രുപക്ഷേ ഇനി ഇന്ത്യന്‍ ക്രിക്കറ്റിലെ ചില കോണുകളില്‍ നിന്നെങ്കിലും ഉയര്‍ന്നു കേള്‍ക്കാന്‍ സാധ്യയുള്ള ഒരാവശ്യം ഇതായിരിക്കും- രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കോച്ചാക്കണം. ഇന്ത്യന്‍ അണ്ടര്‍-19 ടീം ലോക കപ്പ് ചാമ്പ്യന്മാരായതിന്റെ  പശ്ചാത്തലത്തില്‍ കോച്ച് ദ്രാവിഡിനെ സീനിയര്‍ ടീമിന്റെ കോച്ചാക്കണം എന്ന ആവശ്യം സദുദ്ദേശ്യപരവും നിര്‍ദ്ദോഷവുമായിരിക്കാം.

എന്നാല്‍ ഈ കടുംകൈ ആരും ചെയ്യാതിരിക്കട്ടെ. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇപ്പോള്‍ നയിക്കുന്ന താല്‍ക്കാലിക ഭരണസമിതി ഒരുപക്ഷേ രവി ശാസ്ത്രിയുടെ കലാവധി പിന്നിടുമ്പോള്‍ ഇപ്രകാരം ''ഔചിത്യപൂര്‍ണമായ'' ഒരു തീരുമാനം എടുക്കാന്‍ സാധ്യതയുണ്ട്. പ്രത്യക്ഷത്തില്‍ ന്യായമായൊരു സ്ഥാനക്കയറ്റമാണിത്. 

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യ അണ്ടര്‍-19, ഇന്ത്യ-എ ടീമുകളെ പരിശീലിപ്പിക്കുന്ന, ജൂനിയര്‍ ടീമിനെ ലോകകപ്പ് ഉള്‍പ്പെടെയുള്ള നേട്ടങ്ങളിലേക്ക് നയിച്ച പരിശീലകന്‍ സീനിയര്‍ ടീമിന്റെ പരിശീലകനാക്കണമെന്ന വാദം പ്രത്യക്ഷത്തില്‍ സ്വാഭാവികം മാത്രം. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് സാമാന്യബോധമുള്ള ആരും  ഇപ്രകാരം ഒരു നീക്കത്തെ പിന്തുണയ്ക്കുമെന്ന് തോന്നുന്നില്ല. 

rahul dravid
Photo:Twitter

പദവി എന്ന നിലയിലും സാധ്യത എന്ന നിലയിലും കോച്ച് എന്നത് എന്താണെന്ന് ബി.സി.സി.ഐയ്‌ക്കോ സാധാരണ കളിക്കാര്‍ക്കോ സാധാരണ ആരാധകര്‍ക്കോ അറിയില്ല. സൂപ്പര്‍ താരങ്ങളുടെ ''ഈഗോയെ'' തൃപ്തിപ്പെടുത്താത്ത ഒരു കോച്ചിനെയും ഇന്ത്യന്‍ ടീം വെച്ചുവാഴിച്ചിട്ടില്ല എന്നതാണ് ചരിത്രം. അതിപ്രഗത്ഭനായ ഗ്രെഗ് ചാപ്പലിനെ താരങ്ങള്‍ പുകച്ചു പുറത്തുചാടിച്ചു.

