പ്രിയരഞ്ജന്‍ദാസ് മുന്‍ഷി കോണ്‍ഗ്രസ്സ് നേതാവ് മാത്രമായിരുന്നില്ല. ഒരു കാലത്ത് ഇന്ത്യന്‍ ഫുട്ബോളിന്റെ സാരഥിയുമായിരുന്നു. മുന്‍ഷി പ്രസിഡണ്ടും കണ്ണൂര്‍ സ്വദേശി പി.പി.ലക്ഷ്മണന്‍ ഓണററി സെക്രട്ടറിയുമായിരുന്ന കമ്മിറ്റിയായിരുന്നു ഒരു ദശാബ്ദത്തിലേറെ ഇന്ത്യന്‍ ഫുട്ബോളിനെ നിയന്ത്രിച്ചത്. എ.ഐ.എഫ്.എഫിന്റെ സെക്രട്ടറിയുടെ ഓഫീസ് കണ്ണൂരിലെ തളാപ്പിലേക്ക് പറിച്ചുനട്ടത് പി.പി.ലക്ഷ്മണനായിരുന്നു. പ്രധാന ടൂര്‍ണമെന്റുകളുടെയും ഇന്ത്യന്‍ ടീമിന്റെയും പല വാര്‍ത്തകളും അക്കാലത്ത് ആ ഓഫീസില്‍ നിന്ന് ആദ്യം ലഭിച്ചുപോന്നത് ലക്ഷ്മണേട്ടനുമായുള്ള സൗഹദത്തില്‍ നിന്നായിരുന്നു.

കൊല്‍ക്കത്തയിലെ സ്പോര്‍ട്സ് ലേഖകര്‍ക്ക് ഞങ്ങളോട് പ്രിയം തോന്നിയത് പി.പി.യോടുള്ള ആദരവില്‍ നിന്ന് കൂടിയായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹത്തോട് ചോദിക്കാനുള്ളത് പലതും അക്കാലത്ത്  ഞങ്ങളോട് ഷെയര്‍ ചെയ്തത് അങ്ങിനെയായിരുന്നു. അതെല്ലാം മൊബൈല്‍ ഫോണുകളൊന്നും ഇല്ലാത്ത കാലത്തെ കഥകള്‍. അവരെയും അദ്ദേഹവും ഏറെ മാനിച്ചിരുന്നു. 

ഇന്ത്യയില്‍ ഫുട്ബോള്‍ ലീഗിന്റെ തുടക്കം കുറിച്ച പല നീക്കങ്ങള്‍ക്കും ആ ഓഫീസായിരുന്നു വേദി. ലക്ഷ്മണേട്ടന്റെ പേര് പറഞ്ഞാല്‍ കൊല്‍ക്കത്തിയിലെ ഫുട്ബോള്‍ ഓഫീസിലും മലയാളിക്ക് പ്രാമുഖ്യം കിട്ടിയ കാലം. ഇരുവരും മെയ്യ് രണ്ട്, മനസ്സ് ഒന്ന് എന്ന മട്ടിലായിരുന്നു പ്രവര്‍ത്തനം. ആ ദിവസങ്ങളിലൊന്നില്‍ കൊല്‍ക്കത്തയില്‍ മുന്‍ഷിയെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടു. അക്കാലത്ത് കോണ്‍ഗ്രസ്സിന്റെ നയരൂപീകരണത്തില്‍ മുന്‍ഷിക്ക് വലിയ പങ്കുണ്ടായിരുന്നു. കോണ്‍ഗ്രസ്സില്‍ ചെറിയൊരു വിഭാഗത്തിന് സി.പി.എമ്മുമായി സൗഹൃദമാവാമെന്ന് തോന്നിത്തുടങ്ങിയിരുന്നു അന്നും. മുഖാമുഖത്തിന്റെ അവസാനം ഇക്കാര്യം ചോദിച്ചപ്പോള്‍ മുന്‍ഷിയുടെ മറുപടി  ഉറച്ച ശബ്ദത്തിലായിരുന്നു -' ബംഗാളില്‍ ഞാനും കേരളത്തില്‍ ആന്റണിയും ഉള്ളകാലത്തോളം അങ്ങിനെയൊന്നുണ്ടാവില്ല'.  മുന്‍ഷിയെ സംബന്ധിച്ചിടത്തോളം അത് ശരിയായി. എട്ട് വര്‍ഷത്തോളം ആസ്പത്രിയില്‍ അബോധാവസ്ഥയില്‍ കിടന്ന ശേഷം അദ്ദേഹത്തിന്  ഇപ്പോള്‍ അന്ത്യം. പശ്ചിമ  ബംഗാളിലെ കോണ്‍ഗ്രസ്സ്- സി.പി.എം സൗഹൃദ നീക്കങ്ങള്‍ മുന്‍ഷി അറിഞ്ഞില്ല. അദ്ദേഹം കരുത്തോടെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ ...? 

1996-ഐ ലീഗിന്റെ തുടക്കകാലം. എ.ഐ.എഫ്.എഫിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ്. ആയിടക്ക് പി.പി.ലക്ഷ്മണന്‍ സാഫ് രാജ്യങ്ങളിലെ ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുന്‍ഷിയെ ഇത് അലോസരപ്പെടുത്തിയിരിക്കണം. ബാംഗ്ലൂരിലായിരുന്നു ഫെഡറേഷന്‍ ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും. പഴയ ടീം തന്നെ തുടരുമെന്ന വിശ്വാസത്തിലായിരുന്നു പി.പി. ആ ആവേശത്തില്‍ തന്നെയായിരുന്നു കണ്ണൂരില്‍ നിന്നുള്ള  ഓഫീസ് രേഖകളുമായുള്ള യാത്ര. അന്ന് എഫ്.സി.കൊച്ചിന്റെ പ്രതാപകാലം. ആ ക്ലബുമായി നല്ല ബന്ധമുണ്ടായിരുന്ന, ഫുട്ബോള്‍ ലേഖകന്‍ കൂടിയായിരുന്ന ബാബു മേത്തറുടെ ഫോണ്‍. ഫുട്ബോള്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍  തിരഞ്ഞെടുപ്പില്‍ ചില അട്ടിമറിക്ക് സാധ്യത കാണുന്ന കാര്യമായിരുന്നു ബാബു മേത്തര്‍ പ്രധാനമായും പറഞ്ഞത്. പി.പി.യെ ഒതുക്കാന്‍ മുന്‍ഷി കളിക്കുന്നുവെന്ന് സൂചനയത്രെ. ഇക്കാര്യം ബാംഗ്ലൂരിലേക്ക് പോകുന്നതിന് മുമ്പ് തന്നെ പി.പി.യെ  ധരിപ്പിച്ചു. അതിന് സാധ്യതയില്ലെന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസം. മുന്‍ഷിയുമായി  അന്ന് കാലത്തുപോലും ഭാവിപ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചിരുന്നുവത്രെ. എന്നാല്‍ ബാംഗ്ലൂരില്‍ അപ്പോള്‍ അട്ടിമറിയുടെ തിരക്കഥ രൂപപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയമായപ്പോള്‍ മുന്‍ഷി പാനല്‍ അവതരിപ്പിച്ചു. മുന്‍ഷി പ്രസിഡണ്ട്, പി.പി.ലക്ഷ്മണന്‍ വൈസ് പ്രസിഡണ്ട് സെക്രട്ടറി സ്ഥാനത്തേക്ക് ആസാം ഫുട്ബോള്‍ ഫെഡറേഷന്റെ കെ.എന്‍.മോറെ! 

മുന്‍ഷിയുടെ പിന്നില്‍ നിന്നുള്ള കുത്ത് പി.പി.ക്ക് അപ്രതീക്ഷിതമായിരുന്നു. ആകെ തകര്‍ന്ന നിമിഷങ്ങള്‍. അത്തരമൊരു നീക്കം പി.പി.യുടെ വിദൂര ചിന്തയില്‍ പോലുമില്ലായിരുന്നു.  മൂന്ന് മാസം മുമ്പ്  ദോഹയില്‍  പ്രീ ലോകകപ്പ് ഫുട്ബോളിന്റെ ക്വാളിഫൈയിംഗ് മല്‍സരങ്ങള്‍ക്കായി പോയ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ഫെഡറേഷന്‍ സംഘത്തില്‍ അന്ന് മോറെയുമുണ്ടായിരുന്നു. അന്ന് മല്‍സരം കവര്‍ ചെയ്യാനായി പോയ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പി.പി. ലക്ഷ്മണന്റെ സാന്നിധ്യം വലിയ സഹായമായിരുന്നു. അക്രമോവിന്റെ ശിക്ഷണത്തിന് കീഴിലുള്ള ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ നിന്ന് ഐ.എം.വിജയന്‍, വി.പി.സത്യന്‍, ജോപോള്‍ അഞ്ചേരി, പുതുമുഖമായി കെ.വി.ധനേഷ് തുടങ്ങിയവര്‍.  ആ ദിവസങ്ങളില്‍ പി.പി. ലക്ഷ്മണന് മുന്നില്‍ പതുങ്ങി നിന്ന മോറെയുടെ മുഖം ഇപ്പോഴും മറന്നിട്ടില്ല. ആ മോറെയായിരുന്നു പിന്നെ നാല് വര്‍ഷം ഇന്ത്യന്‍ ഫുട്ബോളിന്റെ സെക്രട്ടറി. ഫലത്തില്‍ എല്ലാം മുന്‍ഷിയുടെ കൈയില്‍.  മോറെക്ക് പത്രക്കുറിപ്പ് ഇറക്കുന്ന ജോലി മാത്രമേ ഉണ്ടായിരുന്നുള്ളു. കൊല്‍ക്കത്ത ഇന്ത്യന്‍ ഫുട്ബോള്‍ വീണ്ടും ഭരിച്ചു തുടങ്ങി. കേരള ഫുട്ബോളിന് ഇന്ത്യന്‍ ഫുട്ബോളിലുണ്ടായിരുന്ന മേല്‍ക്കൈയും അതോടെ പതുക്കെ അസ്തമിക്കുകയായിരുന്നു. 

മുന്‍ഷിയുടെ ആ കടുംവെട്ട് പി.പി.ലക്ഷ്മണനെ  വല്ലാതെ തളര്‍ത്തി. എങ്കിലും ഫിഫയിലെ ഒരു സബ്കമ്മിറ്റി അംഗമെന്ന നിലയില്‍ പി.പി.ലക്ഷ്മണന്‍ പത്ത് വര്‍ഷത്തോളം പിന്നെയും ഫുട്ബോള്‍ രംഗത്ത് തുടര്‍ന്നു.

2006 ലെ ലോകകപ്പ് ജര്‍മ്മിനിയില്‍ നടക്കുന്നു. മാതൃഭൂമിക്ക് വേണ്ടി ഞാനും മനോരമക്കായി വിനോദ് ജോണുമാണ് മല്‍സരം കവര്‍ ചെയ്യുന്നത്. ശാരീരികമായി ചില അവശതകള്‍ ഇതിനകം പി.പി.യെ ബാധിച്ചിരുന്നു. എങ്കിലും ഫുട്ബോള്‍ ആവേശത്തിന് കുറവില്ല. മിക്ക മല്‍സരവും കാണും. ബര്‍ലിനില്‍ കളിയുണ്ടെങ്കില്‍  ഞാനോ വിനോദോ ഹോട്ടലില്‍  എത്തണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നഗരം കാണാനും ഒരു കൂട്ട് അദ്ദേഹത്തിന് ആവശ്യമായിരുന്നു. അങ്ങിനെയൊരു ദിവസം  ബര്‍ലിനിലെ ഹോട്ടലില്‍ പി.പി ലക്ഷ്മണനുമായി സംസാരിക്കുന്നതിനിടയില്‍ റിസപ്ഷനില്‍ നിന്ന് ഫോണ്‍. അതേ ഹോട്ടലില്‍ ഫെഡറേഷന്‍ പ്രസിഡണ്ടായി  മുന്‍ഷിയും എത്തിയിട്ടുണ്ട്്. അദ്ദേഹം പി.പി.യെ കാണാന്‍ വരുന്നു. ബാംഗ്ലൂര്‍ സംഭവത്തിന് ശേഷം അവരുടെ മുഖാമുഖങ്ങള്‍ വളരെ കുറവായിരുന്നു. ഫിഫ അംഗം എന്ന നിലയില്‍ പ്രത്യേക ക്ഷണിതാവാണെങ്കിലും  പല യോഗങ്ങളിലും പി.പി. പോകാറുമുണ്ടായിരുന്നില്ല.

മറ്റാരും മുറിയിലുണ്ടാവില്ലല്ലോ എന്ന് മുന്‍ഷി ചോദിച്ചിരുന്നുവത്രെ. അതിനാല്‍  അവിടെ നിന്ന് മടങ്ങി. അടുത്ത ദിവസം കണ്ടപ്പോള്‍ മുന്‍ഷിയുടെ സന്ദര്‍ശനത്തെ കുറിച്ച് ചോദിച്ചു. ബംഗ്ലൂരുവിലെ  തെരഞ്ഞടുപ്പില്‍ പി.പി.യെ നഷ്ടപ്പെടുത്തിയതിന്റെ സങ്കടവും കുറ്റബോധവും മുന്‍ഷി ഏറ്റുപറഞ്ഞുവത്രെ. ക്ഷമ ചോദിക്കാനുമായിട്ടായിരുന്നുവത്രെ ആ സന്ദര്‍ശനം.  ചില തെറ്റിദ്ധാരണകളായിരുന്നുവത്രെ  മുന്‍ഷിയുടെ ചെയ്തികള്‍ക്ക് കാരണം. പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ പി.പി.ലക്ഷ്മണന്‍ ശ്രമിക്കുന്നുവെന്ന് ചിലര്‍ മുന്‍ഷിയെ ധരിപ്പിച്ചു. മുന്‍ഷി അറിയാതെ ലഭിച്ച  പി.പി.ക്ക് ലഭിച്ച സാഫ് പ്രസിഡണ്ട്  സ്ഥാനം ചൂണ്ടിക്കാട്ടിയായിരുന്നു ആ പ്രചാരണം.  തന്റെ കസേരക്കായുള്ള  പി.പി.യുടെ നീക്കം ചെറുക്കാനായി മുന്‍ഷി കൊച്ചു കൊച്ചു സ്റ്റേറ്റ് അസോസിയേഷനുകളെ ചാക്കിലാക്കി. അങ്ങിനെയാണ്  അതുവരെ പിന്‍നിരയിലായിരുന്ന ആസ്സാമിന്റെ മോറെയെ സെക്രട്ടറി പദത്തിലേക്ക് മുന്‍ഷി കണ്ടെത്തിയത്. ആ മേഖലയിലെ മിക്ക അസോസിയേഷനുകളും അതോടെ മുന്‍ഷിയുടെ കൂടെ നിന്നു. എല്ലാറ്റിനും ക്ഷമ ചോദിച്ച മുന്‍ഷിയെ പി.പി സന്തോഷത്തോടെ യാത്രയാക്കി. തെറ്റിദ്ധാരണകളെല്ലാം അവിടെ അവസാനിച്ചുവെന്നായിരുന്നു അന്ന് പി.പി. പറഞ്ഞത്. രാഷ്ട്രീയത്തിലും ഫുട്ബോളിലും കത്തിനിന്ന മുന്‍ഷി അധികം വൈകാതെ  അബോധാവസ്ഥയിലായി. വര്‍ഷങ്ങള്‍ നീണ്ട കിടപ്പ്. ആദ്യകാലത്ത് മുന്‍ഷിയുടെ ഭാര്യയെ വിളിച്ച് പി.പി കാര്യം ചോദിച്ചറിയുന്നത് നേരില്‍ കണ്ടിട്ടുണ്ട്. 

ഇപ്പോള്‍ പി.പി.ലക്ഷ്മണനും വീട്ടില്‍ രോഗശയ്യയില്‍. അദ്ദേഹത്തിന്റെ  ഓര്‍മ്മകളിലും പഴയ  ദൃശ്യങ്ങള്‍ മിന്നിമറയുന്നുണ്ടാവണം. കാലത്തിന്റെ കണക്കുപുസ്തകങ്ങളലെ അദ്ധ്യായങ്ങള്‍ ഇങ്ങിനെയാവാം. 

Content Highlights: priyaranjan das munsi, priyaranjan das Life Cycle, priyaranjan das munsi Politics Sports