സഞ്ജു സാംസണൊപ്പം അബ്ദുൽ ബാസിത് | Photo: KCA
കഴിഞ്ഞ ഒക്ടോബര്‍ 11-നാണ് അബ്ദുല്‍ ബാസിത് ആദ്യമായി കേരളത്തിന്റെ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സഞ്ജു സാംസന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു ബാസിതിന്റെ അരങ്ങേറ്റം. രണ്ട് മാസങ്ങള്‍ക്കിപ്പുറം മലയാളി ക്രിക്കറ്റ് താരങ്ങള്‍ സ്വപ്‌നം കാണുന്ന ഒരു നിമിഷം കൂടി ബാസിതിന്റെ കരിയറില്‍ സംഭവിച്ചിരിക്കുന്നു. മറ്റൊന്നുമല്ല, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കളിമുറ്റത്തേക്ക് ബാസിതും മത്സരിക്കാനിറങ്ങുകയാണ്.
കൊച്ചിയില്‍ സമാപിച്ച മിനി താരലേലത്തില്‍ സഞ്ജു ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സ് ടീമാണ് ഈ ഓള്‍റൗണ്ടറെ തട്ടകത്തിലെത്തിച്ചത്, അതും 20 ലക്ഷം രൂപയ്ക്ക്. അരങ്ങേറ്റ ടൂര്‍ണമെന്റില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്തതാണ് ഈ ഓള്‍റൗണ്ടര്‍ക്ക് തുണയായത്. ഏഴ് ഇന്നിങ്‌സില്‍നിന്ന് 109 റണ്‍സ് അടിച്ച ബാസിതിന്റെ ബാറ്റിങ് ശരാശരി 36.33 ആണ്. എന്നാല്‍ ബാസിത് ട്വന്റി-20 ക്രിക്കറ്റിന് യോജിക്കുന്ന താരമാണെന്ന് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് പറയും. മുഷ്താഖ് അലി ട്രോഫിയില്‍ 149.31 ആണ് സ്‌ട്രൈക്ക് റേറ്റ്. ബൗളിങ്ങിലും ഒട്ടും പിന്നിലല്ല ബാസിത്. ടൂര്‍ണമെന്റില്‍ മൂന്ന് ഇന്നിങ്‌സുകളിലായി ആകെ അഞ്ച് ഓവര്‍ മാത്രം എറിഞ്ഞ ബാസിത് ഒരു വിക്കറ്റും വീഴ്ത്തി.
ഈ പ്രകടനത്തിന് പിന്നാലെ ഐ.പി.എല്ലിന്റെ ട്രയല്‍സില്‍ പങ്കെടുക്കാനാണ് ബാസിത് വിമാനം കയറിയത്. നാഗ്പുരില്‍ മുംബൈ ഇന്ത്യന്‍സിന്റേയും ജയ്പുരില്‍ രാജസ്ഥാന്‍ റോയല്‍സിന്റേയും ട്രയല്‍സില്‍ പങ്കെടുത്തു. 'ഞങ്ങള്‍ കുറച്ചു താരങ്ങളെ സഞ്ജു ചേട്ടനാണ് ട്രയല്‍സിന് കൊണ്ടുപോയത്. എന്നെക്കൂടാതെ രോഹന്‍ എസ്. കുന്നുമ്മല്‍, എസ്. മിഥുന്‍, ഫാനൂസ്, ഷോണ്‍ റോജര്‍ എന്നിവരുമുണ്ടായിരുന്നു. എല്ലാവരും നന്നായി ചെയ്തു. നല്ല അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്. പക്ഷേ ടീമിലെത്തുമോ എന്ന് അറിയില്ലായിരുന്നു' ബാസിത് പറയുന്നു.
താരലേലത്തിന്റെ അന്ന് ബാസിതിന് എന്തു ചെയ്യണം എന്ന് അറിയില്ലായിരുന്നു. തന്നെ ടീമിലെടുക്കുമോ എന്ന ആകാംക്ഷയായിരുന്നു മനസ് മുഴുവന്‍. ഇതോടെ വീട് വിട്ട് കൂട്ടുകാരുടെ അടുത്തുപോയി. പിന്നീട് ടീമിലെടുത്തു എന്ന് അറിഞ്ഞ ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്. കേക്ക് എല്ലാം ഒരുക്കിവെച്ച് സന്തോഷം പങ്കിടാന്‍ വീട്ടുകാരെല്ലാം കാത്തിരിപ്പുണ്ടായിരുന്നു.
കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവറാണ് ബാസിതിന്റെ പിതാവ് നെട്ടൂര്‍ പാപ്പനയില്‍ അബ്ദുല്‍ റഷീദ്. 'താരലേലം നടക്കുമ്പോള്‍ ബാപ്പ ശബരിമല ഡ്യൂട്ടിയിലായിരുന്നു, വെല്‍ക്കം ടു ദ ഫാമിലി എന്ന് സഞ്ജു പറഞ്ഞു' രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം വിളിച്ചത് ബാപ്പയെ ആയിരുന്നെന്നും ബാസിത് പറയുന്നു. 'ശബരിമല ഡ്യൂട്ടിയുമായി പമ്പയിലാണ് ബാപ്പയുള്ളത്. ആദ്യം തന്നെ ബാപ്പയെ വിളിച്ച് സന്തോഷവാര്‍ത്ത അറിയിച്ചു. ആ സമയത്ത് കൂടെയില്ലാതിരുന്നത് വലിയ സങ്കടമായി. സഞ്ജു ചേട്ടനേയും വിളിച്ചു. 'വെല്‍ക്കം ടു ദ ഫാമിലി' എന്നാണ് സഞ്ജു ചേട്ടന്‍ പറഞ്ഞത്'-ബാസിത് പറയുന്നു.
കുട്ടിക്കാലം മുതല്‍ ബാസിതിന്റെ ക്രിക്കറ്റ് സ്വപ്‌നത്തിന് കൂടെനിന്നത് പിതാവാണ്. ഏഴാം ക്ലാസ് മുതലാണ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങുന്നത്. കൊച്ചിയിലെ സ്‌കൂളിന് മുന്നിലെ ക്രിക്കറ്റ് അക്കാദമിയില്‍ കുട്ടികള്‍ പരിശീലിക്കുന്നത് കണ്ടപ്പോള്‍ ബാസിതിനും ക്രിക്കറ്റിനോട് ഇഷ്ടം തോന്നുകയായിരുന്നു. പതുക്കെ അക്കാദമിയില്‍ ചേര്‍ന്നു. പിന്നീട് ക്രിക്കറ്റ് ഒരു ഹരമായി മാറിയെന്നും ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും ബാസിത് പറയുന്നു.
Content Highlights: rajasthan royals kerala recruit abdul basith bus drivers son following sanju samsons footsteps
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..