പോക്കറോസി ഞങ്ങളുടെ പൗലോ റോസി


രവിമേനോന്‍

പ്രിയതാരം പൗലോ റോസി ഓര്‍മ്മയായി. റോസിയുടെ മിഴിവാര്‍ന്ന ചിത്രത്തിനൊപ്പം ഓര്‍മ്മയില്‍ വന്നുനിറഞ്ഞത് `റോസ്യാക്ക'യാണ്. കളിഭ്രാന്തിന്റെ ആവേശവും ആഹ്‌ളാദവും ആഘോഷവും ഒപ്പം നൊമ്പരവും ഇടകലര്‍ന്ന ഒരു വയനാടന്‍ ഓര്‍മ്മ.

Photo: Facebook

ര്‍മ്മയിലെ പൗലോ റോസിക്ക് ഇരുണ്ട നിറമാണ്. നെറ്റിയിലേക്ക് വാര്‍ന്നുകിടക്കുന്ന എണ്ണമയമില്ലാത്ത മുടിയും ബീഡിക്കറ പുരണ്ട ചുണ്ടുകളും ചെമ്പന്‍ നിറമുള്ള കൃഷ്ണമണിയും ഊശാന്‍ താടിയുമാണ്. ഞങ്ങള്‍ കളിക്കൂട്ടുകാര്‍ അവനെ തമാശയ്ക്ക് `പോക്കറോസി' എന്ന് വിളിച്ചു. ഇടയ്‌ക്കൊക്കെ റോസ്യാക്ക എന്നും. പോക്കര്‍ എന്നായിരുന്നു അവന്റെ യഥാര്‍ത്ഥ പേര്; പോക്കര്‍ മങ്ങാടന്‍ എന്നോ മറ്റോ.

1982 ലെ ലോകകപ്പ് ഫുട്ബാളിന് പിന്നാലെ, ഞങ്ങള്‍ ചുണ്ടക്കാരുടെ സായാഹ്‌നക്കൂട്ടായ്മയില്‍ ഒരു നാള്‍ പൊടുന്നനെ ജ്വലിച്ചുയരുകയായിരുന്നു പോക്കര്‍. അന്ന് ടെലിവിഷനില്ല. കളി തത്സമയം കാണാമെന്ന വ്യാമോഹം വേണ്ട. പക്ഷേ മാതൃഭൂമിയില്‍ വിംസിയും മനോരമയില്‍ അബുവും വരച്ചിട്ട വാങ്മയ ചിത്രങ്ങള്‍ക്ക് ഏതു ടെലിവിഷന്‍ സംപ്രേക്ഷണത്തേക്കാള്‍ മിഴിവുണ്ടായിരുന്നു. കണ്മുന്നിലെന്നോണം കളി ആസ്വദിക്കാന്‍ ആ റിപ്പോര്‍ട്ടുകള്‍ ധാരാളം. അവയിലൂടെയാണല്ലോ റോസിയും മാര്‍ക്കോ ടര്‍ഡേലിയും അന്തോണിയോ കബ്രീനിയും അലസാന്‍ഡ്രോ ആള്‍ട്ടോബെല്ലിയും ഗ്രാസിയാനിയുമൊക്കെ ഉള്ളില്‍ കയറിവന്ന് ഗോളടിച്ചുതുടങ്ങിയത്. ഊയിന്റമ്മോ എന്ന് ആരും അന്തംവിട്ടു നിലവിളിച്ചുപോകുമായിരുന്ന ടൈപ്പിലുള്ള ഉഗ്രോഗ്രന്‍ കളിവിവരണങ്ങള്‍.

''പോള്‍ ബ്രൈറ്റ്‌നറുടെ ഇടംകാലില്‍ നിന്ന് മിന്നല്‍വേഗത്തില്‍ പന്ത് കുടുക്കിയെടുത്ത് ഒന്ന് വട്ടംചുറ്റിയ ശേഷം ഇടതുഭാഗത്ത് പതുങ്ങിനിന്നിരുന്ന ബ്രൂണോ കോണ്ടിക്ക് മറിച്ചിട്ടുകൊടുക്കുന്നു പൗലോ റോസി. പുല്ലില്‍ വീണുയര്‍ന്ന പന്ത് ഞൊടിയിടയില്‍ കാലിന്റെ മടമ്പു കൊണ്ട് പെനാല്‍റ്റി ബോക്‌സിന്റെ ഇടനെഞ്ചിലേക്ക് ഉയര്‍ത്തിയിടുന്നു ബ്രൂണോ. എന്തും സംഭവിക്കാവുന്ന അവസ്ഥ. ഇരുവിംഗുകളില്‍ നിന്നും ഓടിക്കൂടിയ ജര്‍മ്മന്‍ കാവല്‍ഭടന്മാര്‍ നിമിഷാര്‍ദ്ധം കൊണ്ട് സൃഷ്ടിച്ച പത്മവ്യൂഹത്തില്‍ എങ്ങുനിന്നോ പൊട്ടിവീഴുകയാണ് അപ്പോള്‍ ആള്‍ട്ടോബെല്ലി. ഒരു ട്രാപ്പ്, രണ്ടു ഡ്രിബിള്‍, പോസ്റ്റിലേക്കൊരു ചുഴിഞ്ഞുനോട്ടം.. കഴിഞ്ഞു. മാരകമായ ആ ഇടംകാലില്‍ നിന്ന് കുതിച്ചുയര്‍ന്ന പന്തിന്റെ പേടിപ്പെടുത്തുന്ന മൂളക്കമേ കേട്ടുള്ളൂ ആറടി ഒരിഞ്ചുകാരന്‍ ഗോള്‍കീപ്പര്‍ ഹറാള്‍ഡ് ഷുമാക്കര്‍. കപ്പ് ഇറ്റലിക്ക്..''

പേടിക്കേണ്ട, സാംപിള്‍ വെടിക്കെട്ടാണ്. സാങ്കല്‍പ്പിക സൃഷ്ടി മാത്രം. ഇത്തരം പൊളപ്പന്‍ എഴുത്തുകള്‍ ഞാനുള്‍പ്പെടെയുള്ള അന്നത്തെ മലയാളിപ്പയ്യന്മാരെ പന്തുകളി പ്രാന്തന്മാരാക്കി മാറ്റിയതില്‍ എന്തത്ഭുതം? അങ്ങനെ മുഴുപ്രാന്തന്മാരായിപ്പോയതാണ് ഞാനും പോക്കറും വേലായുധനും കുഞ്ഞയമ്മദും കുഞ്ഞാപ്പയും ജയരാജനും കുമാരനും മജീദും വെങ്കിടാചലവും മൊയ്തീനുമെല്ലാം..ലോകകപ്പിന്റെ ചൂടും പുകയും കെട്ടടങ്ങിയിരുന്നില്ല അന്തരീക്ഷത്തില്‍. ഈര്‍പ്പമുള്ള വയനാടന്‍ മഞ്ഞില്‍ പോലും പൗലോ റോസിയുടെയും അസൂറിപ്പടയുടെയും പ്രകടനത്തിന്റെ പൊള്ളുന്ന ഓര്‍മ്മകള്‍ തങ്ങി നില്‍ക്കുന്നതിനാലാകണം, ഞങ്ങള്‍ക്കെല്ലാം ഇറ്റാലിയന്‍ താരങ്ങളാകാനായിരുന്നു തിടുക്കം.

പോക്കര്‍ റോസിയായ പോലെ കുഞ്ഞാപ്പ ബ്രൂണോ കോണ്ടിയായി. വേലായുധന്‍ കബ്രീനിയും ''വള്ളിവെച്ചു വീഴ്ത്തല്‍'' എന്ന കിടിലന്‍ കലാരൂപത്തിന്റെ പ്രയോക്താവായ കുമാരന്‍ ക്‌ളോഡിയോ ജെന്റീലുമായി. ക്രോസ്ബാറിനടിയിലെ ചീങ്കണ്ണി ദീനോസോഫിന്റെ റോളായിരുന്നു എനിക്ക്. പണ്ടും കീപ്പര്‍മാരോടായിരുന്നല്ലോ ഭ്രമം. പീറ്റര്‍ തങ്കരാജ് മുതല്‍ വിക്ടര്‍ മഞ്ഞിലയും സേതുമാധവനും സുധീറും ബ്രഹ്മാനന്ദും വരെ അസ്ഥിയില്‍ കയറിപ്പിടിച്ചിരുന്ന കാലം. എങ്കിലും ദീനോസോഫിനേക്കാള്‍ എനിക്ക് ചേരുക ''ദീന''സോഫ് എന്ന പേരാണ് എന്ന് അന്നേ തോന്നിയിരുന്നു. അത്രയും ദയനീയമായിരുന്നു അന്നത്തെ ലുക്ക്. പന്തിന്റെ കാറ്റേറ്റാല്‍ പോലും മോഹാലസ്യപ്പെടുന്ന അവസ്ഥ. എങ്കിലും കോളേജില്‍ നിന്ന് അവധിക്ക് വീട്ടിലെത്തുമ്പോള്‍ ദിവസവും വൈകുന്നേരം ഒരു മുഴുക്കയ്യന്‍ ടീഷര്‍ട്ട് സംഘടിപ്പിച്ചു കളിക്കാനെത്തും ഞാന്‍. ചുറ്റുമുള്ള കാപ്പി തേയിലത്തോട്ടങ്ങളിലെ ''പാടി''കളില്‍ നിന്ന് കളിക്കൂട്ടുകാരും. മിക്കവരും തോട്ടം തൊഴിലാളികളുടെ മക്കള്‍. മേമ്പൊടിക്ക് ഒന്നു രണ്ടു പെണ്‍പിള്ളേരും കാണും ചിലപ്പോള്‍. ലക്ഷ്മി, വിനോദിനി അങ്ങനെ ചിലര്‍. ടീമില്‍ ആളെ തികയാതെ വരുമ്പോഴാണ് ഗോളി നില്‍ക്കാന്‍ പെണ്‍ശിങ്കങ്ങളെ കൂട്ടുപിടിക്കുക.

കളിക്കളത്തിലെ മിന്നും താരം പോക്കറോസി തന്നെ. പരുക്കനാണ് ആള്‍. കണ്ണില്‍ച്ചോരയില്ലാത്തവനും. ഡ്രിബ്ലിംഗ് പേരിനേ ഉള്ളൂ കൈവശം. പാസിംഗും മോശം. പക്ഷേ പന്ത് കാലില്‍ കിട്ടിയാല്‍ കൊന്നാലും വിട്ടുകൊടുക്കില്ല വിദ്വാന്‍ എതിര്‍ ടീമിലെ കളിക്കാര്‍ക്ക് മാത്രമല്ല, സഹകളിക്കാര്‍ക്കും. മുന്നിലുള്ളവനെ കൊന്നുതള്ളിക്കൊണ്ടാകും ഒറ്റയാന്റെ കുതിപ്പ്. അറ്റകൈക്ക് കയ്യും കാലും ചുമലും തലയും മാത്രമല്ല പല്ലും നഖവും വരെ എടുത്തു പ്രയോഗിച്ചുകളയും ടിയാന്‍. അക്കാര്യത്തില്‍ പൗലോ റോസിയോടൊന്നും ഒരു താരതമ്യവും ഉണ്ടായിരുന്നില്ല ഞങ്ങളുടെ റോസ്യാക്കയ്ക്ക്. പക്ഷേ പോസ്റ്റിന് മുന്നിലെത്തിയാല്‍ ഗോള്‍ ഉറപ്പാണ്. ഇരുകാല്‍ കൊണ്ടും വെച്ചലക്കാന്‍ മടിയില്ല. ക്‌ളൈമാക്‌സിലെ ആ കിടിലന്‍ ട്വിസ്റ്റിലേ ഉണ്ടായിരുന്നുള്ളൂ ഇത്തിരിയെങ്കിലും റോസി അംശം. എന്നാലും റോസ്യാക്ക എന്ന വിളി കേള്‍ക്കുമ്പോള്‍ മനസ്സറിഞ്ഞു ചിരിക്കും പോക്കര്‍. അകമഴിഞ്ഞ് ആസ്വദിച്ചിരുന്നു ആ വിളിപ്പേര്. ഇടക്കിടെ വാപ്പയുടെ കണ്ണുവെട്ടിച്ച് മൂപ്പരുടെ കടുംനീല ''ദുബായ് ബനിയ''നിട്ട് ഇറ്റാലിയന്‍ താരമായി കളിക്കളത്തില്‍ അവതരിച്ചിരുന്നതും അതുകൊണ്ടുതന്നെ.

പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ ആപല്‍ക്കാരിയായ പോക്കറെ ഗോളടിക്കുന്നതില്‍ നിന്ന് തടയുക. അതായിരുന്നു ഞങ്ങളുടെ ജീവന്മരണ പ്രശ്‌നം. പ്രായം കൊണ്ടും തലപ്പൊക്കം കൊണ്ടും എല്ലിന്റെ മൂപ്പുകൊണ്ടും അവനാണ് കേമന്‍. സൂക്ഷിച്ചില്ലെങ്കില്‍ ചെന്നുമുട്ടിയാല്‍ പോലും തെറിച്ചുപോകും നമ്മള്‍. കളിമികവ് അവനേക്കാളുണ്ട് വേലായുധന്. പറഞ്ഞിട്ടെന്ത്? ഉണ്ടകഌസ് ആണ് ആള്‍. നമ്മുടെ പഴയ ടൈറ്റാനിയം താരം നജിമുദ്ദീനെയൊക്കെ പോലെ. കണ്ണഞ്ചിക്കുന്ന വേഗത്തില്‍ പന്ത് ഡ്രിബിള്‍ ചെയ്തുകൊണ്ട് ''ഗാലറികളെ'' കോള്‍മയിര്‍ കൊള്ളിക്കാനറിയാം വേലായുധന്. പക്ഷേ പോക്കര്‍ക്ക് മുന്നില്‍ ചെന്നുപെട്ടാല്‍ പണി പാളും. രണ്ടോ മൂന്നോ തവണ ''പോക്കേറിയന്‍'' ടാക്കിളിനു മുന്നില്‍ പിടഞ്ഞുവീണ് വേദന കൊണ്ട് പുളഞ്ഞിട്ടുമുണ്ട് അവന്‍.

എന്നിട്ടും, ഞങ്ങളെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് വേലായുധന്‍ ഒരു ദിവസം സധൈര്യം പ്രഖ്യാപിക്കുന്നു: ''നോക്കിക്കോളിന്‍, അടുത്ത കളിയില്‍ ഞാന്‍ പോക്കര്‍ക്കയെ വെട്ടും. ബെറ്റിനുണ്ടോ?'' തമാശയാണെന്നാണ് കരുതിയത്. പക്ഷേ അങ്ങേയറ്റം സീരിയസായിരുന്നു വേലായുധന്‍. ഉള്ളില്‍ ചിരി പൊട്ടിയെങ്കിലും പന്തയം വെക്കാന്‍ എല്ലാവര്‍ക്കും സന്തോഷം മാത്രം. കടലമിട്ടായിയാണ് ബെറ്റ്. റാട്ട (ഫാക്ടറി) യിലേക്കുള്ള വഴിയിലെ ഗോപാലന്‍നായരുടെ പീടികയില്‍ നിന്ന് എല്ലാവര്‍ക്കും ഓരോന്ന് വീതം. ''ഞാന്‍ ജയിച്ചാല്‍ ങ്ങള് എനിക്കൊന്നും തരണ്ട.'' വേലായുധന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം വീണ്ടും. അളവറ്റ ആത്മവിശ്വാസമുണ്ടായിരുന്നു ആ വാക്കുകളില്‍. അതോ അഹങ്കാരമോ?
ഇവനാര് ജര്‍മ്മനിയുടെ നെടുങ്കോട്ടയായ സ്വീപ്പര്‍ ബാക്ക് ഫ്രാന്‍സ് ബെക്കന്‍ബോവറോ? അതോ ഇനി വേറെ വല്ല ഉദ്ദേശ്യവും മനസ്സില്‍ വെച്ചാണോ ഈ വെല്ലുവിളി? വല്ല ആത്മഹത്യയോ മറ്റോ ലക്ഷ്യമിടുന്നുണ്ടാകുമോ അവന്‍? ഒന്നും പിടികിട്ടുന്നില്ല.

ഒടുവില്‍ കാത്തിരുന്ന നാളും എത്തി. കളി പത്തോ പതിനഞ്ചോ മിനുട്ട് പിന്നിട്ടുകാണണം. വിംഗിലൂടെ പന്തുമായി കുതിച്ചുവരുകയാണ് പോക്കറോസി. കണ്ണും മൂക്കുമില്ലാത്ത വരവ്. പന്തയക്കാര്യമൊന്നും അറിയില്ലല്ലോ അവന്. മിഡ്ഫീല്‍ഡില്‍ നിന്ന് പിന്‍വാങ്ങിക്കളിക്കുന്ന വേലായുധന്‍ പൊടുന്നനെ ഓടുന്ന പോക്കര്‍ക്ക് ഒരു മുഴം മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. എന്തും സംഭവിക്കാമിനി. വലംകാല്‍ മുന്നിലേക്ക് നീട്ടിവെച്ച് പോക്കര്‍ക്ക് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളുടെ ലിറ്റില്‍ മാസ്റ്റര്‍. ഈശ്വരാ, ഏതാനും നിമിഷങ്ങള്‍ക്കകം കൊച്ചുവേലായുധനെ പോക്കറോസി ഭസ്മമാക്കിക്കളയുമല്ലോ എന്നോര്‍ത്ത് ഉള്‍ക്കിടിലം തോന്നിയ നിമിഷങ്ങള്‍. പന്തുമായി കുതിച്ചു വരുന്ന പോക്കര്‍ ഒരു പേടിപ്പെടുത്തുന്ന കാഴ്ചയാണ്. പല്ലു കടിച്ചുപിടിച്ച് കണ്ണ് തുറിച്ച് മുഷ്ടി ചുരുട്ടി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രൊമോ ഗാനത്തെ അനുസ്മരിപ്പിക്കുന്ന ഭീകരചിത്രം.

പക്ഷേ ആരും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. സകല ധൈര്യവും സംഭരിച്ച് തെല്ലൊരു വിറയലോടെ വേലായുധന്‍ മുന്നിലേക്ക് നീട്ടിപ്പിടിച്ച കാലിന്റെ പെരുവിരലില്‍ തട്ടി അബദ്ധത്തില്‍ തെന്നിവീഴുന്നു പോക്കര്‍. അതും എന്തൊരു വീഴ്ച. കാല്‍ രണ്ടും മേലോട്ടെറിഞ്ഞ് സര്‍ക്കസിലെ ട്രപ്പീസ് വേലക്കാരനെ പോലെ അന്തരീക്ഷത്തില്‍ രണ്ടുമൂന്ന് സെക്കന്‍ഡ് കീഴ്‌മേല്‍ മറിഞ്ഞ ശേഷം പൊത്തോന്ന് കമിഴ്ന്നടിച്ചു ചരല്‍ മണ്ണില്‍ വീഴുന്നു പാവം പോക്കറോസി. കണ്മുന്നിലെ ആ കദനക്കാഴ്ച കണ്ട് അന്തം വിട്ടുനില്‍ക്കുന്നു വേലായുധനും ഞങ്ങളും. ആകാശത്തേക്ക് തുറിച്ചു നോക്കി മലര്‍ന്നുകിടക്കുകയാണ് പോക്കര്‍. കണ്ണില്‍ നിന്ന് പൊന്നീച്ച പറക്കുന്നുണ്ടാകണം. നെറ്റിയില്‍ നിന്ന് ചോര പൊടിയുന്നു. കൈമുട്ടിലും കാല്‍മുട്ടിലും ചോരപ്പാടുകള്‍. എല്ലാവരും ഓടിച്ചെന്ന് ചുറ്റും കൂടിയിട്ടും മിണ്ടാട്ടമില്ല. ''കൊറച്ചു വെള്ളം കൊണ്ടരീന്‍. ഒന്ന് തളിച്ചുനോക്കട്ടെ.'' മജീദ് പറഞ്ഞു.

വെള്ളം കൊണ്ടുവരാന്‍ കാത്തുനിന്നില്ല പോക്കര്‍. കഷ്ടപ്പെട്ട് കൈകുത്തി നിലത്തുനിന്ന് എണീറ്റ് നില്‍ക്കുന്നു അവന്‍. പക്ഷേ ഒരടി മുന്നോട്ട് നടക്കാന്‍ വയ്യ. രണ്ടു കാലിനും കുത്തിത്തുളയ്ക്കുന്ന വേദനയുണ്ടെന്ന് വ്യക്തം. ആരെങ്കിലും സഹായിക്കാതെ നടക്കാന്‍ വയ്യാത്ത നില. കുഞ്ഞാപ്പയും `മുള്ളര്‍' മൊയ്തീനും കുമാരനും ഞാനും ചേര്‍ന്ന് ഞങ്ങളുടെ പോക്കറോസിയെ പതുക്കെ ഭൂമിയില്‍ നിന്നുയര്‍ത്തി നിലം തൊടാതെ കാപ്പക്കുന്നിലെ അവന്റെ വീട്ടിലെത്തിക്കുന്നു. വീരയോദ്ധാവായി പടച്ചട്ടയണിഞ്ഞു രണ്ടു മണിക്കൂര്‍ മുന്‍പ് ഇറങ്ങിപ്പോയ മകന്‍ വികലാംഗനായി ദൈന്യാവസ്ഥയില്‍ തിരിച്ചുവരുന്നത് കണ്ട് ഉമ്മ ''നെലോളി''ക്കാതെന്തു ചെയ്യും. പരിക്കിനേക്കാള്‍ അഭിമാനക്ഷതം ഏല്‍പ്പിച്ച വേദനയുടെ ഞെട്ടലില്‍ ഉമ്മറത്ത് നീണ്ടു നിവര്‍ന്നു കിടക്കുന്നു പോക്കര്‍. ''ഇനി ഈ പടിയെറങ്ങി പോയാ കാല് ഞാന്‍ തല്ലിയൊടിക്കും.'' പശ്ചാത്തലത്തില്‍ വാപ്പയുടെ നയപ്രഖ്യാപനം.

പോക്കറോസിയെ പിന്നെ കളിക്കളത്തില്‍ കണ്ടിട്ടില്ല ഞാന്‍. വെക്കേഷന്‍ കാലത്ത് നാട്ടില്‍ വരുമ്പോള്‍ പതിവായി അവനെക്കുറിച്ച് അന്വേഷിക്കാറുണ്ട്. മാനന്തവാടിയിലെ എളാപ്പാന്റെ പീടികയില്‍ കണക്കെഴുത്തുമായി കഴിയുകയാണെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. പോക്കറിന്റെ അഭാവത്തില്‍ ഞങ്ങളുടെ സായാഹ്‌നക്കളിയ്ക്ക് പഴയ ഉശിരും പുളിയും ഇല്ലാതായി. വീറും വാശിയും കുറഞ്ഞു. ഡിഗ്രീ കോഴ്‌സിന് ചേര്‍ന്നതോടെ ഞാന്‍ എന്നന്നേക്കുമായി ''ബൂട്ടും ജേഴ്‌സിയും'' ചുമരില്‍ തൂക്കുകയും ചെയ്തു. കടലാസിലായി പിന്നത്തെ കളി. അതിനകം വയനാടന്‍ ജീവിതത്തോട് വിടപറഞ്ഞു കോഴിക്കോട്ടേക്ക് ജീവിതം പൂര്‍ണ്ണമായി പറിച്ചുനട്ടിരുന്നു ഞാന്‍. എങ്കിലും പഴയ റോസ്യാക്കയുടെ ഓര്‍മ്മകള്‍ മനസ്സിനെ വിട്ടൊഴിഞ്ഞിരുന്നില്ല. എവിടെയായിരിക്കണം അവന്‍? കളിക്കളത്തില്‍ വാശിയോടെ തിരിച്ചെത്തിയിരിക്കുമോ? അതോ ജീവിതപ്രാരാബ്ധങ്ങളുടെ മൈതാനത്ത് വിയര്‍പ്പൊഴുക്കുകയായിരിക്കുമോ?

വര്‍ഷങ്ങള്‍ക്ക് ശേഷമൊരിക്കല്‍ വയനാട്ടില്‍ ചെന്നപ്പോള്‍ അപ്രതീക്ഷിതമായി പോക്കറെ കണ്ടു ബസ് സ്റ്റോപ്പിലെ ആള്‍ക്കൂട്ടത്തില്‍ ഒരാളായി. ഭാര്യയെന്ന് തോന്നിച്ച ഒരു മധ്യവയസ്‌കയോടൊപ്പം ബസ് കാത്തുനിന്ന മെലിഞ്ഞുണങ്ങിയ ആ തലേക്കെട്ടുകാരനില്‍ നിന്ന് എന്റെ പഴയ ഹീറോയെ വേര്‍തിരിച്ചെടുക്കാന്‍ സഹായിച്ചത് ആ കണ്ണുകളും ഊശാന്‍ താടിയും തന്നെ. കൃഷ്ണമണികള്‍ കൂടുതല്‍ ചെമ്പനായിരിക്കുന്നു. താടിയില്‍ നര കയറിയിരിക്കുന്നു. എങ്കിലും ഏത് ജനക്കൂട്ടത്തിനിടയിലും പോക്കറെ തിരിച്ചറിയാന്‍ കഴിയുമായിരുന്നു എനിക്ക്.

ഒരു കുസൃതി തോന്നി അപ്പോള്‍. ഡ്രൈവറോട് പറഞ്ഞു കാര്‍ നിര്‍ത്തി പുറത്തിറങ്ങി ഞാന്‍. പതുങ്ങിപ്പതുങ്ങി പിന്നില്‍ ചെന്നുനിന്ന് ഉറക്കെ വിളിച്ചു: ''റോസ്യാക്ക.'' വിളി കേട്ടു കാണണം. എങ്കിലും ഭാവഭേദമൊന്നുമില്ല അവന്റെ മുഖത്ത്. അടുത്തുചെന്ന് പുറത്തു തട്ടി ചോദിച്ചു: ''ന്നെ ഓര്‍മ്മിണ്ടോ?'' ജീവിതത്തില്‍ ആദ്യമായി കാണുന്ന ഒരാളെ എന്നപോലെ മിഴിച്ചുനോക്കി നിന്നു അവന്‍; ഒന്നും ഉരിയാടാതെ. പിന്നെ തല വെട്ടിച്ച് വിദൂരതയിലേക്ക് നോക്കി; ഏതോ അദൃശ്യബിന്ദുവില്‍ കണ്ണേറിഞ്ഞെന്നോണം. അടുത്തു നിന്ന ഭാര്യ ഇടപെട്ടത് അപ്പോഴാണ്: ''ഇങ്ങളാരാ?'' വായിലെ മുറുക്കാന്‍ തുപ്പിക്കളഞ്ഞ ശേഷം ഒട്ടും മയമില്ലാത്ത ശബ്ദത്തില്‍ അവരുടെ ചോദ്യം. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ചുണ്ടു തുടച്ച് അവര്‍ പറഞ്ഞു: ''ഓ അപ്പൊ ഇങ്ങള് വെവരമൊന്നും അറിഞ്ഞിട്ടില്യ ല്ലേ? മൂപ്പര് അഞ്ചെട്ടു കൊല്ലായി ഈ കോലത്തിലാണ്. ബല്യ ഓര്‍മ്മക്കേടാണ്. പഴേ കാര്യൊന്നും ഓര്‍മ്മല്യ. മിണ്ടാട്ടവും കൊറവാ. കോഴിക്കോട്ടെ ഒരു ഡോക്റ്ററുടെ സികില്‍സേലാ. ഇപ്പ അങ്ങട്ട് പുവ്വാ നമ്മള്..'' ഒരു നിമിഷം നിര്‍ത്തി അവര്‍ പിറുപിറുക്കുന്നു: ''ഇപ്പൊ ത്തിരി ഭേദംണ്ട്. സിതി മെച്ചപ്പെടും ന്നാ ഓല് പറയണത്.''

നിലത്തുവെച്ചിരുന്ന ഭാരമുള്ള തുണിസഞ്ചി കയ്യിലെടുത്തു മാറോടടുക്കിപ്പിടിക്കുന്നു പോക്കറുടെ ഭാര്യ. അവര്‍ക്ക് പോകാനുള്ള കോഴിക്കോടന്‍ ബസ് അടുത്തെത്തിയിരുന്നു അപ്പോഴേക്കും. ഭര്‍ത്താവിന്റെ കൈ പിടിച്ച് ബസ്സിന്റെ പിന്‍വാതിലിലൂടെ അവര്‍ അപ്രത്യക്ഷയാകുന്നതും നോക്കി ഞാന്‍ നിന്നു. എന്തു പറയണമെന്നറിയാതെ.

ഓര്‍മ്മയിലെ ഗാലറികള്‍ അപ്പോള്‍ ശൂന്യമായിരുന്നു; കളിക്കളവും. കാതടപ്പിക്കുന്ന ആ നിശ്ശബ്ദതയിലേക്ക് പന്തുമായി കുതിച്ചുവരുന്നു പോക്കര്‍. ക്രൗര്യമില്ല ആ മുഖത്ത്. നിസ്സംഗത മാത്രം; നിസ്സഹായതയും.

Content Highlights: Ravi Menon recollects the memory of Paolo Rossi and his friend pokka rossi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented