ലോക വനിതാ ബാഡ്മിന്റണ്‍ കിരീടം ചൂടിയ പി.വി. സിന്ധുവിന് ഇനി നല്‍കാവുന്ന വിശേഷണം ഇതാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വനിതാ കായികതാരം. നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ മേരികോം, പി.ടി. ഉഷ, അഞ്ജു ബി. ജോര്‍ജ്, സൈന നേവാള്‍ തുടങ്ങിയവരെ സിന്ധു ഒരുപടി പിന്നിലാക്കിയിരിക്കുന്നു. ലോകചാമ്പ്യന്‍ പട്ടവും ഒളിമ്പിക് വെള്ളിമെഡലും നേടിയ ഒരേയൊരു ഇന്ത്യന്‍ വനിതാ കായികതാരമാണിപ്പോള്‍ സിന്ധു. ഒളിമ്പിക് സ്വര്‍ണം മാത്രമേ നേടാന്‍ അവശേഷിക്കുന്നുള്ളൂ. അടുത്തവര്‍ഷം ടോക്യോവില്‍ അതും നേടിയേക്കാം. നിലവിലെ ഫോമില്‍ സിന്ധുവിനത് കഴിയും.

വനിതാ ബാഡ്മിന്റണ്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ പതാക ആദ്യം പാറിച്ചത് മുംബൈക്കാരി അപര്‍ണാ പോപ്പട്ട് ആയിരുന്നു. 1996-ല്‍ ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയ അപര്‍ണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ സിംഗിള്‍സില്‍ ഓരോ തവണ വെള്ളിയും വെങ്കലവും സ്വന്തമാക്കി. 

അപര്‍ണ നിര്‍ത്തിയിടത്തു നിന്ന് തുടങ്ങിയ സൈന നേവാള്‍ 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടി വിസ്മയം സൃഷ്ടിച്ചു. 2015-ലെ ജക്കാര്‍ത്ത ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ കൂടി നേടിയതോടെ അതിനപ്പുറത്തേക്ക് ഒരു ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരത്തിന് വളരാനാവില്ലെന്ന് നമ്മള്‍ വിശ്വസിച്ചു. പക്ഷെ, സൈന വളര്‍ന്ന അതേ നഗരത്തില്‍നിന്ന് സൈനയുടെ പരിശീലകന്‍ ഗോപീചന്ദിന്റെ കളരിയില്‍നിന്ന് അതേ കാലത്തുതന്നെ പിന്‍ഗാമി വന്നു, പി.വി. സിന്ധു. ആ പിന്‍ഗാമിയിതാ എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് കുതിച്ചിരിക്കുന്നു.

സിന്ധുവിന്റെ ഹൈദരാബാദിലെ വീട്ടിലെ സ്വീകരണ മുറിയില്‍, പി.ടി ഉഷയ്‌ക്കൊപ്പം ഇരിക്കുന്ന കുഞ്ഞു സിന്ധുവിന്റെ പടമുണ്ട്. ഉഷ സിന്ധുവിന്റെ വീട്ടില്‍ ചെന്നപ്പോള്‍ എടുത്ത ചിത്രം. ഉഷയെപ്പോലെ, മകള്‍ ലോകമറിയുന്ന കായികതാരമായി മാറണമെന്നായിരുന്നു കായികതാരങ്ങളായ മാതാപിതാക്കളുടെ സ്വപ്നം. സിന്ധു ആ ലക്ഷ്യത്തിലെത്തിയിരിക്കുന്നു.

സിന്ധുവിന്റെ അച്ഛന്‍ പി.വി. രമണ തൊണ്ണൂറുകളില്‍ ഇന്ത്യന്‍ വോളി ടീമിന്റെ മുന്നണിപ്പോരാളിയായിരുന്നു. അമ്മ വിജയയും ദേശീയ വോളിബോള്‍ താരം. ഏഷ്യന്‍ ഗെയിംസിലടക്കം നിരവധിതവണ ഇന്ത്യന്‍ കുപ്പായമണിഞ്ഞ രമണ അര്‍ജുന അവാര്‍ഡ് ജേതാവായി. രമണ ജോലിചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്ക് കീഴിലാണ് സിന്ധു ബാഡ്മിന്റണ്‍ അഭ്യസിച്ചു തുടങ്ങിയത്. ''വൈകുന്നേരം വോളി കളിക്കാന്‍ ഞാന്‍ ഗ്രൗണ്ടില്‍ ചെല്ലും. അത് കണ്ടിരിക്കുമ്പോള്‍ സിന്ധു തനിയെ തൊട്ടടുത്തുള്ള ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് നടന്നുകയറുകയായിരുന്നു. അവള്‍ സ്വയം തിരഞ്ഞെടുത്ത വഴി''- രമണ പറയുന്നു. 

ബ്രിട്ടനില്‍ താമസമാക്കിയ മലയാളിയായ പരിശീലകന്‍ ടോം ജോണ്‍ ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ ക്യാമ്പ് നടത്തിയപ്പോള്‍ സിന്ധുവിനെ അവിടെ ചേര്‍ത്തു. സിന്ധുവിന്റെ കരിയര്‍ ബാഡ്മിന്റനാണെന്ന് ആദ്യം ഉറപ്പിച്ചുപറഞ്ഞത് ടോം ആണ്. ഗോപീചന്ദിന്റെ പരിശീലകനായിരുന്ന ടോം ഉറപ്പുപറഞ്ഞതോടെ രമണയ്ക്ക് മറിച്ചൊന്നും ആലോചിക്കാനില്ലായിരുന്നു. പിന്നീട് ഗോപീചന്ദ് അക്കാദമിയില്‍ ചേര്‍ന്നതോടെ സിന്ധുവിന്റെ കരിയര്‍ മറ്റൊരുതലത്തിലേക്ക് പ്രവേശിച്ചു.

Content Highlights: PV Sindhu without similarities