ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ കളിക്കുകയും ജയിക്കുകയും വേണമെന്ന് പറഞ്ഞതിന്റെ പേരില്‍ സച്ചിന് തെണ്ടുല്‍ക്കറുടെ രാജ്യസ്നേഹത്തിന്റെ മാറ്റളക്കുന്ന രീതിയിലുളള കൊള്ളിവാക്കുകളും വിമര്‍ശനങ്ങളും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു കണ്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദേശീയതയുടെ പേരില്‍ ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സയെ ആക്രമിക്കുന്ന വിവരദോഷികള്‍ തന്നെയാണ് ഇപ്പോള്‍ സച്ചിനെതിരെയും രംഗത്തു വന്നിരിക്കുന്നത്.
കശ്മീരിലെ പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിരുന്നു. അതോടെ ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പിലെ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന തരത്തില്‍ വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് സച്ചിന് സ്വീകരിച്ചത്. മത്സരം ബഹിഷ്കരിക്കുന്നതിന് പകരം പാകിസ്താനെതിരേ ഇന്ത്യ കളിച്ചു ജയിക്കണമെന്നായിരുന്നു സച്ചിന്റെ വാക്കുകള്‍. മത്സരം ബഹിഷ്കരിച്ച് പാകിസ്താന് രണ്ടു പോയന്റ് വെറുതെ നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സച്ചിന്റെ ഈ പരാമര്‍ശം ചിലരെ ചൊടിപ്പിച്ചു. റിപ്പബ്ലിക് ടി.വി ചാനല്‍ തലവനും മാധ്യമ പ്രവര്‍ത്തകനുമായ അര്‍ണബ് ഗോസാമി സച്ചിനെ ദേശദ്രോഹിയായി ചിത്രീകരിച്ചു.
പുതിയ ലോകക്രമത്തില്‍, അന്താരാഷ്ട്ര നയതന്ത്ര മേഖലയില്‍ സ്പോര്‍ട്സിനുള്ള പ്രസക്തി എന്തെന്ന് തിരിച്ചറിയാത്തവരാണ് ഇത്തരം നിരുത്തരവാദപരമായ പരാമര്‍ശങ്ങള്‍ നടത്തി സ്വയം അപഹാസ്യരാവുന്നത്. മതം, ഭാഷ, സംസ്കാരം എല്ലാം ഒരര്‍ഥത്തില്‍ മനുഷ്യവര്‍ഗത്തെ വിഭജിച്ചു നിര്ത്തു ഘടകങ്ങളാണ്. ഈ സാഹചര്യത്തില്‍ മനുഷ്യസമൂഹങ്ങളെ ഒരുമിപ്പിക്കാനും ചിലതെല്ലാം വേണം. ദേശാതിര്‍ത്തികള്‍ ഭേദിച്ച് ഭാഷയ്ക്കോ നിറത്തിനോ പ്രസക്തിയില്ലാത്ത വിധത്തില്‍ ലോകമെമ്പാടുമുള്ള മനുഷ്യരെ കോര്‍ത്തിണക്കുന്ന വികാരമായി കായിക മത്സരങ്ങള്‍ മാറിയത് അതുകൊണ്ടാവണം.
കളിക്കളത്തിലെ പോരാട്ടങ്ങള്‍ തീവ്ര ദേശീയവികാരം ഉത്പാദിപ്പിക്കുമ്പോഴും അതിനെല്ലാം ഉപരിയായി സാര്‍വലൗകികമായ ഒരു തലം ഉണ്ടായിവരുന്നു. പോരാട്ടങ്ങളുടെ കേവലമായ സൗന്ദര്യത്തേയും താരങ്ങളുടെ ഐതിഹാസികമെന്ന് വിളിക്കപ്പെടുന്ന പ്രകടനങ്ങളേയും മുന്‍നിര്‍ത്തി കായിക മത്സരങ്ങള്‍ ലോകമൊരുമിച്ച് ആസ്വദിക്കാന്‍ തുടങ്ങുമ്പോള്‍ ഇങ്ങനെയൊരു ഏകത്വം ഉണ്ടായിവരുന്നു.
പഴയതും പുതിയതുമായ ലോകക്രമത്തില്‍ സ്പോര്‍ട്സിനുള്ള പ്രാധാന്യം അതുതന്നെയാണ്. മനുഷ്യരെ വിഭജിക്കുന്നതിനേക്കാള്‍ ഒന്നിപ്പിക്കുകയാണ് സ്പോര്‍ട്സ്. വലിയ കളികള്‍ക്കുവേണ്ടി യുദ്ധങ്ങള്‍ നിര്‍ത്തിവെച്ച ചരിത്രമുണ്ട്. മറിച്ച് യുദ്ധങ്ങള്‍ കാരണം വലിയ കായിക മേളകള്‍ മാറ്റിവെക്കേണ്ടിയും വന്നു. ആ അര്‍ഥത്തില്‍ യുദ്ധത്തിന്റെ വിപരീതപദമാണ് കായിക മത്സരം. യുദ്ധങ്ങള്‍ അശാന്തിയിലേക്കും വെറുപ്പിലേക്കും ലോകത്തെ നയിക്കുമ്പോള്‍ കായിക മത്സരങ്ങള്‍ പരസ്പര സഹകരണത്തിലേക്കും സ്നേഹത്തിലേക്കും കൊണ്ടുപോവുന്നു. ഈ വസ്തുതകള്‍ പരിഗണിച്ചു വേണം പാകിസ്താനെതിരേ ക്രിക്കറ്റ് കളിക്കുന്ന കാര്യത്തില്‍ സച്ചിന് നടത്തിയ അഭിപ്രായ പ്രകടനത്തെ വിലയിരുത്താന്‍.
ആരാണ് സച്ചിന്?
ഇന്ത്യന്‍ സമൂഹത്തെ അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യരായ സാമൂഹിക ശാസ്ത്രകാരന്മാര് കണ്ടെത്തുന്ന ചില പൊതുസവിശേഷതകള്‍ ഇങ്ങനെയാണ്. ഇന്നും ഒറ്റയിണയുടെ വിശുദ്ധിയില്‍ വിശ്വസിക്കുന്നു, ദേശീയതക്ക് അമിത പ്രാധാന്യം കല്പ്പിക്കുന്നു, ഹീറോയിസത്തില്‍ അഭിരമിക്കുന്നു. ആഗോളീകരണവും ഉദാരീകരണവും ലോകക്രമത്തിന്റെ അടിസ്ഥാന ശിലകളായി മാറിക്കഴിഞ്ഞ ഘട്ടത്തിലും 'യാഥാസ്ഥിതികമായ' ഇത്തരം സവിശേഷതകള്‍ എങ്ങനെ ഇന്ത്യന്‍ സമൂഹം സൂക്ഷിക്കുന്നു എന്ന് അവര്‍ അദ്ഭുതപ്പെടുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ ഇടപെടുന്ന ചില പാശ്ചാത്യ ഗവേഷകര്‍ ഈ സവിശേഷതകളെ പഠിക്കാനും പ്രകാശിപ്പിക്കാനും സച്ചിന് തെണ്ടുല്‍ക്കറെ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. സച്ചിനോടുള്ള രണ്ടു ദശകത്തിലേറെ നീണ്ടുനില്‍ക്കുന്ന ഇന്ത്യക്കാരന്റെ ആരാധന അവരില്‍ അമ്പരപ്പുണ്ടാക്കുന്നു. മറ്റൊരു രാജ്യത്തും ഇത്ര നീണ്ട ഒരു കാലഘട്ടത്തില്‍ ഒരു കായിക താരം ഇങ്ങനെ ആഘോഷിക്കപ്പെട്ടിട്ടില്ല.
സച്ചിന് ഇന്ത്യന്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന് ഇന്ന് ലോകത്ത് സമാനതകളില്ലെന്നതാണ് യാഥാര്‍ഥ്യം. അര്‍ജന്റീനയില്‍ മാറഡോണക്കോ ബ്രസീലില്‍ പെലെക്കോ പോലും കഴിയാത്തതാണിത്. മാറഡോണ സ്വന്തം രാജ്യത്ത് അംഗീകരിക്കപ്പെടുന്നതിനൊപ്പം അവഹേളിക്കപ്പെടുകയും ചെയ്യുന്നു. സച്ചിനെ പോലെ ഒരു റോള്മോഡലിന്റെ ജീവിതം നയിക്കാന്‍ മാറഡോണക്ക് കഴിഞ്ഞില്ല എന്നതു തന്നെയാവും ഇതിനു കാരണം. കടുത്ത ദേശീയതയുടെ പര്യായമാവുകയും ദേശീയനായക പരിവേഷം നേടുകയും ചെയ്യുന്നതിനൊപ്പം ഇന്ത്യന്‍ മൂല്യങ്ങളുടെ പ്രയോക്താവും പ്രചാരകനുമായി മാറുന്നു എന്നിടത്താണ് സച്ചിന് എന്ന ഐക്കണിന്റെ വിജയം. പരസ്യമായ മദ്യപാനമോ പുകവലിയോ ഇല്ല. ആരാധികമാര്‍ ഐറെയുണ്ടെങ്കിലും ലൈംഗിക വിവാദങ്ങളുടെ നിഴലില്‍പോലും പെട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ ഉലച്ച ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ പോലും സച്ചിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല... ഇങ്ങനെ ശരാശരി ഇന്ത്യക്കാരന്റെ മൂല്യബോധത്തിന് ചേര്‍ന്ന വിധത്തില്‍ വര്‍ത്തിക്കാന്‍ ബോധപൂര്‍വമോ അല്ലാതെയോ സച്ചിന് കഴിയുന്നു.
ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഗ്രൗണ്ടിനകത്ത് ദീര്‍ഘകാലമായി പ്രകടമാക്കിയ സമഗ്രാധിപത്യത്തിനപ്പുറം ഒരു വ്യക്തിയും സാമൂഹിക ജീവിയുമെന്ന നിലയിലുള്ള സച്ചിന്റെ നില്‍പ്പ് വിശേഷമാണ്. വ്യക്തി ജീവിതത്തില്‍ പുലര്‍ത്തുന്ന വിശുദ്ധി അദ്ദേഹത്തെ മറ്റ് സെലിബ്രിറ്റികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ബ്രാന്‍ഡ് അംബാസിഡറായ സച്ചിന് മദ്യത്തിന്റെ പരസ്യത്തില്‍ മോഡല്‍ ചെയ്യാന്‍ വേണ്ടി ഓഫര്‍ ചെയ്യപ്പെട്ടിരുന്ന 20 കോടി രൂപ നിരസിച്ച ചരിത്രവുമുണ്ട്.
പൊതു സമൂഹത്തില്‍ ഇത്രയേറെ സ്വാധീനമുള്ള വ്യക്തിയെന്ന നിലയില്‍ സാമൂഹികവും രാഷ്ട്രീയവുമായി തനിക്കുള്ള ബാധ്യത തിരിച്ചറിയുകയും അതിനനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു സച്ചിന്. മഹാരാഷ്ട്രയിലെ ഇടത്തരം ബ്രാഹ്മണ കുടുംബത്തില്‍ പിറക്കുകയും ആ നിഷ്ഠകള്‍ക്കൊത്ത് ജീവിക്കുകയും ചെയ്ത അദ്ദേഹത്തെ തങ്ങളുടെ ആശയങ്ങളോട് ചേര്‍ത്ത് നിര്‍ത്താനും പ്രചാരണ ആയുധമാക്കാനുമുള്ള ശ്രമം സവര്‍ണ ഹൈന്ദവ കക്ഷികളില്‍ നിന്നുണ്ടായിരുന്നു.
അങ്ങനെയൊരു പരിവേഷം തുടക്കത്തില്‍ സച്ചിന് എങ്ങനെയോ വന്നുപോയിരുന്നു താനും. അന്നൊക്കെ ശിവസേനാ തലവന്‍ ബാല്‍ താക്കറെ ഉള്‍പ്പെടെയുള്ളവര്‍ പൊതു ചടങ്ങുകളില്‍ സച്ചിനൊപ്പം പ്രത്യക്ഷപ്പെടാന്‍ അമിത വ്യഗ്രത കാണിച്ചിരുന്നു. മുംബൈയുടെ പ്രിയ പുത്രന് എന്ന നിലയില്‍ സച്ചിന് പുരസ്കാരങ്ങള്‍ നല്‍കാനും ആദരിക്കാനും താക്കറെ മുന്നില്‍ നിന്നു. പക്ഷെ വിവിധ രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങളില്‍ പില്ക്കാലത്ത് സ്വീകരിച്ച നിലപാടുകളിലൂടെ അത്തരം ശ്രമങ്ങളെ പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് സച്ചിന്റെ മഹത്വം. ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടത്തില്‍ തന്നെ താക്കറെ രാഷ്ട്രീയത്തിന്റെ നിലപാടുകളെ തള്ളിപ്പറഞ്ഞ് സച്ചിന് തന്റെ പേരില്‍ ആരോപിക്കപ്പെട്ട താക്കറെയിസത്തില് നിന്ന് മോചിതനാവുകയായിരുന്നു.
താക്കറെയുടെ മരുമകന് രാജ് താക്കറെ മഹാരാഷ്ട്ര നവനിര്‍മാണ സേനയെന്ന സംഘടന രൂപീകരിച്ച് മഹാരാഷ്ട്രയില്‍ നിന്ന് മറ്റു സംസ്ഥാനക്കാര്‍ പുറത്തു പോവണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ മുംബൈയുടെ വലിയ അംബാസഡറായ അമിതാബ് ബച്ചന് പോലും പിടിച്ചു നില്ക്കാന് പാടുപെടേണ്ടി വന്നു. ഈ മുദ്രാവാക്യത്തെ എതിര്‍ത്ത അമിതാബിനെ അയാള്‍ ജന്മം കൊണ്ട് ഉത്തര്പ്രദേശുകാരനാണെന്ന ന്യായമുയര്‍ത്തി സേന നേരിടുകയായിരുന്നു.
എന്നാല്‍ മുംബൈ ഇന്ത്യക്കാരുടേത് മുഴുവനാണെന്ന സച്ചിന്റെ പ്രസ്താവനക്കു മുന്നില്‍ താക്കറെ പരിവാര്‍ അസ്തപ്രജ്ഞരായി പോയി. മുംബൈയുടെ അഭിമാന സ്തംഭമായ സച്ചിനെ പ്രതിരോധിക്കാന്‍ സേനക്ക് ഒരു ആയുധവും ഉണ്ടായിരുന്നില്ല. അവരുടെ മറാഠാവാദ സമരം പരാജയപ്പെട്ടുവെങ്കില്‍ അതില്‍ സച്ചിന്റെ ഈ നിലപാടിനും ഒരു പങ്കുണ്ട്. സച്ചിനില്ലാത്ത 'മറാഠാ പ്രേമം' നമുക്കെന്തിനെന്ന് മുംബൈക്കാര്‍ ചിന്തിച്ചിരിക്കണം. മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് സ്വീകരിച്ച നിലപാടുകളും സച്ചിന്റെ യശസ്സുയര്‍ത്തുന്നതായിരുന്നു. ഭീകരാക്രമണത്തിന് ശേഷം നേടിയ സെഞ്ചുറി അദ്ദേഹം സമര്‍പ്പിച്ചത് 'ആക്രമികള്‍ക്ക് മുന്നില്‍ പതറാതെയും തലകുനിക്കാതെയും നിന്ന നഗരത്തിലെ ജനങ്ങള്‍ക്കായിരുന്നു. ' വികാര നിര്‍ഭരമായി സച്ചിന് പറഞ്ഞ ഈ വാക്കുകള്‍ ഒരു നഗരത്തിന്റേയും രാജ്യത്തിന്റേയും മുറിവുകളുടെ വേദന കുറക്കാന്‍ പോന്നതായിരുന്നു. വലിയ ആവേശത്തോടെയാണ് മുംബൈക്കാര്‍ സച്ചിന്റെ വാക്കുകള്‍ ഏറ്റെടുത്തത്.
സാനിയയോട് നമ്മള് ചെയ്തത്
രാജ്യത്തിനു വേണ്ടി വിയര്‍പ്പൊഴുക്കി വലിയ നേട്ടങ്ങള്‍ സമ്മാനിച്ചപ്പോഴും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്ത കായിക താരമാണ് സാനിയും. പാകിസ്താന്‍കാരനായ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിനെ വിവാഹം ചെയ്തതിന്റെ പേരില്‍ സാനിയയുടെ ദേശസ്നേഹം തന്ന ചോദ്യം ചെയ്യപ്പെട്ടിരുന്നു. തെലങ്കാന സംസ്ഥാനത്തിന്റെ അംബാസഡറായി സാനിയയെ നിയമിച്ചതിനെതിരെ ആ സംസ്ഥാനത്തെത്തന്നെ ഒരു എം.എല്‍.എ രംഗത്തുവന്നു. അതിന് ആ ജനപ്രതിനിധി പറഞ്ഞ ന്യായം വിചിത്രമായിരുന്നു. സാനിയ വിവാഹം കഴിച്ചത് പാകിസ്താന്‍കാരനെയാണ് എന്നതുകൊണ്ട് അവര്‍ പാകിസ്താന്റെ മരുമകളാണ്. പാകിസ്താന്റെ മരുമകളായ സാനിയയെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രതിനിധിയാക്കുന്നത് അനുചിതമാണ്- ഇങ്ങനെയായിരുന്നു അയാളുടെ വാദം. 'പിറന്ന രാജ്യത്തോടുള്ള കൂറ് എത്രതവണ ഞാന്‍ തെളിയിക്കണം?' അന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് സാനിയ ചോദിച്ചു.
കപട ദേശീയവാദികളുടെ ആക്രമണങ്ങള്‍ സാനിയക്കെതിരെ ഇന്നും തുടരുകയാണ്. കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഭീകരാക്രമണം നടന്നപ്പോളും സാനിയയയെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്ന പരാമര്‍ശവുമായി ഒരു ജനപ്രതിനിധി രംഗത്തു വരികയുണ്ടായി. പാകിസ്താന്‍കാരനായ മാലിക്കിനെ വിവാഹം കഴിച്ച ശേഷമാണ് ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലുമെല്ലാം ഇന്ത്യക്ക് വേണ്ടി സാനിയ മെഡല്‍ നേടിയത്. ആ മെഡലുള്ക്ക് വേണ്ടി സാനിയ നടത്തിയ കഠിനാധ്വാനമോ ഇന്ത്യയെന്ന ആശയത്തോട് അവര്‍ പുലര്‍ത്തുന്ന കൂറോ തിരിച്ചറിയാതെ നാക്കിട്ടടിക്കുന്ന ' ജനസേവകരെ'യാണ് നാടുകടത്തേണ്ടത്. അവര്‍ തന്നെയാണ് രാജ്യദ്രോഹികള്‍.
Content Highlights: pulwama attack, sachin and sania mirza, opinion, nationalism dispute, pakistan, indian cricket tennis, anti national
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..