രാഹുല്‍ ദ്രാവിഡ്, ആ പേരു കേള്‍ക്കുമ്പോള്‍ ക്രിക്കറ്റ് മൈതാനങ്ങളിലെ പോരുകളോ അമിത ആഹ്ലാദ പ്രകടനങ്ങളോ വൈകാരിക നിമിഷങ്ങളോ ഒന്നും തന്നെ നിങ്ങളുടെ മനസിലേക്ക് കടന്നുവരില്ല. അചഞ്ചലനായ ഒരാളുടെ ശരീര ഭാഷ കൈമുതലായി ഉണ്ടായിരുന്നയാള്‍. ലോകത്തെവിടെയുമുള്ള മൈതാനങ്ങളാകട്ടെ ടീം ഇന്ത്യയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരംപോലെ വീഴുമ്പോള്‍, മുങ്ങിത്താഴുന്ന ആ കപ്പലിനെ താങ്ങിനിര്‍ത്താന്‍ അയാളുണ്ടാകുമായിരുന്നു. നാണക്കേടിന്റെ പടുകുഴിയിലേക്കു വീണുപോകേണ്ടിയിരുന്ന ടീമിനെ എത്രയോ തവണ അയാള്‍ തന്റെ പകരംവെയ്ക്കാനില്ലാത്ത ബാറ്റിങ് മികവുകൊണ്ട് താങ്ങിനിര്‍ത്തിയിരുന്നു. നീണ്ട റണ്ണപ്പെടുത്ത് 150 കിലോമീറ്റര്‍ വേഗതയില്‍ ബൗളര്‍ എറിയുന്ന പന്ത് ചുമ്മാ തട്ടി ക്രീസിലിടുമ്പോള്‍ അയാള്‍ക്കൊപ്പം നമ്മളും പലപ്പോഴും ആഹ്ലാദിച്ചു. അങ്ങനെ അയാള്‍ക്ക് ഒരു പേരും കൈവന്നു 'THE WALL', ഇന്ത്യയുടെ വന്‍മതില്‍. 

ക്രിക്കറ്റിലെ എക്കാലത്തെയും മാന്യതയുടെ പ്രതിരൂപമായിരുന്ന ഒരിക്കലും പ്രതാപങ്ങളിലും പണക്കൊഴുപ്പിന്റെ ആഘോഷങ്ങളിലും അഭിരമിക്കാത്ത ആ ക്രിക്കറ്റര്‍ക്ക് ഇന്ന് 47 വയസ് തികയുകയാണ്. ദ്രാവിഡിനെ പോലെ ടീമിനായി എന്തും ചെയ്യാന്‍ തയ്യാറാകുന്ന മറ്റൊരു താരം ക്രിക്കറ്റിന്റെ ഇത്രയും കാലത്തെ ചരിത്രത്തില്‍ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. ബാറ്റിങ് ഓര്‍ഡറില്‍ എവിടെ ഇറങ്ങാനും അയാള്‍ ഒരുക്കമായിരുന്നു. ടീമില്‍ ഒരു എക്‌സ്ട്രാ ബാറ്റ്‌സ്മാനെ ഉള്‍പ്പെടുത്താന്‍ സൗരവ് ഗാംഗുലിയെന്ന ക്യാപ്റ്റന്‍ തീരുമാനിച്ചപ്പോള്‍ ടീമിനു വേണ്ടി വിക്കറ്റിനുപിന്നിലെ സേവനത്തിനും അയാളിലെ ക്രിക്കറ്റര്‍ തയ്യാറായി.

ബാറ്റിങ്ങിനെ പ്രത്യേകിച്ച് ടെസ്റ്റ് ബാറ്റിങ്ങിനെ ഒരു ധ്യാനം പോലെ കണ്ടിരുന്നയാള്‍. ഏകദിനത്തിനു പറ്റിയ ആളല്ലെന്ന വിമര്‍ശിച്ചവര്‍ക്ക് 22 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറിയടിച്ചാണ് അയാള്‍ മറുപടി നല്‍കിയത്. 1999-ലെ ലോകകപ്പില്‍ 461 റണ്‍സോടെ ടോപ് സ്‌കോററായതും അദ്ദേഹം തന്നെ. സാഹചര്യങ്ങള്‍ക്കനുസരിച്ച് ശൈലിയില്‍ മാറ്റംവരുത്താന്‍ ദ്രാവിഡിലെ ക്രിക്കറ്റര്‍ക്ക് ആരുടെയും നിര്‍ദേശങ്ങള്‍ ആവശ്യമേ ഇല്ലായിരുന്നു.

Rahul Dravid Indian cricket's silent guardian turns 47
Photo Courtesy: Getty Images

ക്രീസിലിറങ്ങി തന്റെ ഇന്നിങ്‌സ് കളിച്ചുപോരുന്ന ആളായിരുന്നില്ല ദ്രാവിഡ്. അപ്പുറത്ത് ബാറ്റു ചെയ്യുന്നയാള്‍ക്ക് പിന്തുണ നല്‍കേണ്ടതെങ്ങിനെയെന്ന് അദ്ദേഹത്തെ ആര്‍ക്കും പഠിപ്പിക്കേണ്ടി വന്നിരുന്നില്ല. ക്രീസിലെ ആങ്കര്‍ റോള്‍ ദ്രാവിഡിനോളം കൈകാര്യം ചെയ്തിരുന്ന ക്രിക്കറ്റര്‍മാര്‍ നന്നേ കുറവാണ്. 2001-ല്‍ കൊല്‍ക്കത്തയില്‍ വി.വി.എസ് ഓസീസിന്റെ ഹുങ്ക് അവസാനിപ്പിച്ച ഇന്നിങ്‌സ് കളിച്ചപ്പോള്‍ അപ്പുറത്ത് പിന്തുണയുമായി ഉണ്ടായിരുന്നത് മറ്റാരുമായിരുന്നില്ല. 2006-ല്‍ ലാഹോറില്‍ പാകിസ്താനെതിരേ സെവാഗിനൊപ്പം 410 റണ്‍സിന്റെ റെക്കോഡ് ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിലും ദ്രാവിഡായിരുന്നു പങ്കാളി. സെവാഗ് ടെസ്റ്റിലെ രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ നേടുമ്പോഴും മറുഭാഗത്ത് പിന്തുണയുമായി ഉണ്ടായിരുന്നതും ദ്രാവിഡ് തന്നെയായിരുന്നു.

ബാറ്റിങ്, സുന്ദരമായ ഒരു ഗാനം ആസ്വദിക്കുന്നതുപോലെയായിരുന്നു അയാള്‍ക്ക്. ടീം ഇന്ത്യയ്ക്ക് എത്രയോ വിലപ്പെട്ട സംഭാവനകള്‍ നല്‍കുമ്പോഴും സച്ചിനെന്ന മഹാമേരുവിന് പിന്നില്‍ രണ്ടാമനാകാനായിരുന്നു അദ്ദേഹത്തിന് വിധി. അതില്‍ അയാളിലെ ക്രിക്കറ്റര്‍ ഒരിക്കലും അസൂയപ്പെട്ടിരുന്നുമില്ല. പാകിസ്താനെതിരേ സച്ചില്‍ 194* റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ദ്രാവിഡിന്റെ തീരുമാനം സച്ചിനെ മാത്രമല്ല ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ച ഒന്നായിരുന്നു. എന്നാല്‍ ആ വിവാദത്തെയും ദ്രാവിഡ് തന്റെ സ്വതസിദ്ധമായ ശൈലിയാല്‍ നേരിട്ടു.

Rahul Dravid Indian cricket's silent guardian turns 47
Photo Courtesy: Getty Images

സച്ചിനെയും ദ്രാവിഡിനെയും ചേര്‍ത്തുനിര്‍ത്തുന്ന മറ്റൊരു ഘടകം ഷോട്ടുകളിലെ സൗന്ദര്യമാണ്. പന്തിനെ ഇരുവരും തഴുകിവിടുന്നതിന്റെ ഭംഗി എത്ര തവണ നമ്മള്‍ ആസ്വദിച്ചിരിക്കുന്നു. സച്ചിന്റെ സ്‌ട്രെയ്റ്റ് ഡ്രൈവിന്റെ സൗന്ദര്യത്തിനോ അതിനു മുകളിലോ ആയിരുന്നു ദ്രാവിഡിന്റെ  ഓണ്‍ ഡ്രൈവുകള്‍. 1996-ല്‍ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടങ്ങിയ ആ ക്രിക്കറ്റ് യാത്രയ്ക്ക് 2012-ല്‍ അഡ്‌ലെയ്ഡില്‍ അവസാനമായപ്പോഴും ഓണ്‍ ഡ്രൈവുകളുടെ ഭംഗി അപ്പോഴും തെല്ലുപോലും കുറയാതെ ഒപ്പമുണ്ടായിരുന്നു.

Rahul Dravid Indian cricket's silent guardian turns 47
Photo Courtesy: Getty Images

ദ്രാവിഡിന്റെ ചില റെക്കോഡുകള്‍

1. ടീമിലെ ഏറ്റവും വിശ്വസ്തനായ സ്ലിപ്പ് ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു ദ്രാവിഡ്. 164 ടെസ്റ്റില്‍ നിന്നായി 210 ക്യാച്ചുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റ് ചരിത്ത്രില്‍ വിക്കറ്റ് കീപ്പര്‍ അല്ലാത്ത ഒരു താരം നേടുന്ന ഏറ്റവും കൂടുതല്‍ ക്യാച്ചുകളെന്ന റെക്കോഡ് ദ്രാവിഡിന്റെ പേരിലാണ്. 

2. 16 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍ 31,258 പന്തുകള്‍ നേരിട്ട താരമാണ് ദ്രാവിഡ്. ടെസ്റ്റ് ചരിത്രത്തില്‍ ഇത്രയും കൂടുതല്‍ പന്തുകള്‍ നേരിട്ട മറ്റൊരു താരമില്ല.

3. ഏറ്റവും കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിച്ച ടെസ്റ്റ് ബാറ്റ്സ്മാന്‍ എന്ന റെക്കോഡും ദ്രാവിഡിന്റെ പേരിലാണ്. 735 മണിക്കൂറും 52 മിനിറ്റുമാണ് തന്റെ ടെസ്റ്റ് കരിയറില്‍ അദ്ദേഹം ക്രീസില്‍ ചെലവഴിച്ചത്. 

4. ടെസ്റ്റില്‍ മൂന്നാം നമ്പറിലിറങ്ങി 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോഡ് ദ്രാവിഡിന്റെ പേരിലാണ്. മൂന്നാം നമ്പറിലിറങ്ങി 219 ടെസ്റ്റ് ഇന്നിങ്സുകളില്‍ നിന്ന് 52.88 റണ്‍സ് ശരാശരിയില്‍ 10,524 റണ്‍സ് ദ്രാവിഡ് നേടിയിട്ടുണ്ട്. 28 സെഞ്ചുറികളും 50 അര്‍ധ സെഞ്ചുറികളും ദ്രാവിഡ് നേടിയത് മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയാണ്. 

5. തുടര്‍ച്ചയായ നാല് ടെസ്റ്റ് ഇന്നിങ്സുകളില്‍ സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യന്‍ താരവും ദ്രാവിഡാണ്. 2002-ല്‍ ഇംഗ്ലണ്ടിനും വെസ്റ്റിന്‍ഡീസിനും എതിരായ പരമ്പരയിലായിരുന്നു ഈ നേട്ടം.

6. ടെസ്റ്റിലെ ബാറ്റിങ് കൂട്ടുകെട്ടിലൂടെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരവും ദ്രാവിഡാണ്. രാഹുല്‍ ദ്രാവിഡ്-സച്ചിന്‍ തെണ്ടുല്‍ക്കര്‍ സഖ്യത്തിനാണ് ടെസ്റ്റില്‍  കൂട്ടുകെട്ടിലൂടെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തതിന്റെ റെക്കോഡ്. കൂടുതല്‍ നൂറു റണ്‍സ് കൂട്ടുകെട്ടിന്റെ റെക്കോഡും ഈ സഖ്യത്തിനാണ്. ഇരുവരും ചേര്‍ന്ന് 6,920 റണ്‍സ് നേടിയിട്ടുണ്ട്. ഒപ്പം 20 സെഞ്ചുറി കൂട്ടുകെട്ടുകളും. 

7. ടെസ്റ്റ് താരം എന്നറിയപ്പെട്ടിരുന്ന ദ്രാവിഡിന്റെ പേരിലാണ് ഏകദിനത്തില്‍ രണ്ടു തവണ 300 റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളിയായതിന്റെ റെക്കോഡ്. ക്രിക്കറ്റ് ലോകകപ്പില്‍ 300 റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളിയായതിന്റെ റെക്കോഡും ഇദ്ദേഹത്തിന്റെ പേരില്‍ തന്നെ. 1999-ലെ ലോകകപ്പില്‍ ശ്രീലങ്കയെക്കെതിരായ മത്സരത്തില്‍ സൗരവ് ഗാംഗുലിക്കൊപ്പമായിരുന്നു ഇത്. ഗാംഗുലിയുമായി 318 റണ്‍സിന്റെയും സച്ചിനുമായി 331 റണ്‍സിന്റെയും കൂട്ടുകെട്ടുകള്‍.

8. പൂജ്യത്തിന് പുറത്താകാതെ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ പിന്നിട്ടതിന്റെ റെക്കോഡും ദ്രാവിഡിന്റെ പേരില്‍ തന്നെ. 120 മത്സരങ്ങളാണ് ഇത്തരത്തില്‍ അദ്ദേഹം പൂര്‍ത്തിയാക്കിയത്.  

9. ടെസ്റ്റ് അംഗത്വമുള്ള 10 രാജ്യങ്ങളിലും സെഞ്ചുറി നേടിയ ആദ്യ ബാറ്റ്സ്മാന്‍ എന്ന റെക്കോഡും ദ്രാവിഡിന്റെ പേരിലാണ്.

Content Highlights: Rahul Dravid Indian cricket's silent guardian turns 47