ജപ്പാൻ-സ്പെയിൻ മത്സരത്തിൽ നിന്നും | PHOTO: TWITTER
2018 ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ ജപ്പാന് ഇപ്പോളവര്‍ നേടിയ ജയത്തിന് അടിത്തറയിട്ടിരുന്നുവെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ തോന്നും. ബെല്‍ജിയത്തിനെതിരെ ഒരു ഘട്ടത്തില്‍ രണ്ടു ഗോളിന് അവര്‍ മുന്നില്‍ നിന്ന ശേഷം മൂന്നു ഗോള്‍ വാങ്ങി പരാജയപ്പെട്ടു. പ്രീക്വാർട്ടറിലായിരുന്നു അത്. ആ ടൂര്‍ണമെന്റിലെ മികച്ച കളികളിലൊന്നായിരുന്നു ഇത്. എച്ച് ഗ്രൂപ്പില്‍ കൊളംബിയയെ തോല്‍പ്പിക്കുകയും സെനഗലിനോട് സമനില പാലിക്കുകയും പോളണ്ടിനോട് തോല്‍ക്കുകയും ചെയ്തിരുന്നു. നഗട്ടോമോവും ക്യാപ്റ്റന്‍ യോഷിദയും ആ ടീമിലുണ്ട്. അതായത് പിന്നില്‍ നിന്ന് പൊരുതാന്‍ മാത്രമല്ല തുടക്കത്തില്‍ ഗോളടിച്ച് മുന്നില്‍ നിന്ന് ആക്രമിച്ചു കളിക്കാനും അവര്‍ക്കാവും. ജര്മനിക്കെതിരെയൊ സ്പെയിനിനെതിരെയൊ അങ്ങനെയല്ല ജയം നേടിയത് എന്നത് വാസ്തവം. കോസ്റ്ററീക്കക്കെതിരെ അങ്ങനെ കളിക്കാന്‍ ആയിട്ടുമില്ല. എന്നാല്‍ ആ വഴിയിലേക്ക്, പ്രതികരിക്കുന്ന ടീമില്‍ നിന്ന് മുന്‍കൈയെടുക്കുന്ന ടീമിലേക്ക് അവര്‍ ക്രമേണ വന്നേക്കാം.
റഷ്യയില്‍ നിന്ന് അവര്‍ ഇപ്പോള്‍ എത്രയോ മുന്നേറിയിരിക്കുന്നു. ബെല്ജിയത്തിനെപ്പോലെയോ ജര്മനിയെപ്പോലെയോ പിന്നോട്ട് കാല്വെച്ചിട്ടില്ല. ജപ്പാന്റെ കളി ഈ ലോകകപ്പിന്റെ അടയാളമായി മാറിക്കഴിഞ്ഞു. ഖത്തറിലെ ഈ ഗ്രൂപ്പ് മല്‍സരങ്ങള്‍ രണ്ടാം ദിവസത്തെ പാതിരാ ഫൈനലുകളായിരുന്നു. ഒരു ഘട്ടത്തില്‍ നാലു ടീമുകളും അടുത്ത ഘട്ടത്തിലേക്കുള്ള സാധ്യതാ പട്ടികയില്‍ മാറിയും മറിഞ്ഞും വന്നു.

ജപ്പാന് കോച്ച് ഹാജിമെ മോറിയാസുവിന്റെ അഭിപ്രായത്തില്‍ ഏഷ്യയും യുറോപ്പും തമ്മിലുളള അന്തരം വളരെ കുറഞ്ഞിരിക്കുന്നു. ഒരു പക്ഷേ ഒരു പന്തകലത്തിലും കുറവ്. ജപ്പാന്റെ രണ്ടാം ഗോള്‍ നോക്കിയാല്‍ അങ്ങനെ പറയാന്‍ തോന്നും. കറുമിറ്റേമ ,തനാക്കക്ക് ഗോളടിക്കാന്‍ അകത്തേക്ക് വലിച്ചിട്ട പന്ത് പുറത്തോ അകത്തോ എന്ന സംശയമുണ്ടായിരുന്നു. അത് അകത്തു തന്നെയാണെന്ന് വാര് ദൃശ്യങ്ങള്‍ നോക്കി തീരുമാനിച്ചു. പന്ത് മുഴുവനായും വര കടക്കണം എന്നു പറഞ്ഞാല്‍ അതിന്റെ പൊങ്ങി നില്ക്കുന്ന ഗോളാകൃതിയും അഥവാ വീര്‍ത്ത ഭാഗവും വരകടക്കേണ്ടതുണ്ട്. കോര്‍ണര്‍ കിക്കെടുക്കുമ്പോള്‍ പന്ത് വരയ്ക്ക് പുറത്തല്ലേ എന്ന് കാണികള്‍ക്ക് തോന്നുന്നതിന് ഒരു കാരണവും ഇതാണെന്ന് മുന്‍ റഫറിയായ പീറ്റര്‍ വാള്ടണ് വിശദീകരിച്ചതായി കണ്ടു. കോര്ണറിടക്കാന് പന്തു വെക്കുമ്പോള്‍ വരയ്ക്ക് പുറത്താണെന്ന് തോന്നാമെങ്കിലും അതിന്റെ വീര്‍ത്ത ഭാഗം വരയ്ക്കുള്ളിലായിരിക്കുമെന്നു ചുരുക്കം അസിസ്റ്റന്റ് റഫറിക്ക് അത് മനസ്സിലാക്കാനാവും. ചിലപ്പോള്‍ അവര്‍ പന്ത് മാറ്റിവെപ്പിക്കുന്നതും കാണാം.
എന്നാല്‍ ടെക്നോളജി എന്തു തന്നെയാകട്ടെ പന്ത് വര കടന്നു എന്നു കരുതുന്ന ഒരു വിഭാഗവമുണ്ട്. ടെക്നോളജിയെ നമ്മള് സ്വീകരിക്കുന്നുവെങ്കില്‍ അതിന്റെ സൂക്ഷ്മമായ അളവുകളെയും സ്വീകരിക്കുകയേ വഴിയുള്ളൂ. മില്ലിമീറ്റര്‍ വേണ്ട, സെന്റിമീറ്ററോ അടിക്കണക്കോ മതി എന്ന് പറയാനാവുമോ എന്ന് സംശയമാണ്. ഇനിയൊരു കാലത്ത് ഫുട്ബോള്‍ സാങ്കേതികവിദ്യ ഉപേക്ഷിച്ച് അതിന്റെ ലാളിത്യത്തിലേക്ക് തിരിച്ചുപോകണം എന്ന വാദവും ഉയര്‍ന്നേക്കാം. വാര് ചെക്ക് കഴിഞ്ഞ ലോകകപ്പിനേക്കാള്‍ വളരെ ശക്തമായി പ്രവര്‍ത്തിച്ചിട്ടുള്ളത് ഈ ലോക കപ്പിലാണ്. അതിനാല്‍ ഇഞ്ച്വറി ടൈം വര്‍ധിച്ചിരിക്കുന്നു. പകരക്കാരെ ചിലപ്പോള്‍ പരിശീലകര്‍ ബ്രഹ്മാസ്ത്രങ്ങളായി ഉപയോഗിക്കുന്നു.
ബെല്‍ജിയത്തിന്റെ തോല്‍വിയില്‍ നമ്മെപ്പോലുള്ള നിഷ്പക്ഷര്‍ക്ക് ദഃഖമുണ്ടാവില്ല. ഭാരം കയറ്റിയ വണ്ടി പോലെയുള്ള കളിയായിരുന്നു അവരുടേത്. ലുക്കാക്കു കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താഞ്ഞത് നന്നായി. അല്ലെങ്കില്‍ അവരുടെ കളി കുറച്ചു നേരം കൂടി ഊര്‍ധ്വന്‍ വലിക്കുമായിരുന്നുവെന്നു മാത്രം. അതേസമയം പ്രായം അത്ര വലിയ ഘടകമല്ലെന്ന് അവരുടെ എതിരാളി ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിന്റെ കളി എടുത്തുകാണിക്കുന്നു. മോഡ്രിച്ച് ഒരു ക്ലാസെടുക്കുമ്പോലെ ഇപ്പോഴും കളിക്കുന്നു. വേഗക്കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും കളിക്കാനിറങ്ങിയാല് അയാളൊരു കലാകാരനാണ് ഉടുത്തുകെട്ട് ഇല്ലെന്നേയുള്ളൂ.
ജര്‍മനി അവരുടെ തോല്‍വിക്ക് സ്വയം പഴിക്കുകയായിരിക്കും നല്ലത്. ജര്‍മനി മുന്നേറിയിരുന്നുവെങ്കില്‍ ജമാല്‍ മുസിയാല എന്ന 19 കാരന് കൂടുതല്‍ ആത്മപ്രകാശനത്തിന് അവസരം ലഭിക്കുമായിരുന്നുവെന്നു മാത്രം. മുസിയാല മുന്നില്‍ പ്രകാശമാനമായ വഴിയാണ് തെളിഞ്ഞുകിടക്കുന്നത്. മുസിയാല മുന്നേറ്റനിരയിലാണെങ്കില് പിന്‍നിരയില്‍ ബാറ്റ്മാനെപ്പോലെ മുഖം മൂടിയണിഞ്ഞ ഒരു 20 കാരനും ശ്രദ്ധപിടിച്ചു പറ്റിക്കഴിഞ്ഞു. ക്രൊയേഷ്യയുടെ ജോസ്കോ ഗുവാര്ഡിയോള്. മുസിയാലയുടെയും പെഡ്രിയുടെയും ഗാവിയുടെയും കൂട്ടത്തില്‍ പെടുത്താവുന്ന കളിക്കാരനാണ് ഗുവാര്ഡിയോളും.
മൊറോക്കോ ബെല്‍ജിയവും ക്രൊയേഷ്യയും അടങ്ങുന്ന ഗ്രൂപ്പില്‍ നിന്നാണ് ഒന്നാമതായി അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. 1988ല്‍ നൈജീരിയക്കു ശേഷം ഈ നേട്ടം നേടുന്ന ആദ്യത്തെ ആഫ്രിക്കന്‍ ടീം. ആഫ്രിക്കന്‍ ടീമുകള്‍ കൂടുതല്‍ ഉയരങ്ങള്‍ ലക്ഷ്യം വെക്കണമെന്ന് ചെറുപ്പക്കാരനായ അവരുടെ കോച്ച് വാലിദ് റെഗ്രഗുയി പറയുകയുണ്ടായി. ഹക്കീം സിയേഷ് ,അഷ്റഫ് ഹക്കീമി, അമ്രബാത്ത് തുടങ്ങിയവര്‍ കാണികളുടെ മനസ്സ് കയ്യേറിക്കഴിഞ്ഞു.
ഒരു കാര്യം വ്യക്തമാണ്. ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ടീമുകളും ലക്ഷ്യങ്ങള്‍ കുറച്ചു കൂടി ഉയരത്തില്‍ പ്രതിഷ്ഠിക്കാന്‍ കഴിയും വിധം താന്താങ്ങളുടെ റോഡ് മാപ്പുകള്‍ മാറ്റി വരക്കും. കളിക്കുക മാത്രമല്ല, ജയിക്കുക കൂടി അവരുടെ ലക്ഷ്യമായിരിക്കും. എന്തു കൊണ്ട് അങ്ങനെ ചിന്തിച്ചുകൂടാ? അങ്ങനെ നോക്കിയാല്‍ ഖത്തര്‍ ഒരു വഴിത്തിരിവാണ്.
ജപ്പാന് കോച്ച് മോറിയാസു തന്റെ ടീമിനെ ക്രൊയേഷ്യക്കെതിരെ രണ്ടാം പകുതിയിലായിരിക്കുമോ കളിപ്പിക്കുക മറിച്ച് ഒന്നാം പകുതിയില്‍ തന്നെ കളിപ്പിക്കുമോ? അത് കൗതുകകരമായ ആലോചനയാണ്. അതു കാണാന്‍ കാത്തിരിക്കുകയേ വഴിയുള്ളൂ. ഇപ്പോള്‍ ജപ്പാന്റെ കളിയെ കൊണ്ടാടുക. ഫുട്ബോള്‍ ലേഖികയായ ഏമി ലോറന്‍സ് തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇങ്ങനെ കുറിക്കുകയുണ്ടായി.
' ഹലോ പോസ്റ്റ്മാച്ച് ഐടിവി അനാലിസിസ്!. ജപ്പാന് ഒരു കുഞ്ഞു കഷ്ണം ബഹുമതി എന്തേ കൊടുത്തുകൂടെ ?'
ഒരു വലിയ പങ്ക് ബഹുമതി തന്നെ ഇപ്പോള്‍ അവര്‍ അര്‍ഹിക്കുന്നു.
Content Highlights: qatar fifa world cup 2022 ananlysis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..