കോഴിക്കോട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കഴിഞ്ഞവര്‍ഷം സെമിഫൈനല്‍ കളിച്ചതിന്റെ ആത്മവിശ്വാസത്തിലെത്തിയ കേരളത്തിന് ഇക്കുറി തൊട്ടതെല്ലാം പിഴച്ചു. 

തിങ്കളാഴ്ച സമാപിച്ച രാജസ്ഥാനെതിരായ മത്സരത്തില്‍ രണ്ട് ഇന്നിങ്സിലായി കേരളം അടിച്ചത് 172 റണ്‍സ് മാത്രം. ഹോം ഗ്രൗണ്ടായ തുമ്പ സെയ്ന്റ് സേവ്യേഴ്സ് ഗ്രൗണ്ടിലായിരുന്നു കളി എന്നോര്‍ക്കണം.

ആദ്യ ആറു മത്സരങ്ങളില്‍ ഒരു വിജയം മാത്രമാണ് കേരളത്തിനുള്ളത്. ഒട്ടും ആഴമില്ലാത്ത ബാറ്റിങ് തന്നെയാണ് ഇക്കുറി കേരളത്തിന് വിനയായത്. ആറ് മത്സരങ്ങളില്‍ ആറ് ഓപ്പണിങ് ജോഡിയെ കേരളം പരീക്ഷിച്ചു. എന്നിട്ടും ഓപ്പണിങ് വിക്കറ്റില്‍ 50 റണ്‍സ് കടന്നത് ഒരേയൊരു തവണ മാത്രം. ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരേ നേടിയ 68 റണ്‍സാണ് ഓപ്പണിങ് സഖ്യത്തിന്റെ മികച്ച സ്‌കോര്‍. മൂന്നുതവണ പൂജ്യം റണ്‍സില്‍ ഓപ്പണര്‍മാര്‍ വേര്‍പിരിഞ്ഞു. ആറുതവണ 10 റണ്‍സ് തികയ്ക്കാനാകാതെ പിരിഞ്ഞു.

പി. രാഹുല്‍ - ജലജ് സക്‌സേന സഖ്യത്തെ ഓപ്പണര്‍മാരാക്കിയാണ് കേരളം സീസണില്‍ തുടക്കം കുറിച്ചത്. ഏഴ് ഇന്നിങ്സ് കളിച്ച രാഹുല്‍ ഒരു അര്‍ധസെഞ്ചുറി നേടിയപ്പോള്‍ 11 ഇന്നിങ്സില്‍ ഒരു തവണപോലും അന്‍പത് കടക്കാന്‍ ജലജിന് കഴിഞ്ഞില്ല.

പിന്നീട് വിഷ്ണു വിനോദ് - ജലജ് സക്‌സേന സഖ്യം ഓപ്പണ്‍ ചെയ്തു. മുഹമ്മദ് അസ്ഹറുദ്ദീന്‍ - ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ - രോഹന്‍ പ്രേം, വിഷ്ണു വിനോദ് - രോഹന്‍ കുന്നുമ്മല്‍, രോഹന്‍ പ്രേം - വിഷ്ണു വിനോദ് സഖ്യത്തെയും ഓപ്പണര്‍മാരായി പരീക്ഷിച്ചു. അവസാന മൂന്ന് കളിയില്‍ അഞ്ച് ജോഡികള്‍ ഓപ്പണ്‍ചെയ്തു. ഇതിലൊരു കൂട്ടുകെട്ടും 20 സ്‌കോര്‍ ചെയ്തിട്ടില്ല!

ഇത്രയും ഓപ്പണര്‍മാരെ പരീക്ഷിച്ചിട്ടും വിജയകരമായ ഒരു കൂട്ടുകെട്ട് കണ്ടെത്താനായില്ലെന്നതാണ് സത്യം. ശേഷിക്കുന്ന രണ്ട് കളികള്‍ നല്ല മാര്‍ജിനില്‍ ജയിച്ചാലും മറ്റുള്ള ഫലങ്ങളെക്കൂടി ആശ്രയിക്കേണ്ടിവരും.

ഏഴാമനായി ഇറങ്ങാറുള്ള സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍ എന്നതില്‍നിന്നറിയാം ബാറ്റിങ്ങിലെ ദൗര്‍ബല്യം. ഒന്‍പത് ഇന്നിങ്സ് കളിച്ച സല്‍മാന്‍ രണ്ട് അര്‍ധസെഞ്ചുറിയടക്കം 306 റണ്‍സ് നേടി.

ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന അതിഥിതാരം റോബിന്‍ ഉത്തപ്പ തീര്‍ത്തും നിറംമങ്ങിയത് കേരളത്തിന്റെ ഗെയിം പ്ലാനിനെ ബാധിച്ചു. ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാല്‍ സഞ്ജു വി. സാംസണ്‍ രണ്ട് രഞ്ജി മത്സരങ്ങളേ കളിച്ചുള്ളൂ. സീസണില്‍ കേരള ബാറ്റ്സ്മാന്‍മാര്‍ സെഞ്ചുറി നേടിയത് മൂന്നുവട്ടം. റോബിന്‍ ഉത്തപ്പ (102), സച്ചിന്‍ ബേബി (155), സഞ്ജു സാംസണ്‍ (116) എന്നിവര്‍.

Content Highlights: Six opening pair in six matches, opening headache for Kerala