
ഗുണ്ടപ്പ വിശ്വനാഥ് 60-ാം പിറന്നാളാേഘാഷത്തിൽ സച്ചിൽ തെണ്ടുൽക്കർ, സുനിൽ ഗാവസ്കർ, അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പം
1970-കളില്‍ വളര്‍ന്ന ക്രിക്കറ്റ് ആരാധകരില്‍ ഭൂരിഭാഗവും വളരെ സ്വാഭാവികമായിത്തന്നെ സുനില്‍ ഗാവസ്കറിലേക്ക് ആകര്‍ഷിക്കപ്പെടുമായിരുന്നു. 1971-ല്‍ വെസ്റ്റിന്‍ഡീസിലെ അരങ്ങേറ്റപരമ്പരയിലെ ആദ്യ നാലു ടെസ്റ്റുകളിലൂടെത്തന്നെ ഗാവസ്കര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ബാറ്റര്‍ എന്ന പേരെടുത്തു. അദ്ദേഹം ലോകത്തെ അതിപ്രശസ്തരായ ഫാസ്റ്റ് ബൗളര്‍മാരെ നേരിടുന്നതിലെ ആത്മവിശ്വാസവും ആവേശവും കാണുമ്പോള്‍ അപാരമായ ശാന്തതയും സുരക്ഷിതത്വവും തോന്നുമായിരുന്നു. ക്രിക്കറ്റിനെ ആഴത്തില്‍ അറിഞ്ഞുതുടങ്ങിയ ആദ്യദിനംതൊട്ട് ഗാവസ്കറായിരുന്നു എന്റെ ഫേവറിറ്റ്. റേഡിയോയിലെ കമന്ററിയിലൂടെത്തന്നെ ക്രീസില്‍ അദ്ദേഹമുണ്ടോ എന്നറിയാം. പത്രങ്ങളുടെയും മാസികകളുടെയും പേജുകള്‍ക്ക് ഗാവസ്കറുടെ ചിത്രങ്ങള്‍ അലങ്കാരമായി. ആ ബാറ്റിങ് വൈവിധ്യത്തെപ്പറ്റി എന്റെ അച്ഛന് അദ്ദേഹത്തിന്റെ വിശാലമായ അറിവും ചേര്‍ത്തുവെച്ച് പറഞ്ഞുതരുമായിരുന്നു. ഇതിനൊപ്പം അച്ഛന് ഗുണ്ടപ്പ വിശ്വനാഥിനെപ്പറ്റിയും ആവേശത്തോടെ പറഞ്ഞു. സൂചിയില്‍ നൂല്‍കോര്‍ക്കുന്ന സൂക്ഷ്മതയോടെ ക്രീസില്‍ റിസ്റ്റ് (കൈയുടെ മണിബന്ധം) ഉപയോഗിച്ച് വിശ്വനാഥ് സൃഷ്ടിക്കുന്ന മാന്ത്രികതയെക്കുറിച്ച്, ഫീല്‍ഡര്‍മാര്‍ നിരന്നുനില്ക്കുന്നതിനിടയിലൂടെ അതിസൂക്ഷ്മമായ ഒഴിവിടങ്ങള്‍ കണ്ടെത്തി അതിലൂടെ ഉദാസീനമായി പന്തിനെ തഴുകിവിടുന്നതിനെപ്പറ്റി അച്ഛന് വാചാലനായി. ഗ്രൗണ്ടില്‍ എതിരാളികളുടെ നല്ല നീക്കങ്ങളെ ചെറിയൊരു തലയാട്ടലിലൂടെയും പുഞ്ചിരിയിലൂടെയും നേര്‍ത്ത ഇമയനക്കങ്ങളിലൂടെയും വിശ്വനാഥ് വന്ദിക്കുന്നതിനെക്കുറിച്ചും അച്ഛന് പറഞ്ഞു. അങ്ങനെ ഞാന്‍ വിഷി സാറിലേക്ക് ആകര്‍ഷിക്കപ്പെട്ടു - അന്നും എന്റെ ഹീറോ നമ്പര്‍വണ്‍ സുനില്‍ ഗാവസ്കര്‍ ആയിരുന്നെങ്കിലും.
ക്രിക്കറ്റിനെപ്പറ്റി കൂടുതല്‍ക്കൂടുതല്‍ വായിച്ചുതുടങ്ങിയതോടെയാണ് വിശ്വനാഥിന്റെ സ്ഥാനം എത്ര ഉയരെയാണെന്ന് മനസ്സിലായത്. ജീനിയസ് എന്ന വാക്ക് ഇന്ന് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്നുണ്ട്. അത്തരം അതിശയോക്തികള്‍ അപൂര്‍വമായിരുന്ന കാലത്ത് ബെംഗളൂരുവില്‍നിന്നുള്ള ഈ മാന്ത്രികനെക്കുറിച്ച് പറയാനാണ് ആ വാക്ക് ഉപയോഗിച്ചിരുന്നത്. ഞാന്‍ കൂടെക്കളിച്ചവരില് ഏറ്റവും മികച്ച ബാറ്റര്‍ വിഷിയാണെന്ന് സുനില്‍ ഗാവസ്കര്‍ ആവര്ത്തിച്ചുപറഞ്ഞപ്പോഴും അതാര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. ഗാവസ്കറെക്കാള് മികച്ച ബാറ്റ്സ്മാനോ എന്ന് എല്ലാവരും അതിശയിച്ചു. താത്പര്യം തോന്നിയവര്‍ അദ്ദേഹത്തെ പിന്തുടര്ന്നു. അദ്ദേഹത്തിന്റെ ബാറ്റിങ്ങിന്റെ യൂട്യൂബ് വീഡിയോകള്‍ കിട്ടാനില്ലായിരുന്നു. റേഡിയോ കമന്ററികള്‍ കേള്‍ക്കണം. പത്രത്തില്‍ വന്നത് വായിക്കണം. പിന്നെ അത്രയും ഭാഗ്യവാനാണെങ്കില്‍ അദ്ദേഹത്തിന്റെ കളി നേരിട്ടുകാണാന്‍ ഗ്രൗണ്ടിലെത്താം. അദ്ദേഹം ബാറ്റുചെയ്യുന്നത് ഞാന്‍ ഒരിക്കലേ നേരിട്ടുകണ്ടുള്ളൂ. 1980-കളുടെ തുടക്കത്തില്‍ മദ്രാസില്‍ നടന്ന ഒരു പ്രദര്ശനമത്സരത്തിനിടെ. മത്സരത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ഓര്‍ക്കുന്നില്ല. ശ്രദ്ധമുഴുവന്‍ ഗാവസ്കറിലായിരുന്നെങ്കിലും വിഷിസാറിന്റെ ഷോട്ടുകള്‍ എന്നെ വശീകരിച്ചു.

അന്ന് ടീം ബസ് വരുന്നതും കാത്ത് ഞാന്‍ ഓട്ടോഗ്രാഫ് ബുക്കും കൈയില്‍പ്പിടിച്ച് കാത്തിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു. അന്നേ അളിയന്മാരായിരുന്ന (സുനില്‍ ഗാവസ്കറുടെ സഹോദരി കവിതയെയാണ് വിശ്വനാഥ് കല്യാണംകഴിച്ചത്) സൂപ്പര്‍താരങ്ങള്‍ ബസിലുണ്ടായിരുന്നു. നീട്ടിപ്പിടിച്ച എന്റെ കൈയില്‍നിന്ന് വിഷിസാര് പുസ്തകംവാങ്ങി അല്പനേരം കഴിഞ്ഞ് തിരിച്ചുതന്നു. പുസ്തകം തുറന്നപ്പോള്‍ രണ്ടാം പേജില്‍ അദ്ദേഹം ഒപ്പിട്ടിരിക്കുന്നതുകണ്ട് എന്റെ കണ്ണുകള്‍ തിളങ്ങി. ആദ്യ പേജ് ഗാവസ്കര്‍ക്കുവേണ്ടി ഒഴിച്ചിട്ടതായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഈ കഥ വിഷിസാറിനോട് പറഞ്ഞപ്പോള്‍ വിശ്വാസംവരാത്തപോലെ ചോദിച്ചു:
''ശരിക്കും?''
വിശ്വാസമായില്ലെന്ന് ഉറപ്പായിരുന്നു. ഭാഗ്യവശാല്‍ ആ ബുക്ക് എന്റെ കൈയിലുണ്ടായിരുന്നു. അത് പുറത്തെടുത്ത് കാണിച്ചപ്പോള്‍ ചെറുചിരിയോടെ പറഞ്ഞു:
''ഓകെ ബോസ്, ഞാന്‍ സമ്മതിച്ചു''
ഞങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അന്ന് അറിയുമായിരുന്നില്ല. ഞാന്‍ കൂടുതല്‍കാലം ചെലവഴിച്ചത് ബെംഗളൂരുവിലാണ്. ഞങ്ങളുടെ വഴികള്‍ പലപ്പോഴും സന്ധിച്ചു. ഞങ്ങള്‍ക്കിടയിലെ സൗഹൃദത്തെ ഇരുവരും ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സുന്ദരമായ ചെറുപുഞ്ചിരി, വിനയാന്വിതമായ സാന്നിധ്യം, സൂക്ഷ്മവും കണിശവുമായ ഹാസ്യം എന്നിവ ആ കൂടിക്കാഴ്ചകളെ ഹൃദ്യമാക്കി. ഞങ്ങള്‍ മണിക്കൂറുകളോളം ഒരുമിച്ച് ചെലവഴിച്ചു. അദ്ദേഹത്തിന്റെ വിശാലമായ അറിവുകളും ഹൃദ്യമായ സാന്നിധ്യവും നേരിട്ട് അനുഭവിക്കാനായതില്‍ ഞാന്‍ സന്തോഷിച്ചു.
ലോകത്തെ കീഴ്മേല്‍മറിച്ച കോവിഡ് മഹാമാരിയെത്തുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളുമായുള്ള ഒരു സംഭാഷണത്തിനിടെയാണ് വിഷിസാറിന്റെ ആത്മകഥാരചനയില്‍ സഹകരിക്കുന്നകാര്യം ചര്‍ച്ചയായത്. ഇന്ത്യയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മറ്റു രചനകളും സജീവമായത് ഈയടുത്ത കാലത്താണ്. അതില്‍ ഇങ്ങനെയൊരു കളിക്കാരനെക്കുറിച്ച് വരുംതലമുറയ്ക്ക് അറിയാന്‍ വളരെ കുറച്ചേയുള്ളൂ. അതുകൊണ്ട്, ഞങ്ങളുടെ അടുത്ത കൂടിക്കാഴ്ചയില്‍ വിഷിസാറിനോട് അദ്ദേഹം എഴുതുന്നതിനെപ്പറ്റി പറയാന്‍ ഞാന്‍ ധൈര്യപ്പെട്ടു. അദ്ദേഹം സ്വതസ്സിദ്ധമായ ചിരിചിരിച്ചു, ചെയ്യാം എന്നോ വേണ്ട എന്നോ പറഞ്ഞില്ല. അതുകൊണ്ട് വാതില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ല എന്ന് ഞാന്‍ ആശ്വസിച്ചു. കുറച്ചുമാസങ്ങള്‍ക്കകം രാജ്യം ലോക്ഡൗണിലേക്ക് പോയി. പുസ്തകത്തിനുവേണ്ടിയുള്ള ഓര്‍മപ്പെടുത്തലും ഉപദേശിക്കലും ഇടയ്ക്കിടെ ആവര്‍ത്തിച്ചു. അത് അദ്ദേഹത്തെ അലോസരപ്പെടുത്തുന്നുണ്ടെന്ന് തോന്നി. ലോക്ഡൗണ്‍ കാലത്ത് ലോകത്തെ ഒട്ടേറെ വിഷയങ്ങളെപ്പറ്റി ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചു. എന്നാല്‍, പുസ്തകത്തെക്കുറിച്ച് പറയുമ്പോഴെല്ലാം ''നമുക്ക് നോക്കാം, തിരക്കില്ലല്ലോ'' എന്നായിരുന്നു മറുപടി. പുസ്തകത്തിനുവേണ്ടി പ്രശസ്തരായ എത്രയോ ആളുകള്‍ മൂന്നുപതിറ്റാണ്ടോളമായി അദ്ദേഹത്തെ സമീപിക്കുന്നുണ്ടെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. ഒടുവില്‍, 2020 ജൂലായില്‍ ആ അണപൊട്ടി. ഒരുദിവസം വൈകീട്ട് എന്നെവിളിച്ച് പറഞ്ഞു: ''നമുക്കത് ചെയ്യാം''. ആ നിമിഷത്തില്‍ റൂഫ്ടോപ്പില്നിന്ന് ഞാന്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടേണ്ടതായിരുന്നു. പക്ഷേ, ''വളരെ നന്ദി'' എന്നുമാത്രമേ പറഞ്ഞുള്ളൂ. ഏറ്റെടുത്ത ഉത്തരവാദിത്വം വളരെ വലുതാണെന്ന് ഉടന്‍ തിരിച്ചറിയുകയും ചെയ്തു.
പിന്നീടുള്ള കുറച്ചുമാസങ്ങള്‍, കോവിഡിന്റെ രൂക്ഷതയില്‍ നേരിട്ടുള്ള കൂടിക്കാഴ്ച ഏറക്കുറെ അസാധ്യമായിരുന്നു. ഫോണിലൂടെ ഞങ്ങള്‍ പലതവണ സംസാരിച്ചു. ആ യന്ത്രത്തിനും നന്ദി. എഴുതേണ്ട കാര്യങ്ങളില്‍ ഒരു ധാരണയിലെത്തുകയും അധ്യായങ്ങള്‍ എങ്ങനെ വേണമെന്ന് ചര്‍ച്ചചെയ്യുകയും എഴുതിയത് പലതവണ തിരുത്തുകയും മിനുക്കുകയും ചെയ്തു. മിക്കപ്പോഴും വിഷിസാറിന്റെ ഓര്‍മകള്‍ കണിശമായിരുന്നു -1969-ലായിരുന്നു അദ്ദേഹത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം എന്ന് ഓര്‍ക്കണം- ചില പ്രത്യേക സംഭവങ്ങള്‍ വളരെ വിശദമായിത്തന്നെ പറഞ്ഞു. പുസ്തകരചനയ്ക്കിടെ എന്റെ ക്രിക്കറ്റ് വിശ്വാസങ്ങള്‍ ഉലഞ്ഞു. അദ്ദേഹത്തിന്റെ അറിവിന്റെയും അനുഭവത്തിന്റെയും ലോകത്തിലൂടെ ക്രിക്കറ്റിലെ ഒരു കാലഘട്ടത്തിലൂടെയുള്ള അനിര്‍വചനീയമായ യാത്രയായിരുന്നു അത്. പുസ്തകത്തിനുവേണ്ടിയുള്ള ഞങ്ങളുടെ അവസാനസംഭാഷണം കഴിഞ്ഞപ്പോള്‍ -സംഭാഷണങ്ങള്‍ ഒമ്പതുമാസത്തോളം നീണ്ടു- ദശകങ്ങളായി എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന ക്രിക്കറ്റ് എന്ന കളിയെക്കുറിച്ച് എത്ര കുറച്ചുമാത്രമേ എനിക്കറിയാവൂ എന്ന് തിരിച്ചറിഞ്ഞു. അങ്ങനെ, 'റിസ്റ്റ് അഷ്വര്‍ഡ്' എന്ന പുസ്തകം ജനിച്ചു.
വിവര്‍ത്തനം: സന്തോഷ് വാസുദേവ്, കെ. സുരേഷ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..