മെഹബൂബ്, ക്രോസ്ബാറിനടിയിലെ കോഴിക്കോടന്‍ 'ചങ്ങായി'


രവിമേനോന്‍

കോഴിക്കോട്ടു നിന്ന് അന്ന് രാത്രി തന്നെ വണ്ടികയറി വന്ന പയ്യന്‍സിനെ എം കെ ജോസഫ് സാര്‍ സ്വീകരിച്ചത് വിടര്‍ന്ന ചിരിയോടെ. അന്നുതന്നെ ഹവില്‍ദാര്‍ ആയി നിയമനം. മെഹബൂബിന്റെ പോലീസ് ഗാഥ തുടങ്ങുന്നത് ആ നിയമനത്തില്‍ നിന്നാണ്

Photo: facebook.com|ravi.menon.1293

തൊട്ടപ്പുറത്ത് മിഡില്‍ ബെര്‍ത്തില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന ചെറുപ്പക്കാരനെ അത്ഭുതാദരങ്ങളോടെ നോക്കിക്കിടന്നു ഞാന്‍. എത്ര സ്ട്രൈക്കര്‍മാരുടെ ഉറക്കം കെടുത്തിയിരിക്കും ഈ വിരുതന്‍ ഗോള്‍കീപ്പര്‍...

മെഹബൂബുമൊത്തുള്ള ആദ്യയാത്ര. സന്തോഷ് ട്രോഫി റിപ്പോര്‍ട്ട് ചെയ്യാന്‍ ട്രിവാന്‍ഡ്രം മെയിലില്‍ കൊല്ലത്തേക്ക് പോകുകയാണ് ഞാന്‍. മെഹബൂബും കൂട്ടരും പോകുന്നത് തിരുവനന്തപുരത്തേക്ക്. ഹ്രസ്വമായ ഒരവധിക്ക് ശേഷം കേരള പോലീസ് ടീമിനൊപ്പം ചേരാന്‍. വര്‍ഷം 1988.

കോഴിക്കോടിന് പുറത്തൊരു ടൂര്‍ണമെന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അതുവരെ. ഒറ്റയ്ക്ക് ഇത്രയും ദൂരത്തേക്കൊരു ട്രെയിന്‍ യാത്ര തന്നെ അപൂര്‍വം. ആ ബേജാറുമായി വണ്ടിയില്‍ കയറിപ്പറ്റിയ ട്രെയിനി റിപ്പോര്‍ട്ടറെ രണ്ടാം ക്ലാസ്സ് കമ്പാര്‍ട്ട്‌മെന്റില്‍ കാത്തിരുന്നത് കളിയും ചിരിയും കുളൂസും നിറഞ്ഞ അന്തരീക്ഷം. വെളുത്തു മെലിഞ്ഞ ചുരുളന്‍ മുടിക്കാരനാണ് ചിരിമേളത്തിലെ കേന്ദ്ര കഥാപാത്രം. ആകാശത്തിനു കീഴിലുള്ള സകല വിഷയങ്ങളെക്കുറിച്ചും ഉച്ചത്തില്‍, ശ്വാസം പോലും വിടാതെ സംസാരിച്ചുകൊണ്ടിരിക്കുന്നു അയാള്‍. ഇടയ്ക്ക് പൊട്ടിച്ചിരിക്കുന്നു. കൂടെയുള്ളവരെ ചിരിപ്പിക്കുന്നു.

കൊള്ളാം. ഈ ചങ്ങായിയെ മുന്‍പെവിടെയോ കണ്ടിട്ടുണ്ടല്ലോ? ഫുട്‌ബോള്‍ മൈതാനത്താണോ, അതോ...
ജനാലയിലൂടെ, പിന്നിലേക്ക് ഓടിമറയുന്ന നഗരക്കാഴ്ചകള്‍ നോക്കിയിരുന്ന എനിക്ക് നേരെ ഇടയ്‌ക്കെപ്പോഴോ ശൂന്യതയില്‍ നിന്നൊരു സ്‌നേഹക്കൈ നീളുന്നു. ഒപ്പം ഒരു ചോദ്യവും: ''ങ്ങളെങ്ങട്ടാ ഭായി?'' ഞെട്ടിത്തിരിഞ്ഞുനോക്കിയപ്പോള്‍ അതേ ചുരുളന്‍ മുടിക്കാരന്‍. കണ്ണുകളിറുക്കി പഞ്ചാരച്ചിരി ചിരിച്ചുകൊണ്ട് അയാള്‍ മൊഴിയുന്നു: ''ഞാന്‍ മേബൂ... കേരള പോലീസ് ടീമിന്റെ ഗോള്‍കീപ്പര്‍..''

മുപ്പത്തിമൂന്ന് വര്‍ഷം പിന്നിടുന്ന ഒരു ആത്മബന്ധത്തിന്റെ കിക്കോഫ് ആ വാക്കുകളില്‍ നിന്നായിരുന്നു. സുദീര്‍ഘമായ സേവനത്തിന് ശേഷം അസിസ്റ്റന്റ് കമാന്‍ഡന്റ് പദവിയുമായി മെഹബൂബ് ഈ മാസാവസാനം പോലീസില്‍ നിന്ന് വിരമിക്കുമ്പോള്‍ ഓര്‍മ്മകള്‍ വീണ്ടും ഇരുവിംഗുകളിലൂടെയും ഇരമ്പിക്കയറിവരുന്നു. പെനാല്‍റ്റി ബോക്‌സില്‍ നിരായുധനായി ഞാന്‍. വെറുമൊരു കളിക്കാരന്‍ മാത്രമല്ലല്ലോ എനിക്ക് മെഹബൂബ്. സുതാര്യസുന്ദരമായ കോഴിക്കോടന്‍ ചിരിയും കിസ്സകളുമായി അന്നുമിന്നും ഒരു ഫോണ്‍ വിളിക്കപ്പുറമുള്ള ദോസ്ത് കൂടിയല്ലേ?

ബാങ്കോക്കിലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ തോബിയാസ് നയിച്ച ഇന്ത്യന്‍ ടീമിന്റെ ഗോള്‍വലയം കാത്തുകൊണ്ടാണ് കുറ്റിച്ചിറക്കാരന്‍ മെഹബൂബിന്റെ തുടക്കം. അന്ന് പ്രായം പതിനെട്ടോ പത്തൊന്‍പതോ. കോഴിക്കോട് ഐ ടി ഐയില്‍ വിദ്യാര്‍ത്ഥിയായിരുന്നു അക്കാലത്ത് മെഹബൂബ്. സേട്ട് നാഗ്ജിയിലും ജില്ലാ ലീഗിലും കാലിക്കറ്റ് യങ്സ്റ്റേഴ്സ്, യങ് ചലഞ്ചേഴ്സ് ക്ലബ്ബുകളുടെ ക്രോസ്ബാറിനടിയില്‍ അതിഥി താരമായി മിന്നിത്തിളങ്ങിയ മെഹ്ബൂബിനെ പലരും നോട്ടമിട്ടത് സ്വാഭാവികം.

''വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പോലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് ഒരു നാള്‍ എന്നെ തിരക്കി ആള്‍ വന്നു. ശരിക്കും പേടിച്ചുപോയി. എന്തോ പ്രശ്‌നമുണ്ടെന്നാണ് കരുതിയത്. സൈക്കിളെടുത്ത് നേരെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് വിട്ടപ്പോള്‍ അവിടെ അസിസ്റ്റന്റ് കമ്മീഷണര്‍ കാത്തിരിക്കുന്നു, അമ്പരപ്പിക്കുന്ന വാര്‍ത്തയുമായി: ''ഡി ജി പി നിങ്ങളെ അന്വേഷിക്കുന്നു. ഉടന്‍ തിരുവനന്തപുരത്ത് ഹാജരാകണം.''

കോഴിക്കോട്ടു നിന്ന് അന്ന് രാത്രി തന്നെ വണ്ടികയറി വന്ന പയ്യന്‍സിനെ എം കെ ജോസഫ് സാര്‍ സ്വീകരിച്ചത് വിടര്‍ന്ന ചിരിയോടെ. അന്നുതന്നെ ഹവില്‍ദാര്‍ ആയി നിയമനം. മെഹബൂബിന്റെ പോലീസ് ഗാഥ തുടങ്ങുന്നത് ആ നിയമനത്തില്‍ നിന്നാണ്. കൗമുദി ട്രോഫിയിലായിരുന്നു പൊലീസിന് വേണ്ടി അരങ്ങേറ്റമെങ്കിലും ഏറ്റവും ശ്രദ്ധേയമായ ആദ്യത്തെ പ്രകടനം കണ്ടത് ജംഷെഡ്പൂരില്‍ നടന്ന ഭിലായ് സ്റ്റീല്‍ പ്ലാന്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലാണ്. മെഹബൂബിന്റെ ഗോള്‍കീപ്പിംഗ് മികവില്‍ ഇന്ത്യന്‍ പോലീസ് ടീം അവിടെ റണ്ണേഴ്സപ്പായപ്പോള്‍. അതേ വര്‍ഷം കേരള പോലിസിന്റെ ആദ്യ കൗമുദി ട്രോഫി വിജയത്തിലും പങ്കാളിയായി മെഹബൂബ്. തുടര്‍ന്ന് ഇന്ത്യയൊട്ടുക്കും നിരവധി ടൂര്‍ണമെന്റുകള്‍. ധാക്കയിലെ അബഹാനി ക്രീഡാ ചക്രക്കെതിരെ കോഴിക്കോട്ടും മുഹമ്മദന്‍സിനെതിരെ കൊല്‍ക്കത്ത ഐ എഫ് എ ഷീല്‍ഡിലും കാഴ്ചവെച്ച പ്രകടനങ്ങള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുവെക്കുന്നു, പീറ്റര്‍ ഷില്‍ട്ടന്റെയും ബ്രഹ്‌മാനന്ദിന്റെയും ഈ അടിയുറച്ച ആരാധകന്‍.

ഗോളിയായാണ് ഖ്യാതിയെങ്കിലും കളിക്കളത്തില്‍ മെഹബൂബ് പകര്‍ന്നാടാത്ത വേഷങ്ങളില്ല. ആദ്യകാലത്ത് നല്ലൊരു സ്റ്റോപ്പര്‍ ബാക്കായിരുന്നു. ഇടക്ക് ഫോര്‍വേഡ് ആയും തിളങ്ങി. കോഴിക്കോട്ട് ഫെഡറേഷന്‍ കപ്പില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഗോളിയെ മാത്രം മുന്നില്‍ നിര്‍ത്തി നേരിയ വ്യത്യാസത്തില്‍ ഒഴിഞ്ഞുപോയ ഗോളവസരം, മെഹബൂബിലെ സ്ട്രൈക്കറുടെ സ്വകാര്യ ദുഖങ്ങളില്‍ ഒന്ന്. ''അന്നത് ഗോളായിരുന്നെങ്കില്‍ പോലീസ് മൂന്നാം വര്‍ഷവും ഫൈനലില്‍ എത്തിയേനെ..''

പതിറ്റാണ്ടിലേറെ കാലം പൊലീസിന്റെ കുപ്പായമണിഞ്ഞിട്ടും ഒരൊറ്റ സന്തോഷ് ട്രോഫിയേ കളിക്കാന്‍ ഭാഗ്യമുണ്ടായുള്ളൂ മെഹബൂബിന്. കേരളം ജേതാക്കളായ കോയമ്പത്തൂരില്‍. അവസാന ക്യാമ്പ് വരെ എത്തിയിട്ടും പിന്നീടൊരിക്കലും ടീമില്‍ ഇടം നേടാതെ പോയതെന്ത് എന്ന ചോദ്യത്തിന് അര്‍ത്ഥഗര്‍ഭമായ പുഞ്ചിരിയാണ് മറുപടി. ''ഭാഗ്യം എന്നൊന്നുണ്ടല്ലോ ഫുട്‌ബോളില്‍. അതില്ലാതെ പോയി എന്ന് കരുതിയാല്‍ മതി.'' മെഹബൂബ് പറയാതെ പോയ മറ്റൊരു കാരണം കൂടിയുണ്ട്. കെ.ടി ചാക്കോ അതിനകം കേരള ഫുട്‌ബോളിലെ ഭാഗ്യതാരമായി ജ്വലിച്ചുയര്‍ന്നിരുന്നു.

എങ്കിലും പരിഭവമൊന്നുമില്ല മെഹബൂബിന്; പരാതികളും. ''ആഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ കനിഞ്ഞുനല്‍കിയിട്ടുണ്ട് ജീവിതം. ജോസഫ് സാറിന്റെ ക്ഷണം സ്വീകരിച്ചു അന്ന് പോലീസില്‍ ചേര്‍ന്നിരുന്നില്ലെങ്കില്‍ ഇന്നത്തെ എന്റെ അവസ്ഥ എന്തായിരുന്നേനെ എന്ന് വെറുതെ ആലോചിച്ചുനോക്കാറുണ്ട്. ചിലപ്പോള്‍ ഒരു ഇലക്ട്രീഷ്യന്‍; അല്ലെങ്കില്‍ ചെറുകിട ബിസിനസ്സുമായി നാട്ടില്‍ തന്നെ ഒതുങ്ങിക്കൂടുന്ന ഒരാള്‍. അതിനപ്പുറം വലിയ പ്രതീക്ഷകളൊന്നുമില്ല. പോലീസ് ടീമാണ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. എത്രയോ നാടുകള്‍ കണ്ടു; എത്രയോ പ്രഗത്ഭര്‍ക്കൊപ്പം കളിച്ചു; എത്രയോ വലിയ ആളുകളെ പരിചയപ്പെട്ടു. ജി വി രാജ അവാര്‍ഡും മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചു. എല്ലാം ഔദ്യോഗിക ജീവിതം സമ്മാനിച്ച സൗഭാഗ്യങ്ങള്‍.. ഇപ്പോഴത്തെ ഈ അസിസ്റ്റന്റ് കമാന്‍ഡന്റ് പദവി വരെ. സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത കാര്യങ്ങളാണ് ഇവയൊക്കെ.'' കോഴിച്ചെനയിലെ റാപ്പിഡ് റെസ്‌പോണ്‍സ് റെസ്‌ക്യൂ ഫോഴ്‌സില്‍ നിന്ന് ഈ മാസം 31-ന് വിരമിക്കുന്ന മെഹബൂബ് വികാരാധീനനാകുന്നു.

കേരളീയരുടെ ഹൃദയവികാരമായിരുന്നു ഒരിക്കല്‍ പോലീസ് ടീം. ഇതാ നമ്മുടെ സ്വന്തം ടീം എന്ന് അഭിമാനത്തോടെ, ആവേശത്തോടെ ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന ടീമുകള്‍ പിന്നീടധികമുണ്ടായിട്ടില്ല. ലെജന്‍ഡറി എന്ന് വിശേഷിപ്പിക്കാവുന്ന ആ പോലീസ് ടീമില്‍ നിന്ന് എന്റെ ജീവിതത്തിലേക്ക് ആദ്യം ഡ്രിബിള്‍ ചെയ്തു കടന്നുവന്ന സുഹൃത്താണ് മെഹബൂബ്. കളിയെഴുത്തുജീവിതം നേടിത്തന്ന നല്ല കൂട്ടുകാരിലൊരാള്‍. ചുണ്ടിലെ ചിരിയും മനസ്സിലെ നന്മയും വാക്കുകളിലെ നര്‍മ്മവും എന്നും കെടാതെ സൂക്ഷിക്കുന്ന അസ്സല്‍ കോഴിക്കോട്ടുകാരന്‍ സുജായി.

പോലീസില്‍ നിന്നേ വിരമിക്കുന്നുള്ളു മെഹബൂബ്. കളിക്കമ്പക്കാരുടെ ഹൃദയങ്ങളില്‍ നിന്ന് ഒരിക്കലും പടിയിറങ്ങുന്നില്ല.

Content Highlights: Ravi Menon remembering former kerala police goalkeeper Mehaboob who is retiring soon

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented