ഭാര്‍ഗ്ഗവീനിലയത്തിലെ 'ഏകാന്തതയുടെ അപാരതീരം' എന്ന പ്രശസ്തമായ പാട്ടിനൊപ്പം ഓര്‍മയില്‍ തെളിയുന്ന മുഖങ്ങളില്‍ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറുണ്ട്. സംവിധായകന്‍ എ വിന്‍സന്റും നടന്‍ മധുവും പാട്ടുകാരന്‍ കമുകറ പുരുഷോത്തമനുമുണ്ട്. ഒപ്പം ഇക്കൂട്ടത്തിലൊന്നും പെടാത്ത തികച്ചും സാധാരണക്കാരനായ ഒരു വയനാടന്‍ സുഹൃത്തും - വീരാന്‍കുട്ടി.

ഞാന്‍ കണ്ട ആദ്യത്തെ സാഹസികനായ ഫുട്ബാള്‍ ഗോള്‍കീപ്പര്‍. ക്രോസ്ബാറിന് കീഴെ അസാമാന്യമായ മെയ്‌വഴക്കത്തോടെ പറന്നുയര്‍ന്നും വായുവില്‍ നീന്തിയും നിലത്തു വീണുരുണ്ടും ഗോളുകള്‍ തടഞ്ഞിട്ട് ഗാലറികളെ കോരിത്തരിപ്പിച്ച അഭ്യാസി. ചുണ്ടേല്‍ ആര്‍.സി ഹൈസ്‌കൂളില്‍ എന്റെ സഹപാഠി.  

എന്‍ എസ് മാധവന്‍ ഹിഗ്വിറ്റ എന്ന തന്റെ പ്രശസ്തമായ കഥ എഴുതിയിട്ടില്ല അന്ന്. ഗോള്‍മുഖത്ത് ഗോളി അനുഭവിക്കുന്ന പേടിപ്പെടുത്തുന്ന ഏകാന്തതയെ കുറിച്ച് ആരും പറഞ്ഞുകേട്ടിട്ടുമില്ല. ആ ഏകാന്തതയുടെ യഥാര്‍ഥ ആള്‍രൂപമായി ഒരു വൈകുന്നേരം വീരാന്‍കുട്ടി നേരെ ജീവിതത്തിലേക്ക്  കടന്നുവരികയായിരുന്നു, പച്ച നിറത്തിലുള്ള മുഴുക്കയ്യന്‍ ടീഷര്‍ട്ടും കറുപ്പില്‍ വെള്ള വരകളുള്ള ഷോര്‍ട്ട്‌സുമണിഞ്ഞ് ഒരു സുല്‍ത്താനെപ്പോലെ. ബൂട്ടണിയാറില്ല അന്ന് ഞങ്ങളുടെ സ്‌കൂളിലെ പന്തുകളിക്കാര്‍. അതിനുള്ള പാങ്ങില്ലാത്തതു കൊണ്ടാണ്. പകരം മുട്ടോളം നീണ്ട ഒരു പച്ച സോക്‌സ് ധരിച്ച്,  ഇരയെ തേടുന്ന ഈറ്റപ്പുലിയെ പോലെ  ഗ്രീന്‍ ഹൗസ് ടീമിന്റെ പെനാല്‍ട്ടി ഏരിയയില്‍ ഉലാത്തുന്നു വീരാന്‍കുട്ടി. നഗ്‌നപാദ ഫുട്ബാളര്‍മാര്‍ക്കിടയില്‍ ശരിക്കും ഒരു മിന്നും താരം. 

പന്ത്രണ്ട് വാര അകലെയുള്ള പെനാല്‍ട്ടി സ്‌പോട്ടില്‍ പന്തുമായി ഹസ്സന്‍. വൈറ്റ് ഹൗസിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍. ഇരുകാലുകള്‍ കൊണ്ടും വെടിയുണ്ടകള്‍ ഉതിര്‍ക്കുന്നതില്‍ വിദഗ്ദന്‍. സര്‍വോപരി വീരാന്‍ കുട്ടിയുടെ ജ്യേഷ്ഠന്‍. ആര്‍.സി ഹൈസ്‌കൂളിലെ ഇന്റര്‍ ഹൗസ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എതിരാളികളായി മുഖാമുഖം നില്‍ക്കുകയാണ് ജ്യേഷ്ഠാനുജന്മാര്‍. കളി തീരാന്‍  സെക്കന്‍ഡുകള്‍ മാത്രം. ഒരു ഗോളിന് പിന്നിലാണ് വൈറ്റ് ഹൗസ്. ഈ സ്‌പോട്ട് കിക്ക് ഗോളായി  മാറിയാല്‍ കളി സമനിലയിലാകും. അതോടെ അവസാന വിസില്‍ മുഴങ്ങും. പിന്നെ ഷൂട്ടൗട്ടാണ്. ശരിക്കും ലോട്ടറി. ആര്‍ക്കും ജയിക്കാം. ഹസ്സന്റെ ഉന്നം പിഴക്കല്ലേ എന്ന് പ്രാര്‍ഥിച്ച് ഗ്രൗണ്ടിന് ചുറ്റും കാത്തു നില്‍ക്കുന്നവരില്‍ ഞാനുമുണ്ട്. 

പത്ത് ബിയിലെ വൈറ്റ് ഹൗസിന്റെ ലീഡറായ എനിക്ക് അങ്ങനെയല്ലേ ആഗ്രഹിക്കാനാകൂ. ഞാന്‍ മാത്രമല്ല, ഒപ്പമുള്ള കൂട്ടുകാരായ രാജന്‍ ജോസഫും റസാക്കും വര്‍ഗീസും രാധാകൃഷ്ണനും ജോസഫ് ജോണുമൊക്കെ ഹസ്സനൊപ്പമാണ്. സ്വന്തം ക്ലാസില്‍ തന്നെ പഠിക്കുന്ന വീരാന്‍കുട്ടിയോട് സ്‌നേഹമില്ലാഞ്ഞിട്ടല്ല. വൈറ്റ് ഹൗസ് ചാമ്പ്യന്‍മാരാകുകയാണല്ലോ പ്രധാനം. ''കിണ്ണം കാച്ചിയ കിക്കാണ് ഹസ്സന്റെ. അത് തടുക്കാന്‍ തങ്കരാജിനും പറ്റൂല..'' തുമ്പി എന്ന് ഓമനപ്പേരുള്ള രാധാകൃഷ്ണന്റെ ആത്മഗതം. ''ന്നാ ജ്ജ് കണ്ടോ. ബീരാങ്കുട്ട്യാണ് ആങ്കുട്ടി. കളീല് ഓനാ ഏട്ടന്‍. പെലെ അടിച്ചാലും ഓന്‍ പിടിക്കും.''പ്രായം കൊണ്ടും പക്വത കൊണ്ടും മൂപ്പനായ മോഹന്‍കുമാര്‍.

ചുറ്റും വീര്‍പ്പടക്കി കാത്തു നില്‍ക്കുകയാണ് കുട്ടികള്‍. ഗ്രൗണ്ട് നിശബ്ദം. പന്ത് പതുക്കെ പെനാല്‍ട്ടി സ്‌പോട്ടില്‍ കൊണ്ടുവെക്കുന്നു ഹസ്സന്‍. കാലുകള്‍ രണ്ടും പരമാവധി അകത്തിവെച്ച് കൈകള്‍ ചിറകുകളെന്നപോല്‍ വിടര്‍ത്തി വീരാന്‍കുട്ടി എന്തും നേരിടാന്‍ തയ്യാറായി നില്‍ക്കുന്നു. മുഖത്തെയും കഴുത്തിലെയും വിയര്‍പ്പുതുള്ളികള്‍ ബനിയന്‍  കൊണ്ട് ഒപ്പി  കിക്കെടുക്കാന്‍ ഒരുങ്ങുകയാണ് ഹസ്സന്‍. അല്‍പ്പമകലെ കയ്യില്‍ വിസിലുമായി കണക്കുമാഷ് കൂടിയായ റഫറി തോമസ് സാര്‍. പ്രകൃതിയൊരുക്കിയ മനോഹരമായ ഒരു ക്യാമറാ ഫ്രെയിം പോലെ തോന്നി എനിക്കാ ദൃശ്യം.

പോസ്റ്റിന് പിന്നില്‍ പച്ചപ്പരവതാനി വിരിച്ച പോലെ പരന്നു കിടക്കുന്ന ചായത്തോട്ടമാണ്. വീരാന്‍കുട്ടിയുടെ കടും പച്ച ജേഴ്സിക്ക് ഇണങ്ങുന്ന പശ്ചാത്തലം. അതിനപ്പുറം പോക്കുവെയിലില്‍ തിളങ്ങുന്ന വെള്ളരിമല. ''പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു, സ്വര്‍ണ പീതാംബരമുലഞ്ഞു വീണു ''എന്ന ശ്രീകുമാരന്‍ തമ്പിയുടെ പാട്ട് അറിയാതെ മൂളിപ്പോകുന്നു മനസ്സ്.  

അസ്വസ്ഥമായ ആ നിശ്ശബ്ദതയിലേക്ക് പൊടുന്നനെ തോമസ് സാറിന്റെ വിസില്‍നാദം. കാണികള്‍ ഒന്നടങ്കം തരിച്ചുനില്‍ക്കേ, കിക്കെടുക്കാന്‍ ഓടിയണയുന്നു ഹസ്സന്‍. എല്ലാം നിശ്ചയിക്കപ്പെടുന്ന നിമിഷം ഇതാ തൊട്ടടുത്ത്. ചെറിയൊരു ആശയക്കുഴപ്പമുണ്ട് വീരാന്‍കുട്ടിയുടെ മുഖത്ത്. ചില്ലറക്കാരനല്ല ജ്യേഷ്ഠന്‍. ഏതു ദിശയിലേക്കും പറന്നുവരാം ഷോട്ട്. ഇരുകാലും ഒരുപോലെ വഴങ്ങുമെന്നതിനാല്‍ ഏത് ആംഗിളിലും പന്ത് തൊടുക്കും ഹസ്സന്‍. 

ഷോട്ടെടുക്കാന്‍ ഓടിവരുന്ന ഹസ്സന്റെ കാലുകളിലാണ് വീരാന്‍കുട്ടിയുടെ കണ്ണുകള്‍. എന്തും സംഭവിക്കാം. കുതിച്ചെത്തി പന്തിനു തൊട്ടുപിന്നില്‍  സ്വിച്ചിട്ട പോലെ ഒരു സെക്കന്‍ഡ് നിന്നശേഷം വലംകാല്‍ കൊണ്ട് നിറയൊഴിക്കുന്നു ഹസ്സന്‍. ഇടതുഭാഗത്തേക്കുള്ള ആക്ഷനില്‍ വലതുദിശയിലേക്ക് ഒരു ഷോട്ട്. കാണികളുടെ ആകാംക്ഷാഭരിതമായ കണ്ണുകള്‍ ഒന്നടങ്കം ഇടതു പോസ്റ്റില്‍. പക്ഷേ പന്ത് പറന്നതും വീരാന്‍കുട്ടി ഡൈവ് ചെയ്തതും വലതുഭാഗത്തേക്ക്. മനോഹരമായ ആ ഡൈവിനൊടുവില്‍ വലതു പോസ്റ്റിനു സമീപം വെച്ച് പന്ത് ഇരുകൈകൊണ്ടും വാരിയെടുത്ത് മാറോടടുക്കുന്നു വീരാന്‍കുട്ടി.

അവിശ്വസനീയതയായിരുന്നു ഹസ്സന്; ഞങ്ങള്‍ കാണികള്‍ക്കും. ഒന്നും മനസ്സിലാകാതെ അന്തം വിട്ട് പോസ്റ്റിലേക്ക് നോക്കിനിന്നു ഞങ്ങള്‍. വിടര്‍ന്ന ചിരിയോടെ ഗാലറിയെ നോക്കി കൈവീശുന്നു വീരാന്‍കുട്ടി. ആ നിമിഷം ഞാന്‍ സ്വയം പറഞ്ഞു: ''പോയി മോനേ... നിന്റെ ടീമിന്റെ കഥ കഴിഞ്ഞെടാ.''തോമസ് സാറിന്റെ അവസാന വിസില്‍ മുഴങ്ങുമ്പോള്‍  സ്‌കോര്‍ 1-0. ട്രോഫി  ഗ്രീന്‍ ഹൗസിന്. വീരാന്‍കുട്ടിയെ ചുമലിലേറ്റി ഗ്രൗണ്ട് വലം വെക്കുന്ന ഗ്രീന്‍ ഹൗസുകാരോട് ചെറിയൊരു ദേഷ്യം തോന്നിയെന്നത് സത്യം. പക്ഷേ വീരനായകനായ വീരാന്‍കുട്ടിയോട് തെല്ലും പരിഭവം തോന്നിയില്ല. അകമഴിഞ്ഞ ആരാധനയായിരുന്നു. എന്തൊരു കിടിലന്‍ സേവ്.

Choondal School
ചുണ്ടേല്‍ ആര്‍.സി ഹൈസ്‌ക്കൂള്‍

കാലം എന്നെ  കളിക്കളങ്ങളില്‍ തളച്ചിടുമെന്ന് അന്നൊന്നും സങ്കല്‍പിച്ചിട്ടില്ല; കാല്‍ നൂറ്റാണ്ടോളം ഫുട്‌ബോളിനെ കുറിച്ചെഴുതിയും പറഞ്ഞും ജീവിക്കേണ്ടി വരുമെന്നും. വിവിധ മാധ്യമങ്ങള്‍ക്കു വേണ്ടി ഇന്ത്യയൊട്ടുക്കുമുള്ള ദേശീയ- അന്തര്‍ദേശീയ ടൂര്‍ണമെന്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഉള്ളിലെ കളിക്കമ്പക്കാരന്‍ കൗതുകത്തോടെ തേടിയത് വീരാന്‍കുട്ടിമാരെ. ക്രോസ്സ്ബാറിനടിയിലെ മായാജാലക്കാരെ. എന്നും ഗോള്‍ക്കീപ്പര്‍മാരോടായിരുന്നു ആരാധന. 

മുഴുക്കൈയന്‍ ജേഴ്സിയും ഗ്ലൗസുമണിഞ്ഞ് സ്വന്തം പെനാല്‍ട്ടി ഏരിയയുടെ സ്വകാര്യതയില്‍ അഭിരമിക്കുന്ന രാജകുമാരന്മാരോട്. കളിയെഴുത്തു ജീവിതത്തില്‍ ഇന്റര്‍വ്യൂ ചെയ്തതേറെയും അത്തരക്കാരെ തന്നെ. പീറ്റര്‍ തങ്കരാജ്, എസ് എസ് നാരായണന്‍, വിക്ടര്‍ മഞ്ഞില, മുസ്തഫ, സേതുമാധവന്‍, ബ്രഹ്മാനന്ദ് ശംഖ്വാള്‍ക്കര്‍, സുധീര്‍, ബാന്ദ്യ കാക്കഡേ, അതനു ഭട്ടാചാര്യ, സുന്ദരേശന്‍, റിനാട്ട് ദസായേവ് തുടങ്ങി നാടന്‍മാരും മറുനാടന്മാരുമായ കാവല്‍ഭടന്മാര്‍. അവരില്ലെല്ലാം ഞാന്‍ അന്വേഷിച്ചതും കണ്ടെത്തിയതും ആ പഴയ  വീരാന്‍കുട്ടിയെ തന്നെ.

കൂട്ടത്തില്‍ ഏറ്റവും ദീര്‍ഘവും ദൃഢവുമായ സൗഹൃദം ബ്രഹ്മാനന്ദുമായിട്ടായിരുന്നു. ഗോള്‍ക്കീപ്പര്‍മാര്‍ക്കിടയിലെ സാത്വികന്‍. തികഞ്ഞ രാമകൃഷ്ണ ഭക്തന്‍. ടൂര്‍ണമെന്റുകളുടെ ഇടവേളകളില്‍ സമീപത്തെ രാമകൃഷ്ണാശ്രമം സന്ദര്‍ശിക്കുന്നത് മുടക്കാറില്ല ബ്രഹ്മ എന്ന ബ്രഹ്മാനന്ദ്. വഴികാട്ടിയായി ഞാനുമുണ്ടാകും ഒപ്പം.

അത്തരമൊരു യാത്രക്കിടയില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട ഗോള്‍ക്കീപ്പറെ കുറിച്ച് സംസാരിച്ചു ബ്രഹ്മ. ജര്‍മ്മനിയുടെ ഹരാള്‍ഡ് ഷുമാക്കര്‍. ബാറിനടിയിലെ അതിസാഹസികന്‍. ആസ്വദിച്ചു കേട്ടുകൊണ്ടിരിക്കുന്നതിനിടെ  ബ്രഹ്മയുടെ ചോദ്യം: താങ്കളുടെ ഏറ്റവും പ്രിയപ്പെട്ട ഗോളി ആരാണ്? ഇത്രയും കാലം കളി നേരിട്ടും ടിവിയിലുമൊക്കെ കണ്ട ആളല്ലേ? അറിയാന്‍ ഒരു കൗതുകം.''ഒരു നിമിഷം നിശബ്ദനായി നിന്നു ഞാന്‍. പിന്നെ പറഞ്ഞു, വീരാന്‍കുട്ടി. ബ്രഹ്മാനന്ദിന്റെ മുഖത്തെ അമ്പരപ്പ്  ഇന്നുമുണ്ട് ഓര്‍മയില്‍.