ക്യാപ്റ്റനും താരങ്ങള്‍ക്കും വിധേയനായി പ്രവര്‍ത്തിച്ച ഗ്യാരി കേസ്റ്റണെ കളിക്കാര്‍ ഒരു പരാതിയും ഇല്ലാതെ കൊണ്ടുനടന്നു. കേസ്റ്റണിന്റെ പരിശീലന മികവുകൊണ്ടുകൂടിയാണ് ഇന്ത്യ 2011-ല്‍  ലോകകപ്പ് ജയിച്ചതെന്ന് കളിക്കാര്‍ തന്നെ ഔദാര്യപൂര്‍വം  സമ്മതിച്ചുകൊടുത്തത്, കോച്ചിന്റെ ഈ വിധേയത്വത്തിനുള്ള ഉപകാരസ്മരണ മാത്രം. യഥാര്‍ഥത്തില്‍ ആ ടീമിന്റെ രൂപകല്പനയില്‍ വലിയ പങ്ക് വഹിച്ചത് തൊട്ടു മുന്‍പ്  കോച്ചായിരുന്ന ഗ്രെഗ് ചാപ്പലും അദ്ദേഹവുമായി തെറ്റിയ സൗരവ് ഗാംഗുലിയുമാണ് എന്നതാണ് വാസ്തവം.

രാഹുല്‍ ദ്രാവിഡ് പരിശീലകനായാലുള്ള പ്രശ്‌നം അദ്ദേഹത്തിന് ഇന്ത്യന്‍ താരങ്ങളുടെ പ്രാമാണിത്വം അംഗീകരിച്ചു കൊടുക്കാന്‍ കഴിഞ്ഞേക്കില്ല എന്നതാണ്. അഭിമുഖങ്ങളിലും പൊതുചടങ്ങുകളിലും മധുരമായി സംസാരിക്കുകയും ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്യുന്ന താരങ്ങളിലേറെയും സ്വാര്‍ഥരും സ്വന്തം നേട്ടങ്ങളില്‍ അഭിരമിച്ചു ജീവിക്കുന്നവരുമാണ്. ചിട്ടകള്‍ക്കും മര്യാദയ്ക്കും പ്രാധാന്യം നല്‍കുന്ന ദ്രാവിഡിനെ പോലൊരു പരിശീലകനെ അവര്‍ അംഗീകരിച്ചുവെന്ന് വരില്ല. മറ്റൊന്ന് കോച്ച് എന്ന നിലയില്‍ ഒരാള്‍ക്ക് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമില്‍ കാര്യമായിട്ടൊന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം. 

rahul dravid
Photo:BCCI

താനൊരു മഹാസംഭവമാണെന്നും തന്റെ ഉപദേശനിര്‍ദേശങ്ങളനുസരിച്ച് കളിച്ചതുകൊണ്ടാണ് ടീം ജയിച്ചതെന്നതുമൊക്കെയുള്ള പരിശീലകരുടെ പരോക്ഷമായ സൂചിപ്പിക്കലൊക്കെ വെറും ജാഡ മാത്രം. രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരുടെ സംഘമാണല്ലോ ഇന്ത്യന്‍ സീനിയര്‍ ടീം. അവരുടെ കളിയില്‍ സാങ്കേതിക മാറ്റങ്ങള്‍ വരുത്തി മെച്ചപ്പെടുത്താനുള്ള സാധ്യത വളരെ കുറവാണ്.

ബാറ്റിങ്ങിനും ബൗളിങ്ങിനും ഫീല്‍ഡിങ്ങിനും പ്രത്യേകം പ്രത്യേകം പരിശീലകരുള്ളപ്പോള്‍ എന്തിന് മാറ്റൊരു കോച്ച് എന്നത് പ്രസക്തമായ ചോദ്യമാണ്. ഒരു പക്ഷേ ഈ കളിക്കാര്‍ക്ക് ഫോം നഷ്ടപ്പെടുമ്പോള്‍ കോച്ചിന് സഹായിക്കാന്‍ കഴിഞ്ഞെന്നുവരും. പിന്നെയുള്ള പ്രധാന ദൗത്യം ടീമിന്റെ ആത്മവീര്യവും ഒത്തൊരുമയും നിലനിര്‍ത്താനുള്ള സാഹചര്യം ഒരുക്കുക എന്നതാണ്. അതിന് ടീമിന് മികച്ച ഒരു മാനേജര്‍ മതിയാവും. മാധ്യമങ്ങളെ കൈകാര്യം ചെയ്യാനും മികച്ച ഒരു മാനേജര്‍ മതി. അയാള്‍ ഒരു മുന്‍ കളിക്കാരനാണെങ്കില്‍ നല്ലത്. അത്രമാത്രം.

അതേസമയം രാഹുല്‍ ദ്രാവിഡ് ജൂനിയര്‍ ടീമിന്റെ പരിശീലകനായാല്‍ കളിച്ചുവളരുന്ന കൗമാരക്കാരെ നേരായ വഴിക്ക് നയിക്കാന്‍ അദ്ദേഹത്തിനു കഴിയും. കാരണം അവര്‍ താരങ്ങളായിട്ടില്ലാത്തുകൊണ്ട് അഹങ്കാരവും തലക്കനവും ആര്‍ജിച്ചിട്ടുണ്ടാവില്ല. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകണം എന്ന ആഗ്രഹംകൊണ്ടും പലതും പഠിക്കാനും ശ്രമിക്കും.

Rahul Dravid
Photo:BCCI

കളിയെ കുറിച്ചു മാത്രമല്ല, ജീവതത്തെ കുറിച്ചും പെരുമാറേണ്ട രീതികളെ കുറിച്ചും ദ്രാവിഡിന് തന്റെ അനുഭവപാഠങ്ങള്‍ പകർന്നു നല്‍കാനാവും. കളിയില്‍ തിരിച്ചടിയുണ്ടാല്‍ എങ്ങനെ നേരിടണം എന്ന് പറഞ്ഞുകൊടുക്കാനാവും. ഈ താരശൈശവങ്ങള്‍ അവ  ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യും. ആത്യന്തികമായും ഇന്ത്യന്‍ ക്രിക്കറ്റിനു ഗുണം ചെയ്യുക ഇതാണ്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി ഇന്ത്യന്‍ ടീമിലേക്ക് മുടക്കമൊന്നുമില്ലാതെ യുവതാരങ്ങള്‍ പരിഗണിക്കപ്പെടുന്നതിന് ഒരു പ്രധാന കാരണം ഇന്ത്യ- എ ടീമിനും അണ്ടര്‍-19 ടീമിലുമായി രാഹുല്‍ ദ്രാവിഡ് അവരെ വാര്‍ത്തെടുക്കുന്നതുകൊണ്ടാണ്. ഇതിനേക്കാള്‍ പ്രതിബദ്ധതയോടെ ജൂനിയര്‍ ടീമിനെ പരിപാലിക്കുന്ന മറ്റൊരാള്‍ വന്നാല്‍ അദ്ദേഹം വഴിമാറിക്കൊടുക്കട്ടെ.

പരിശീലകനായി 2015-ല്‍ സ്ഥാനമേറ്റ ശേഷം, കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് രാഹുല്‍ ദ്രാവിഡ് ഉണ്ടാക്കിയ ശിഷ്യസമ്പത്ത് അതിവിപുലമാണ്. ഇന്ത്യന്‍ ജൂനിയര്‍ ടീമിനെ (ഇന്ത്യ എ ടീം, അണ്ടര്‍-19 ടീം) ത്രിരാഷ്ട്ര ടൂര്‍ണമെന്റുകളിലും ഏകദിന പരമ്പരകളിലും അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലും പരിശീലിപ്പിച്ച ദ്രാവിഡിന്റെ കളരിയില്‍ നിന്ന് എത്തിയവരാണ് ഇന്ന് ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയോ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന യുവതാരങ്ങളില്‍ ഏറെയും.

ലോകേഷ് രാഹുല്‍, സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, ശ്രേയസ് അയ്യര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹല്‍, കരുണ്‍ നായര്‍, പൃഥ്വി ഷാ.... ദ്രാവിഡില്‍ നിന്ന് ലഭിച്ച ഉപദേശനിര്‍ദേശങ്ങള്‍ തങ്ങളെ എത്രത്തോളം സഹായിച്ചിട്ടുണ്ടെന്ന് അജിന്‍ക്യാ രാഹനെയും ചേതേശ്വര്‍ പുജാരയുമെക്കെ സാക്ഷ്യപ്പെടുത്തിയതുമാണ്. ഇന്ത്യയുടെ കൗമാര താരങ്ങളെ ആസൂത്രണമികവോടെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍, രാഹുല്‍ ദ്രാവിഡ്, രാജസ്ഥാന്‍ റോയല്‍സിന്റെ ''മാര്‍ഗനിര്‍ദ്ദേശി''  ആയതു മുതല്‍ അദ്ദേഹവുമൊത്ത് പ്രവര്‍ത്തിച്ച സഞ്ജു സാംസണ്‍ മുതല്‍ ഇന്ത്യ അണ്ടര്‍-19 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായ പൃഥ്വി ഷാ വരെയുള്ളവരോട് ചോദിച്ചാല്‍ മതി. 
 

u-19 world cup
Photo: ICC/Twitter

സീനിയര്‍ ടീമിനേക്കാള്‍, ജൂനിയര്‍ ടീമിനെ പരിശീലിപ്പിക്കുന്നതിന്റെ സാധ്യതകള്‍ രാഹുലിനെ നേരത്തെ തന്നെ മനസ്സിലാക്കി. അതുകൊണ്ടാവാം അദ്ദേഹം ഒരിക്കലും സീനിയര്‍ ടീമിന്റെ പരിശീലകനാകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയോ ചരടുവലികള്‍ നടത്തുകയോ ചെയ്തില്ല. മാത്രവുമല്ല, ഒരു ജൂനിയര്‍ ടീം കോച്ചിന്റെ പ്രാധാന്യം അദ്ദേഹത്തിന് അറിയുകയും ചെയ്യാം. സാധാരണ കഴിവുകള്‍ മാത്രമുണ്ടായിരുന്ന തന്നെ കേകി താരാപ്പൂര്‍ എന്ന നിപുണനായ കോച്ച് എത്രകണ്ട് സഹായിച്ചുവെന്നും സ്വാധീനിച്ചുവെന്നും രാഹുല്‍ പലതവണ പറഞ്ഞിട്ടുണ്ട്.

ഒരുപക്ഷേ ഇതായിരിക്കാം പരിശീലനത്തിലേയ്ക്ക് തിരിയാന്‍ ദ്രാവിഡിനെ പ്രേരിപ്പിച്ചത്. ഫലത്തേക്കാള്‍ മാര്‍ഗത്തില്‍ ശ്രദ്ധിച്ചിരുന്ന കളിക്കാരനായിരുന്നു രാഹുല്‍ ദ്രാവിഡ്. നല്ല ചിട്ടകളിലും ശീലങ്ങളിലും പ്രതിബദ്ധതയോടെ ഉറച്ചു നില്‍ക്കുക. ഫലം ഉണ്ടായിക്കൊള്ളും. ഈ തത്വശാസ്ത്രം യുവകളിക്കാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതിന്റെ വിജയമാണ് ഇന്ന് അദ്ദേഹത്തിന്റെ പല ശിഷ്യന്മാരും ഇപ്പോള്‍ അഭിമുഖങ്ങളില്‍ process എന്ന വാക്ക് പ്രാധാന്യത്തോടെ ഉപയോഗിക്കാനുള്ള കാരണം. അതുകൊണ്ട് രാഹുല്‍ ദ്രാവിഡിനേയും ഇന്ത്യന്‍ ക്രിക്കറ്റിനേയും സ്‌നേഹിക്കുന്നവര്‍ അദ്ദേഹത്തെ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കോച്ചാക്കാനുള്ള വക്കാലത്തുമായി  ഇറങ്ങിപ്പുറപ്പെടരുത്. 

Content Highlights: Rahul Dravid and Indian Cricket Team Coach Possibilities