൾ അഭിനയിക്കേണ്ടല്ലോ. ജീവിച്ചാൽ പോരേ? ക്യാമറ പിന്തുടരുക നമ്മുടെ കാലുകളെയാണ്; മുഖത്തെയല്ല. ആ അഭിനയം എനിക്ക് അത്യാവശ്യം വഴങ്ങും എന്നാണൊരു തോന്നൽ...'' ആത്മാർത്ഥതയുടെ തെളിച്ചമുള്ള വാക്കുകൾ.

ഇന്നിപ്പോൾ സത്യനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ വരുമ്പോൾ, ആർദ്രമായ ആ പഴയ ഓർമ്മകളിലേക്ക് അറിയാതെ തിരിച്ചുനടക്കുന്നു മനസ്സ്. കളിക്കാരനായി എന്നെങ്കിലും ക്യാമറക്കു മുൻപിൽ പന്തുതട്ടാൻ മോഹിച്ച സത്യന് വിധി കരുതിവെച്ചത് ഇടവേളയ്ക്കു മുൻപേ കളി നിർത്തി കളം വിടാനുള്ള യോഗം -- അപ്രതീക്ഷിതമായ ഒരു ചുവപ്പു കാർഡ്. പതിനൊന്ന് വർഷങ്ങൾക്ക് ശേഷമിതാ വെള്ളിത്തിരയിൽ സത്യന് വേണ്ടി ജയസൂര്യ ബൂട്ടണിയുന്നു. യഥാർത്ഥ സത്യനെ നാം കണ്ടുമുട്ടുമോ സിനിമാവിഷ്കാരത്തിൽ ? അറിയില്ല. ഒരു പാട് ദുരൂഹതകൾ അവശേഷിപ്പിച്ചു മടങ്ങിപ്പോയ ആ കളിക്കാരനെ മലയാളിയുടെ മനസ്സിലേക്ക് എല്ലാ താരപരിവേഷത്തോടെയും തിരിച്ചു കൊണ്ടുവരാനുള്ള സംവിധായന്റെ ശ്രമത്തിനു മുന്നിൽ, എന്തായാലും, നമിക്കുക. ഫുട്ബോൾ കളിക്കാർക്ക്, അവർ എത്ര തന്നെ കൊലകൊമ്പന്മാരായാലും, നമ്മുടെ നാട്ടിൽ കിട്ടാറുള്ള കടുത്ത അവഗണനയുടെ ദയനീയ ചരിത്രം കണക്കിലെടുക്കുമ്പോൾ അർജുന അവാർഡിനേക്കാൾ, പദ്മശ്രീയേക്കാൾ മുന്തിയ ബഹുമതി തന്നെ സെല്ലുലോയ്ഡിലൂടെയുള്ള ഈ പ്രണാമം. സത്യൻ മലയാളിക്ക് ആരായിരുന്നു എന്നറിയാൻ ഈ സിനിമ പ്രയോജനപ്പെടുമെങ്കിൽ നല്ലത്.

സത്യൻ എന്ന വ്യക്തിയിലേക്ക് എത്തിപ്പെടും മുൻപേ സത്യൻ എന്ന കളിക്കാരനെ അറിയാം. ഒന്നാന്തരം ഡിഫൻസീവ് ബ്ലോക്കർ, സ്കീമർ. കണ്ണിൽ ചോരയില്ലാത്ത ടാക്ലർ.... അങ്ങനെ വിശേഷണങ്ങൾ നിരവധിയുണ്ടായിരുന്നു തുടക്കക്കാരനായ വട്ടപ്പറമ്പത്ത് സത്യന്. സ്പിരിറ്റഡ് യൂത്ത്സിലും ലക്കി സ്റ്റാറിലും കേരള പൊലീസിലും സെൻട്രൽ ഡിഫൻഡർ ആയിരുന്ന സത്യനെ മധ്യനിരയിലെ ഏകാംഗ പ്രതിരോധമാക്കി മാമോദീസ മുക്കിയത് 1985 ലെ സാഫ് ഗെയിംസിനുള്ള ദേശീയ ടീം കോച്ച് പ്രദീപ് കുമാർ ബാനർജിയാണ്. പരിചയസമ്പന്നനായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുദീപ് ചാറ്റർജി വർഷങ്ങളോളം കുത്തകയാക്കിവെച്ചിരുന്ന പൊസിഷനിൽ അതോടെ സത്യൻ പുലിയായി മാറുന്നു. ധാക്ക സാഫ് ഗെയിംസിൽ തന്നെ ഗർജ്ജിച്ചു തുടങ്ങിയിരുന്നെങ്കിലും പുലി ഇര തേടിത്തുടങ്ങിയത് അടുത്ത വർഷത്തെ മെർദേക്കയിലാണ്. അതും എന്തൊരു സ്റ്റൈലൻ വേട്ട! ലീഗ് റൗണ്ടിൽ പ്രബലരായ ദക്ഷിണ കൊറിയക്കെതിരായ ആ ഒരൊറ്റ ഗോൾ മാത്രം മതി സത്യന്റെ പ്രതിഭയുടെ മാറ്ററിയാൻ.

ആ അസാധ്യ ഗോളിന്റെ താരപരിവേഷത്തിൽ ജ്വലിച്ചു നിൽക്കുമ്പോഴാണ് സത്യനുമായുള്ള ആദ്യ കൂടിക്കാഴ്ച. മെർദേക്ക കളിച്ച് മലേഷ്യയിൽ നിന്ന് തിരിച്ചെത്തിയിരുന്നേയുള്ളൂ സത്യൻ. കോഴിക്കോട്ടെ ഹൈസൺ ഹോട്ടലിൽ വെച്ചുള്ള ആ സമാഗമം മറക്കാനാവില്ല. അമിതമായ വാഗ് വിലാസമില്ല. നാട്യങ്ങളില്ല. ആത്മപ്രശംസയില്ല. കൊറിയക്കെതിരായ ഗോളിനെ കുറിച്ച് ചോദിച്ചപ്പോൾ സ്വതസിദ്ധമായ അന്തർമുഖത്വം മറയ്ക്കാൻ ശ്രമിക്കാതെ അന്നത്തെ 21 കാരൻ പറഞ്ഞു: ``കൊറിയയുടെ മിഡ്ഫീൽഡിൽ നിന്ന് വഴിതെറ്റി വന്ന ഒരു പാസായിരുന്നു. മധ്യരേഖക്ക് അടുത്തുവച്ച് പന്ത് മുന്നിൽ വന്നുവീണു ബൗൺസ് ;ചെയ്തപ്പോൾ ഭാഗ്യത്തിന് ചുറ്റും ആരുമുണ്ടായിരുന്നില്ല. നേരെ പോസ്റ്റിലേക്ക് വെച്ച് അലക്കാനാണ് അപ്പോൾ തോന്നിയത്. ഓടുന്ന ഓട്ടത്തിൽ സർവ ശക്തിയുമെടുത്ത് ഒരു വോളി. ഭാഗ്യത്തിന് അത് ഗോളായി. 40 വാര ദൂരെ നിന്നായിരുന്നു ആ ഷോട്ട് എന്ന് അറിഞ്ഞത് പിന്നീട് കോച്ച് പി കെ ബാനർജി വന്നു കാതിൽ മന്ത്രിച്ചപ്പോഴാണ്. ഈശ്വരന് നന്ദി പറഞ്ഞു അപ്പോൾ. ഞാൻ ഗോളടിച്ചു എന്നതല്ല ഇന്ത്യ മത്സരം ജയിച്ചു എന്നതായിരുന്നു ഏറ്റവും ആഹ്ലാദകരം...'' പ്രബലരായ ചെക്ക് ടീമിനെതിരായ സെമിഫൈനലിലും കണ്ടു സത്യന്റെ പോരാട്ട വീര്യം. 115 മിനുട്ട് നേരം എതിരാളികളെ ഗോളടിക്കാൻ വിടാതെ തളച്ചുനിർത്തിയ ശേഷം അവസാന നിമിഷങ്ങളിൽ വീണ ഒരൊറ്റ ഗോളിന് തോറ്റു പോയ ഇന്ത്യൻ നിരയിലെ ദീപ്ത സാന്നിധ്യം സത്യനായിരുന്നുവെന്ന് പി കെ ബാനർജി പറഞ്ഞുകേട്ടതോർക്കുന്നു. ദക്ഷിണ കൊറിയക്കെതിരെ അന്താരാഷ്ട്ര ഫുട്ബാളിൽ ഇന്ത്യയുടെ അവസാനത്തെ വിജയമായിരുന്നു മെർദേക്കയിലേത് എന്നുകൂടി അറിയുക. ഇന്നിപ്പോൾ കൊറിയ എന്ന് കേൾക്കുമ്പോൾ ഉറക്കത്തിൽ പോലും ഞെട്ടിത്തരിക്കുന്ന പരുവത്തിലെത്തിയിരിക്കുന്നു നമ്മൾ.

പിന്നീടും നിരന്തരം കണ്ടുമുട്ടി സത്യനെ -- നെഹ്‌റു കപ്പിൽ, പ്രീ ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിൽ, സന്തോഷ് ട്രോഫിയിൽ, ഫെഡറേഷൻ കപ്പിൽ... കളിക്കാരനും കളിയെഴുത്തുകാരനും തമ്മിലുള്ള ഔപചാരിക ബന്ധം ഗാഢമായ സൗഹൃദമായി വളർന്നിരുന്നു അപ്പോഴേക്കും. ഏത് ആൾക്കൂട്ടത്തിലും ഏകാന്തതയുടെ തുരുത്തിലേക്ക് ഉൾവലിയുന്ന ശീലമാവണം ഞങ്ങളെ എളുപ്പം അടുപ്പിച്ചത്. നല്ലൊരു വായനക്കാരൻ കൂടിയായിരുന്നതിനാൽ സായാഹ്നങ്ങളിലെ പതിവ് കൂടിക്കാഴ്ചകളിൽ വിഷയദാരിദ്ര്യമുണ്ടാവില്ല സത്യന്. രാഷ്ട്രീയം, സിനിമ, സംഗീതം, പ്രണയം .. ആകാശത്തിനു കീഴെയുള്ള എന്തിനെക്കുറിച്ചും ചർച്ച ചെയ്യും ഞങ്ങൾ. അത്ഭുതം തോന്നാം. ചർച്ചകളിൽ ഫുട്ബോൾ ഒരു അപൂർവ സാന്നിധ്യമായിരുന്നു. ``മതി മതി, നിർത്താം. വേറെ എന്തൊക്കെ സുന്ദരമായ കാര്യങ്ങളുണ്ട് ലോകത്ത് സംസാരിക്കാൻ..'' അറിയാതെ ചർച്ച ഫുട്ബാളിലേക്കു വഴുതുമ്പോൾ തടഞ്ഞുകൊണ്ട് സത്യൻ പറയും.
ജീവിതത്തിലെ പല വഴിത്തിരിവുകളിലും സത്യൻ ഒപ്പമുണ്ടായിരുന്നു -- സുഹൃത്തായും മാർഗനിർദേശിയായും. 1990 കളുടെ തുടക്കത്തിലാണ് -- മലയാളം പത്രപ്രവർത്തനത്തിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലേക്ക് ചേക്കേറാൻ ആലോചിക്കുന്ന ഘട്ടം. ഇംഗ്ലീഷിൽ പേരിന് ഒരു ലേഖനം പോലും എഴുതിയിട്ടില്ല അതുവരെ. ആകെയുള്ള കൈമുതൽ വായന നൽകിയ ആത്മവിശ്വാസമാണ്. വായനയും എഴുത്തും വെവ്വേറെ മേഖലകളല്ലേ? നല്ല വായനക്കാരന് ഭേദപ്പെട്ട എഴുത്തുകാരനാകാൻ കഴിയണമെന്നില്ല. സ്വാഭാവികമായും മലയാളത്തെ ഉപേക്ഷിക്കാൻ ഭയം തോന്നി. ആശയക്കുഴപ്പത്തിന്റെയും പിരിമുറുക്കത്തിന്റെയും ആ നാളുകളിൽ ആശ്വാസ വചനങ്ങളുമായി എത്തിയത് സത്യൻ തന്നെ: ``ജീവിതത്തിൽ റിസ്ക് എടുക്കേണ്ട ഘട്ടങ്ങളിൽ എടുത്തേ പറ്റൂ. കളിയോട് വിട പറഞ്ഞു പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിച്ചിട്ടുണ്ട് പലരും. കളിച്ചു നടന്ന് ഒടുവിൽ ഗതികെട്ടുപോയ ചിലരുടെ ഉദാഹരണങ്ങളും വിളമ്പും എന്റെ ആത്മവിശ്വാസം തകർക്കാൻ. ആലോചിച്ചു ടെൻഷൻ കയറി ദിവസങ്ങളോളം ഉറങ്ങാതിരുന്നിട്ടുണ്ട്. എങ്കിലും ഫുട്ബോൾ വിടാൻ മനസ്സ് സമ്മതിച്ചില്ല. അന്ന് മറിച്ചു ചിന്തിച്ചിരുന്നെങ്കിൽ ഇക്കാണുന്ന സത്യൻ ഉണ്ടാവില്ലായിരുന്നു... അതുകൊണ്ടു ധൈര്യമായി പുതിയ ജോലിയിൽ പ്രവേശിക്കുക...'' ആ ഉപദേശം നന്മയേ കൊണ്ടുവന്നിട്ടുള്ളൂ ജീവിതത്തിൽ.

അവസാനമായി കണ്ടത് സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങൾക്കിടയിലാണ്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പ്രതിനിധി എന്ന നിലക്ക് ഔദ്യോഗിക ചുമതലയുമായി എത്തിയതായിരുന്നു സത്യൻ. അധികം മിണ്ടാട്ടമില്ല. പതിവുള്ള സൗമ്യമായ ചിരിയില്ല. മുഖത്ത് വല്ലാത്തൊരു ഗൗരവം. കളിക്കിടെ വീണുകിട്ടിയ ഒരു ഇടവേളയിൽ അടുത്തുചെന്ന് ചോദിച്ചു: ``എന്താ പതിവില്ലാതെ ഒരു തലക്കനം? ഫെഡറേഷന്റെ ആളാണെന്നു കരുതി ഇത്ര ഗൗരവം വേണ്ട.'' ചെറിയൊരു ചിരി തെളിഞ്ഞുവോ ആ മുഖത്ത്? അൽപ്പനേരം കണ്ണുകളിലേക്ക് ഉറ്റുനോക്കി സത്യൻ പറഞ്ഞു: ``കളി കഴിഞ്ഞു നമുക്കൊന്ന് കാണണം. ഒരു പ്രധാന കാര്യം സംസാരിക്കാനുണ്ട്..'' എന്താണ് ഇത്രയും സീരിയസ് ആയ വിഷയം? പുതിയ പ്രോജക്റ്റ് വല്ലതും? മുഖത്തുനിന്ന് കണ്ണെടുക്കാതെ സത്യൻ പറഞ്ഞു: ``ഏയ്, അല്ല. പേഴ്‌സണൽ ആണ്. കാണുമ്പോൾ പറയാം..'' കളി കഴിഞ്ഞു റിപ്പോർട്ട് അയച്ചു തിരികെ പ്രസ് ബോക്സിൽ വന്നപ്പോൾ, ആളില്ല. സത്യൻ ഇരുന്ന സ്ഥലം ശൂന്യം. കാത്തിരുന്നു മുഷിഞ്ഞ് നേരത്തെ സ്ഥലം വിട്ടിരിക്കണം . അടുത്ത ദിവസം കാണുമ്പോൾ സംസാരിക്കാമല്ലോ എന്ന് മനസ്സ് പറഞ്ഞു. സത്യൻ പറയാൻ ഉദ്ദേശിച്ച കാര്യം എന്തെന്നറിയാൻ തിടുക്കമുണ്ടായിരുന്നു.

പിറ്റേന്നും അതിന്റെ പിറ്റേന്നും സത്യനെ കണ്ടില്ല. അന്വേഷിച്ചപ്പോൾ അറിഞ്ഞു; അത്യാവശ്യമായി ചെന്നൈയിലേക്ക് തിരിച്ചുപോയിരിക്കുന്നു ആൾ. സങ്കടം തോന്നി. ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. അന്നറിയില്ലായിരുന്നു സത്യനെ അവസാനമായി കണ്ടുകഴിഞ്ഞു എന്ന്. പ്രിയപ്പെട്ട `സത്യേട്ടനെ' മരണം ഒരു തീവണ്ടിയുടെ രൂപത്തിൽ വന്നു കൂട്ടിക്കൊണ്ടുപോയ വാർത്ത വിളിച്ചറിയിച്ചത് വിജയനാണ്; വിതുമ്പിക്കൊണ്ട്. സ്വയം മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നത്രെ സത്യൻ. ഇന്നും വിശ്വസിക്കാനായിട്ടില്ല അക്കാര്യം. ജീവിതത്തെ എന്നും പ്രസാദാത്മകമായി നോക്കിക്കണ്ട ഒരു മനുഷ്യന് അങ്ങനെയൊരു മരണം തിരഞ്ഞെടുക്കാനാവുമോ ? ആ സത്യൻ ഞാനറിയുന്ന എന്റെ സത്യനാവില്ല, തീർച്ച.
നൊമ്പരപ്പെടുത്തുന്ന ഒരു ചോദ്യം മാത്രമുണ്ട് ഇന്നും മനസ്സിൽ: എന്തായിരിക്കണം സത്യൻ പറയാൻ ബാക്കിവെച്ചത്?

രവി മേനോന്റെ പുസ്തകങ്ങൾ വാങ്ങാം

Contetent Highlights: Ravi Menon Remembers Former Indian football Captain VP Sathyan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
How fc Barcelona won La Liga back with xavi revolution
Premium

9 min

സാവി മാജിക്, ഒമ്പതില്‍ നിന്ന് കിരീടത്തിലേക്ക് ബാഴ്‌സയുടെ തിരിച്ചുവരവ്; മെസ്സി കൂടി എത്തുമോ?

May 17, 2023


formula one

6 min

വ്യത്യസ്ത ഭൂഖണ്ഡങ്ങളിലൂടെ പായുന്ന കാറുകള്‍, 1156 കോടി രൂപ ബജറ്റ്, ഫോര്‍മുല വണ്‍ കുട്ടിക്കളിയല്ല!

Mar 25, 2023


the History of India and Pakistan cricket Relations
In Depth

5 min

കലഹങ്ങളെ ബൗണ്ടറി കടത്തി താരങ്ങള്‍; മാറുന്ന കാലത്തെ ഇന്ത്യ - പാക് പോരാട്ടങ്ങള്‍

Aug 30, 2022

Most Commented