ഉമ്മര്‍കോയയും ആനന്ദും പിന്നെ ഞാനും


രവിമേനോന്‍

പിന്നെ അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റുമായി വളര്‍ന്നു അദ്ദേഹം. പിന്നെയെപ്പൊഴോ, ഒരു സുപ്രഭാതത്തില്‍ വെള്ളിവെളിച്ചത്തില്‍ നിന്ന് പാടേ അപ്രത്യക്ഷനാകുകയും ചെയ്തു. അണ്‍ സെറിമോണിയസ് എക്‌സിറ്റ് എന്നൊക്കെ പറയും പോലെ

Photo: Mathrubhumi Archives

വെളുത്തു തുടുത്ത മുഖവും ഗ്ലാക്‌സോ ബേബി ലുക്കുമുള്ള ഒരു പതിനെട്ടുകാരന്‍. കൂട്ടിന് ഗൗരവക്കാരനായ അച്ഛനും സദാ ചിരിക്കുന്ന അമ്മയും. തുടക്കക്കാരനും നാണംകുണുങ്ങിയുമായ പത്രലേഖകനെ സുന്ദരകുമാരന് പരിചയപ്പെടുത്തിക്കൊണ്ട് പി.ടി ഉമ്മര്‍കോയ പറഞ്ഞു: ''ഹി ഈസ് എ ലോക്കല്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍. ആന്‍ഡ് എ ഗ്രേറ്റ് ഫാന്‍ ഓഫ് ചെസ്സ്.''

വിശേഷണം അല്‍പ്പം കടുത്തുപോയോ എന്ന് സംശയം. ബോബി ഫിഷര്‍ - ബോറിസ് സ്പാസ്‌കി പോരാട്ടത്തിന് ശേഷം ചെസ്സ് വാര്‍ത്തകള്‍ കൗതുകത്തോടെ വായിക്കാറുണ്ടെന്നല്ലാതെ അന്നുവരെ ഒരു ചെസ്സ് മത്സരവും നേരില്‍ കണ്ടിട്ടില്ല. ക്ഷമയില്ലാത്തതാണ് കാരണം. ഒരു ചെസ്സ് കളിക്കാരനെയും ഇന്റര്‍വ്യൂ ചെയ്തിട്ടുമില്ല. എന്നിട്ടും പതിവ് തെറ്റിച്ച് ഒരു ചെസ്സ് താരത്തെ നേരില്‍ കണ്ടു സംസാരിക്കാന്‍ കോഴിക്കോട്ടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചെന്നത് ഉമ്മര്‍കോയയുടെ നിര്‍ബന്ധം ഒന്നുകൊണ്ടു മാത്രം. ''ങ്ങക്ക് സങ്കടപ്പെടേണ്ടി വരില്ല. ഈ പയ്യന്‍ ചില്ലറക്കാരനല്ല. ലോക ചാമ്പ്യന്‍ വരെ ആകാന്‍ കോപ്പുള്ളവനാണ്..'' കോയ പറഞ്ഞു.

ആ വാക്കുകള്‍ക്ക്, ആ ദീര്‍ഘവീക്ഷണത്തിന് നന്ദി. ഇല്ലെങ്കില്‍ ലോകം കണ്ട എക്കാലത്തെയും മഹാനായ ഒരു ചെസ്സ് താരത്തെ, ആ ചെറുപ്രായത്തില്‍ നേരില്‍ കണ്ടു സംസാരിക്കാനുള്ള അപൂര്‍വ സൗഭാഗ്യം എന്നെ ഒഴിഞ്ഞുപോയേനേ. വിശ്വനാഥന്‍ ആനന്ദ് എന്നായിരുന്നു പയ്യന്റെ പേര്. റെയില്‍വേ ഉദ്യോഗസ്ഥനായ കൃഷ്ണമൂര്‍ത്തി വിശ്വനാഥന്റെയും സുശീലയുടെയും മകന്‍.

വര്‍ഷം 1987. അന്ന് ലോക ചാമ്പ്യന്‍ ആയിട്ടില്ല ആനന്ദ്; ഗ്രാന്‍ഡ് മാസ്റ്റര്‍ പോലുമല്ല. രണ്ടു വര്‍ഷം മുന്‍പ് നേടിയ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവിയാണ് പ്രധാന കൈമുതല്‍. പിന്നെ, ദിവസങ്ങള്‍ മാത്രം മുന്‍പ് ഫിലിപ്പീന്‍സില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ അട്ടിമറി വിജയവും. ഒരു കൂട്ടം യുവ ചെസ്സ് പ്രതിഭകളുമായി ഒരേ സമയം കളിക്കാന്‍ കോഴിക്കോട്ടെത്തിയിരിക്കുകയാണ് ആനന്ദ്. ആ വരവിന് പിന്നിലെ പ്രേരണ അന്ന് അഖിലേന്ത്യാ ചെസ്സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറി ആയിരുന്ന ഉമ്മര്‍കോയ തന്നെ.

സ്റ്റേഡിയത്തിന് മുകളിലെ ഓഫീസ് മുറിയുടെ ഒഴിഞ്ഞ കോണിലിരുന്ന് ആനന്ദുമായി സംസാരിക്കവേ വാതിലിനരികെ വന്ന് ചിലരൊക്കെ കൗതുകത്തോടെ എത്തിനോക്കി. മറ്റു ചിലര്‍ തുറന്നിട്ട ജനാലയിലൂടെയും. ആരാധക ശല്യമില്ല; ഓട്ടോഗ്രാഫ് വേട്ടക്കാരില്ല. പരിചയമുള്ള ചിലര്‍ ജനലിലൂടെ നോക്കി ആരാ എന്ന് ആംഗ്യഭാഷയില്‍ ചോദിച്ചു. ഇന്നത്തെ പോലെ ചെസ്സ് താരങ്ങളുടെ മുഖങ്ങള്‍ മാധ്യമങ്ങളില്‍ നിറയുന്ന കാലമല്ലല്ലോ. ലോക ജൂനിയര്‍ ചാമ്പ്യനെങ്കിലും ആനന്ദിനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞവര്‍ അപൂര്‍വം.

ചോദ്യങ്ങള്‍ക്കെല്ലാം വിശദമായി മറുപടി പറഞ്ഞു ആനന്ദ്; ചില ചോദ്യങ്ങള്‍ക്ക് അച്ഛനും. ഞാനും ഒപ്പമുണ്ടായിരുന്ന യുവ പത്രപ്രവര്‍ത്തകന്‍ ഉണ്ണി കെ വാര്യരും (അന്ന് വീക്ഷണത്തില്‍) ക്ഷമയോടെ എല്ലാം കുറിച്ചെടുത്തു. ഒരൊറ്റ ചോദ്യവും ഉത്തരവും മാത്രമുണ്ട് ഓര്‍മ്മയില്‍. അന്നു കാലത്ത് കൗമുദി ഓഫീസില്‍ തപാല്‍ വഴി വന്ന ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ നിലവിലെ ലോക ചാമ്പ്യന്‍ ഗാരി കാസ്പറോവിന്റെ ഒരു ഇന്റര്‍വ്യൂ വായിച്ചിരുന്നു. കാസ്പറോവ് ഇന്ത്യക്കാരനായ റിപ്പോര്‍ട്ടറോട് പറയുന്നു: ''നിങ്ങളുടെ നാട്ടില്‍ നിന്നൊരു പ്രതിഭാശാലിയായ യുവാവാണ് ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ് നേടിയത് എന്നറിയാം. എനിക്ക് അയാളുമായി കളിക്കണം എന്നുണ്ട് ...'' .

കാസ്പറോവിന്റെ ആഗ്രഹം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആനന്ദ് ഞെട്ടിയോ എന്ന് സംശയം. ''റിയലി? എനിക്ക് വിശ്വസിക്കാനാവുമില്ല. ഇപ്പോള്‍ നിങ്ങള്‍ പറയുമ്പോഴാണ് അക്കാര്യം അറിയുന്നത്. എന്നെങ്കിലുമൊരിക്കല്‍ ഗാരിയെ നേരില്‍ കാണണം എന്ന് ആഗ്രഹമുണ്ട് ...'' ആരാധനാ പാത്രത്തെ കാണുക മാത്രമല്ല, രണ്ടു വര്‍ഷത്തിനകം അദ്ദേഹവുമായി പൊരുതുകയും നാല് തവണ അദ്ദേഹത്തെ കീഴടക്കുകയും ചെയ്തു ആനന്ദ്. കാസ്പറോവ് - കാര്‍പ്പോവ് സുവര്‍ണ്ണ കാലത്തിന്റെ അസ്തമനത്തിന് പിന്നാലെ, അലക്‌സി ഷിറോവിനെ തോല്‍പ്പിച്ച് 2000-ലാണ് ആനന്ദ് ലോക ചാമ്പ്യനായത്. ഐതിഹാസികമായ ഒരു ജൈത്രയാത്രയുടെ തുടക്കം.

ഏറെക്കുറെ സമാന്തരമായിരുന്നു സംഘാടക തലത്തില്‍ ഉമ്മര്‍കോയയുടെ ജൈത്രയാത്രയും. അതവസാനിച്ചത് ഒരു ആന്റി ക്ലൈമാക്‌സില്‍ ആണെന്ന് മാത്രം. അഖിലേന്ത്യാ ചെസ്സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് സെക്രട്ടറിയും ഏഷ്യന്‍ ഫെഡറേഷന്റെ സോണല്‍ പ്രസിഡന്റും കോമണ്‍വെല്‍ത്ത് അസോസിയേഷന്റെ പ്രസിഡന്റും പിന്നെ അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റുമായി വളര്‍ന്നു അദ്ദേഹം. പിന്നെയെപ്പൊഴോ, ഒരു സുപ്രഭാതത്തില്‍ വെള്ളിവെളിച്ചത്തില്‍ നിന്ന് പാടേ അപ്രത്യക്ഷനാകുകയും ചെയ്തു. അണ്‍ സെറിമോണിയസ് എക്‌സിറ്റ് എന്നൊക്കെ പറയും പോലെ.

അന്നന്നത്തെ പ്രാദേശിക ചെസ്സ് മത്സരങ്ങളുടെ റിപ്പോര്‍ട്ടുമായി പഴയൊരു സ്‌കൂട്ടറില്‍ കേരളകൗമുദി ഓഫീസിന്റെ ഗേറ്റ് കടന്നുവരുന്ന ചുരുളന്‍ മുടിക്കാരനാണ് എന്റെ ഓര്‍മ്മയിലെ ഉമ്മര്‍കോയ. ''ങ്ങള് ഫുട്ബാളും ക്രിക്കറ്റും ഒക്കെ വലുതായി കൊടുത്തോളി. ന്നാലും ചെസ്സിന് ഒരു സിംഗിള്‍ കോളം നീക്കി വെച്ച് സഹായിക്കണം ട്ടോ. ഇവിടത്തെ വലിയ പത്രങ്ങള്‍ ഒന്നും ഈ വാര്‍ത്ത കൊടുക്കില്ല. അവര്‍ക്കൊക്കെ പരസ്യത്തിന്റെ ഉത്സവമല്ലേ. നിങ്ങക്കാവുമ്പോ സ്ഥലം ഉണ്ടാവുമല്ലോ..'' കണ്ണുചിമ്മി ചിരിച്ചുകൊണ്ട് കോയ പറയും.

ഒളിമങ്ങാത്ത ആ ചിരിയും ഉത്സാഹവും ഇനി ഓര്‍മ്മ. ''നിങ്ങളുടെ പാട്ടെഴുത്തുകളൊക്കെ നമ്മള്‍ വായിക്കുന്നുണ്ട് ട്ടോ. സന്തോഷം.''-- അവസാനത്തെ ഫോണ്‍ സംഭാഷണത്തില്‍ ഉമ്മര്‍കോയ പറഞ്ഞു. ''ന്നാലും ഇടക്കൊക്കെ സ്‌പോര്‍ട്‌സും എഴുതണം...മറക്കരുത്...''

Content Highlights: pt ummer koya, viswanathan anand calicut memories


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented