പുസരല വെങ്കട സിന്ധു എന്ന പേര് ഇനി ചരിത്രത്തിന്റെ ഭാഗമാണ്. 130 കോടിയിലേറെ വരുന്ന ജനതയുടെ അഭിമാനത്തിന്റെ ചിഹ്നമാണ്. 2016-ല്‍ ഒളിമ്പിക് മെഡലെന്ന ചരിത്ര നേട്ടം കുറിച്ച സിന്ധു ഇപ്പോഴിതാ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും സ്വന്തംപേരിലാക്കിയിരിക്കുകയാണ്.

ബാസലില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ ജപ്പാന്റെ മൂന്നാം സീഡ് നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ചരിത്രമെഴുതിയത്. വെറും 38 മിനിറ്റുകള്‍ മാത്രമാണ് സിന്ധുവിനു മുന്നില്‍ ഒക്കുഹാരയ്ക്ക് പിടിച്ചുനില്‍ക്കാനായത്. തീര്‍ത്തും ഏകപക്ഷീയമായ വിജയമാണ് ഇന്ത്യയുടെ ഈ ഒളിമ്പിക് മെഡല്‍ ജേതാവ് സ്വന്തമാക്കിയത്. 

ഇതേവേദിയില്‍ തുടര്‍ച്ചയായ രണ്ടു ഫൈനലുകളിലെ തോല്‍വികള്‍ക്കു ശേഷമാണ് സിന്ധുവിന്റെ തിരിച്ചുവരവ്. ഒപ്പം ഫൈനലുകളില്‍ കാലിടറുന്നയാളെന്ന വിമര്‍ശനങ്ങളെ കാറ്റില്‍പ്പറത്താനും സിന്ധുവിനായി. 

PV Sindhu, the proud Indian born on the volleyball court

പ്രകാശ് പദുക്കോണിനും ഗോപീചന്ദിനും സൈന നേവാളിനുമൊന്നും കൈയെത്തിപ്പിടിക്കാനാവാതെ പോയ സ്വപ്നതുല്ല്യമായ നേട്ടം 2016-ല്‍ റിയോയില്‍ സ്വന്തമാക്കിയ താരമാണ് സിന്ധു. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറമിതാ ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണവും.

2018-ല്‍ ലോക ബാഡ്മിന്റണിന്റെ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ കിരീടം നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കിയിരുന്നു. അന്നും എതിരാളി നൊസോമി ഒക്കുഹാര തന്നെ. 

വോളിബോളിന്റെ ഇടിമുഴക്കം നിറഞ്ഞുനിന്ന വീട്ടില്‍ ജനിച്ചിട്ടും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ചരിത്രമെഴുതാനായിരുന്നു സിന്ധുവിന്റെ നിയോഗം. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ കുന്തമുനയായിരുന്ന പുസാരല വെങ്കിട്ട രമണയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് ഈ ഇരുപത്തിയൊന്നുകാരി. വെങ്കിട്ട രമണയും വിജയയും പ്രണയത്തിലാവുന്നതും വോളി കോര്‍ട്ടില്‍ വെച്ചായിരുന്നു. കായികതാരങ്ങളായ അച്ഛനമ്മമാരുടെ പ്രേരണ ഒന്നു കൊണ്ടു മാത്രമാണ് താന്‍ സ്‌പോര്‍ട്‌സില്‍ എത്തിയതെന്ന് സിന്ധു ആണയിടുന്നു. പക്ഷെ, സിന്ധുവില്‍ ചെറുപ്പത്തിലേ കായികതാരത്തിനു വേണ്ട എല്ലാ സവിശേഷതകളും ഉണ്ടായിരുന്നുവെന്ന് രമണ പറയുന്നു. 

രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്ക് കീഴിലാണ് സിന്ധു ബാഡ്മിന്റണ്‍ അഭ്യസിച്ചുതുടങ്ങിയത്. 'വൈകുന്നേരം വോളി കളിക്കാന്‍ ഞാന്‍ ഗ്രൗണ്ടില്‍ ചെല്ലും. അതു കണ്ടിരിക്കുമ്പോള്‍ സിന്ധു തനിയെ തൊട്ടടുത്തുള്ള ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് നടന്നുകയറുകയായിരുന്നു. അവള്‍ സ്വയം തിരഞ്ഞെടുത്ത വഴി.' രമണ പറയുന്നു. പിന്നീട് ബ്രിട്ടനില്‍ താമസമാക്കിയ മലയാളിയായ പരിശീലകന്‍ ടോം ജോണ്‍ ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തില്‍ ക്യാമ്പ് നടത്തിയപ്പോള്‍ സിന്ധുവിനെ അവിടെ ചേര്‍ത്തു. ടോമാണ് ഉറപ്പിച്ചുപറഞ്ഞത്, സിന്ധുവിന്റെ കരിയര്‍ ബാഡ്മിന്റനാണെന്നും നല്ല ഭാവിയുള്ള കുട്ടിയാണെന്നും. ഗോപീചന്ദിനെ പോലുള്ള വലിയ കളിക്കാരുടെ പോലും പരിശീലകനായ ടോം പറഞ്ഞതോടെ രമണയ്ക്ക് മറിച്ചൊന്നും ആലോചിക്കാനില്ലായിരുന്നു.

PV Sindhu, the proud Indian born on the volleyball court

സിന്ധുവിനെ പൂര്‍ണമായും ബാഡ്മിന്റണിനായി വിട്ടുകൊടുത്തു. രമണയുടെ സുഹൃത്തു കൂടിയായ ഗോപീചന്ദ് സിന്ധുവിന്റെ പരിശീലനച്ചുമതല ഏറ്റെടുത്തിട്ട് പത്തു വര്‍ഷത്തിലേറെയായി. ഗോപിയുടെ കീഴില്‍ എത്തിയതിനുശേഷം സിന്ധുവിനുണ്ടായ പുരോഗതി അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു. 'ഗോപിസാര്‍ പെട്ടെന്ന് നമ്മുടെ പിഴവുകള്‍ മനസ്സിലാക്കും. അതിലേറെ വേഗം അതു തിരുത്തിയും തരും. അദ്ദേഹത്തിന്റെ ടിപ്‌സുകള്‍ വിലമതിക്കാനാവാത്തതാണ്. ദിവസം മുഴുവന്‍ ബാഡ്മിന്റണ്‍ പരിശീലിക്കുന്ന രീതി അദ്ദേഹത്തിനൊപ്പമെത്തിയപ്പോഴാണ് ഞാന്‍ പഠിച്ചത്.-സിന്ധു ഒരിക്കല്‍ പറഞ്ഞു.

തുടര്‍ച്ചയായി ഫൈനല്‍ തോല്‍വികള്‍ വേട്ടയാടിയെങ്കിലും സിന്ധുവിതാ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. 2013, 14 വര്‍ഷങ്ങളില്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ സിന്ധു ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്.

Content Highlights: PV Sindhu, the proud Indian born on the volleyball court