മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, ഋഷഭ് പന്ത്, ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ ഗംഭീര വിജയത്തില്‍ ഈ താരങ്ങളുടെ പങ്കിനെ കുറിച്ച് പറയാന്‍ വാക്കുകള്‍ തികയുന്നതെങ്ങിനെ. 

പരിക്കും വ്യക്തിപരമായ കാരണങ്ങളും കൊണ്ട് വിരാട് കോലി, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് തുടങ്ങിയ പ്രധാനികളുടെ അഭാവത്തിലും ഹനുമ വിഹാരി, ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍ എന്നിവര്‍ അവസാന മത്സരത്തിലും കളിക്കാതിരുന്ന സാഹചര്യത്തിലും കരുത്തരായ ഓസ്‌ട്രേലിയന്‍ നിരയെ മുട്ടുകുത്തിക്കുന്നതില്‍ ടീം ഇന്ത്യയ്ക്ക് നിര്‍ണായകമായത് ഈ യുവതാരങ്ങളുടെ പ്രകടനം തന്നെയാണ്.

ഇവര്‍ ഇന്ത്യയ്ക്കായി തിളങ്ങുന്നതും കൈയടി വാങ്ങുന്നതും കണ്ട് സൗമ്യനായി ചിരിക്കുന്ന ഒരു 48-കാരന്‍ ഇവിടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഇരിപ്പുണ്ട്, ഒരു കാലത്ത് വിദേശത്തും സ്വദേശത്തും തകര്‍ന്നടിയാന്‍ നില്‍ക്കുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയെ താങ്ങിനിര്‍ത്തിയിരുന്ന സാക്ഷാല്‍ രാഹുല്‍ ദ്രാവിഡ്.

പന്തും ഗില്ലും സിറാജും സുന്ദറും ഷാര്‍ദുലുമെല്ലാം ചേര്‍ന്ന് ഗാബയില്‍ ഇന്ത്യയ്ക്കായി ചരിത്രം രചിച്ചപ്പോള്‍ ടീം മാനേജ്‌മെന്റ് നന്ദി പറയുന്നത് ദ്രാവിഡിനാണ്.

പുതിയ മുഖങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കൊണ്ടുവരാന്‍ ദ്രാവിഡ് നടപ്പാക്കിയ കൃത്യവും തന്ത്രപ്രധാനവുമായ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇവരെല്ലാം തന്നെ ടീം ഇന്ത്യയുടെ ഭാഗമാകുന്നത്. 

ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാകാനുള്ള ഓഫര്‍ നിരസിച്ച് 2015-ല്‍ ഇന്ത്യ എ, അണ്ടര്‍-19 ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെ വന്‍മതിലിന്റെ തീരുമാനമാണ് ഇപ്പോഴത്തെ ഈ മാറ്റങ്ങള്‍ക്കെല്ലാം വഴിവിളക്കായത്. ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത് വര്‍ധിച്ചതിലെ കാരണവും മറ്റൊന്നല്ല.

ദ്രാവിഡിന്റെ ആദ്യത്തെ വലിയ അസൈന്‍മെന്റ് 2016-ലെ അണ്ടര്‍-19 ലോകകപ്പായിരുന്നു. അവിടെ നിന്നാണ് ഋഷഭ് പന്തിനെയും വാഷിങ്ടണ്‍ സുന്ദറിനെയും അദ്ദേഹം കണ്ടെടുക്കുന്നത്. രണ്ടാം ഇന്നിങ്‌സിലെ പന്തിന്റെ ബാറ്റിങ് പ്രകടനമാണ് ഗാബയിലെ വിജയത്തില്‍ നിര്‍ണായകമായത്. 

ആദ്യ ടെസ്റ്റ് കളിക്കുകയാണെന്ന തോന്നലില്ലാതെ സുന്ദര്‍ തിളങ്ങിയതും ദ്രാവിഡിന്റെ ഉപദേശങ്ങള്‍ കൊണ്ടു തന്നെ. 

50 ടെസ്റ്റുകള്‍ കളിച്ച താരത്തെ പോലെയാണ് സുന്ദര്‍ ഗാബയില്‍ കളിച്ചതെന്നായിരുന്നു മത്സര ശേഷം മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിന്റെ വാക്കുകള്‍.

2018-ല്‍ പൃഥ്വി ഷായുടെ നേതൃത്വത്തില്‍ ഇന്ത്യ കിരീടമണിഞ്ഞ അണ്ടര്‍-19 ലോകകപ്പിന്റെ കണ്ടെടുക്കലാണ് ശുഭ്മാന്‍ ഗില്‍. ഗാബയില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ വിജയത്തിലേക്കുള്ള ആദ്യ പടിവെച്ചത്. ഗില്ലിലൂടെയായിരുന്നു. കന്നി ടെസ്റ്റ് സെഞ്ചുറിക്ക് ഒമ്പത് റണ്‍സകലെ പുറത്താകുമ്പോള്‍ ഇന്ത്യയുടെ ഭാവി ടെസ്റ്റ് ഓപ്പണര്‍ എന്ന സ്ഥാനം അരക്കിട്ടുറപ്പിച്ചാണ് അദ്ദേഹം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. 

അതേസമയം തന്നെ ദേശീയ ടീമിനായി കളിക്കാത്ത താരങ്ങളെ ഇത്തരം പരമ്പരകളില്‍ നെറ്റ് ബൗളര്‍മാരായി അയക്കാനുള്ള ദ്രാവിഡിന്റെ നിര്‍ദേശവും ഏറെ ഫലപ്രദമാണ്. കമലേഷ് നാഗര്‍കോട്ടിയും ഇഷാന്‍ പോറലും ടീമിനൊപ്പമുള്ളത് ഇക്കാരണത്താലാണ്.

നെറ്റ് ബൗളറായി വന്ന് മികച്ച പ്രകടനം നടത്തിയവരില്‍ ഏറ്റവും മികച്ച ഉദാഹരണമാണ് മുഹമ്മദ് സിറാജ്. ഇന്ത്യ എ ടീമിനായി കളിച്ചിരുന്ന സിറാജ് ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് പരമ്പരകളില്‍ ദേശീയ ടീമിനൊപ്പം നെറ്റ് ബൗളറായി ഉണ്ടായിരുന്നു. 

അതേ സിറാജ് തന്നെയാണ് ബുംറയുടെ അഭാവത്തില്‍ ഗാബയില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് കൂട്ടിവായിക്കുമ്പോഴാണ് ദ്രാവിഡിന്റെ ദീര്‍ഘ വീക്ഷണം നമുക്ക് ഞെട്ടലുണ്ടാക്കുന്നത്. രണ്ടാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേടിയ സിറാജ് ഗുരുവിന്റെ വിശ്വാസം കാക്കുകയും ചെയ്തു.

ഇന്ത്യന്‍ ടീമും രഹാനെയും കൈയടികള്‍ നേടുമ്പോള്‍ സൗമ്യമായ ആ ചിരി ചുണ്ടില്‍ തൂവി ദ്രാവിഡ് തന്റെ അടുത്ത ഉദ്യമത്തിലേക്ക് ശ്രദ്ധതിരിക്കുന്നു.

Content Highlights: Rahul Dravid the hand behind India triumph in Australia