ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങളുടെ ചരിത്രത്തിലേക്ക് വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ മതി, നിരവധി മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഒരിക്കല്‍ പോലും ദേശീയ ടീമിനായി കളിക്കാന്‍ അവസരം ലഭിക്കാത്ത എത്രയോ പ്രതിഭകളെ നമുക്ക് കാണാം. പ്രതിഭയുടെ കാര്യത്തില്‍ എത്ര തന്നെ മുന്നിലാണെങ്കിലും സമയവും ഭാഗ്യവും പലപ്പോഴും ഇത്തരക്കാര്‍ക്കു മുന്നില്‍ വിലങ്ങുതടിയാകാറാണ് പതിവ്.
ഇത്തരത്തില്‍ ഒരു കഥ തന്നെയാണ് ഞായറാഴ്ച അന്തരിച്ച രഞ്ജി ട്രോഫി ഇതിഹാസം രജീന്ദര്‍ ഗോയലിനും (77) പറയാനുള്ളത്. 1958 മുതല്‍ 1985 വരെ 25 വര്‍ഷത്തിലേറെ നീണ്ട രഞ്ജി കരിയരില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറെന്ന നേട്ടം സ്വന്തമാക്കിയ താരമാണ് ഇന്ത്യയുടെ ഈ ഇതിഹാസ ഓഫ് സ്പിന്നര്‍. 637 വിക്കറ്റുകളെന്ന അദ്ദേഹത്തിന്റെ റെക്കോഡ് ഇന്നും രഞ്ജി ട്രോഫിയുടെ റെക്കോഡ് ബുക്കില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്. കളിച്ച 157 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്ന് 750 വിക്കറ്റുകളും ഗോയലിന്റെ പേരിലുണ്ട്. 59 തവണയാണ് അദ്ദേഹം അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 18 തവണ 10 വിക്കറ്റ് നേട്ടവും കൊയ്തു. ഇത്രയും പ്രതിഭാസമ്പന്നനായ ഒരു താരത്തെ ദേശീയ ടീമിന് എങ്ങനെ തഴയാന്‍ സാധിച്ചു എന്ന ചോദ്യം അദ്ദേഹത്തെ അടുത്തറിയുന്നവര്‍ ഇന്നും ചോദിച്ചുകൊണ്ടിരിക്കുന്നു.
26 വര്‍ഷം നീണ്ട രഞ്ജി കരിയറിന് 42-ാം വയസില്‍ അവസാനം കുറിച്ചപ്പോള്‍ ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നീ ടീമുകള്‍ക്കായി അദ്ദേഹം കളത്തിലിറങ്ങിയിരുന്നു. മൂന്നു പതിറ്റാണ്ടോളം ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് ഭരിച്ചിരുന്ന സ്പിന്നര്‍മാരായിരുന്നു ഗോയലും അദ്ദേഹത്തിന്റെ സമകാലികനായിരുന്ന മുംബൈയുടെ പദ്മാകര്‍ ശിവാല്‍ക്കറും. ഒരു പരിധിവരെ ഇടംകൈയന്‍ സ്പിന്നറായ ബിഷന്‍ സിങ് ബേദിയെന്ന താരത്തിന്റെ സാന്നിധ്യമാണ് ഇരുവര്‍ക്കും ദേശീയ ടീമിലേക്കുള്ള അവസരത്തിന് വിലങ്ങുതടിയായത്. ഏറാപ്പള്ളി പ്രസന്ന, എസ്. വെങ്കട്ടരാഘവന്‍, ഭഗവത് ചന്ദ്രശേഖര്‍ തുടങ്ങിയ മികച്ച സ്പിന്നര്‍മാരാല്‍ സമ്പന്നമായിരുന്നല്ലോ ഇന്ത്യന്‍ ക്രിക്കറ്റ്.
ദേശീയ ടീമിനായി കളിക്കാന്‍ സാധിക്കാത്ത, രാജ്യം കണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരായിരുന്നു ഗോയലും ശിവാല്‍ക്കറും. അവരുടെ ദീര്‍ഘമായ കരിയറും വിക്കറ്റ് നേട്ടവും തന്നെ ഇതിന് നേര്‍സാക്ഷ്യമാണ്. ഗോയലിന്റെ അക്കൗണ്ടില്‍ 750 വിക്കറ്റുകളാണെങ്കില്‍ 1961 മുതല്‍ 1988 വരെ ക്രിക്കറ്റില്‍ തുടര്‍ന്ന ശിവാല്‍ക്കറുടേത് 589 ആണ്.
1942-ല്‍ യുണൈറ്റഡ് പഞ്ചാബിലെ നര്‍വാന എന്ന പട്ടണത്തിലായിരുന്നു ഗോയലിന്റെ ജനനം. 16-ാം വയസില്‍ 1958-59 സീസണില്‍ ദക്ഷിണ പഞ്ചാബിനു വേണ്ടിയായിരുന്നു രഞ്ജി അരങ്ങേറ്റം. പിന്നീട് ഹരിയാനയേയും ഡല്‍ഹിയേയും പ്രതിനിധീകരിച്ച അദ്ദേഹം ഡല്‍ഹിക്കായി കളിക്കുമ്പോള്‍ ബേദിക്കൊപ്പം പന്തെറിയുകയും ചെയ്തിട്ടുണ്ട്.
''എന്റെ സന്തോഷത്തിനു വേണ്ടിയാണ് ഞാന്‍ കളിക്കാറുള്ളത്. വിക്കറ്റ് കിട്ടുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അക്കാലത്ത് നിരവധി സ്പിന്നര്‍മാരുണ്ടായിരുന്നു, പക്ഷേ ഒരേയൊരു ഇടംകൈയന്‍ സ്പിന്നര്‍ക്കു മാത്രമാണ് ഇന്ത്യയ്ക്കായി കളിക്കാന്‍ സാധിച്ചത്, അത് ബേദിയായിരുന്നു'' - 2001-ലെ ഒരു അഭിമുഖത്തില്‍ ഗോയല്‍ പറഞ്ഞ വാക്കുകളാണിത്. ടെസ്റ്റിലെ 266 വിക്കറ്റുകളടക്കം 1560 ഫസ്റ്റ്ക്ലാസ് വിക്കറ്റുകളായിരുന്നു ബേദിയുടെ നേട്ടം.
ഒരിക്കല്‍ പക്ഷേ ബേദിയുടെ അഭാവത്തില്‍ ഗോയലിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരുന്നു. 1974 നവംബറില്‍ ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസ് ടീമിനെതിരേ ബെംഗളൂരുവില്‍ നടന്ന ടെസ്റ്റിലേക്കാണ് ഗോയലിന് വിളിയെത്തിയത്. സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ അരങ്ങേറ്റ ടെസ്റ്റ് കൂടിയായിരുന്നു ഇത്. ബേദിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഏറെ സ്വപ്‌നം കണ്ട ഒരു നേട്ടം അടുത്തെത്തിയതിന്റെ സന്തോഷത്തില്‍ ഗോയല്‍ പുതിയ ജോഡി ഷൂസും ക്രിക്കറ്റ് കിറ്റുമെല്ലാം വാങ്ങി കാത്തിരുന്നു. പക്ഷേ അന്തിമ ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ 12-ാമനായിട്ടായിരുന്നു അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നത്. അടുത്ത മത്സരത്തില്‍ ബേദി തിരിച്ചെത്തിയതോടെ ഗോയല്‍ വീണ്ടും ടീമിന് പുറത്തായി.
ഒടുവില്‍ 1988-ല്‍ തന്റെ 42-ാം വയസില്‍ രണ്ടര പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് അദ്ദേഹം വിരാമമിട്ടു. പിന്നീട് പരിശീലകനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ദേശീയ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2016-ല്‍ ബി.സി.സി.ഐ രജീന്ദര്‍ ഗോയലിനും പദ്മാകര്‍ ശിവാല്‍ക്കറിനും കേണല്‍ സി.കെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. എങ്കിലും പ്രതിഭ തെളിയിച്ചിട്ടും ഒരിക്കല്‍ പോലും ഇന്ത്യയുടെ ദേശീയ കുപ്പായം അണിയാന്‍ സാധിക്കാത്തതിലുള്ള വിഷമം എക്കാലവും ആ താരത്തെ അലട്ടിയിരുന്നു.
Content Highlights: Rajinder Goel the Smiling killer one of the best never to play for India