രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ അത് ഒരു തലമുറമാറ്റത്തിന്റെ തുടക്കംകൂടിയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ കോച്ചാകാന്‍ താത്പര്യമില്ലെന്നായിരുന്നു അടുത്തകാലംവരെ ദ്രാവിഡിന്റെ നിലപാട്. വെള്ളിയാഴ്ച ഐ.പി.എല്‍. ഫൈനലിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ്ഷായും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ദേശീയ ടീമിന്റെ പരിശീലകനാകാന്‍ ദ്രാവിഡ് സമ്മതം മൂളിയത്.

കളിച്ച കാലം മുഴുവന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വിശ്വസ്തനായ വന്‍മതിലായും മാന്യതയുടെ പര്യായമായും അറിയപ്പെട്ട ദ്രാവിഡ് എല്ലാവരുടെയും ആദരം പിടിച്ചുപറ്റി. അന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ച സൗരവ് ഗാംഗുലി ഇന്ന് ബി.സി.സി.ഐ. അധ്യക്ഷനാണ്. ഗാംഗുലിയുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധം ദ്രാവിഡിന് പൂര്‍ണമായും തിരസ്‌കരിക്കാനാകില്ല.

2012-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചശേഷം ഇന്ത്യ അണ്ടര്‍-19 ടീമിന്റെ കോച്ചായിരുന്നു ദ്രാവിഡ്. 2016 അണ്ടര്‍-19 ലോകകപ്പില്‍ ഫൈനലില്‍ എത്തുകയും 2018-ല്‍ കിരീടം നേടുകയും ചെയ്തു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ.) ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍.

ഇന്ത്യന്‍താരങ്ങളായ ഋഷഭ് പന്ത്, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി തുടങ്ങിയവര്‍ ജൂനിയര്‍ ടീമില്‍ ദ്രാവിഡിന്റെ കളരിയിലൂടെ വളര്‍ന്നുവന്നവരാണ്. യശസ്വി ജയ്സ്വാള്‍, ആവേശ് ഖാന്‍, രവി ബിഷ്ണോയ് തുങ്ങിയ മറ്റൊരുസംഘം സീനിയര്‍ ടീമിലെത്താന്‍ അവസരം കാത്തുകിടക്കുന്നു.

അടുത്ത ട്വന്റി-20 ക്യാപ്റ്റന്‍ ആകുമെന്ന് കരുതുന്ന രോഹിത് ശര്‍മയ്ക്ക് 34 വയസ്സും നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിക്ക് 32 വയസ്സുമായി. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് തുടങ്ങിയവര്‍ക്കും 30 വയസ്സ് കഴിഞ്ഞു. 2023 ലോകകപ്പിനുശേഷം ടീമില്‍ വലിയമാറ്റങ്ങള്‍ വേണ്ടിവരും. അഞ്ചുവര്‍ഷത്തോളം ജൂനിയര്‍ടീമിനെ പരിശീലിപ്പിച്ച ദ്രാവിഡിന് ഇന്ത്യയുടെ ടാലന്റ് പൂളിനെപ്പറ്റി വ്യക്തമായി അറിയാം.

സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശകസമിതിയാണ് നേരത്തെ അനില്‍ കുംബ്ലെയെ കോച്ചായി തിരഞ്ഞെടുത്തത്. ആ പരീക്ഷണം പക്ഷേ പാളിപ്പോവുകയായിരുന്നു. അതിനിടെ അപ്രതീക്ഷിതമായാണ് ഗാംഗുലി ദ്രാവിഡിനെ കളത്തില്‍ ഇറക്കിയത്. ചില ഉറപ്പുകളുടെകൂടി പിന്‍ബലത്തിലാകണം പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡ് സമ്മതം മൂളിയത്. ദ്രാവിഡിന്റെ വിശ്വസ്തനായ പരസ് മമ്പ്രെ ബൗളിങ് കോച്ചാവും.

ദ്രാവിഡിന്റെ പരിശീലക കരിയര്‍

2014, 2015 ഉപദേഷ്ടാവ്-രാജസ്ഥാന്‍ റോയല്‍സ്
2016, 2017 ഉപദേഷ്ടാവ്- ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്
2016 കോച്ച്- ഇന്ത്യന്‍ അണ്ടര്‍-19 ടീം
2018 കോച്ച്-അണ്ടര്‍-19 ലോകകപ്പ് കിരീടം നേടിയ ടീം
2019 ഡയറക്ടര്‍-ദേശീയ ക്രിക്കറ്റ് അക്കാദമി
2021 കോച്ച് -ഇന്ത്യന്‍ ടീം (ശ്രീലങ്ക പര്യടനം)

Content Highlights: rahul dravid to take over indian cricket team coach