പന്തിനെ വെറുത്ത, ഫുട്പാത്തിലെ ആ പഴയ പാല്‍വില്‍പനക്കാരന്റെ മകളിലാണ് ഇന്ത്യയുടെ സ്വപ്നം


സജ്‌ന ആലുങ്ങല്‍

ടെന്നീസ് പന്തുമെടുത്ത് മുംബൈയിലെ അപാര്‍ട്‌മെന്റിന് അടുത്ത് ഒഴിഞ്ഞ സ്ഥലത്ത് ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ്

Radha Yadav Photo Courtesy: Instagram|Radha Yadav

മുംബൈയിലെ കാന്ദിവാലിയിലെ 225 സ്‌ക്വയര്‍ഫീറ്റിലുള്ള വീട്ടിലേക്ക് കയറിച്ചെല്ലുന്നിടത്തുള്ള ചുമരില്‍ സെല്ലോടേപ്പ് കൊണ്ട് ഒട്ടിച്ചുനിര്‍ത്തിയ ഒരു ചിത്രമുണ്ട്. അരികുകളെല്ലാം അടര്‍ന്നുതുടങ്ങിയ ആ ചിത്രത്തില്‍ ചിരിച്ചുകൊണ്ട് ട്രോഫിയും പിടിച്ചുനില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ കാണാം. ഫോട്ടോയില്‍ നിന്ന് പടര്‍ന്നൊഴുകിയ ആ ചിരി ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ കാണാനെത്തിയ ആരാധകരുടെ ചുണ്ടിലെത്തി നില്‍ക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ നിന്ന് മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി മുംബൈയിലെത്തിയ ഒരു മധ്യവര്‍ഗ കുടുംബത്തിലെ രാധാ യാദവാണ് ആ ചിരിക്കുടമ. ലോകകപ്പില്‍ സ്പിന്‍ ബൗളിങ്ങിലൂടെ ഇന്ത്യക്ക് ഊര്‍ജ്ജം പകരുന്ന രാധ ശ്രീലയ്ങ്കക്കെതിരായ മത്സരത്തില്‍ വീഴ്ത്തിയത് നാല് വിക്കറ്റാണ്.

ഒരു ദിവസം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിവരുന്നതിനിടയിലാണ് ശിവ സേവാ ഗ്രൗണ്ടിലെ നെറ്റ്‌സില്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് പരിശീലിക്കുന്നത് രാധ കണ്ടത്. ഇതോടെ അച്ഛന് അടുത്തെത്തി തന്നേയും പരിശീലനത്തിന് അയക്കാന്‍ രാധ പറഞ്ഞു. പക്ഷേ അച്ഛന്‍ ഓംപ്രകാശ് കൈമലര്‍ത്തി. കാന്ദിവാലിയിലെ ഫൂട്ട്പാത്തില്‍ പാല്‍ വില്‍ക്കുന്ന ഓംപ്രകാശ് ഇതിനുള്ള പണം എങ്ങനെ കണ്ടെത്താനാണ്? ഇതോടെ രാധ ടെന്നീസ് പന്തുമെടുത്ത് മുംബൈയിലെ അപാര്‍ട്‌മെന്റിന് അടുത്ത് ഒഴിഞ്ഞ സ്ഥലത്ത് ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനിറങ്ങി. ഈ കളിക്കിടയിലാണ് പ്രഫുല്‍ നായിക് എന്ന കോച്ച് രാധയെ കാണുന്നത്. പരിശീലനം സൗജന്യമായി നല്‍കാമെന്നു ഓംപ്രകാശിനെ പറഞ്ഞു മനസ്സിലാക്കി പ്രഫുല്‍ രാധയുടെ പരിശീലനം ഏറ്റെടുത്തു. ഒരു ക്രിക്കറ്റ് താരത്തിലേക്കുള്ള രാധയെന്ന പെണ്‍കുട്ടിയുടെ യാത്ര തുടങ്ങുന്നത് അവിടെ നിന്നാണ്.

ക്രിക്കറ്റ് കളിക്കുന്ന സമയത്ത് ജുലന്‍ ഗോസ്വാമിയുടേയോ മിതാലി രാജിന്റെയോ പേര് ഒരിക്കല്‍പോലും രാധ കേട്ടിരുന്നില്ല. ടിവിയില്‍ എല്ലാം പുരുഷ താരങ്ങളുടെ മത്സരം മാത്രമാണുണ്ടായിരുന്നത്. 2011-ല്‍ ഇന്ത്യ ലോകകപ്പ് നേടിയതോടെ ക്രിക്കറ്റിനോടുള്ള രാധയുടെ ആവേശം ഇരട്ടിയായി. ഊണിലും ഉറക്കത്തിലും അവള്‍ ക്രിക്കറ്റ് കളിക്കുന്നതുമാത്രം ആലോചിച്ചു. ഇടങ്കൈ കൊണ്ട് പേസ് ബൗളിങ്ങും സ്പിന്‍ ബൗളിങ്ങും ബാറ്റിങ്ങും ഒരുപോലെ രാധ ചെയ്തുനോക്കി. ധോനിയോടുള്ള ആരാധന മൂത്ത് ലോക്കല്‍ ടൂര്‍ണമെന്റുകളില്‍ വിക്കറ്റ് കീപ്പര്‍ വരെയായി.

Radha Yadav
സഹതാരങ്ങള്‍ക്കൊപ്പം രാധ ഫോട്ടോ: ഇന്‍സ്റ്റഗ്രാം/ രാധ യാദവ്‌

മകളുടെ ഈ ആവേശം കണ്ടതോടെ ഓംപ്രകാശ് ചെറിയൊരു കട തുറന്ന് കൂടുതല്‍ സാധനങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി. പാലിനൊപ്പം പച്ചക്കറിയും പലചരക്കു സാധനങ്ങളും വിറ്റു. ഒപ്പം ചേച്ചി സോണിയും രാധയ്‌ക്കൊപ്പം നിന്നു. ക്രിക്കറ്റില്‍ താത്പര്യമുണ്ടായിരുന്ന സോണി കുഞ്ഞനിയത്തിന് വേണ്ടി ആ സ്വപ്നം ഉപേക്ഷിച്ചു. ഒരുപക്ഷേ രാധയേക്കാള്‍ മികച്ച താരമാകാനുള്ള കഴിവ് സോണിക്കുണ്ടായിരുന്നു. എന്നിട്ടും അവര്‍ തന്റെ കരിയര്‍ കെട്ടിപ്പടുക്കാന്‍ തുനിഞ്ഞില്ല.

2013-ല്‍ പ്രഫുല്‍ രാധയെ ഔവര്‍ ലേഡി ഓഫ് റെമെഡി ഹൈസ്‌കൂളിലേക്ക് മെച്ചപ്പെട്ട പരിശീലനത്തിനായി കൊണ്ടുവന്നു. ആ തീരുമാനം തെറ്റിയില്ല. ആ വര്‍ഷം നടന്ന ഇന്റര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ഹൈസ്‌കൂളിനെ തോല്‍പ്പിച്ച് ഔവര്‍ ലേഡി സ്‌കൂള്‍ കിരീടം നേടി. അതില്‍ വളരെ രസകരമായ ഒരു കാര്യമുണ്ടായിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമില്‍ രാധയ്‌ക്കൊപ്പം കളിക്കുന്ന ജെമീമ റോഡ്രിഗസായിരുന്നു അന്ന് സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളിന്റെ ക്യാപ്റ്റന്‍.

പരിശീലനം പ്രൊഫഷണലായതോടെ ബാറ്റിങ്ങിനോടായി രാധയ്ക്ക് താത്പര്യം. എന്നാല്‍ പ്രഫുല്‍ നായിക്കും കിരണ്‍ കാംബ്ലി എന്ന മറ്റൊരു കോച്ചും സ്പിന്‍ ബൗളിങ്ങിലാണ് രാധയുടെ ഭാവിയുള്ളതെന്ന് കണ്ടെത്തി. പക്ഷേ അത് അംഗീകരിക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല. ബൗള്‍ ചെയ്യുന്നതുപോലും അവള്‍ വെറുക്കാന്‍ തുടങ്ങി. പന്ത് കൈയകലത്തുനിന്ന് തട്ടിയകറ്റി. ഇതു കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതോടെ മണിക്കൂറുകളോളം സമയമെടുത്ത് പ്രഫുലും കിരണും രാധയെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി. ഒടുവില്‍ അവള്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു.

Radha Yadav
ജെമീമയ്‌ക്കൊപ്പം രാധ ഫോട്ടോ: ഇന്‍സ്റ്റഗ്രാം/ രാധ യാദവ്‌

2014-ല്‍ രാധ മുംബെയുടെ അണ്ടര്‍-19 ടീമില്‍ ഇടം നേടി. ഒരു സീസണില്‍ മുംബൈയുടെ വിശ്വസ്ത ബൗളറായി. 2018-ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രാധയും ജെമീമയും ഒരുമിച്ച് ഇന്ത്യക്കായി അരങ്ങേറി. 2016-ല്‍ പ്രഫുല്‍ ബറോഡയിലേക്ക് മാറിയതോടെ രാധയും ആ ടീമിന്റെ ഭാഗമായി. 2016-17-ല്‍ ഇന്റര്‍സ്‌റ്റേറ്റ് അണ്ടര്‍-19 ടൂര്‍ണമെന്റില്‍ ബറോഡയ്ക്കായി രാധ ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും കണ്ടെത്തി. 2017-ല്‍ ബറോഡയുടെ അണ്ടര്‍-23 ടീമിന്റെ ക്യാപ്റ്റനായി രാധ. 2018-ല്‍ ബറോഡ സീനിയര്‍ ടീമിന്റെ ക്യാപ്റ്റന്‍സിയും രാധയെ തേടിയെത്തി.

2019-ല്‍ ജയ്പുരില്‍ നടന്ന വനിതാ ട്വന്റി-20 ചലഞ്ച് ഫൈനലാണ് രാധയുടെ ഓര്‍മ്മയിലെ ഏറ്റവും മനോഹരമായ മത്സരം. അന്ന് ഫൈനലില്‍ സൂപ്പര്‍നോവാസിനായി അര്‍ധ സെഞ്ചുറി നേടിയ ഹര്‍മന്‍പ്രീത് കൗര്‍ ടീമിനെ വിജയത്തിന് അരികില്‍ വരെയെത്തിച്ച് പുറത്തായി. നാല് പന്തില്‍ നിന്ന് ഏഴു റണ്‍സായിരുന്നു ആ സമയത്ത് സൂപ്പര്‍നോവാസിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന രാധ ആദ്യ മൂന്നു പന്തിലും ഡബിളെടുത്തു. ഇതോടെ സ്‌കോര്‍ ഒപ്പമെത്തി. അവസാന പന്തില്‍ ഫോര്‍ അടിച്ച് രാധ സൂപ്പര്‍നോവാസിനെ വിജയതീരത്തെത്തിച്ചു. അന്ന് ഹര്‍മന്‍പ്രീത് വിജയത്തിന് അരികില്‍ പുറത്തായപ്പോള്‍ രാധയ്ക്ക് സന്തോഷം തോന്നി. ടീമിനെ ഒരു തവണയെങ്കിലും വിജയത്തിലേക്ക് നയിക്കാനുള്ള അവസരം ലഭിച്ചതിലുള്ള സന്തോഷമായിരുന്നു ഇത്.

നിലവില്‍ ബി.സി.സി.ഐയുടെ ഗ്രേഡ് ബി കരാറിലുള്ള രാധയ്ക്ക് 30 ലക്ഷം രൂപയാണ് ഒരു വര്‍ഷത്തില്‍ ലഭിക്കുന്നത്. ഈ പണമുപയോഗിച്ച്‌ അവള്‍ അച്ഛന്റെ കട വലുതാക്കി. കൂടുതല്‍ സാധങ്ങള്‍ കടയിലെത്തിച്ചു. ബറോഡയില്‍ മൂന്നു കിടപ്പുമുറികളുള്ള ഒരു അപാര്‍ട്‌മെന്റ് വാങ്ങി. അടുത്ത വര്‍ഷം കുടുംബത്തോടൊപ്പം രാധ അങ്ങോട്ട് താമസം മാറും.

Content Highlights: Radha Yadav Indian Women's Cricket Team T20 World Cup

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented